ക്ഷേത്ര പ്രദക്ഷിണ മഹാത്മ്യം
ഏതൊരു നാട്ടിലെയും ക്ഷേത്രത്തിന്റെ സാന്നിദ്ധ്യം ആ പ്രദേശത്തെയും ഗ്രാമത്തെയും നാടിനെയാകെയും ഐശ്വര്യത്തിലേയ്ക്കും അഭിവൃദ്ധിയിലേയ്ക്കും നയിക്കുന്നു. ആദ്ധ്യാത്മിക സാധനയുടെ ഒരു സുപ്രധാനഘടകമായ മന്ത്രോപാസനയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രമെന്ന സങ്കല്‍പം സാധാരണക്കാരായ ഭക്തര്‍ക്കുവേണ്ടി ഉരുത്തിരിച്ചിരിക്കുന്നത്. ഇതിന്റെ ശാസ്ത്രീയാടിസ്ഥാനം യോഗശാസ്ത്രവും തന്ത്രശാസ്ത്രവും തന്നെ.
ക്ഷേത്രദര്‍ശനം നടത്തുന്ന ഒരു സാധാരണ ഉപാസകന്‍ ആചരിക്കുന്ന പ്രധാനമായ ഒരു ആരാധനാ ക്രിയയാണ് പ്രദക്ഷിണം വെയ്ക്കുക എന്ന ചടങ്ങ്.
"പ്ര' കാരം സര്‍വ്വഭയങ്ങളേയും നശിപ്പിക്കുന്നത് എന്നര്‍ത്ഥം
"ദ' കാരം മോക്ഷദായകം എന്നര്‍ത്ഥം
"ക്ഷി' കാരം രോഗനാശകം എന്നര്‍ത്ഥം
"ണ' കാരം ഐശ്വര്യപ്രദം എന്നര്‍ത്ഥം
കൂടിച്ചേര്‍ന്നതാണ് "പ്രദക്ഷിണം". ഒരു സാധകന് കര്‍മ്മേന്ദ്രിയങ്ങളാല്‍ ചെയ്യാവുന്ന ദേവാരാധനകളില്‍ ശ്രേഷ്ഠമായതാണ് പ്രദക്ഷിണം. സ്വന്തം ശരീരവും മനസ്സും മാത്രം ദേവങ്കല്‍ സമര്‍പ്പിച്ച് മറ്റ് യാതൊരു ഉപാധികളും കൂടാതെ ചെയ്യാവുന്ന ഒരു ഉത്തമമായ ആരാധനാസമ്പ്രദായം എന്ന നിലയിലും പ്രദക്ഷിണത്തെ കണക്കാക്കാവുന്നതാണ്.
ഭാരതീയ സംസ്കൃതിയുടെ അന്തസ്സത്തയായ ആദ്ധ്യാത്മികതയുടെ മൗലികതത്വം മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരീയ ശക്തിയുടെ ഉയര്‍ത്തലും അതിലൂടെ സ്വായത്തമാകുന്ന ഈശ്വരസാക്ഷാത്കാരവുമാണ്. ഒരു സാധകനില്‍, കുണ്ഡലിനി എന്നറിയപ്പെടുന്ന ഈ ഈശ്വരീയശക്തി നമ്മുടെ സ്ഥൂലശരീരത്തിലെ ഗുദലിംഗമദ്ധ്യ പ്രദേശത്തുള്ള മൂലാധാര ചക്രത്തില്‍ നിന്നും ഷഡാധാര ചക്രത്തിലൂടെ ഉയര്‍ന്ന് സഹസ്രാരപത്മമെന്ന പരമസ്ഥാനത്ത് എത്തി അവിടെ കുടികൊള്ളുന്ന പരമശിവനില്‍ വിലയം പ്രാപിച്ച്, ഈശ്വരസാക്ഷാത്കാരം നേടുന്നു എന്നതാണ് ഈ മൗലികതത്വം. ഈ ഊര്‍ദ്ധ്വഗമനത്തിന്റെ പ്രതീകാത്മകമായ ക്രിയയാണ് ക്ഷേത്രപ്രദക്ഷിണം. അങ്ങനെ നോക്കുമ്പോള്‍ ക്ഷേത്രങ്ങളില്‍ സാധാരണ ഭക്തര്‍ ചെയ്യുന്ന പ്രദക്ഷിണമെന്ന ദേവാരാധനയില്‍ അതിസൂക്ഷ്മങ്ങളായ ആദ്ധ്യാത്മിക സാധനാ മാര്‍ഗ്ഗങ്ങള്‍ ഒളിഞ്ഞിരിക്കുണ്ടെന്ന് കാണാം. ഇത് പൂര്‍ണ്ണമനസ്സോടെ, ഭക്തി ശ്രദ്ധാദികളോടെ അനുഷ്ഠിക്കുമ്പോള്‍ തങ്ങളില്‍ അന്തര്‍ലീനമായ ഈശ്വരീയശക്തി ഉണര്‍ന്ന്, ഉയര്‍ന്ന് കിട്ടുകയും അതിനാല്‍ ലഭ്യമാകുന്ന ഭഗവദ്സാക്ഷാത്ക്കാരത്തിന്റെ മാഹാത്മ്യം കൊണ്ട് ആത്മീയങ്ങളും ഭൗതികങ്ങളുമായ എല്ലാ ആഗ്രഹങ്ങളും സാധിതപ്രായമാവുകയും ചെയ്യുന്നു.
