ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 February 2017

കൊടുങ്ങല്ലൂരമ്മ

കൊടുങ്ങല്ലൂരമ്മ ശക്തിസ്വരൂപിണി

അതിപുരാതനവും അതിപ്രശസ്തവുമായ കൊടുങ്ങല്ലൂരമ്മയെന്ന സങ്കൽപം ശക്തിസ്വരൂപിണിയാണ്. കൊടുങ്ങല്ലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണു കൊടുങ്ങല്ലൂർ ദേവീക്ഷേത്രം. ഇത്രയും ശക്തിയേറിയ ശ്രീകുരുംബാ ഭഗവതി സന്നിധി വേറെ ഇല്ല എന്നു തന്നെ പറയാം. ഐതിഹ്യപ്രകാരം പരശുരാമൻ കേരളത്തിൽ 192  വിഗ്രഹ പ്രതിഷ്ഠകൾ നടത്തി- 64 എണ്ണം വീതം. 64 ശിവക്ഷേത്രങ്ങൾ, 64 വിഷ്ണുക്ഷേത്രങ്ങൾ, 64 ദേവീക്ഷേത്രങ്ങൾ. അതിൽ അതിപ്രധാനമായ നാലെണ്ണം നാലു ദിശയിലാണ്. തെക്ക് കന്യാകുമാരിയിൽ ബാലാംബികയും പടിഞ്ഞാറ് കൊടുങ്ങല്ലൂരിൽ ലോകാംബികയും വടക്ക് കൊല്ലൂരിൽ മൂകാംബികയും കിഴക്ക് കരിമലയിൽ (പാലക്കാട്) ഹേമാംബികയും. ഇവയിൽ രണ്ടെണ്ണമാണ് ഇപ്പോൾ  കേരളത്തിൽ ഉള്ളത്.

കൊടുങ്ങല്ലൂരിൽ ഇന്നത്തെ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കായിരുന്നു ‘‘കുരുമ്പ അമ്മ’’  എന്ന പേരിൽ മേൽക്കൂരയില്ലാത്ത പ്രാചീന ക്ഷേത്രം. അവിടെ അമ്മയെ കണ്ട് പരശുരാമൻ ആയിരം കുടം മദ്യവും അനവധി കോഴികളെയും ബലി കൊടുത്തു. കാളി എന്ന സങ്കല്പത്തിലായിരുന്നു അത്. പിന്നീട് മാറ്റി പ്രതിഷ്ഠിച്ചു. ആണ്ടു തോറും ആയിരങ്ങളാണ് കടൽ പോലെ, ചെമ്പട്ടുടുത്ത് കുങ്കുമം നെറ്റിയിൽ പൂശി അരയിൽ മണിതൂക്കി കാലിൽ ചിലങ്കയണിഞ്ഞ് കൈയിൽ ഉടവാളുമായി കോമരങ്ങളായി ഭക്തിലഹരിയിൽ ഉറഞ്ഞു തുള്ളുന്നത്.  
അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, കൊടുങ്ങല്ലൂരമ്മേ നാരായണ... എന്നു കണ്ഠത്തിൽ നിന്നു പ്രാർഥന ഉയരുമ്പോൾ ഭക്തരുടെ ആ ഭക്തിലഹരി തന്ത്രമന്ത്രാദികളെക്കാൾ പോലും വലുതാകുന്നു.

