ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 February 2017

വാസ്തുശാസ്ത്രം അന്ധവിശ്വാസമോ,

വാസ്തുശാസ്ത്രം അന്ധവിശ്വാസമോ, കാലഹരണപ്പെട്ട കെട്ടുകഥയോ?

വാസ്തുശാസ്ത്രം കുറേ കെട്ടുകഥകളില്‍ അധിഷ്ടിതമായ അന്ധവിശ്വാസമാണെന്നും, മനോബലവും, ആത്മവിശ്വാസവുമില്ലാത്തവര്‍ക്ക് വേണ്ടി, അതില്‍ പറഞ്ഞുവച്ചിരിക്കുന്നതൊക്കെ   കാലഹരണപ്പെട്ട വിഷയങ്ങളാണെന്നും കരുതുന്ന ധാരാളം പേരുണ്ട്. ആധുനിക ശാസ്ത്രം ഏറെ പുരോഗമിച്ച ഇന്ന് വാസ്തു ശാസ്ത്രത്തിന് പ്രസക്തിയുണ്ടോ?

മനുഷ്യ ശരീരം പഞ്ചഭൂതാത്മകമാണ്. മനുഷ്യനിര്‍മ്മിതമായ വാസഗൃഹങ്ങളും, ദേവാലയങ്ങളും പഞ്ചഭൂതങ്ങളാല്‍ തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രകൃതിയില്‍ നിന്ന് നേരിട്ട് എടുത്തതോ, രൂപാന്തരം വരുത്തി ഉണ്ടാക്കിയെടുത്ത വസ്തുക്കളോ ഉപയോഗിച്ചാണല്ലോ ഇന്നും നിര്‍മ്മിതികള്‍ നടക്കുന്നത്? നമ്മുടെ വാസഗൃഹങ്ങളും, വാഹനങ്ങളും, ധരിക്കുന്ന വസ്ത്രങ്ങളും എന്നുവേണ്ടാ എല്ലാം തന്നെ അങ്ങനെയല്ലേ?

വാസ്തു ശാസ്ത്രപ്രകാരം ഗൃഹം ഒരു മൃതവസ്തുവല്ല. അപ്പോള്‍ മനുഷ്യന്‍ വാസഗൃഹവുമായി പൊരുത്തപ്പെടെണ്ടിയിരിക്കുന്നു. ആധുനിക ഗൃഹനിര്‍മ്മാണ വിദ്യ ഗുഹത്തെ ഒരു ജഡവസ്തുവായി പരിഗണിക്കുമ്പോള്‍, വാസ്തു ശാസ്ത്രം അതിനെ മനുഷ്യനെപ്പോലെ പ്രതികരണ ശേഷിയുള്ള ഒന്നായി പരിഗണിക്കുന്നു.

ഇതുപോലെ, ഒരു ഗൃഹവും അതിലെ അന്തേവാസികളും തമ്മില്‍ പൊരുത്തപ്പെട്ടാല്‍ മാത്രമേ അവിടെ സന്തോഷവും, സുഖവും, ആരോഗ്യവും, ഐശ്യര്യവും നിലനില്‍ക്കുകയുള്ളൂ. ഗൃഹ നിര്‍മ്മിതിയില്‍ വാസ്തു ശാസ്ത്രം അനുശാസിക്കുന്ന നിയമങ്ങളും, അനുപാതങ്ങളും, കണക്കുകളും ഈ പൊരുത്തപ്പെടല്‍ ഉറപ്പാക്കുന്നു. ഇങ്ങനെ  പൊരുത്തപ്പെടാത്ത ഗൃഹങ്ങളില്‍ കഴിയുന്നവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മാനസിക/ശാരീരിക അസുഖങ്ങള്‍, അപകടങ്ങള്‍, കേസു വഴക്കുകള്‍, സന്താനങ്ങളെപ്പറ്റിയുള്ള മനോവിഷമങ്ങള്‍ തുടങ്ങി അംഗവൈകല്യവും, മരണവും വരെ അനുഭവപ്പെടുന്നു. 
 
ഉപരിപ്ലവമായി വിഡ്ഢിത്തം എന്നു പറഞ്ഞു തള്ളിക്കളയാവുന്ന ചില വാസ്തു നിര്‍ദ്ദേശങ്ങളും അവയുടെ ശാസ്ത്രീയ അടിസ്ഥാനവും നോക്കാം:

1. പാചകാലയം (അടുക്കള)  തെക്കുപടിഞ്ഞാറ് ഭാഗത്ത്‌ പാടില്ല.

