ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 February 2017

ആന വിശേഷം

ആന വിശേഷം

മനുഷ്യനുമായി ഇണങ്ങിയ നാട്ടാനകളെ ഉത്സവങ്ങൾ തുടങ്ങിയ പരിപാടികളിൽ പങ്കെടുപ്പിക്കാറുണ്ട്. ഒന്നിൽ കൂടുതൽ ആനകളെ എഴുന്നള്ളിച്ചുകൊണ്ടുള്ള നിരവധി ഉത്സവങ്ങൾ പ്രസിദ്ധമാണ്. കേരളത്തിലെ ഉത്സവങ്ങളിൽ ആനകളെ പങ്കെടുപ്പിക്കുന്നതിന്റെ തെളിവുകളിൽ ഏറ്റവും പഴക്കമുള്ളത് ക്രി.വ. 583-ലെ ആറാട്ടുപുഴ പൂരത്തിന്റെ വിവരണം മുതൽ ലഭ്യമാണ്.

ഹൈന്ദവ പുരാണങ്ങളിൽ ദേവരാജാവായ ഇന്ദ്രന്റെ വാഹനം ഐരാവതം എന്ന വെളുത്ത ആനയാണ്.

ഗണപതി എന്ന ഹിന്ദു ദൈവത്തിന് ആനയുടെ തലയാണുള്ളത്. ആനകളെ ഹിന്ദുക്കൾ ഗണപതിയുടെ പ്രതിരൂപമായിക്കണ്ട് ആരാധിക്കാറുണ്ട്.

ഹൈന്ദവ പുരാണങ്ങളിലും ആനകളെക്കുറിച്ചുള്ള വിശ്വാസങ്ങളും സങ്കല്പങ്ങളും കാണാം. ദേവാസുര യുദ്ധത്തിൽ പങ്കെടുത്ത ആനകൾക്ക് തൂങ്ങിക്കിടന്ന വൃഷണം ശല്യമായപ്പോൾ ബ്രഹ്മാവ് അത് ഉള്ളിലാക്കി കൊടുത്തുവത്രെ.

സൂര്യന്റെ മുട്ടയുടെ തോടുകള് ബ്രപ്മാവു രണ്ടു കൈയിലുമെടുത്ത് ഏഴു സാമ മന്ത്രങ്ങൾ അഖണ്ഡമായി ചൊല്ലിയപ്പോൾ വലതെ കൈയിലെ തോടിൽ നിന്നും ഐരാവതം ഉണ്ടായി. ഇടതുകൈയിലെ തോടിൽ നിന്നും അഭ്രമുവുമുണ്ടായി. ഏഴുസാമമന്ത്രങ്ങൾ വെവ്വേറെ ചൊല്ലിയപ്പോൾ ഏഴു ആൺ ആനകൾ കൂടിയുണ്ടായി. അവയാണ് അഷ്ടദ്വിഗജങ്ങൾ. ഇടതുകൈയിൽ നിന്ന് എട്ട് പെണ്ണാനകളും. അവയാണ് എട്ടുദിക്കുകളെ പരിരക്ഷിക്കാൻ സഹായിക്കുന്നത്. ഐരാവതവും ഭാര്യ അഭ്രമുവുമായി കിഴക്കു ദിക്കിനെ സംരക്ഷിക്കുന്നു.

പുണ്ഡരീകനും കപിലയും കൂടി തെക്കു-കിഴക്കിനേയും വമനനും പിംഗളയും കൂടി തെക്കിനേയും കുമുദനും അനുപമയും കൂടി തെക്കു-പടിഞ്ഞാറിനേയും അഞ്ചാനനും തംമ്രകാമിയുമായി പടിഞ്ഞാറിനേയും പുഷ്പ ദന്ദനും ശുഭരദന്ദിയുമായി വടക്കു-പടിഞ്ഞാറിനേയും സാര്വഭൌമനും അംഗനയും കൂടി വടക്കിനേയും സുപ്രധികനും അഞജനവതിയും കൂടീ വടക്കുകിഴക്കിനേയും സംരക്ഷിക്കുന്നു.

ആദ്യം ആനകൾക്ക് രണ്ട് ജോടി കൊമ്പുകളും ചിറകുകളും ഉണ്ടായിരുന്നതാണ് മറ്റൊരു പരാമർശം. ദീർഘതപസ്സ് എന്ന മുനിയുടെ ശാപത്താൽ ഒരുജോടി കൊമ്പുകളും ചിറകുകളും നഷ്ടമായി.

പുരാണകഥകൾ അവിടെ നിൽക്കട്ടെ.. നിങ്ങൾക്ക് ആനയെ എത്ര അടുത്തറിയാം ...? ആനയെ കുറിച്ച് എന്തൊക്കെ അറിയാം..? അറിവ് പരിമിതമാണ് എങ്കിൽ നമ്മുക്ക് ആനയെ ഒന്ന് ശരിക്കു പരിച്ചയപ്പെടാം...

ആനയുടെ അംഗങ്ങൾ

1. തുമ്പി:
തുമ്പിക്കൈ മേൽച്ചുണ്ടും മൂക്കും കൂടിച്ചേർന്ന ഒരു അവയവമാണ്. നീളത്തിൽ ഉള്ള ഇത് ആനയുടെ ഏറ്റവും സവിശേഷമായ അവയവമാണ്. ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട്. ആനയ്ക്ക് തുമ്പിക്കൈയിൽ നാൽപ്പതിനായിരത്തില്പരം പേശികൾ ഉണ്ടാകുമെന്നാണ് ജീവശാസ്ത്രജ്ഞർ പറയുന്നത്. ഇത് ആനയെ ചെറിയ പുൽനാമ്പുകൾ മുതൽ വലിയ ഭാരമുള്ള മരങ്ങൾ വരെ കൈകാര്യം ചെയ്യാൻ സഹായി‍കുന്നു.

വെള്ളം കുടിക്കാനായും ആ‍ന തുമ്പിക്കൈ ഉപയോഗിക്കുന്നു. ആനകൾ തുമ്പിക്കൈയിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട്. ഈ തുമ്പിക്കൈ സാമൂഹിക ജീവിതത്തിലും ആന ഉപയോഗപ്പെടുന്നു. പരിചയമുള്ള ആനകൾ തമ്മിൽ മനുഷ്യർ കൈകൊടുക്കുന്നതുപോലെ തുമ്പിക്കൈ കുരുക്കിയാണ് പരിചയം കാണിക്കാറുള്ളത്. ആനകൾ തമ്മിൽ അടികൂടുമ്പോഴും, ശാരീരികമായി ബന്ധപ്പെടുമ്പോഴും, സ്വന്തം മേൽക്കോയ്മ കാണിക്കുമ്പോഴും തുമ്പിക്കൈ ഉപയോഗിക്കുന്നു. (തുമ്പിക്കൈ ഉയർത്തി ചിന്നം വിളിക്കുന്നത് ഒരു താക്കീതോ പേടിപ്പെടുത്തലോ ആകാം. തുമ്പിക്കൈ താഴ്ത്തി പിടിക്കുന്നത് പരാജയം സമ്മതിച്ച് കൊടുക്കലുമാകാം). മറ്റ് ആനകളുമായി വഴക്കുണ്ടാകുമ്പോൾ സ്വയരക്ഷയ്ക്ക് ആനകൾ തുമ്പിക്കൈ കൊണ്ട് അടിക്കുകയും ചുറ്റിപ്പിടിച്ച് വലിച്ചെറിയാൻ ശ്രമിക്കുകയും ചെയ്യും.

മണം പിടിക്കുവാനും ആനകൾ തുമ്പിക്കൈ ആണ് ഉപയോഗിക്കാറ്. തുമ്പിക്കൈ ഉയർത്തിപ്പിടിച്ച് മണം പിടിച്ച് ആനകൾ കൂട്ടുകാരേയും ശത്രുക്കളേയും ഭക്ഷണമുള്ള സ്ഥലങ്ങളേയും മനസ്സിലാക്കുന്നു.

തുമ്പിക്കൈയുടെ അറ്റത്തു കാണുന്ന വിരൽപോലെയുള്ള അവയവത്തെ തൂണിക്കൈ എന്നു പറയും. ഏഷ്യൻ ആനയ്ക്ക് മുമ്പിലായി ഒരു തൂണികൈ മാത്രവും ആഫ്രിക്കൻ ആനയ്ക്ക് മുമ്പിലും പിമ്പിലും ആയി രണ്ട് തൂണിക്കൈയും കാണുന്നു. തുമ്പിക്കൈകൊണ്ട് മണം പിടിക്കുന്നതിനെ വാട എടുക്കുക എന്നാണ്‌ പറയുന്നതു്. 

ഉത്തമ / അധമ ലക്ഷണങ്ങള്‍

ദ്വിഗുണീത ഹസ്തേനപരിചുംബിത ഭൂതലം.