ഇങ്ങനെ യോഗശാസ്ത്രാടിസ്ഥാനത്തില്‍, തന്ത്രശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള "ഷഡ്ത്രിംശതിതത്വം" എന്നറിയപ്പെടുന്ന 36 ശിവതത്വങ്ങളെ പ്രതീകാത്മകമായി സ്വാംശീകരിക്കുന്ന തികച്ചും ചൈതന്യവത്തും പൂര്‍ണ്ണവുമായ ഒരു ശിവാരാധനാക്രമമാണ് "ഷഡ്ത്രിംശതിപ്രദക്ഷിണം" എന്ന് വിശേഷിപ്പിക്കാവുന്ന, ചന്ദ്രശേഖരപുരത്തപ്പ സന്നിധിയില്‍ എല്ലാ മലയാളമാസം ഒന്നാം തീയ്യതിയിലും രാവിലെയും വൈകീട്ടും നടത്തിവരുന്ന 36 പ്രദക്ഷിണം. പ്രകൃതിയുടെ സ്വഭാവം അഥവാ ആദര്‍ശമാണ് തത്വങ്ങള്‍. തത്വം എന്നാല്‍ തദ്+ത്വം അത് നീയാകുന്നു എന്നാണ് അദ്വൈത സിദ്ധാന്തം, അവയുടെ സാന്നിദ്ധ്യാസാന്നിദ്ധ്യങ്ങള്‍ ജഗത്തിന്റെ വൈവിദ്ധ്യത്തിന് കാരണമാകുന്നു.
തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്മാരിലും വെച്ച് ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്നത് ശിവനാണ്. മൂന്ന് കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ ശിരോഭാഗവും ഈ സ്ഥിതിയെ സൂചിപ്പിക്കുന്നു. ഈ ബ്രഹ്മാംശം തുടങ്ങുന്നതുതന്നെ അവിടെനിന്നുമാണ്. തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങളായ 36 തത്വങ്ങളില്‍ ഒന്നാം സ്ഥാനമായിട്ടുള്ളത് ഷഡ്ത്രിംശതിതത്വം എന്ന 36 ശിവതത്വങ്ങളാണ്. ശൈവസിദ്ധാന്തത്തില്‍ പറയുന്ന 36 തത്വങ്ങള്‍ തന്നെയാണിവ.
1. ജ്ഞാനേന്ദ്രിയങ്ങള്‍ 5 ( ശ്രോത്രം, ത്വക്, ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം )
2. കര്‍മ്മേന്ദ്രിയങ്ങള്‍ 5 ( വാക്, പാണി, പാദ, പായു, ഉപസ്ഥം)
3. തന്മാത്രകള്‍ 5 (ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം)
4. പഞ്ചഭൂതങ്ങള്‍ 5 (പൃഥ്‌വി, ജലം, അഗ്നി, വായു, ആകാശം,)
5. ഈശ്വരതത്വം 5 ( ശിവ, ശക്തി, ഈശ്വരം, ശുദ്ധവിദ്യ, സദാശിവം)
6. ശക്തിതത്വം 5 (കാലം, നിയതി, വിദ്യ, രാഗം, കല)
7. ആത്മതത്വം 6 (മായ, പുരുഷ, പ്രകൃതി, ബുദ്ധി, അഹങ്കാരം, മനസ്സ്)
ഇങ്ങനെ ആകെ 36 തത്വങ്ങള്‍ കടന്നാല്‍ ഈശ്വരസാക്ഷാത്ക്കാരം, അത് പൂര്‍ണ്ണമായ സദാശിവപ്രാപ്തി, ഇതാണ് ശൈവസിദ്ധാന്തം.
