ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 May 2022

ശുഭ ദൃഷ്ടി ഗണപതി

ശുഭ ദൃഷ്ടി ഗണപതി

വീടുകൾക്കും സ്ഥാപനങ്ങൾക്കും ദൃഷ്ടിദോഷം വരാതിരിക്കാൻ പ്രധാന ഹാളിൽ സ്ഥാപിക്കുന്ന ഗണേശരൂപമാണ് ശുഭ ദൃഷ്ടി ഗണപതി. ഗണേശ ഭഗവാന്റെ മൂപ്പത്തിമൂന്നാമത് ഭാവമായാണ് ഇത് കീർത്തിക്കപ്പെടുന്നത്. പ്രചുര പ്രചാരത്തിലുള്ളത് ഗണപതി ഭഗവാന്റെ 32 ഭാവങ്ങളാണ്. ദൃഷ്ടി ദോഷത്തില്‍ നിന്നും രക്ഷ നേടാനായി അഗസ്ത്യമുനി തന്റെ തപശക്തിയാല്‍ ശുഭ ദൃഷ്ടി ഗണപതിയെ സൃഷ്ടിച്ചു എന്നാണ് ഐതിഹ്യം. വിഷ്ണുവിന്റെ അംശങ്ങളായ ശംഖ്, ചക്രം എന്നിവയും ശിവന്റെ മൂന്ന് നേത്രങ്ങളും പരാശക്തിയുടെ ത്രിശൂലവും സര്‍വ ദേവതകളുടെയും ആയുധങ്ങളും ധരിച്ച് സിംഹം, മൂഷികന്‍‌ എന്നീ വാഹനങ്ങളോട് കൂടി ലക്ഷ്മീ ദേവിയുടെ പ്രതീകമായ താമരപ്പൂവില്‍ ഒരു യോദ്ധാവിനെപ്പോലെ നില്‍ക്കുന്ന ഗണപതി രൂപമാണ് ദൃഷ്ടി ഗണപതി. ഭഗവാന്റെ ശിരസിന് മുകളിൽ നവ നാഗങ്ങളും അഗ്നി നാളവും കാണാം.

ഈ ശുഭദൃഷ്ടി ഗണപതി രൂപം വീടുകള്‍, വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങിൽ എല്ലാ സന്ദർശകരുടെയും കണ്ണിൽ പെടുന്ന തരത്തിൽ വടക്കോട്ട്‌ ദര്‍ശനമായി സ്ഥാപിച്ച് നിത്യവും വണങ്ങുന്നത് എല്ലാ ദൃഷ്ടി ദോഷങ്ങളും ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നു. പൂജാമുറിയിലും ഈ ഗണപതി രൂപം സ്ഥാപിക്കാം. ഭവനത്തിന്റെയും സ്ഥാപനത്തിന്റെയും വാസ്തു ദോഷങ്ങൾ പരിഹരിക്കുന്നതിനും ശുഭ ദൃഷ്ടിഗണപതി സഹായിക്കും. വീടുകളിലും സ്ഥാപനങ്ങളിലും പ്രധാന ഹാളിൽ ജനാലയ്ക്ക് മുകളിൽ വടക്കു ദർശനമായി ശുഭദൃഷ്ടി ഗണപതി ഇടം പിടിക്കുന്നതോടെ ദൃഷ്ടിദോഷങ്ങൾ മാത്രമല്ല അവിടെ നിന്നും എല്ലാ നെഗറ്റീവ് എനർജിയും ഒഴിവാകും. ശുഭചിന്തകളും ഐശ്വര്യവും നിറയും. ഈ ഗണേശരൂപം പുഷ്പമാല്യങ്ങളാൽ അലങ്കരിക്കാം; വിളക്ക് കൊളുത്തി ഉഴിയാം. ബുധനാഴ്ചകളിൽ കർപ്പൂരാരതി നടത്താം. എന്നും രാവിലെ കുളിച്ച് ശുദ്ധമായി 16 തവണ ശുഭദൃഷ്ടി ഗണപതിയുടെ മൂല മന്ത്രം ജപിക്കുന്നതും നല്ലതാണ്.

No comments:

Post a Comment