ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 May 2022

ശ്രീ തൈയ്ക്കാടു അയ്യാഗുരുസ്വാമി തിരുവടികൾ

ശ്രീ തൈയ്ക്കാടു അയ്യാഗുരുസ്വാമി തിരുവടികൾ.

ഈ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ടെന്നു സകലമതക്കാരും സമ്മതിക്കുന്നു. പക്ഷേ, ആ സ്രഷ്ടാവിനെ ഓരോരുത്തരും അവരവരുടെ അറിവും സംസ്കാരവുമനുസരിച്ചാണു മനസ്സിലാക്കുന്നതും ആരാധിക്കുന്നതും. ഈശ്വരന്റെ സ്വരൂപമാണു ത്രിമൂർത്തികളും ദേവതകളും ഋഷീശ്വരന്മാരും മനുഷ്യർ തുടങ്ങിയ സർവ ജീവജാലങ്ങളും എന്നു വേദാന്തികൾ ഉദ്ഘോഷിക്കുന്നു. പ്രപഞ്ചത്തിന്റെ സത്വം അറിയാൻ തപസ്സ് അഥവാ ഉപാസന ആവശ്യമാണ്. അഹങ്കാര കലുഷിതമായ അന്തഃകരണത്തിൽ സത്യം തെളിയുകയില്ല. ഈശ്വരനെ സാക്ഷാത്കരിക്കാൻ അന്തഃകരണശുദ്ധിയും യോഗസിദ്ധിയും നേടണം. സാധാരണ മനുഷ്യർ അവർ അറിഞ്ഞതുതന്നെ ശരി എന്നു ഈശ്വരന്റെ കാര്യത്തിൽപ്പോലും വാശിപിടിച്ചു തമ്മിൽ കലഹിച്ചു നിൽക്കുന്നു. ഇതു കാരണം അനേകായിരം മനുഷ്യർക്കു ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. തനിക്കറിയില്ല എന്ന അറിവാണു ശ്രേഷ്oമായ അറിവ്.

അണിമാദിയോഗസിദ്ധികൾ നേടിയവർക്കും മുനിവര്യന്മാർക്കും മാത്രമേ മനുഷ്യന്റെ ആധിഭൗതികവും ആധ്യാത്മകവും ആധിദൈവികവുമായ താപത്രയങ്ങളെ തരണം ചെയ്യിപ്പിക്കുവാനും അവരെ കൈവല്യ പ്രാപ്തിയിലെത്തിക്കുവാനും കഴിയൂ. അങ്ങനെ സത്യമാർഗ്ഗ ചിന്തയിൽ ഉത്സുകരായിരുന്ന അനേകം സാധകരെ
യോഗാരൂഢ പദവിയിലെത്തിക്കുകയും തിരുവിതാംകൂറിലെ ആധ്യാത്മിക സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലാകെ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന ഒരു യോഗിവര്യനായിരുന്നു ശ്രീ തൈയ്ക്കാട്ടു അയ്യാഗുരുദേവൻ. വരും തലമുറകളുടെ ഉന്നമനത്തിനും സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിനും വേണ്ടി അനവരതം പ്രയത്നിച്ച നിരവധി മഹാത്മാക്കളുടെയും ഗുരുക്കന്മാരുടെയും പരമഗുരുവായിരുന്നു തൈയ്ക്കാട്ടു ശ്രീ. അയ്യാ ഗുരുദേവൻ എന്നു ഇന്നത്തെ തലമുറയിലെ പലർക്കും അറിയില്ല. ഈ മഹാത്മാവു തിരു അവതാരം ചെയ്തിട്ടു 206 വർഷവും മഹാസമാധി പ്രാപിച്ചിട്ടു 110 വർഷവും കഴിഞ്ഞിരിക്കുന്നു. യാതൊരു പരസ്യപ്രചരണവുമില്ലാതേയും യാതൊരു ജാതി സമുദായ തൽപരകക്ഷികളുടെയും പിൻബലം ഇല്ലാതേയും ഈ മഹാത്മാവിന്റെ മഹാസമാധിപീഠം ഇന്നും ഭാരതത്തിലെ പരമയോഗജ്ഞാന ജ്യോതിർസ്ഥാനമായും അശരണരുടെ അഭയകേന്ദ്രമായും നിലനില്ക്കുന്നു.