തന്ത്രശാസ്ത്രമനുസരിച്ച് ദേവഹൃദയത്തില്‍ പ്രതിഷ്ഠിതമായ പരമാത്മ ചൈതന്യത്തിന്റെ പ്രതിഷ്ഠാവിധിയിലും തുടര്‍ന്നുള്ള വിശേഷാല്‍ പൂജാവിധികളിലും പറഞ്ഞിട്ടുള്ള 36 ശിവതത്വങ്ങളുടെ ബീജതത്വമന്ത്രങ്ങള്‍ നമ:ശിവായ എന്ന മൂലമന്ത്രത്തിനോട് ചേര്‍ന്നാണ് ന്യസിക്കുന്നത്. ബീജതത്വ മന്ത്രങ്ങള്‍ സാധാരണ ഭക്തന് സാധ്യമല്ലാത്തതിനാല്‍ മദ്ധ്യമായ പഞ്ചാക്ഷരം (നമ:ശിവായ) മാത്രമാണ് പ്രദക്ഷിണത്തിന് ജപിക്കുന്നത്. 36 പ്രദക്ഷിണത്തിന്റെ അടിസ്ഥാനമായ 36 ശിവതത്വങ്ങള്‍ ബീജാക്ഷരങ്ങളോടുകൂടി കൂടി ഹൗം നമ:ശിവായ ശിവാത്മനെ നമ: എന്നു തുടങ്ങി 36ാമത്തെ മന്ത്രമായ കം നമ:ശിവായ പൃഥ്‌വിയാത്മനെ നമ: എന്ന് അവസാനിയ്ക്കുന്നു. തന്ത്രശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഈ 36 ശിവതത്വമന്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ് 36 പ്രദക്ഷിണമെന്ന അപൂര്‍വ്വവും ദിവ്യവുമായ ശിവാരാധന ശ്രീ ചന്ദ്രശേഖരപുരത്തപ്പസന്നിധിയില്‍ ആചരിക്കപ്പെടുന്നത്. ശിവതത്വങ്ങളെ ന്യസിച്ചുകൊണ്ട് ലോകത്തിലെ സകലജനസാമാന്യത്തിനും സര്‍വ്വചരാചരങ്ങള്‍ക്കും അനുഗ്രഹലബ്ധിക്കായി ബിംബത്തില്‍ ജീവനെ ആവാഹിയ്ക്കുകയും നിത്യപൂജാദികളെക്കൊണ്ട് (ഷോഡശാചാരക്രിയകള്‍) ചൈതന്യം നിലനിര്‍ത്തുകയും വര്‍ദ്ധിപ്പിയ്ക്കുകയുമാണ് തന്ത്രി ചെയ്യുന്നത്.
ഇതേ 36 ശിവതത്വങ്ങളെ ഓരോന്നിനേയും ഓരോ പ്രദക്ഷിണത്തിലൂടെ സ്വാംശീകരിച്ചുകൊണ്ട്, മൂലമന്ത്രജപത്തോടെ, സാധാരണ ഭക്തര്‍ 36 പ്രദക്ഷിണമെന്ന ദിവ്യമായ ആരാധന നടത്തുമ്പോള്‍ ഓരോരുത്തരും യോഗശാസ്ത്രാടിസ്ഥാനത്തില്‍ തന്റെ കുണ്ഡലിനീശക്തിയെ ഷഡാധാരചക്രങ്ങളിലൂടെ ഉയര്‍ത്തി സഹസ്രാരപത്മത്തിലെത്തിച്ച് ഈശ്വര സാക്ഷാത്ക്കാരം നേടുന്നു. അതായത് പൂര്‍ണ്ണമായ സദാശിവപ്രാപ്തി. ഇതിലൂടെ ജീവാത്മാവ് പരിപൂര്‍ണ്ണമായ പരമാത്മാവാണെന്ന അനുഭൂതി ( ജീവദ്ബ്രഹ്മൈക്യം) ഉണ്ടാവുകയും ക്ഷേത്രാരാധന എന്ന യജ്ഞം പൂര്‍ത്തീകരിച്ച് യോഗസാധനയുടെ പരമകാഷ്ഠയില്‍ എത്തുകയും ചെയ്യുന്നു.
പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തരിലും ഈ അനുഭൂതിവിശേഷം അവരറിയാതെതന്നെ ഉണ്ടാവുന്നുണ്ട്. അതിന്റെ ഫലമായി "ശിവോ ഭൂത്വാ ശിവം യജേല്‍" (ശിവനെ യജിക്കുന്നവന്‍ ശിവനായി ഭവിയ്ക്കുന്നു.) എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഭക്തന് ആഗ്രഹിക്കുന്നതൊക്കെ ആര്‍ജ്ജിക്കുക,
മുജ്ജന്മസഞ്ചിതപാപപരിഹാരങ്ങളുണ്ടാവുക തുടങ്ങിയ 36 പ്രദക്ഷിണ ഫലപ്രാപ്തി അനുഭവഭേദ്യമാവുകയും ചെയ്യുന്നു. ഇങ്ങനെ ദിവ്യമായ ഈ ആരാധനാക്രമം 12 ഒന്നാം തീയ്യതികള്‍ (ഒരു വര്‍ഷം) പൂര്‍ത്തിയാകുമ്പോള്‍ പൂര്‍ണ്ണത (360 ഡിഗ്രി) കൈവരിക്കുന്നു എന്നും രാശിചക്രത്തിലെ 12 രാശികളേയും പ്രദക്ഷിണത്തിലൂടെ തരണം ചെയ്യുന്നു എന്നും കണക്കാക്കപ്പെടുന്നു. സാധാരണക്കാരായ ഭക്തര്‍ക്ക് ഉപാസകര്‍ക്ക് ദേവത്വത്തിലേയ്ക്കുയര്‍ന്ന് സദാശിവസാക്ഷാത്ക്കാരം നേടാനായി ചന്ദ്രശേഖരപുരത്തപ്പസവിധത്തിലെ 36 പ്രദക്ഷിണത്തോളം പോന്ന ഒരു ഉപാസന വേറെയില്ലെന്ന് നിസ്സംശയം പറയാവുന്നതാണെന്ന് ഭക്തജനങ്ങളുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
No comments:
Post a Comment