തുമ്പി നിലത്തു ധാരാളം കിടക്കണം. രണ്ടു ചിറ്റു എന്ന് ശാസ്‌ത്രം .

• തുമ്പി പലതരം ( മുഖ്യമായും വണ്ണം കുറഞ്ഞും കൂടിയതുമായ അയഞ്ഞ തുമ്പി)

• തുമ്പിയുടെ നാക്ക് നല്ല നീളം വേണം. വെള്ളം എടുത്തു നാക്ക്കൊണ്ട് അടച്ചാൽ ചോരാൻ പാടില്ല.

• തുമ്പിയുടെ അഗ്രത്തിന്റെ പേര് പുഷ്കരം എന്നാണ്. താമര എന്ന് അർഥം. അത് പോലെ വികസിച്ചു വൃത്തിയോടെ ഇരിക്കണം.

• കൊമ്പും തുമ്പിയും ചേർന്ന് വരുന്ന ഭാഗത്ത്‌ 3 മടക്കു വ്യക്തമായി കാണേണ്ടത് നിര്ബന്ധം.

• തുമ്പി ധാരാളം ഉള്ള ആനകൾക്കും ഉടമസ്ഥനും എല്ലാ വിഷയങ്ങളിലും സമൃദ്ധി മാത്രമേ ഉണ്ടാകുകയുള്ളൂ.

2. കൊമ്പ് :
ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലാണ് ആനക്കൊമ്പ്. ഇത് ജീവിതാവസാനം വരെ വളർന്നുകൊണ്ടേയിരിക്കും. വലിയ ഒരു ആനയുടെ കൊമ്പ് വർഷത്തിൽ ഏഴ് ഇഞ്ച് വരെ വളരും. കൊമ്പ് ആനകൾക്ക് വളരെ ഉപയോഗമുള്ള ഒന്നാണ്:

മണ്ണ് കുഴിച്ച് വെള്ളമെടുക്കാനും, വേരുകൾ ധാതുലവണങ്ങൾ എന്നിവ മണ്ണിൽ നിന്ന് കുഴിച്ചെടുക്കാനും, മരങ്ങളുടെ തൊലി പൊളിച്ചെടുത്ത് കഴിക്കാനും, ചില മരങ്ങൾ തുരന്ന് അകത്തുള്ള പൾപ്പ് ഭക്ഷിക്കാനും മാർഗ്ഗതടസ്സമുണ്ടാക്കുന്ന മരങ്ങളും മരച്ചില്ലകളും മാറ്റാനുമൊക്കെ ഈ കൊമ്പുകൾ ഉപയോഗിക്കുന്നു. കൂടാതെ, മരങ്ങളിൽ സ്വന്തം അധീശപ്രദേശം അടയാളപ്പെടുത്താനും ആയുധമാക്കി ഉപയോഗിക്കാനും വരെ ആനകൾ കൊമ്പുകളെ ഉപയോഗപ്പെടുത്തുന്നു.

മനുഷ്യരിൽ ഇടതുകൈയ്യന്മാരും വലതുകൈയ്യന്മാരും ഉള്ളതുപോലെ, ആനകൾക്ക് ഒരു വശത്തുള്ള കൊമ്പിന് സ്വാധീനം കൂടുതലുണ്ടാകും. രണ്ട് കൊമ്പുകളിൽ വച്ച് പ്രബലമായ കൊമ്പ് (master tusk), ചെറുതും ഉപയോഗം മൂലം അറ്റം കൂടുതൽ ഉരുണ്ടതുമായിരിക്കും. ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടാകും. ഇവയ്ക്ക് പത്തടി (മൂന്ന് മീറ്റർ) നീളവും 90 കിലോഗ്രാം തൂക്കവും ഉണ്ടാകും. എന്നാൽ ഏഷ്യൻ വിഭാഗങ്ങളിൽ ആണാനയ്ക്ക് മാത്രമാണ് കൊമ്പുണ്ടാകുക. പെണ്ണാനകളിൽ ചിലതിനു ചെറിയ കൊമ്പുണ്ടാകുമെങ്കിലും പൊതുവിൽ പെണ്ണാനയ്ക്കു കൊമ്പുകൾ ഉണ്ടാകാറില്ല. ഏഷ്യൻ ആനകൾക്ക് ആഫ്രിക്കൻ ആനകൾക്കുള്ളതിന്റെ അത്രയും വലിപ്പമുള്ള കൊമ്പുകൾ ഉണ്ടായേക്കാമെങ്കിലും, അവ വണ്ണത്തിലും ഭാരത്തിലും ചെറുതായിരിക്കും. ഇതേവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഭാരമുള്ള കൊമ്പ് 39 കിലോ ആണ്. ആനക്കൊമ്പിന്റെ മുഖ്യമായ ഘടകം കാത്സ്യം ഫോസ്ഫേറ്റ് എന്ന ലവണമാണ്.

ആനക്കൊമ്പ് ശിൽപ്പങ്ങളുണ്ടാക്കാൻ ധാരാളമായി ഉപയോഗിച്ചു വരുന്നു. പണ്ടുകാലം മുതൽക്കേ ആനക്കൊമ്പിനു വേണ്ടി ആനകളെ കൊന്നിരുന്നതാണ് ഇന്ന് അനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിന്റെ മുഖ്യകാരണം. ഇന്ന് ആനക്കൊമ്പ് വില്പന നിയമപരമായി നിഷിദ്ധമാണ്‌. എങ്കിലും അനധികൃതമായി ആനക്കൊമ്പ് വില്പന ഗണ്യമായ തോതിൽ നടക്കുന്നുണ്ട്. 

ആദ്യം താഴേക്കും പിന്നെ വശങ്ങളിലേക്ക് നീണ്ടുവളർന്ന് അറ്റം മേൽപ്പോട്ടു വളഞ്ഞ എടുത്തു പിടിച്ച കൊമ്പുകൾക്കാണു് കൂടുതൽ ഭംഗി. താഴേക്കു വളർന്ന കൊമ്പുകളെ കീഴ്കൊമ്പ് എന്നും വശങ്ങളിലേക്ക് വളർന്നതിനെ പകച്ച കൊമ്പ് എന്നും വളരെ വണ്ണം കുറഞ്ഞ കൊമ്പുകളെ ചുള്ളികൊമ്പ് എന്നും പറയുന്നു.

ഉത്തമ / അധമ ലക്ഷണങ്ങള്‍

• കൊമ്പിന്റെ ലക്ഷണം കണ്ടാൽ ആന ഏതു തരം എന്ന് തിരിക്കാൻ സാധിക്കും.

• എടുത്തു വകച്ച കൊമ്പ് ( ആനകളിലെ നായകന്മാർ)

• താഴ്ന്നു വകച്ച കൊമ്പ് ( കേമന്മാർ)

• കൂട്ട് കൊമ്പ് (അധമം തരക്കേടില്ല)

• കീഴ് കൊമ്പ് (ഒന്നാം തരത്തിൽ പെടുത്തില്ല)

• കൊമ്പിന്റെ നിറം തേൻ നിറമായിരിക്കണം (വെള്ള അല്ല)

3. കണ്ണ്:
ഉത്തമ / അധമ ലക്ഷണങ്ങള്‍

• കണ്ണിനു പ്രധാനമായും രണ്ടു നിറം.

• നാരായണ പക്ഷിയുടെ നിറം

• തേൻ നിറം

• രണ്ടും അത്യുത്തമംലക്ഷണ പ്രകാരം ആനയുടെ കണ്ണിനു തകരാർ ഉണ്ടായാൽ ഉടമസ്ഥന്റെ ഭാര്യക്ക്‌ അസുഖം ഉണ്ടാകും എന്ന് ശാസ്ത്രം.

4.വായൂ കുംഭം:
ഉത്തമ / അധമ ലക്ഷണങ്ങള്‍

• മുന്നിലേയ്ക്ക് മറിഞ്ഞു വളർന്നു വികസിച്ചത് അത്യുത്തമം, ഗാംഭീരതയെ സൂചിപ്പിക്കുന്നു.

5. തലക്കുനി:
ഉത്തമ / അധമ ലക്ഷണങ്ങള്‍

• ഉയർന്നു പൊങ്ങിയ വികസിച്ച തലക്കുനി അത്യുത്തമം രാജകീയതയെ സൂചിപ്പിക്കുന്നു.

6. വാൽ:
ഉത്തമ / അധമ ലക്ഷണങ്ങള്‍

• മുടക്കം ഇല്ലാതെ നിവർന്നു നിലത്തു മുട്ടാത വാൽ ലക്ഷണോത്തമം.

• വാലിന്റെ മുകൾ ഭാഗം നടു ഭാഗം കീഴ് ഭാഗം എന്നിവയിൽ ഉണ്ടാകുന്ന വളവ് ഓരോ തരത്തിലുള്ള സ്വഭാവം കാണിക്കും.