കേരളത്തില്‍ തെക്കുപടിഞ്ഞാറു നിന്നാണ് കാറ്റ് വരുന്നത്. അപ്പോള്‍ തെക്കുപടിഞ്ഞാറുള്ള അടുക്കളയില്‍ നിന്നും ഉയരുന്ന പുകയും, പാചകഗന്ധവും ഗൃഹത്തിനു മുകളില്‍ ഉയര്‍ന്ന്, മുറികളില്‍ എത്തുമല്ലോ? ഇത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ചും ആസ്തമ പോലെയുള്ള രോഗങ്ങള്‍ ഉള്ളവരെ ബാധിക്കും.   എന്നാല്‍ വടക്കുകിഴക്കോ, തെക്കുകിഴക്കോ, വടക്കു പടിഞ്ഞാറോ പാചകാലയം നിര്‍മ്മിച്ചാല്‍, കാറ്റില്‍ പുകയും ഗന്ധവും ഗൃഹത്തില്‍ നിന്ന് ഒഴിഞ്ഞു പോകും.

2. ഒരു കട്ടിളയ്ക്ക് ഒരു തരം തടി മാത്രമേ ഉപയോഗിക്കാവൂ.

കട്ടിള നിര്‍മ്മിക്കുമ്പോള്‍ വിവിധ തരത്തിലുള്ള തടികള്‍ കൂട്ടിച്ചേര്‍ക്കരുത്, ഒരു തരത്തില്‍ പെട്ടവ മാത്രമേ ആകാവൂ. അല്ലെങ്കില്‍ സ്ത്രീകള്‍ അപഥ സഞ്ചരികളാവും. എന്തൊരു വിഡ്ഢിത്തം!! അല്ലേ??
ഊര്‍ജ്ജതന്ത്രം പഠിച്ചിട്ടുള്ളവര്‍ക്ക് അറിയാം, എല്ലാ വസ്തുക്കള്‍ക്കും ചൂട് കൊണ്ട് വികസനമുണ്ടാവുമെന്നും ഇത്   വ്യത്യസ്തമായിരിക്കുമെന്നും. (Coefficient of expansion വ്യത്യസ്തമായിരിക്കുന്നതാണ് ഇതിനു കാരണം). അപ്പോള്‍ വിവിധ തടികള്‍ക്ക് ചൂടുകൊണ്ടുള്ള വികസനം വ്യത്യസ്തമാണല്ലോ? വിവിധ തടികള്‍ കൊണ്ടു നിര്‍മ്മിച്ച കട്ടിളയുടെ ഭാഗങ്ങള്‍   വേനല്‍ക്കാലത്ത് ഒരേ അനുപാതത്തില്‍ വികസിക്കാതെ, വളവുണ്ടാവുന്നു. അങ്ങനെയുണ്ടാകുന്ന വിടവുകളില്‍ക്കൂടി പുറത്തുനില്‍ക്കുന്ന പുരുഷന്മാര്‍ക്ക് ഉള്ളിലേക്ക് ഉളിഞ്ഞു നോക്കാന്‍ കഴിയും. ഇത് സ്ത്രീകളുടെ സ്വകാര്യത നശിപ്പിക്കുമെന്ന് ഉറപ്പല്ലേ? ഇത് അവരെ വഴിതെറ്റിക്കാം.

3. തെക്കുവശത്തെ പുളിമരം മുറിക്കരുത്.

തെക്കു വശത്തെ പുളിമരം മുറിച്ചാല്‍ ഗൃഹനാഥന് മരണമുണ്ടാകും. അടുത്ത വിഡ്ഢിത്തം, അല്ലേ?