ആധുനിക കേരളീയ സമൂഹത്തിന്റെ ആത്മീയവും വൈജ്ഞാനികവുമായ നവോത്ഥാനത്തിനു വഴി തുറന്നു തന്ന ശ്രീ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു എന്നിവരുടെ ഗുരുനാഥൻ എന്ന നിലയിൽ ശ്രീ തൈക്കാടു അയ്യാ സ്വാമികൾ സുപരിചിതനാണെങ്കിലും അദ്ദേഹത്തിന്റെ ആത്മീയമായ ഔന്നത്യവും മഹത്വവും വേണ്ടത്ര അറിയപ്പെടുന്നില്ല എന്നുള്ളതു ഒരു യാഥാർത്ഥ്യമാണ്.
യോഗത്തിന്റെയും ജ്ഞാനത്തിന്റെയും അത്യുന്നത ഭൂമികളിലെത്തിച്ചേർന്നിരുന്ന ഗുരു പ്രശസ്തി ഇഷ്ടപ്പെട്ടിരുന്നില്ല എന്നുള്ളതും ഇതിനു കാരണമാകാം. ഒരിക്കൽ ശ്രീ ചട്ടമ്പിസ്വാമികൾ അയ്യാ ഗുരുവിനെപ്പറ്റി ഒരു കവിത രചിച്ചു വായിച്ചു കേൾപ്പിച്ചപ്പോൾ തന്നെപ്പറ്റി കവിത രചിക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്നും ഭഗവാൻ സുബ്രഹ്മണ്യനെപ്പറ്റിയാണു കവിത രചിക്കേണ്ടതെന്നുമാണു ഗുരു കല്പിച്ചത്.

ലഘു ജീവചരിത്രം.

ഉത്തരകേരളത്തിൽ (മലബാറിൽ) ആയിരുന്നു ശ്രീ അയ്യാസ്വാമികളുടെ പിതാവായ ശ്രീ മുത്തുകുമാരൻ ജനിച്ചു വളർന്നത്. അദ്ദേഹത്തിന്റെ കുടുംബമായിരുന്നു അക്കാലത്തു നാടുവാഴികൾക്കു ആയുധപരിശീലനം നൽകിയിരുന്നത്. എന്നാൽ ശ്രീ മുത്തുകുമാരന്റെ പിതാവു ഒരു മഹർഷിയായ ഹൃഷികേശരായിരുന്നു.
ശ്രീ മുത്തുകുമാരന്റെ ചെറുപ്പകാലത്തു ടിപ്പുവിന്റെ ആക്രമണം ഉണ്ടാകുകയും കുടുംബം മറ്റൊരു സ്ഥലത്തേയ്ക്ക് മാറാൻ നിർബന്ധിതമാകുകയും ചെയ്തു. പക്ഷേ പുതിയ സ്ഥലത്തെ നാടുവാഴികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ
തുടർന്നു അവിടെ നിന്നും താമസം മാറ്റി തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടു ജില്ലയിലെ നികലാപുരം ഗ്രാമത്തിൽ വാസമുറപ്പിച്ചു.ഈ കാലയളവിൽ കുടുംബത്തിനു പല പരിവർത്തനങ്ങളുമുണ്ടാകുകയും കുടുംബാംഗങ്ങൾ പലരും പല ദിക്കിലേയ്ക്കു താമസം മാറ്റുകയും ചെയ്തു.

ഹൃഷികേശർ തെലുങ്കു നാട്ടിൽ വച്ചു മഹാസമാധിയായി. മുത്തുകുമാരന്റെ മാതുലൻ വലിയൊരു പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് മുത്തുകുമാരൻ കുടുംബത്തെ പുലർത്തിയത്.