• മുടക്കം വാലുള്ള ആന കൊലയാന ആണന്നാണ് ശാസ്ത്രം.

7. കാലുകളും പാദങ്ങളും
വളരെ വലിപ്പം കൂടിയ തൂണുകൾ പോലെയാണ് ആനയുടെ കാലുകൾ. കാലുകൾ നേരെയുള്ളവയായതിനാൽ ആനയ്ക്ക് നിൽക്കാൻ ആയാസപ്പെടേണ്ടി വരാറില്ല. ഇക്കാരണത്താൽ ആനകൾക്ക് തുടർച്ചയായി ഏറെനേരം ക്ഷീണമില്ലാതെ നിൽക്കാൻ കഴിയും. ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളൂ. എന്നാൽ ഏഷ്യൻ ആനകൾ ഇടയ്ക്കിടക്ക് കിടക്കാറുണ്ട്.

ആനയുടെ കാൽപ്പാദങ്ങൾക്ക് ഏകദേശം വൃത്താകൃതിയാണ്. ആഫ്രിക്കൻ സവാന ആനകൾക്ക് പിൻ‌കാലുകളിൽ മൂന്നു വീതവും മുൻ‌കാലുകളിൽ നാലു വീതവും നഖങ്ങൾ ഉണ്ടാകും. ആഫ്രിക്കൻ കാട്ടാനകൾക്കും, ഏഷ്യൻ ആനകൾക്കും പിന്നിൽ നാലു വീതവും മുന്നിൽ അഞ്ചു വീതവും ആണ് നഖങ്ങൾ ഉണ്ടാകുക. പാദങ്ങളുടെ എല്ലുകൾ‍ക്കുള്ളിലുള്ള വളരെ കട്ടിയുള്ളതും ജെലാറ്റിൻ പോലുള്ളതുമായ കൊഴുപ്പ് മെത്ത പോലെ പ്രവർത്തിച്ച് ആഘാതങ്ങൾ താങ്ങാൻ സഹായിക്കുന്നു. ആനയുടെ ഭാരം കാരണം പാദങ്ങൾക്ക് വീ‍തി കൂടുതലായിരിക്കും. ഭാരമില്ലാത്ത അവസ്ഥയിൽ പാദങ്ങൾക്ക് വീതി കാലിന്റേതിന് തുല്യമായിരിക്കും. കാൽ പൊക്കുമ്പോൾ പാദങ്ങൾ ചെറുതാകുമെന്നതിനാൽ ചളിയിൽ പൂണ്ട് പോയാലും കാല് എളുപ്പം തിരിച്ചെടുക്കാൻ സാധിക്കും.

ആനയ്ക്ക് നന്നായി നീന്താനും കയറ്റങ്ങൾ കേറാനും കഴിയുമെങ്കിലും തുള്ളാനോ ചാടാനോ പെട്ടെന്ന് ഓടുമ്പോൾ നല്ല വേഗം ആർജ്ജിക്കാനോ കഴിയില്ല. ഏറ്റവും വേഗത്തിലോടുന്ന മനുഷ്യനേക്കാളും വേഗത്തിൽ ഓടാൻ ആനയ്ക്കു കഴിയുമെങ്കിലും ഒരേ വേഗതയിൽ ഓടാനേ ആനകൾക്ക് കഴിയൂ; വേഗം ഇഷ്ടം പോലെ കുറയ്ക്കാനോ കൂട്ടാനോ കഴിയില്ല. ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ്.

സാധാരണ വേഗത്തിൽ സഞ്ചരിക്കുന്ന ആനകൾ രണ്ടു മുതൽ നാലു മൈലുകൾ വരെ (മൂന്നു തൊട്ട് ആറു കിലോമീറ്റർ ) മണിക്കൂറിൽ വേഗം ആർജ്ജിക്കാറുണ്ട്. പക്ഷേ ഓടുന്ന സമയത്ത് ആനയ്ക്ക് മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വരെ വേഗം ഉണ്ടാകും.

ആനയുടെ മുൻകാലുകളെ നട എന്നും പിൻ കാലുകളെ അമരം എന്നും വിളിക്കും.

8. നഖങ്ങൾ:
ഉത്തമ / അധമ ലക്ഷണങ്ങള്‍

• വെളുത്തു പൊങ്ങിയ 18 അല്ലെങ്കിൽ 20 നഖങ്ങൾ ഉത്തമം.

• 16, 17, 19 എന്നീ എണ്ണം നഖങ്ങൾ ഉള്ള ആനകൾക്ക് ലക്ഷണകുറവ് ആണ് ശാസ്ത്രം.

9. ചെവികൾ
വലിയ ചെവികൾ ശരീരതാപനില ക്രമീകരിക്കുന്നതിന് ആനയെ സഹായി‍ക്കുന്നു. ആനയുടെ ചെവികൾക്ക് വളരെ കട്ടികുറവാണ്. എല്ലുകൾ ഇതിൽ ഉണ്ടാവില്ല. എന്നാൽ വളരെയധികം ധമനികളും ഞരമ്പുകളും ചെവികളിലുണ്ട്. ആന ചെവി വീശുമ്പോൾ ഉണ്ടാകുന്ന കാറ്റ് ആനയുടെ ഞരമ്പുകളിൽ കൂടി ഓടിക്കൊണ്ടിരിക്കുന്ന രക്തത്തിനെ തണുപ്പിക്കും. ഈ തണുത്ത രക്തം പിന്നീട് തിരിച്ച് ശരീരത്തിലേക്കൊഴുകി ശരീരം തണുപ്പിക്കും. ചെവിയിലേക്ക് വരുന്ന ചുടുരക്തത്തിന്റെ താപനില പത്ത് ഡിഗ്രീ ഫാരൻ‌ഹീറ്റോളം കുറയ്ക്കാൻ ഈ ചെവിയാട്ടൽ സഹായി‍ക്കും. ആഫ്രിക്കൻ ആനകൾക്കും ഏഷ്യൻ ആനകൾക്കും ചെവിയുടെ വലിപ്പത്തിൽ പ്രകടമായ വ്യത്യാസം ഉണ്ടാകാൻ കാരണം അവർ അധിവസിക്കുന്ന പ്രദേശത്തെ താപനിലയിലുള്ള വ്യത്യാസമാണ്. ഭൂമധ്യരേഖയ്ക്കു തൊട്ടുകിടക്കുന്ന ആഫ്രിക്കയിൽ ചൂടു കൂടുതലും, വടക്കോട്ട് നീങ്ങി സ്ഥിതി ചെയ്യുന്ന ഏഷ്യയിൽ താരതമ്യേന ചൂട് കുറവാ‍യതുമാണ് ചെവിയുടെ വലിപ്പവ്യത്യാസത്തിന് കാരണമായി കരുതപ്പെടുന്നത്.

ദേഷ്യം പ്രകടിപ്പിക്കുമ്പോഴും ഇണ ചേരുമ്പോഴും ആന ചെവികൾ ഉപയോഗപ്പെടുത്താറുണ്ട്. ആനയ്ക്കു മറ്റൊരാനയെ പേടിപ്പിക്കണമെന്നുണ്ടെങ്കിൽ ചെവി വ്യാപിപ്പിച്ച് ശരീരത്തിനെ വലുതാക്കി കാണിക്കാൻ ശ്രമിക്കും. ഇണ ചേരുന്ന മാസങ്ങളിൽ ആന തന്റെ കണ്ണിനു പിന്നിലുള്ള ഗ്രന്ഥിയിൽ നിന്ന് പ്രത്യേകതരം മണം പുറപ്പെടുവിക്കും. ഈ മണം ദൂരപ്രദേശങ്ങളിലേക്കെത്തിക്കാൻ ആന ചെവികൾ ഉപയോഗിക്കാറുണ്ട്.

ആനയുടെ പ്രായം കൂടുന്നതനുസരിച്ച് ചെവിയുടെ മേലരിക് മുന്നിലേക്ക് വളയാറുണ്ട്. ഇതിന്റെ അളവുനോക്കി ആനയുടെ പ്രായം ഏകദേശം കണക്കാക്കാം.

ഉത്തമ / അധമ ലക്ഷണങ്ങള്‍
• തുമ്പിയുടെ വലിപ്പത്തിന് യോജിച്ച വലിപ്പം

• കീറലുകൾ പാടില്ല

• അഗ്രം ചുമന്നു ഇരിക്കണം

• ചെവി അടിക്കുമ്പോൾ ഉള്ള ശബ്ദം ഉച്ചത്തിൽ ആയിരിക്കണം(അപ്രകാരം ആണെങ്കിൽ ആനയ്ക്കും ഉടമസ്ഥനും കീർത്തിയാണ് ഫലം )

10. പല്ലുകൾ
ആനകളുടെ പല്ലുകൾ മറ്റു സസ്തനികളുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ആനയുടെ വായിൽ ഒന്നര വയസ്സിൽ പല്ലുകൾ പ്രത്യക്ഷപ്പെടും, രണ്ടര വയസ്സോടെ ഇവ കൊഴിയാൻ തുടങ്ങുകയും ആറു വയസ്സോടെ രണ്ടാമത്തെ ഗണം പല്ലുകൾ വരികയും ചെയ്യും. പിന്നീട് 25- ആമത്തെ വയസ്സിൽ മൂന്നാമത്തെ ദന്ത നിരകൾ പ്രത്യക്ഷപ്പെടുന്നു, ആമത്തെ വയസ്സിൽ നാലാമത്തേതും, നൂറാമത്തെ വയസ്സില് അഞ്ചാമത്തേതുമായ ദന്തനിരകൾ വളരുന്നു. ഇതിനാൽ ആനകളുടെ പല്ലു നോക്കി അവയുടെ പ്രായം കണ്ടു പിടിക്കാവുന്നതാണ്‌.