കേരളത്തില്‍ തെക്കും, കിഴക്കും ഭാഗത്തുനിന്നാണ് വെയില്‍ (സൌരോര്‍ജ്ജം) ലഭിക്കുന്നത്. അതുകൊണ്ടു തന്നെ, കിഴക്ക് അഭിമുഖമായ പടിഞ്ഞാറ്റിനി, തെക്ക് അഭിമുഖമായ വടക്കിനി ഗൃഹങ്ങള്‍ കൂടുതലായി നിര്‍മ്മിക്കപ്പെട്ടിരുന്നു. സൂര്യനില്‍ നിന്നും വെളിച്ചം മാത്രമല്ല, മനുഷ്യന് ഉപദ്രവകരമായ പല റെഡിയേഷനുകള്‍ കൂടി ഭൂമിയില്‍ എത്തുന്നുവെന്ന് നമുക്കറിയാം. (ഭൌമാന്തരീക്ഷത്തിനു മുകളിലുള്ള ഓസോണ്‍ പാളി ഒരു കുടപോലെ അവയെ നല്ല പരിധിവരെ തടയുന്നുണ്ട് – അല്ലെങ്കില്‍ ഭൂമിയില്‍ ജീവജാലങ്ങള്‍ക്ക് കഴിയാന്‍ ആവുമായിരുന്നില്ലല്ലോ).

പുളിമരം ഈ റെഡിയേഷനുകള്‍ വലിച്ചെടുക്കുന്നു. നല്ല  വെയില്‍ കൊണ്ട് നില്‍ക്കുന്ന പുളിമരത്തിലെ പുളി ഉത്തമമായിരിക്കുന്നതിന് കാരണവും മറ്റൊന്നല്ല. അതുപോലെ പുളിയുടെ ചെറിയ ഇലകള്‍ വായുവിലുള്ള പൊടി പടലങ്ങള്‍ നന്നായി അരിച്ചു വിടുന്നു; വാഹനത്തിലെ എഞ്ചിനില്‍ ഇണക്കിയിട്ടുള്ള എയര്‍ ഫില്‍റ്റെര്‍ പോലെ. അപ്പോള്‍ തെക്കുവശത്തെ പുളി ഒരു ആരോഗ്യരക്ഷാകവചമായി ഉതകുന്നു. ശരിയല്ലേ?

അപ്പോള്‍ കൂടുതല്‍ സമയം പൂമുഖത്ത് കഴിയുന്ന ഗൃഹനാഥന്‍റെ ആരോഗ്യത്തെയല്ലേ  പുളിയുടെ അഭാവം ബാധിക്കുക? ഇതില്‍ ശാസ്ത്രീയത കാണാന്‍ കഴിയുന്നില്ലേ?

ഭൂമി പടിഞ്ഞാറു നിന്നും കിഴക്കോട്ട് തിരിയുന്നു;  അല്‍പ്പം ചരിഞ്ഞ അച്ചുതണ്ടില്‍. അപ്പോള്‍ വടക്കുകിഴക്ക്‌ (ഈശാന കോണ്‍) ഊര്‍ജ്ജ സംഭരണം ഉണ്ടാകുന്നു. അതുകൊണ്ടാണ്  ഈശാന കോണ് കിണറിന് ഏറ്റവും ഉത്തമമായി കരുതുന്നത്.  ഈശാന കോണിലെ ശൌചാലയം അവിടത്തെ ജലം മലിനപ്പെടുത്തുന്നു. ഈശാനകോണില്‍  ശൌചാലയം നിഷിദ്ധമാണ്.

ഇതുപോലെ വാസ്തു നിയമങ്ങള്‍ക്ക് ആഴത്തില്‍ പരതിനോക്കിയാല്‍ ശരിയായ ശാസ്ത്രീയ അടിസ്ഥാനങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. അത് അറിയാന്‍ ശ്രമിക്കാതെയാണ് ആധുനികയുഗ മനുഷ്യന്‍ വാസ്തുശാസ്ത്രത്തെ അപഹസിക്കുന്നത്. വാസ്തു  ശാസ്ത്രം അവഗണിച്ചു നിര്‍മ്മിച്ച ഗൃഹങ്ങളില്‍ രോഗ, ദുരിതങ്ങള്‍ അലട്ടുമ്പോള്‍ അവര്‍ വാസ്തു ശാസ്ത്രപ്രകാരം മാറ്റങ്ങള്‍ വരുത്താന്‍ ഉദ്യമിക്കുന്നു.

എല്ലാ സുഹൃത്തുക്കളും വാസ്തു നിയമങ്ങളനുസരിച്ച് നിര്‍മ്മിതമായ ഗൃഹങ്ങളില്‍ കഴിഞ്ഞു സുഖവും, സന്തോഷവും, സമാധാനവും, ആരോഗ്യവും നിറഞ്ഞ ജീവിതം അനുഭവിക്കട്ടെ.

ലോക: സമസ്ത: സുഖിനോ ഭവന്തു!!

No comments:

Post a Comment