മുത്തുകുമാരൻ വലിയൊരു ഭക്തനും പണ്ഡിതനുമായിരുന്നു. അദ്ദേഹം വേദാന്ത വിഷയമായും, ശ്രീ സുബ്രഹ്മണ്യ കീർത്തന രൂപത്തിലും പല തമിഴ് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അവരുടെ ഭവനത്തിൽ പലപ്പോഴും ദിവ്യന്മാരായ രണ്ടു മഹാത്മാക്കൾ സന്ദർശനം നടത്താറുണ്ടായിരുന്നു. (ഇവരാണു പില്ക്കാലത്തു അയ്യാ സ്വാമിയ്ക്കു ഉപദേശം നല്കി യോഗ മാർഗ്ഗത്തിലേയ്ക്കു നയിച്ചത്.)

ശ്രീ മുത്തുകുമാരൻ മുതിർന്നതിനു ശേഷം ഉപജീവനാർത്ഥം ശ്രീലങ്കയിലെ കണ്ടിദേശത്തിലെ രാജാവിന്റെ ദ്വിഭാഷിയായി സേവനമനുഷ്ഠിച്ചു. കുറേക്കാലം കഴിഞ്ഞു മാതാവിനെക്കാണാൻ വേണ്ടി നാട്ടിലേക്കു വരുന്ന വഴിയിൽ കൊല്ലത്തു എത്തിച്ചേർന്നു. അവിടെയുള്ള ഒരു ശൈവകുടുംബത്തിൽ നിന്നു രുഗ്മിണിയമ്മാൾ എന്ന മഹതിയെ വിവാഹം കഴിച്ചു. പിന്നീടു ചെന്നൈയിൽ താമസിച്ചിരുന്ന മാതാവിന്റെയും മാതുലന്റയും അടുക്കലേയ്ക്കു യാത്ര തിരിയ്ക്കുകയും ആഹ്ലാദപൂർവ്വം കുടുംബവുമായി സന്ധിയ്ക്കാൻ ഇടവരുകയും ചെയ്തു.

1814 ൽ അശ്വതി നക്ഷത്രത്തിൽ ശ്രീ മുത്തുകുമാരൻ രുഗ്മിണിയമ്മാൾ ദമ്പതികൾക്കു ജനിച്ച സുബ്ബരായൻ എന്ന കുട്ടിയാണു പില്ക്കാലത്തു തൈക്കാട്ടു അയ്യാ സ്വാമികൾ എന്ന പേരിൽ കേരളത്തിന്റെ ഭാഗഥേയത്തിൽ നിർണ്ണായക പങ്കുവഹിച്ച മഹദ് വ്യക്തിയായി പരിലസിച്ചത്.