ജീവിതകാലത്ത് ആനകൾക്ക് 28 ഒരേ സമയത്ത് പല്ലുകൾ ഉണ്ടാകാം. അവ താഴെ പറയുന്നവയാണ്‌:

മുകളിലുള്ള രണ്ടു പല്ലുകൾ (ഉളിപ്പല്ലുകൾ): ഇവയാണ് കൊമ്പുകളായി വരുന്നത്.

കൊമ്പുകളുടെ പാൽപ്പല്ലുകൾ.

പന്ത്രണ്ട് ചെറിയ അണപ്പല്ലുകൾ‍, താടിയുടെ രണ്ടു വശങ്ങളിലും മുകളിലും താഴെയുമായി മൂന്നെണ്ണം വീതം.

പന്ത്രണ്ട് അണപ്പല്ലുകൾ, താടിയുടെ ഇരു വശങ്ങളിൽ മുകളിലും താഴെയുമായി മൂന്നെണ്ണം വീതം.

ഇതര സസ്തനികൾക്ക് പാൽപ്പല്ലുകൾ വളർന്നുവന്ന് ക്രമേണ അതിനുപകരം സ്ഥിരമായ പല്ലുകൾ ഉണ്ടാകുകയാണ് ചെയ്യുക. ഇത് രണ്ടോ മൂന്നോ പ്രാവശ്യം മാത്രം ഉണ്ടാകുകയുള്ളൂ. എന്നാൽ ആനകൾക്ക് ഒരു വർഷത്തിനു ശേഷം ആനക്കൊമ്പ് സ്ഥിരമാകുമെങ്കിലും മറ്റുപല്ലുകൾ അഞ്ച് തവണ ആനയുടെ ജീവിതത്തിൽ പുതുതായി മുളക്കും. ആനയുടെ പല്ലുകൾ താഴെനിന്നു മുകളിലേക്ക് വളരുകയല്ല ചെയ്യാറ്. മറിച്ച് അവ പിറകിൽ നിന്ന് വളർന്ന് നിരങ്ങി നീങ്ങി മുന്നിലെത്തുകയാണ് ചെയ്യുന്നത്. മുന്നിലെ പല്ലുകൾ തേഞ്ഞ് തീരുകയും കൊഴിഞ്ഞ് പോകുകയും ചെയ്യുമ്പോഴേക്കും പുതിയ പല്ലുകൾ അവയുടെ സ്ഥാനം പിടിച്ചിട്ടുണ്ടാകും. വളരെ പ്രായമാകുമ്പോഴേക്കും ആനകളുടെ ശേഷിക്കുന്ന പല്ലുകൾ ചെറിയ കുറ്റികൾ പോലെ ആയിട്ടുണ്ടാകുമെന്നതിനാൽ അധികം ചവച്ചരയ്ക്കേണ്ടാത്ത മൃദുവായ ഭക്ഷണമാണ് ആന കഴിക്കുക. അവസാനകാലത്തിലെത്തിയ ആനകൾ ചെറിയ നനുനനുത്ത പുല്ലുകൾ ഉണ്ടാകുന്ന ചതുപ്പ് നിലങ്ങളിലാണ് ഇക്കാരണത്താൽ കാണപ്പെടുന്നത്. അവസാനം ഈ പല്ലുകളും കൊഴിഞ്ഞ് പോകുന്നതോടുകൂടി ആനയ്ക്ക് ഒന്നും കഴിക്കാൻ വയ്യാതെ വരികയും തത്ഫലമായി പട്ടിണി കിടന്ന് മരിക്കുകയും ചെയ്യുന്നു. ഇന്ന് ആനകളുടെ ആവാസവ്യവസ്ഥ ചുരുങ്ങി ചുരുങ്ങി വരുന്നതിനാൽ ഭക്ഷണത്തിന്റെ കുറവ് മൂലം ചെറുപ്പത്തിലേ ആനകൾ പട്ടിണി കിടന്നു മരിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കീഴ്ത്താടിയിൽ ഉണ്ടാകുന്ന കൊമ്പുകൾക്ക് രണ്ടാം ഉളിപ്പല്ലുകൾ എന്നും പേരുണ്ട്. ഡിനോതേറിയം എന്ന ഗണത്തിനും ചില മാസ്റ്റോഡോൺ എന്ന ഗണങ്ങൾക്കും ഇവ വളരെ വലുതായി വരാറുണ്ടായിരുന്നു. പക്ഷേ ഇന്നത്തെക്കാലത്ത് ഈ കൊമ്പുകൾക്ക് തത്സ്ഥാനീയനായ പാല്പല്ല് ഉണ്ട് എങ്കിലും വളരുന്നതിനുമുന്നേ തന്നെ കൊഴിയുന്നതായി കാണപ്പെടുന്നു.

11. ത്വക്ക്
ആനയുടെ ത്വക്കിന് ഏതാണ്ട് രണ്ടര സെന്റീമീറ്റർ കട്ടിയുണ്ടാകും. എന്നാൽ വായ്ക്കു ചുറ്റുമുള്ളതും ചെവിക്കകത്തുമുള്ളതുമായ തൊലി വളരെ കട്ടികുറഞ്ഞതായിരിക്കും. ഏഷ്യൻ ആനകളുടെ ത്വക്കിൽ ആഫ്രിക്കൻ ആനകൾക്കുള്ളതിനേക്കാൾ അധികം രോമങ്ങളുണ്ടാകും. ഇത് കുട്ടിയാനകളിലാണ് കൂടുതലായി തിരിച്ചറിയാൻ കഴിയുക. ഏഷ്യൻ കുട്ടിയാനകൾക്ക് ശരീരമാസകലം തവിട്ടു നിറത്തിലുള്ള കട്ടിരോമങ്ങളാണ്. പ്രായമാകുന്തോറും ഇവ കുറയുകയും നിറം കറുപ്പായി മാറുകയും ചെയ്യും. എങ്കിലും ശരീരത്തിലും വാലിലും ഉള്ള രോമങ്ങൾ നില നിൽക്കും.

ആനകൾക്ക് കടുത്ത ചാരനിറമാണെങ്കിലും, ദേഹം മുഴുവൻ മണ്ണു‌ വാരിയിടുന്നതു കാരണം തവിട്ട് അല്ലെങ്കിൽ ചുവപ്പ് നിറമാണ് തോന്നിക്കുക. മേലാസകലം പൂഴി വാരിയിടുന്നത് ആനകളുടെ സഹജസ്വഭാവമാണ്. ഇതു സാമൂഹികജീവിതത്തിന് ആവശ്യമാണെന്ന് മാത്രമല്ല, ഈ പൊടിയും മണ്ണും ആനയെ സൂര്യതാപത്തിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ത്വക്കിനു കട്ടിയുണ്ടെങ്കിലും സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പ്രാണികളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ പൊടിവാരിയിടൽ ആവശ്യമായി വരുന്നു.

ഓരോ കുളിക്കു ശേഷവും ആന മണ്ണ് ദേഹത്തു വാരിയിടുന്നത് ആവർത്തിക്കും. ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെ, ക്കുറവായതിനാൽ ശരീരതാപനില നിയന്ത്രി‍ക്കുക ബുദ്ധിമുട്ടാണ്. ഇതിനായി ദിനംമുഴുവൻ പ്രയത്നിക്കേണ്ടി വരുന്നു. ശരീരത്തിന്റെ വലിപ്പവും ത്വക്കിന്റെ പ്രതലവും തമ്മിലുള്ള അനുപാതം ആനയ്ക്ക് മനുഷ്യരുടേതിനേക്കാൾ വളരെ കൂടുതലാണ്. കാലിൽ നഖത്തിനടുത്തായി സ്വേദഗ്രന്ഥികൾ ഉള്ളതിനാൽ ആന കാലുകൾ ഉയർത്തിപ്പിടിക്കാറുമുണ്ട്.

