ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 February 2017

നഹുഷന്‍

നഹുഷന്‍

വൃത്രാസുര വധത്താല്‍ ബ്രഹ്മഹത്യാപാപം പിടിപെട്ട ദേവേന്ദ്രന്‍ മാനസസരസ്സിലെ ഒരു താമരയ്കുള്ളില്‍ തപസ്സാരംഭിച്ചു. ദേവേന്ദ്രന്റെ അഭാവത്തില്‍ അനാഥമായ സ്വര്‍ഗ്ഗത്തില്‍ അസുരന്‍മാര്‍ ആക്രമണം നടത്തി. അസുരന്‍മാരുടെ ആക്രമണം സഹിക്കവയ്യാതെ ദേവകളെല്ലാം ഒത്തുകൂടി ദേവേന്ദ്രനു പകരം പുതിയൊരാളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ ചന്ദ്രവംശ രാജാവായ നഹുഷനെ ദേവേന്ദ്രനു പകരം സ്വര്‍ഗ്ഗസിംഹാസനത്തില്‍ അവരോധിച്ചു. 100 അശ്വമേധം നടത്തുക വഴി ദേവേന്ദ്രനു തുല്യമായ ശക്തി നഹുഷനു കിട്ടിയിരുന്നു. ഘോരയുദ്ധത്തില്‍ നഹുഷന്‍ അസുരന്‍മാരെ തോല്പിച്ചു. അങ്ങനെ നഹുഷന്‍ സ്വര്‍ഗ്ഗത്തില്‍ ഭരണം തുടങ്ങി. ആദ്യമൊക്കെ വളരെ നല്ലരീതിയില്‍ അദ്ദെഹം ഭരണം കാഴ്ച വച്ചു. അധികാരവും സുഖങ്ങളും ആരെയും അഹങ്കാരികളാക്കുമല്ലോ നഹുഷനും അതു തന്നെ സംഭവിച്ചു. ഒരു ദിവസം നഹുഷന്‍ ചിന്തിച്ചു ദേവേന്ദ്രനു പകരം ഇപ്പൊള്‍ സ്വര്‍ഗ്ഗം ഭരിക്കുന്നതു ഞാനാണ് അതു കൊണ്ട് ദേവേന്ദ്രന്റെ ഭാര്യ ശചീദേവി തന്റെ ഭാര്യയാകണം. ഇങ്ങനെ തീരുമാനിച്ച് അദ്ദെഹം ഒരു ദൂതനെ ശചീദേവിയുടെ കൊട്ടാരത്തിലേക്ക് അയച്ചു. വാര്‍ത്ത അറിഞ്ഞു പരിഭ്രാന്തിയായ ശചിദേവി ദേവഗുരു ബൃഹസ്പതിയുടെ അടുക്കല്‍ ചെന്നു. ബൃഹസ്പതി പറഞ്ഞു " നഹുഷന്റെ അഹങ്കാരം അതിക്രമിച്ചിരിക്കുന്നു. ദേവി ഒരു കാര്യം ചെയ്യു നഹുഷനോട് ഭാര്യയായിരിക്കാന്‍ സമ്മതമാണെന്നു പറയൂ. പക്ഷേ ഒരു വ്യവസ്ഥയിന്‍ മേല്‍, നഹുഷന്‍ സപ്തര്‍ഷികള്‍ ചുമക്കുന്ന പല്ലക്കിന്‍ മേല്‍ ആയിരിക്കണം ദേവിയുടെ കൊട്ടാരത്തില്‍ വരെണ്ടത്. നഹുഷന്റെ അഹങ്കാരം അവര്‍ തീര്‍ത്തുകൊള്ളും" ശചിദേവി അതുപോലെ തന്നെ നഹുഷനെ അറിയിച്ചു. സന്തോഷവാനായ നഹുഷന്‍ ഉടന്‍ തന്നെ സപ്തര്‍ഷികളെ വിളിച്ച് തന്നെ പല്ലക്കില്‍ ശചിദേവിയുടെ കൊട്ടാരത്തിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ നഹുഷന്‍ സപ്തര്‍ഷികള്‍ വഹിക്കുന്ന പല്ലക്കില്‍ ശചിദേവിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. കൊട്ടാരത്തിലെത്തനുള്ള ആവേശത്തില്‍ നഹുഷന് തന്റെ പല്ലക്കിന് വേഗം പോരെന്നു തോന്നി. അദ്ദെഹം തന്റെ പല്ലക്കിന്റെ ഇടതുവശം ചുമക്കുന്ന അഗസ്ത്യമുനിയുടെ പുറത്ത് ചവിട്ടിയിട്ട്  "സര്‍പ്പ, സര്‍പ്പ "( സര്‍പ്പ എന്നാല്‍ വേഗം) എന്നു പറഞ്ഞു. കുപിതനായ അഗസ്ത്യന്‍ നഹുഷനോട് പറഞ്ഞു" നി സര്‍പ്പ,സര്‍പ്പ എന്നു പറഞ്ഞുകൊണ്ട് നമ്മുടെ പുറത്തു ചവിട്ടി നമ്മെ അപമാനിച്ചിരിക്കുന്നു. അതുകൊണ്ട് നീ ഒരു സര്‍പ്പമായി ഭൂമിയില്‍ പതിക്കട്ടെ ". തല്‍ക്ഷണം നഹുഷന്‍ സര്‍പ്പമായി ഭൂമിയില്‍ വിണു. പിന്നിട് പാണ്ഡവരുടെ വനവാസക്കാലത്ത് യുധിഷ്ഠിരനാണ് നഹുഷന് ശാപമോക്ഷം നല്കിയത്.

No comments:

Post a Comment