സുബ്ബരായന്റെ ബാല്യകാലത്തും മുൻ സൂചിപ്പിച്ച രണ്ടു സിദ്ധന്മാർ അവരുടെ ഗൃഹത്തിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. ദിവ്യാത്മാക്കളായ 
ശ്രീ സച്ചിദാനന്ദരും 
ശ്രീ ചിട്ടിപരദേശിയും ആയിരുന്നു അവർ. അക്കാലത്തു തന്നെ ഇവർ സുബ്ബരായനെ ശ്രദ്ധിക്കുകയും ശിഷ്യനായിക്കൂട്ടിക്കൊണ്ടു പോകാനുള്ള അനുമതി സുബ്ബരായന്റ പിതാവിൽ നിന്നു വാങ്ങുകയും ചെയ്തിരുന്നു. സുബ്ബരായനു    
12 വയസ്സുള്ളപ്പോൾ തന്നെ ഈ ഗുരുക്കന്മാരിൽ നിന്നു മന്ത്രോപദേശം ലഭിച്ചു. നാലു വർഷത്തിനു ശേഷം ഇവർ തിരികെ വന്നു സുബ്ബരായനെ കൂട്ടിക്കൊണ്ടു പോയി. 19 വയസ്സുവരെ ഇവരുടെ കൂടെ തന്നെയായിരുന്നു സ്ഥിരമായ സഹവാസം. കൂടുതൽ സമയവും പളനിയിലാണു കഴിച്ചു കൂട്ടിയത്.ഈ കാലയളവിൽ പലപ്പോഴും സിംഗപ്പൂർ, ബർമ്മ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇവരോടൊപ്പം സഞ്ചരിക്കാനും പല ഭാഷകളും വശമാക്കാനും കഴിഞ്ഞു. ഇതോടൊപ്പം തന്നെ ശ്രീ സച്ചിദാനന്ദരിൽ നിന്നു യോഗവിദ്യ അഭ്യസിക്കുകയും ചെയ്തു. ആഫ്രിക്കയിൽ വച്ചു ഏതോ ദിവ്യമായ മരത്തിന്റെ നീരും മറ്റൊരു മരത്തിന്റെ ദിവ്യമായ ഫലങ്ങളും ഗുരുക്കന്മാരുടെ ഉപദേശപ്രകാരവും അനുവാദത്തോടെയും കഴിക്കുകയുണ്ടായി എന്നു ശ്രീ അയ്യാ ഗുരുസ്വാമികൾ തന്നെ ചിലരോടു പറഞ്ഞിട്ടുണ്ട്. പ്രസ്തുത നീര് കഴിയ്ക്കുമ്പോൾ മയക്കമുണ്ടാകുകയും ഫലങ്ങൾ കഴിയ്ക്കുമ്പോൾ വിശപ്പും ദാഹവും പൂർണ്ണമായും ശമിയ്ക്കുകയും ചെയ്തിരുന്നത്രേ! മരത്തിന്റെ നീര് ആദ്യം ഗുരുക്കന്മാർ ധാരാളം കഴിക്കുകയും 3 ദിവസം മയക്കത്തിൽ കഴിയുകയും ചെയ്തു. അതിനു ശേഷം മുൻകൂട്ടി ചട്ടം കെട്ടിയിരുന്നതു അനുസരിച്ചു സുബ്ബരായൻ ചുനയിൽ നിന്നുള്ള ജലം കൊണ്ടു വന്നു വായിൽ ഒഴിച്ചു കൊടുത്തതിനു ശേഷം അവർ മയക്കം വിട്ടുണരുകയാണുണ്ടായത്. എന്നാൽ ഗുരുക്കന്മാരുടെ അനുവാദത്തോടെ അല്പം മാത്രം നിര് കഴിച്ച സുബ്ബരായന്റെ ശരീരത്തിനു കേടു വരാതിരിയ്ക്കാൻ വേണ്ടി ഗുരു കൈകൊണ്ടു കഴുത്തിൽ അന്നനാളത്തെ തടഞ്ഞു നീര് ആമാശയത്തിലേയ്ക്കുകടക്കാതെ സംരക്ഷിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോൾ വായിൽ ജലം ഒഴിച്ചു കൊടുക്കുകയും ശിഷ്യനെ മയക്കത്തിൽ നിന്നുണർത്തുകയും ചെയ്തു. ഈ സംഭവത്തിനു ശേഷമാണു സുബ്ബരായരെന്റെ മുഖത്തിനു ശരീരത്തെ അപേക്ഷിച്ചു നിറവ്യത്യാസമുണ്ടായത് ഈ സംഭവത്തിൽ നിന്നു പ്രസ്തുത നീരിൻെറ വീര്യത്തെപ്പറ്റിയും ആ ഗുരുക്കന്മാരുടെ 
കായസിദ്ധിയെപ്പറ്റിയും മനസ്സിലാക്കാം. (നീലിമലയിലുള്ള വെളിത്തിമരത്തിന്റെ നീരും സമാന ഫലം പ്രദാനം ചെയ്യുന്നതാണു. രാത്രി സമയങ്ങളിൽ സ്വയം പ്രകാശിയ്ക്കുന്ന ഈ മരത്തെ ഭൂതം ആവേശിച്ചിരിക്കുന്നു എന്നാണു ആ നാട്ടുകാർ വിശ്വസിക്കുന്നത്.)