12. നാവ്
ആനയുടെ നാക്കിന്റെ അടിഭാഗം കീഴ്ത്താടിയിൽ ഉറപ്പിച്ചിരിക്കുന്ന കാരണം ആനയ്ക്കു് നാക്ക് പുറത്തേക്കു് നീട്ടുവാൻ കഴിയില്ല. ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ നാക്കിന്റെ മുകൾഭാഗം ഉയർന്നു കൊളുത്തു പോലെയായി ഭക്ഷണത്തെ പിടിച്ചു വായിനകത്തേക്കു തള്ളും.

ഭക്ഷണം നാവിന്റെ ഉപരിതലത്തിൽ നിന്ന് വളച്ച് വശങ്ങളിലേക്ക് ഒതുക്കി പല്ലുകൾക്കിടയിലേക്ക് കൊണ്ടു പോകുന്നു. നാവിന്റെ നിറം ഇളം ചുവപ്പ് കലർന്ന് പിങ്ക് നിറമാണ്‌. അസുഖം ഉള്ള ആനകളുടെ നാവിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും.

ആനയുടെ നാക്കിന് 50-60 സെ.മീ. നീളവും 4 - 6 വരെ കി.ഗ്രാം വരെ തൂക്കവും ഉണ്ടായിരിക്കും.

13. ആമാശയം
ആമാശയത്തിന്‌ ഒരു അറയേ ഉള്ളൂ. കുടൽ 170 അടിയോളം നീണ്ടതാണ്‌. ഉടലിന്റെ ഇടതു വശത്തായാണ്‌ ആമാശയം കാണപ്പെടുന്നതു്. അയവെട്ടാത്ത ജീവിയായതു കൊണ്ട് ആമാശയത്തിനു് ഒരു അറ മാത്രമെ ഉള്ളു. ആനക്ക് പിത്ത സഞ്ചി ഇല്ല.

14. കരൾ
കരൾ വളരെ വലുതാണ്‌. 40-45 കി. ഗ്രാം തൂക്കം കാണും പൂർണ്ണവളർച്ചയെത്തിയ ഒരു ആനയുടെ കരളിന്‌.

15. ഹൃദയം
മനുഷ്യനടക്കമുള്ള മറ്റു സസ്തനികളെപ്പോലെ ആനയ്ക്കും നാലറകളുള്ള ഹൃദയമാണുള്ളത്. ഹൃദയത്തിന്റെ കൂർത്ത അറ്റത്ത് ഒരു മുനമ്പിനു പകരം രണ്ടെണ്ണം കാണുന്നു. ആനയ്ക്കു് ഒരു കൊറോണറി രണ്ടു ആന്റീരിയർ വീനാകാവ സിരകളും കാണുന്നു. (ഇതു സാധാരണ സസ്തനികളിൽ നിന്നും വ്യത്യസ്തമാണ്). ഹൃദയത്തിന്റെ തൂക്കം 12 - 24 കി.ഗ്രാം വരെയാണു്. നിൽക്കുമ്പോൾ ഹൃദയം 28 പ്രാവശ്യവും കിടക്കുമ്പോൾ 32 പ്രാവശ്യവും മിടിക്കും. 

16. വൃഷണങ്ങൾ
രണ്ട് വൃഷണങ്ങൾ ഉണ്ട്. വൃഷണസഞ്ചിയിലല്ലാതെ ശരീരാശയത്തിനുള്ളിൽ വൃഷണങ്ങൾ കാണപ്പെടുന്ന അപൂർവം സസ്തനികളിലൊന്നാണ് ആന. കരയിൽ ജീവിക്കുന്ന സസ്തനികളിൽ ആനക്കുപുറമേ ഈ പ്രത്യേകതയുള്ളത് ആരമഡില്ലോ, സ്ലോത്ത്, കണ്ടാമൃഗം എന്നിവക്കും മുട്ടയിടുന്ന സസ്തനികൾക്കും മാത്രമാണ്. താഴ്ന്ന ശരീരോഷ്മാവാണ് ഈ സസ്തനികളുടെയെല്ലാം പ്രത്യേകത.

17. ലൈംഗികാവയവം
ആണാനയുടെ ലിംഗത്തെ കണ (Penis) എന്നും വിളിക്കുന്നു. നാലര അടിയോളം നീളവും ഏഴ് കിലോഗ്രാം തൂക്കവും ഉണ്ടാകും. പിടിയാനകളുടെ യോനി ഈറ്റം എന്നാണ്‌ പറയുന്നത്. ഇത് പിൻ‌കാലുകൾക്കിടയിലായി കാണപ്പെടുന്നു. മുലക്കാമ്പുകൾ മുൻ‌കാലുകൾക്കിടയിലായും കാണാം.

മറ്റു ഉത്തമ / അധമ ലക്ഷണങ്ങള്‍

1.ചുമന്നു ഇരിക്കേണ്ട ഭാഗങ്ങൾ

• പുഷ്കരം, വായും നാക്കും, കണയുടെ അഗ്രം, ചെവിയുടെ അഗ്രം, ഗുഹ്യ ഭാഗം

2. ഉടലിനു നല്ല നീളം വേണം

3. അമരം താഴ്ന്നും നട ഉയർന്നും നില്ക്കണം (ഫലം - ആനയ്ക്കും ഉടമസ്ഥനും കയറ്റം ഉണ്ടാകും)

4. വായ ചെന്താമര പൂവ് പോലെ വേണം, കറുത്ത പുള്ളികൽ പാടുകൾ ഇവ പാടില്ല

5. കണ മാന്തളിര് പോലെ വേണം. നിലത്തു മുട്ടാൻ പാടില്ല

6. പള്ളക്കണ്ണി ചെറുതായിരിക്കണം (കൈ കൊണ്ടു അടച്ചാൽ അടയണം എന്ന് ഉപമ)

7. രോമാക്കാലിൽ നിന്നും ഒന്നിലധികം രോമങ്ങൾ ഉള്ളത് ഉത്തമം (ബലവീര്യത്തെ സൂചിപ്പിക്കുന്നു)

8. തൂങ്ങിയ വയർ അധമ ലക്ഷണം (അവയ്ക്ക് പള്ളക്കണ്ണി കൂടുതലായിരിക്കും)

9. മർമ്മങ്ങൾ 108. കോല് തോട്ടി എന്നിവയുടെ പ്രയോഗത്തിനു ഓരോ മർമ്മവും വേറിട്ടിരിക്കുന്നു

10. ഇരിക്കസ്ഥാനം വികസിച്ചതായിരിക്കണം

11. കാലുകൾ തമ്മിൽ മുട്ടുകയോ മുടന്തലോ പാടില്

ഭക്ഷണം
ആനകൾ സസ്യഭുക്കുകളാണ്. ദിവസത്തിൽ പതിനാറു മണിക്കൂറോളം ആനകൾ ഭക്ഷണം കഴിക്കാനായി ചിലവഴിക്കും. ഇവരുടെ ഭക്ഷണത്തിൽ അൻപത് ശതമാനത്തോളം പുല്ല് വർഗ്ഗമാണ്. കൂടാതെ ഇലകൾ, മുള, ചില്ലകൾ, വേരുകൾ, പഴങ്ങൾ, വിത്തുകൾ, പൂക്കൾ എന്നിവയും ആന കഴിക്കും. കഴിക്കുന്നതിൽ നാൽപ്പത് ശതമാനത്തോളം മാത്രമേ ദഹിക്കുകയുള്ളൂ. ദഹനപ്രക്രിയയിലുള്ള ഈ അപാകതമൂലം ആനകൾക്കു ഭക്ഷണത്തിന്റെ അളവു കൂട്ടേണ്ടി വരുന്നു. ഒരു മുതിർന്ന ആന ദിവസേന ഏകദേശം 140–270 കിലോഗ്രാം ഭക്ഷണം കഴിക്കും. ഇതിൽ അറുപത് ശതമാനം ഭക്ഷണവും ദഹിക്കാതെ പുറത്തു പോകും.

ആനകളുടെ സാമൂഹിക സ്വഭാവം
വളരെ ചിട്ടയായ സാമൂഹിക ജീവിതമാണ് ആനകളുടേത്. കൊമ്പനാനകളുടേയും പിടിയാനകളുടേയും സാമൂഹിക ജീവിതം വ്യത്യസ്തമാണ്. പിടിയാനകൾ അവരുടെ മുഴുവൻ ജീവിതവും വളരെ അടുത്ത കുടുംബാംഗങ്ങളുടെ കൂടെയായിരിക്കും ചിലവഴിക്കുക. ഈ കൂട്ടത്തിനെ നയിക്കുന്നത് കൂട്ടത്തിലെ മുതിർന്ന പിടിയാനയായിരിക്കും (matriarch). എന്നാൽ ആണാനകൾ അധികവും ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുക.

