യജുർവേദം
യജുർവേദം യജുസ്സ് വേദം എന്നീ വാക്കുകളുടെ സന്ധിയിൽ നിന്നും സംജാതമായതാണ്. യജുസ്സ് എന്നാൽ യജ്ഞത്തെ സംബന്ധിച്ചത്, വേദം എന്നാൽ വിദ്യ; ആയതിനാൽ യജുർവേദം എന്നാൽ യജ്ഞത്തെ സംബന്ധിച്ചുള്ള വിദ്യ എന്നു ചുരുക്കം. യജുർവേദം ഭൗതിക യജ്ഞങ്ങളെ അനുശാസിക്കുകയല്ല (അത് ബ്രാഹ്മണങ്ങളുടെ പ്രതിപാദ്യങ്ങളിലും വേദങ്ങളുടെ യാജ്ഞിക അവലോകനത്തിലും ഉൾപ്പെട്ടതാണ്), മറിച്ച് യജ്ഞങ്ങളെ പ്രകൃതിയുമായും ആത്മീയതലങ്ങളുമായും കാവ്യാത്മകമായി സമന്വയിപ്പിച്ച് അതിനെ ഭൗതികതയിൽ നിന്നും മോചിപ്പിക്കുന്നു.
യജുർവേദത്തിനു കൃഷ്ണയജുർവേദമെന്നും ശുക്ലയജുർവേദമെന്നും എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. കൃഷ്ണയജുർവേദത്തിലെ മന്ത്ര-സൂക്തങ്ങൾ ശുക്ലയജുർവേദത്തിലേതു പോലെ ക്രമമായി ചിട്ടപ്പെടുത്താത്തതിനാലാണ് അതിന് "കൃഷ്ണ" (കറുപ്പ് - അവ്യക്തത) യജുർവേദം എന്ന പേർ വന്നത്. കൃഷ്ണയജുർവേദത്തിന്റെ ബ്രാഹ്മണമായ തൈതിരീയത്തിൽ അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം, എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്.
ശുക്ലയജുർവേദത്തിൽ അഗ്നിഹോത്രം, ചാതുർമ്മാസ്യം, ഷോഡശി, അശ്വമേധം, പുരഷമേധം, അഗ്നിഷ്ടോമം എന്നീ യജ്ഞങ്ങളുടെ വിവരണമുണ്ട്. ഋഗ്വേദമുണ്ടായ സ്ഥലത്തിന് കിഴക്കുമാറി കുരുപഞ്ചാലദേശത്തായിരിക്കണം യജുർവേദത്തിന്റെ ഉത്ഭവം. യജ്ഞക്രിയകൾക്ക് മാത്രമാണ് യജുർവേദത്തിന്റെ ഉപയോഗം
മറ്റു വേദങ്ങളെ പോലെ യജുർവേദസംഹിതയ്ക്കൊപ്പവും ബ്രാഹ്മണം, ഗൃഹ്യസൂത്രം, പ്രാതിശാഖ്യം, ഉപനിഷത്ത് എന്നിവ യോജിക്കുന്നു. കൃഷ്ണയജുർവേദത്തിൽ ബ്രാഹ്മണവും വേദസംഹിതയും വേർതിരിഞ്ഞല്ല സ്ഥിതി ചെയ്യുന്നത് എന്നതിനാൽ അതിന് കൃഷ്ണം (കൃഷ്ണം അഥവാ കറുപ്പ് അവ്യക്തതയെ കുറിക്കുന്നു) എന്ന പേർ ലഭിച്ചു.
ശുക്ലയജുർവേദം (വാജസനേയി സംഹിത) - ശാഖകൾ
ശാഖാ നാമം - മാധ്യന്ദിനം
അധ്യായം - 40
അനുവാകം - 303
സൂക്തങ്ങൾ - 1975
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - ബിഹാർ, മധ്യ പ്രദേശ്, ഗുജറാത്ത്, ഉത്തരേന്ത്യ
ശാഖാ നാമം - കാണ്വം
അധ്യായം - 40
അനുവാകം - 328
സൂക്തങ്ങൾ - 2086
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - മഹാരാഷ്ട്രം, ഒഡീഷ്, തെലങ്കാന, ആന്ധ്ര പ്രദേശ്, കർണ്ണാടകം, തമിഴ് നാട്.
കൃഷ്ണയജുർവേദം
കൃഷ്ണയജുർവേദത്തിന്റെ നാലു സംഹിത ശാഖകൾ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത് - തൈത്തിരീയം, മൈത്രായനി, കഠകം, കപിഷ്ഠലം. എന്നാൽ, വായുപുരാണത്തിലെ പരാമർശപ്രകാരം കൃഷ്ണയജുർവേദത്തിന് എൺപത്താറ് ശാഖകൾ ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും ഇന്നു നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
കൃഷ്ണയജുർവേദശാഖകൾ
ശാഖാ നാമം - തൈത്തിരീയം
ഉപശാഖകൾ - 2
കാണ്ഡം - 7
പ്രപാഠകം - 42
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - ദക്ഷിണഭാരതം
ശാഖാ നാമം - മൈത്രായനി
ഉപശാഖകൾ - 6
കാണ്ഡം - 4
പ്രപാഠകം - 54
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - പശ്ചിമഭാരതം
ശാഖാ നാമം - കഠകം
ഉപശാഖകൾ - 12
കാണ്ഡം - 5
പ്രപാഠകം - 40
മന്ത്രങ്ങൾ - 3093
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - കശ്മീർ, പൂർവഭാരതം, ഉത്തരേന്ത്യ
ശാഖാ നാമം - കപിഷ്ഠലം
ഉപശാഖകൾ - 5
കാണ്ഡം - 6
പ്രപാഠകം - 48
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - ഹരിയാണ, രാജസ്ഥാൻ
No comments:
Post a Comment