ഐതിഹ്യം
പണ്ട് വാഹനസൗകര്യങ്ങൾ ഇല്ലാത്ത സമയം കാൽനടയായി ഭക്തർ ഇവിടെ എത്തിയിരുന്നു. ഈ ദേശത്ത് അവിടവിടെ ചില വീടുകൾ ഉണ്ടായിരുന്നു. അപ്പോൾ ഒരു ഭക്തൻ കാൽനടയായി കൊടുങ്ങല്ലൂരിലെത്തി. നേരം ഇരുട്ടിയതിനാൽ അന്തിയുറങ്ങാൻ ഇടം കാണാതെ വിഷമിച്ചു. വിശപ്പും യാത്രാക്ഷീണവും കൊണ്ട് പരവശതയുമായി അടുത്തു കണ്ട ഇല്ലത്തിൽ അന്തിയുറങ്ങാനുള്ള അഭയത്തിനായി തട്ടി വിളിച്ചു. ആരും ആ ഭക്തന്‌ അഭയം നൽകിയില്ല. ഒടുവിൽ ചെന്ന ഇല്ലത്തെ ആൾ ദൂരെ കണ്ട വിളക്കുമാടം ചൂണ്ടി- ദേ അങ്ങോട്ട് ചെന്നോളൂ. അവിടെ പ്രായം ചെന്ന ഒരാത്തോലമ്മ മാത്രമേ ഉള്ളൂ അവിടെ കൂടാം... എന്നു കളിയാക്കി പറഞ്ഞു. ഭക്തൻ വിളക്കു കണ്ട സ്ഥലത്ത് ചെന്നപ്പോൾ പഴയൊരു പത്തായപ്പുരയും വിളക്കു കല്ലും കണ്ടു.  മുട്ടി വിളിച്ചപ്പോൾ ഒരു കരുണാമയി ആയ മുത്തശ്ശി ഇറങ്ങിവന്നു. ഭക്തനോട് ആ കുളത്തിൽ മുങ്ങിക്കുളിച്ചു വന്നോളൂ അത്താഴം തരാമെന്നു പറഞ്ഞു. കുളിച്ചു വന്ന സാധുവിന്  മുത്തശ്ശി നേദ്യച്ചോറ് നൽകി. പുറം തിണ്ണയിൽ കിടക്കാനൊരു പായും തലയണയും നൽകുകയും ചെയ്തു. പുറംതിണ്ണയിൽ കിടക്കേണ്ട താമസം ക്ഷീണിതനായ ആ മൃദുസ്വരൂപിയായ ഭക്തൻ ദേവിയെ സ്മരിച്ച് കിടന്ന ഉടനെ ഉറങ്ങിപ്പോയി. നേരം വെളുത്തു ഉറക്കമുണർന്ന ഭക്തൻ‌ ഞെട്ടിപ്പോയി. തലേന്നാൾ താൻ അന്തിയുറങ്ങിയത് സാക്ഷാൽ ദേവിയുടെ തിരുനടയിലാണ്. തലേന്നാൾ ഊട്ടിയുറക്കിയ വല്യമ്മ മറ്റാരുമായിരുന്നില്ല, മാനസമാതാവായി സ്നേഹിക്കുന്ന കരുണാമയി ആയ ശ്രീഭഗവതി തന്നെയാണെന്ന തിരിച്ചറിവിൽ ഭക്തൻ മനമുരുകി സന്തോഷാശ്രു പൊഴിച്ചു. തീർന്നില്ല, തന്റെ ഭക്തനെ കൈവെടിഞ്ഞ ഏഴ് ഇല്ലങ്ങളും അഗ്നിക്കിരയാക്കി. അന്നു മുതൽ കൊടുങ്ങല്ലൂർ മഹാമായയുടെ തിരുസന്നിധിയിൽ ബ്രാഹ്മണർ പൂജയ്ക്കു  വരാതായി. ബ്രാഹ്മണഗൃഹങ്ങളിലെ അന്തർജനങ്ങൾ ഇന്നും അമ്മയുടെ തിരുനടയ്ക്കു നേരെ ചെന്നു തൊഴാറില്ല.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മീനഭരണി ദിവസമാണ് ഉത്സവം. കുംഭഭരണി മുതൽ മീനഭരണി വരെ കലാപരിപാടികളോ ചെണ്ടമേളമോ കരിമരുന്നു പ്രയോഗമോ ഇല്ലാതെ തുറന്ന ഭക്തി തുളുമ്പുന്ന അന്തരീക്ഷം. കുംഭഭരണിനാൾ ഉച്ചയ്ക്കു മുൻപായി ചെറുഭരണിയായി കൊടിയേറ്റം. കൊടിമരമില്ല, ആലുകളിലാണു കൊടി കയറുന്നത്. ഇതിനു മുഹൂർത്തം ഇല്ല, ഈ സമയം വിവാഹ ങ്ങളും മറ്റും നടത്താറില്ല. 

ഭരണിപ്പാട്ടും തൃച്ചന്ദനച്ചാർത്തും 

മീനമാസത്തിലെ തിരുവോണത്തിന് കോഴിക്കല്ല് മൂടൽ എന്നൊരു ചടങ്ങുണ്ട്. കല്ല് മൂടിയ ശേഷം ഭരണിപ്പാട്ട് ആരംഭിക്കും. അഹല്യാമോക്ഷം, ഉഷാചരിതം മുതലായവ  അശ്ലീലം ചേർത്തു പാടുകയാണു പണ്ടു ചിലർ ചെയ്തിരുന്നത്. മനസ്സിലെ അഴുക്ക് മുഴുവൻ കളഞ്ഞ് ദേവീസന്നിധിയിൽ വച്ച് ശുദ്ധിയാവുക എന്നതാണത്രേ ഐതിഹ്യം.

അശ്വതി ദിവസമാണ് തൃച്ചന്ദനച്ചാർത്ത്. അന്ന് ഉച്ചയ്ക്ക് മുൻപ് അത്താഴപൂജ വരെയുള്ള ചടങ്ങുകൾ നടത്തിയ ശേഷം ശ്രീകോവിൽ കഴുകി വൃത്തിയാക്കി ദേവിയുടെ ആഭരണങ്ങൾ അഴിച്ചുമാറ്റി തൃച്ചന്ദനച്ചാർത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു. അശ്വിനി ദേവൻമാരുടെ സാന്നിധ്യത്തിലാണത്രേ പൂജ നടക്കുന്നത്. ഇതു കഴിഞ്ഞ് നട അടച്ചാൽ പിന്നീട് ആറാം ദിവസമേ നട തുറക്കൂ. അതുവരെ രഹസ്യപൂജയാണ്. ഇതിനായി കിഴക്കേ വാതിലിലൂടെ അടികൾ മാത്രം അകത്തു കടക്കുന്നു. ഇവിടെ ശങ്കരാചാര്യർ സ്ഥാപിച്ചിട്ടുള്ള മഹാമേരു ശ്രീചക്രം ഇതിനുള്ളിലാണ്. ഇതു  ദേവിയുടെ ശക്തികേന്ദ്രമാണ്. കിഴക്കോട്ട് ശിവന്‍, ക്ഷേത്രപാലകൻ എന്നിവരും വസൂരിമാലയും ഘണ്ടാകർണനുമുണ്ട്. 

No comments:

Post a Comment