പിടിയാനയുടെ സാമൂഹികചക്രം സ്വന്തം കുടുംബാംഗങ്ങളിൽ അവസാനിക്കുന്നില്ല. മറ്റ് കൂട്ടങ്ങളിലുള്ള ആണാനകളെ നേരിടുന്നത് കൂടാതെ മറ്റ് കുടുംബക്കാരുമായും, മറ്റ് കുലങ്ങളുമായും മറ്റ് കൂട്ടങ്ങളിലെ ആനകളുമായും ഇടപെടുകയും വേണം പെണ്ണാനകൾക്ക്. വളരെ അടുത്ത കുടുബാംഗങ്ങൾ എന്നത് അഞ്ച് മുതൽ പതിനഞ്ച് വരെ മുതിർന്ന ആനകളും, പിന്നെ കുറേ കുട്ടിയാനകളും ചേർന്നതാണ്. ഈ സംഘം വളരെ വലുതാകുമ്പോൾ, കൂട്ടത്തിലെ മുതിർന്ന പെണ്ണാനകൾ കൂട്ടത്തിൽ നിന്ന് പിരിഞ്ഞ് പോകുകയും വേറെ കൂട്ടമുണ്ടാക്കുകയും ചെയ്യും. എന്നാലും ആ പ്രദേശത്തുള്ള കൂട്ടങ്ങളിൽ ഏതിലൊക്കെ സ്വന്തക്കാരുണ്ടെന്ന് ആനകൾക്ക് ബോധ്യമുണ്ടാകും. സാധാരണയായി വ്യത്യസ്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ആനക്കൂട്ടങ്ങൾ വളരെക്കുറച്ചേ ബന്ധപ്പെടാറുള്ളൂ. എന്നാൽ വെള്ളത്തിന്റേയും ഭക്ഷണത്തിന്റേയും ദൌർലഭ്യം മൂലം ഒരേ സ്ഥലങ്ങളിലേക്കു വരേണ്ടി വരുമ്പോൾ ആനക്കൂട്ടങ്ങൾ അടുത്തു പ്രവർത്തിക്കുന്നതും കാണാം.

അടുത്ത ആളുകളുടെ മരണം മനുഷ്യര്ക്ക് ദുഃഖമുണ്ടാക്കുന്ന പോലെ, ആനകളിലും ദുഃഖമുണ്ടാക്കും.

കൊമ്പനാനകളുടെ ജീവിതം വളരെ വ്യത്യസ്തമാണ്. ആണാനകൾ വലുതാകുന്നതോടെ സ്വന്തം കൂട്ടത്തിൽ നിന്ന് അകലാൻ തുടങ്ങുകയും, പിന്നെ മണിക്കൂറുകളോളമോ ദിവസങ്ങളോളമോ സ്വന്തം കൂട്ടത്തിൽ നിന്നു മാറിനിൽക്കുകയും ചെയ്യും. തുടർന്നു ദിവസങ്ങൾ മാസങ്ങളാകുകയും, ഏകദേശം പതിനാല് വയസ്സാകുന്നതോടു കൂടി കൂട്ടത്തിൽനിന്നു പൂർണ്ണമായും അകന്ന് സ്വന്തമായി ഭക്ഷണം തേടിപ്പിടിക്കുകയും ചെയ്യും. ഒറ്റയ്ക്കാണ് അധികവും ജീവിക്കുക എങ്കിലും ആണാനകൾ മറ്റ് ആണാനകളുമായി അധികം അടുത്തതല്ലാത്ത ബന്ധങ്ങളുണ്ടാക്കും. “ബ്രഹ്മചാരി കൂട്ടങ്ങൾ” എന്നാണ് ഇവ അറിയപ്പെടുന്നത്. സ്വന്തം മേൽക്കോയ്മ സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി ആണാനകൾ, പെണ്ണാനകളേക്കാൾ കൂടുതൽ സമയം ചിലവഴിക്കും. ഇതിൽ മേൽക്കോയ്മ സ്ഥാപിച്ചെടുക്കുന്ന ആണാനകൾക്ക് മാത്രമേ പെണ്ണാനകളുമായി ഇണ ചേരാൻ സാധിക്കുകയുള്ളൂ. ശക്തി കുറഞ്ഞ ആനകൾക്ക് സ്വന്തം അവസരം വരാനായി കാത്തിരിക്കേണ്ടി വരും. നാൽപ്പതിനും അൻപതിനും ഇടയ്ക്ക് പ്രായമുള്ള ആണാനകളാണ് കൂടുതലായി ഇണ ചേരുന്നത്. വളരെ ആപൽക്കരമായ ഒരു യുദ്ധമാണ് ആനകൾ തമ്മിൽ നടത്തുന്നതെന്ന് തോന്നാമെങ്കിലും അവർ പരസ്പരം വളരെക്കുറച്ചു മുറിവുകളേ ഏൽപ്പിക്കാറുള്ളൂ. ചിന്നം വിളിച്ചും സ്വന്തം ചെവി വിരിച്ച് ദേഷ്യം കാണിച്ചുമൊക്കെയാണ് അധികവും ആനകൾ മേൽക്കോയ്മ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കാറ്. ചെറുതും, പ്രായം കുറഞ്ഞതും, ധൈര്യമില്ലാ‍ത്തതുമായ ആനകൾ ഇത്തരം അടയാളങ്ങൾ കാണുമ്പോൾ തന്നെ പിന്മാറും. എന്നാൽ ഇണ ചേരുന്ന കാലഘട്ടങ്ങളിൽ ഉണ്ടാകുന്ന വഴക്കുകൾ വാശിയേറിയതാകുകയും ചിലപ്പോൾ ആനകൾക്കു മുറിവേൽക്കുകയും ചെയ്യും. മദപ്പാടുകാലം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ആണാനകൾ കാണുന്ന എല്ലാ ആണാനകളുമായും പൊരുതുകയും പെണ്ണാനകളുടെ ഇടയിൽ ഇണയെ തേടുകയും ചെയ്യും.

മരിച്ച ആനകളുടെ കൊമ്പ് വലിച്ചൂരി അടിച്ചു തകർക്കുകയും ആനകളുടെ അഴുകിയ ശരീരത്തിൽ നിന്നു അസ്ഥികൾ ദൂരെകൊണ്ടിടുകയും മറ്റാനകൾ ചെയ്യാറുണ്ട്

124 മുതല് 156 ചതുരശ്ര കി..മീറ്റര് വരെയുള്ള സ്ഥലങ്ങളിൽ സഞ്ചരിക്കാറുണ്ട്, 

ആനകളിലെ സ്വവർഗ്ഗരതി

ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും സ്വവർഗ്ഗരതിയിൽ ഏർപ്പെടാറുണ്ട്. ഈ സ്നേഹപ്രകടനം സാധാരണയായി ചുംബനം നൽകിയും, തുമ്പിക്കൈ കോർത്തും, തുമ്പിക്കൈ മറ്റേയാനയുടെ വായിൽ വച്ചും ഒക്കെയാണ് ചെയ്യാറുള്ളത്. സാധാരണ ഇണചേരൽ പോലെത്തന്നെ തുമ്പിക്കൈ മറ്റേയാനയുടെ പിറകിൽ വച്ചും കൊമ്പുകൊണ്ട് ഇണയെ തള്ളിയുമാണ് സ്വവർഗ്ഗലീലകളിലും ഏർപ്പെടുന്നത്. കുറച്ചുനേരം മാത്രം ഉണ്ടാകുന്ന ഇണചേരലിനെപ്പോലെയല്ലാതെ, സ്വവർഗ്ഗരതി‍ ആണാനകൾ ഒരു മുതിർന്ന ആനയും, ഒന്നോ രണ്ടോ ചെറിയ ആനകളും ചേരുന്ന ഒരു സംഘമായാണ് ചെയ്യാറ്. ആണാനകളിലും പെണ്ണാനകളിലും സ്വവർഗ്ഗരതി സാധാരണമാണ്. മനുഷ്യർ വളർത്തുന്ന ഏഷ്യൻ ആനകളിലെ‍ ലൈംഗികരീതികളിൽ നാൽപ്പത്തിയഞ്ച് ശതമാനവും സ്വവർഗ്ഗരതി ആണ്.

ആനകളുടെ ആശയവിനിമയം

മനുഷ്യനു കേൾക്കാൻ സാധിക്കാത്ത അത്ര താഴ്ന ആവൃത്തിയിലുള്ള ഇൻഫ്രാസൗണ്ട് പുറപ്പെടുവിച്ചും ശ്രവിച്ചുമാണ് ആനകൾ ആശയവിനിമയം നടത്തുന്നത്. ആനകൾ പുറപ്പെടുവിക്കുന്ന ഈ ശബ്ദം വായുവിലൂടെ‍ സഞ്ചരിക്കുന്നതിനേക്കാൾ വേഗതയിൽ ഭൌമോപരിതലത്തിൽ ‍കൂടി സഞ്ചരിക്കും. ചെണ്ടയുടെ തല പോലെയുള്ള കാൽപ്പാദങ്ങൾ ഉള്ളതിനാൽ ഭൂമിക്കടിയിലൂടെയുള്ള ഈ ശബ്ദം കാലിൽക്കൂടിയും തുമ്പിക്കൈയ്യിൽ കൂടിയും ശ്രവിക്കാൻ ആനക്കു കഴിയും. നന്നായി കേൾക്കാനായി ആനക്കൂട്ടം മുഴുവനും മുൻ‌കാലുകളിൽ ഒന്ന് പൊക്കി ശബ്ദത്തിന്റെ ദിശയിലേക്ക് നോക്കി നിൽക്കും, അല്ലെങ്കിൽ തുമ്പിക്കൈ നിലം തൊടീച്ച് നിൽക്കും. ഒരു കാൽ ഉയർത്തുമ്പോൾ മറ്റ് കാലുകൾ കൂടുതൽ ഭാരം വരികയും, നിലത്ത് കൂടുതൽ ദൃഢമായി അമരുകയും ചെയ്യുമെന്നതിനാലാണ് ഇപ്രകാരം ചെയ്യുന്നത്. ഇതര സ്രോതസ്സുകളിൽ നിന്നുള്ള ഇൻഫ്രാസൗണ്ട് സ്വീകരിച്ച് വഴികണ്ട് പിടിക്കാനും ആന ഈ കഴിവ് ഉപയോഗിക്കുന്നു.

ആനകളുടെ പ്രത്യുത്പാദനം
പിടിയാനകൾ (പെണ്ണാനകൾ) ഒൻപതു വയസിനും പന്ത്രണ്ടു വയസ്സിനുമിടയിൽ പൂർണലൈംഗികവളർച്ച പ്രാപിക്കുന്നു. സാധാരണയായി പതിമൂന്നാം വയസ്സിൽ ആദ്യത്തെ ഗർഭം ധരിക്കുന്ന ആനയ്ക്ക് അൻപത്തിഅഞ്ച് മുതൽ അറുപത് വയസ്സ് വരെ പ്രസവിക്കാനുള്ള ശേഷിയുണ്ടാകും. ഓരോ അഞ്ചു വർഷത്തിലും പിടിയാനകൾ ഗർഭം ധരിക്കാറുണ്ട്. സസ്തനികളിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനയുടേതാണ് (630-660 ദിനങ്ങൾ). ഒരു പ്രസവത്തിൽ ഒരാനക്കുട്ടിയാണ് സാധാരണ ഉണ്ടാകാറുള്ളത്. ഇരട്ടക്കുട്ടികൾ വളരെ അപൂർവമാണ്. പ്രസവം അഞ്ച് മിനുട്ട് മുതൽ അറുപത് മണിക്കൂർ വരെ നീണ്ടേക്കാം. ശരാശരി സമയം പതിനൊന്ന് മണിക്കൂറാണ്. ജനിക്കുമ്പോൾ ആനക്കുട്ടികൾക്ക് 90–115 കിലോഗ്രാം ഭാരമുണ്ടാകും. കുട്ടിയാ‍നകൾക്ക് ഓരോ ദിവസവും ഓരോ കിലോ ഭാരം വർദ്ധിക്കും. വനങ്ങളിൽ ജനിക്കുന്ന ആനക്കുട്ടികളെ സംരക്ഷിക്കാൻ കൂട്ടത്തിലെ മുതിർന്ന പിടിയാനകളും കൂടും. കുട്ടിയാനകളെ ജനനം മുതൽ വളർത്തുന്നത് കുടുംബത്തിലെ മുഴുവൻ പിടിയാനകളും ചേർന്നാണ്.

മാതൃത്വവും ശിശുപരിപാലനവും

ജനിച്ചയുടനെ കുട്ടിയാന ഉണ്ടാക്കുന്ന ആദ്യ ശബ്ദം തുമ്മൽ അഥവാ മൂക്ക് ചീറ്റൽ എന്ന തരത്തിലുള്ളതാണ്, ഇത് ആനയുടെ തുമ്പിക്കൈയിലുള്ള ദ്രാവകങ്ങൾ കളയുവാനാണ്. (നാട്ടാനകളിൽ ജനിക്കുന്ന കുട്ടികൾ ജനിച്ചയുടനെയുള്ള, അതിനെ പരിപാലിക്കുന്നവർ ഒന്ന് രണ്ട് മിനുറ്റുകളിൽ തന്നെ ഇങ്ങനെ ഏതെങ്കിലും ശബ്ദം ഉണ്ടാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം ഉണ്ടാക്കുന്ന ശബ്ദം എങ്ങനെ ഉള്ളതായാലും, അതിനോട് അതിന്റെ അമ്മയാന വളരെ ഉത്സാഹത്തോടും അത്ഭുതത്തോടും കൂടി പ്രതികരിക്കും.)

ജനിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ കുട്ടിയാന അമ്മയാനയുടെ സഹായത്തോട് കൂടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാകും. ഒരു താങ്ങിനായി കുട്ടിയാന അമ്മയോട് ചേർന്ന് തന്നെ നിൽക്കും.

ഒരു മണിക്കൂറിനുള്ളിൽ തന്നെ കുട്ടിയാന പരസഹായമില്ലാതെ നിൽക്കാൻ പ്രാപ്തനാകും. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അമ്മയുടെ പിറകേ, പതുക്കെ സഞ്ചരിക്കുന്ന ആനക്കൂട്ടത്തിൽ ചേർന്ന് നടക്കാനാകും.

ആനകൾക്ക് ഒരു ജോഡി സ്തനങ്ങൾ ആണുണ്ടാകുക. മുൻ‌കാലുകളുടെ ഇടയിലാണ് ഇവയുടെ സ്ഥാ‍നം. ജനിച്ചയുടനെ ആനക്കുട്ടിക്ക് മൂന്നടിയോളം (തൊണ്ണൂറ് സെന്റീമീറ്റർ) ഉയരം ഉണ്ടാകും. അമ്മയുടെ മുലക്കണ്ണുകളിൽ എത്താൻ ഈ ഉയരം മതിയാകും.

കുട്ടിയാന വായ കൊണ്ടാണ് മുല കുടിക്കുക, തുമ്പിക്കൈ കൊണ്ടല്ല, തുമ്പിക്കൈയിലെ മസ്സിലുകൾ ഉറയ്ക്കാത്തതിനാലാണ് ഇത്. മുലകുടിക്കുമ്പോൾ, കുടിക്കാൻ എളുപ്പത്തിനായി സ്വന്തം തുമ്പിക്കൈ നെറ്റിയിൽ വച്ച് വായുടെ മുന്നിലെ പ്രതിബന്ധം ഒഴിവാക്കും.

കുട്ടിയാനകൾ കുറച്ച് മിനുറ്റുകൾ മാത്രമേ തുടർച്ചയായി മുലകുടിക്കുകയുള്ളൂ. എന്നാൽ ഇങ്ങനെ ദിവസത്തിൽ പല തവണ കുട്ടിയാന മുലകുടിക്കും. ഒരു ദിവസം പതിനൊന്ന് ലിറ്റർ പാൽ വരെ കുടിക്കും.

രണ്ടു വർഷത്തേക്കോ അതിനും മുകളിലേക്കോ ഈ മുലകുടി തുടരും. അമ്മ ആന മുലയൂട്ടൽ നിർത്തുക പാലിന്റെ അളവ് കുറയുമ്പോഴോ കൂട്ടത്തിൽ മറ്റ് കുട്ടിയാനകൾ വരുമ്പോഴോ ആയിരിക്കും.

കുട്ടിയാനകൾ മുതിർന്നവരെ കണ്ടു പഠിക്കുകയാണു ചെയ്യുക. ജന്മവാസന ആനകൾക്ക് കുറവായിരിക്കും. ഉദാഹരണത്തിന്, സ്വന്തം തുമ്പിക്കൈ ആന ഉപയോഗിക്കാൻ പഠിക്കുന്നത് മുതിർന്ന ആനകൾ ഉപയോഗിക്കുന്നത് കണ്ടിട്ടാണ്.

തുമ്പിക്കൈ വരുതിയിലാക്കുന്ന വിദ്യ പഠിക്കാൻ ആനകൾ മാസങ്ങൾ എടുക്കും. ആന തലകുലുക്കുമ്പോൾ തുമ്പൈക്കൈ അനങ്ങുന്നത് ശ്രദ്ധിച്ചാൽ ആന തുമ്പികൈ ഉപയോഗിക്കാൻ പഠിച്ചോ എന്ന് മനസ്സിലാക്കാം. തുമ്പിക്കൈയിലെ മസ്സിലുകൾ ഉറച്ചില്ലെങ്കിൽ ആന തലയാട്ടുമ്പോൾ, തുമ്പൈക്കൈ തൂക്കിയിട്ട വസ്ത്രം കാറ്റത്താടുന്നത് പോലെ ആടും.

കൂട്ടത്തിലെ പാൽചുരയുള്ള അമ്മമാർ സ്വന്തം കുഞ്ഞിനെയും മറ്റുകുട്ടികളേയും മുലയൂട്ടും. ഒന്പതു വയസ്സായിടും മുലകുടി മാറാത്ത കുട്ടികളുണ്ടെന്നു കണ്ടിട്ടുണ്ട്.

കുട്ടിയാനകൾ
കുട്ടികളെ മുലയൂട്ടുന്നതും വളർത്തുന്നതുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു ആനകളുടെ സാമൂഹികജീവിതം. പതിമൂന്ന് വയസ്സാകുന്നതോട് കൂടി പിടിയാനകൾ ശാരീരികമായി ബന്ധപ്പെടാൻ തയ്യാറാവുകയും, ആകർഷണീയമായ ഒരു കൊമ്പനാനയെ തിരയുകയും ചെയ്യും. പിടിയാനകൾ ആരോഗ്യം കൂടിയതും, വലിപ്പം കൂടിയതും, അതിലുമുപരി പ്രായം കൂടിയതുമായ കൊമ്പനാനകളുമായാണ് ഇണചേരാൻ ഇഷ്ടപ്പെടുക. ഇത് സ്വന്തം കുട്ടി, കൂടുതൽ കാലം ജീവിക്കാനുള്ള സാധ്യത‍ കൂട്ടുമെന്ന് ആനകൾ കരുതുന്നു.

ഇരുപത്തി രണ്ട് മാസത്തെ ഗർഭകാലത്തിനു ശേഷം, പിടിയാന ഇരുന്നൂറ്റി അൻപത് പൗണ്ട് ഭാരവും രണ്ടര അടി ഉയരവും ഉള്ള ആനക്കുട്ടിയെ പ്രസവിക്കും. ആനകളുടെ കുട്ടിക്കാലം വളരെ കൂടുതലാണ്. ഈ കുട്ടിക്കാലം കഴിഞ്ഞും ജീവിക്കാനുള്ള സാധ്യത ആനകൾക്ക് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിനാൽ, അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയാകൂ. മുതിർന്നവരുടെ അറിവും വിവരവും കൈമാറി കിട്ടുന്നത് ആനയുടെ അതിജീവനത്തിന് സഹായകരമാകുന്നു. ഇന്ന് മനുഷ്യർ വനം കയ്യേറ്റവും, ആനകളുടെ ആവാസവ്യവസ്ഥകൾ ഇല്ലായ്മ ചെയ്യുന്നതും കാരണം ആനകൾ ചെറുപ്പത്തിലേ കൊല്ലപ്പെടുന്നതിനാൽ കുട്ടിയാനകൾക്ക് ലഭിക്കേണ്ട മേൽപ്പറഞ്ഞ പഠനം കിട്ടാതാവുന്ന ഒരു സ്ഥിതിവിശേഷമാണുള്ളത്.

കുട്ടിയാനകളെ പരിപാലിക്കാൻ ആനക്കുടുംബത്തിലെ എല്ലാ പിടിയാനകളും ഒത്ത് ചേരും. ആനക്കൂട്ടത്തിലെ എല്ലാ ആനകളും ബന്ധുക്കളായതിനാൽ ആനയെ പരിപാലിക്കാൻ ആയകളുടെ ഒരു കുറവും ഉണ്ടാകാറില്ല. പൊതുവേ പറഞ്ഞാൽ, പുതുതായി വന്ന അംഗം ഈ കൂട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും. ജനിച്ചയുടെനെ മുതിർന്ന ആനകൾ കുട്ടിയാനയുടെ ചുറ്റുംകൂടി അതിനെ തങ്ങളുടെ തുമ്പിക്കൈ കൊണ്ട് തൊട്ടും തലോടിയും സ്നേഹമറിയിക്കും. ജനിച്ചയുടെനേയുള്ള കുട്ടിയാനകൾക്ക് കണ്ണ് കാണില്ലെന്നതിനാൽ തുമ്പിക്കൈ കൊണ്ട് തൊട്ടാണ് തനിക്ക് ചുറ്റുമുള്ള ലോകം ഈ ആന മനസ്സിലാക്കുക.

മദപ്പാട്
തലയുടെ ഇരുവശത്തും ചെവിയ്ക്കും കണ്ണിനും ഇടയിലുള്ള കന്നപ്രദേശത്തെ കന്നക്കുഴിയിലെ തൊലിക്കടിയിലാണ് മദഗ്രന്ഥി (musth gland). ഇതിൽ നിന്നുള്ള നാളി കന്നപ്രദേശത്തെ കന്നത്തുളയിലൂടെ പുറത്തേക്ക് തുറക്കുന്നു.

മുതിർന്ന കൊമ്പനാനകൾ കൊല്ലത്തിലൊരിക്കലായി മദപ്പാട് എന്ന ഒരു അവസ്ഥയിലെത്തുന്നു. വളരെ ഉത്തേജിതമായ അല്ലെങ്കിൽ ദേഷ്യം പിടിച്ച മട്ടിലുള്ള പെരുമാറ്റവും തലയുടെ വശത്തുള്ള ഗ്രന്ഥിയിൽ നിന്ന് വരുന്ന കട്ടിയുള്ള ടാർ പോലെയുള്ള ഒരു ദ്രാവകത്തിന്റെ ഒഴുക്കുമാണ് മദപ്പാടിന്റെ ലക്ഷണങ്ങൾ. ലൈംഗികമായ ഉത്തേജനവും തന്റെ മേൽക്കോയ്മ തെളിയിക്കാനുമുള്ള ശ്രമവും ആണ് ഈ മദപ്പാട് ഉണ്ടാകാനുള്ള കാരണം. 

മദമിളകിയ ആന, നാട്ടാനയായാലും കാട്ടാനയായാലും മനുഷ്യർക്ക് വളരെ അപകടകാരിയാണ്. ഇന്ത്യയിൽ മദപ്പാടുള്ള സമയത്ത് നാട്ടാനകളെ ഭക്ഷണവും വെള്ളവും നൽകാതെ ദിവസങ്ങളോളം കെട്ടിയിടും. കുറേ കഴിയുമ്പോൾ മദപ്പാട് നിൽക്കും.

മദപ്പാട് സമയത്ത് ആനകളിൽ പ്രത്യുത്പാദന ഹോർമോണുകൾ വളരെയധികം ഉണ്ടാകുന്നു. ടെസ്റ്റ്രോസ്റ്റെറോൺ നില എന്നറിയപ്പെടുന്ന ഈ സമയത്ത് സാധാരണ ആനകൾക്കുണ്ടാകുന്നതിനേക്കാളും അറുപത് ഇരട്ടി ഹോർമോണുകൾ ഉണ്ടാകുന്നു. എങ്കിലും ഈ ഹോർമോണുകൾ കൂടുന്നതാണോ മദപ്പാടുണ്ടാക്കുന്ന ഒരേയൊരു കാരണം എന്നത് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇത് പഠിക്കാനുള്ള ശ്രമങ്ങൾ ഈ സമയത്ത് ആനകൾ വളരെ അപകടകാരികളാണെന്നതും മനുഷ്യരെ കൊന്നൊടുക്കാൻ സാധ്യത വളരെക്കൂടുതൽ ആണെന്നതും കാരണം ഫലവത്താവാറില്ല.

പിടിയാനകളുടെ ആർത്തവചക്രം സ്ഥിരമായി ഒരു സമയത്ത് വരണമെന്നില്ല എന്നതിനാൽ മദം ലൈംഗികത്വര മൂലം ഉണ്ടാകുന്നതാണെന്നും വിശ്വസിക്കുക വയ്യ. കൂടാതെ മദമിളകിയ കൊമ്പനാനകൾ പിടിയാനകൾക്ക് ഇണചേരാനുള്ള സമയമാണോ അല്ലയോ എന്ന് നോക്കാതെ തന്നെ അവരെ ആക്രമിക്കാറുണ്ട്.

മദപ്പാട് ലക്ഷണങ്ങൾ

മദഗ്രന്ഥികൾ നീരു വച്ച് വീർക്കുന്നത് കാരണം ആ ഗ്രന്ഥി ആനയുടെ കണ്ണുകളിൽ സമ്മർദം ഉണ്ടാക്കുകയും അത് ആനയ്ക്ക് കഠിനമായ പല്ലുവേദന പോലത്തെ വല്ലാത്ത വേദന ഉണ്ടാക്കുകയും ചെയ്യും. ഈ വേദന കാരണം ആനകൾ തങ്ങളുടെ കൊമ്പുകൾ മണ്ണിൽ കുത്തിയിറക്കാൻ ശ്രമിക്കും.

മദം പൊട്ടിയൊലിക്കുന്ന നീരിൽ കെറ്റോണും ആൽഡെഹൈഡും ആണ് മുഖ്യമായും ഉണ്ടാകുക. ഇതിന് വളരെ മോശമായ കയ്പ്പ് രുചിയാണുള്ളത്.

No comments:

Post a Comment