ഇത്തരത്തിൽ 3 വർഷം കൂടെക്കൊണ്ടു നടന്നതിനു ശേഷം ഗുരുക്കന്മാർ സുബ്ബരായനെ തിരികെ കുടുംബത്തിൽ കൊണ്ടുവന്നു ഏൽപിക്കുകയും കുറച്ചു കാലം കൂടി ബ്രഹ്മചാരിയായി കഴിഞ്ഞതിനു ശേഷം ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. അമ്മയെയും സഹോദരങ്ങളെയും സംരക്ഷിയ്ക്കാനും പിതാവിനെപ്പോലെ ജ്ഞാനൈശ്വൈര്യങ്ങൾ നേടാനും കൂടി അവർ സുബ്ബരായനോടു ആജ്ഞാപിച്ചു.

ഈ കാലയളവു കഴിഞ്ഞപ്പോൾ സുബ്ബരായന്റ പിതാവു മുത്തുകുമാരൻ തീർത്ഥാടനാർത്ഥം നാടുവിടുകയും കാശിയിൽ വച്ചു ശിവസായൂജ്യം പ്രാപിക്കുകയും ചെയ്തു.സുബ്ബരായൻ ഈ ഘട്ടത്തിൽ ഇംഗ്ലീഷു ഉൾപ്പെടെ പല ഭാഷകളിലും പാണ്ഡിത്യം നേടി. ചെന്നൈ പട്ടണത്തിലെ അഷ്ടപദന സഭയിൽ അംഗത്വം ലഭിക്കുകയും പല പണ്ഡിത 
സദസ്സുകളിൽ നിന്നും ബിരുദങ്ങൾ കരസ്ഥമാക്കുകയുംചെയ്തു.
ബ്രഹ്മോത്തരകാണ്ഡമെന്ന വേദാന്ത ഗ്രന്ഥവും പഴനിവൈഭവം എന്ന കൃതിയും രചിച്ചതു ഈ കാലയളവിലാണ്.

ഇതിനു ശേഷം ഗുരു നിർദ്ദേശ പ്രകാരം ദേവീക്ഷേത്രങ്ങളിൽ ഉപാസനയ്ക്കായി പുറപ്പെട്ടു. ആദ്യം കൊടുങ്ങല്ലൂരിൽ എത്തി അവിടെ ഭജനമിരുന്നു. അക്കാലത്തു അവിടെ മൃഗബലി നടന്നിരുന്നതു സുബ്ബരായനു അനിഷ്ടമുണ്ടാക്കിയെങ്കിലും ജനങ്ങൾ അവരുടെ വിശ്വാസവും അറിവുമനുസരിച്ചു ഓരോ ആചാരങ്ങളിലേർപ്പെടുന്നു എന്നു സ്വയം സമാധാനിച്ചു. കൊടുങ്ങല്ലൂരിൽ നിന്നു സുബ്ബരായൻ ശ്രീവില്ലിപുത്തൂരിലെത്തി അവിടുത്തെ ദേവി ക്ഷേത്രത്തിൽ ഭജനം നടത്തി. കുറെക്കാലം അവിടെ ഉപാസനയിൽ ഏർപ്പെട്ടതിനു ശേഷം തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ടു.

അയ്യാഗുരു സ്വാമിയുടെ മാതാവു രുഗ്മിണി അമ്മാളുടെ ബന്ധുക്കളിൽ ഒരാളും കൊട്ടാരം ഉദ്യോഗസ്ഥനുമായിരുന്ന ചിദംബരം ഓതുവാർപിള്ള എന്നയാളിന്റെ തൈക്കാട്ടുള്ള വസതിയിലാണു ഇക്കാലത്തു സ്വാമി താമസിച്ചിരുന്നത്. ഇപ്പോൾ തൈക്കാട്ടു അമ്മൻകോവിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തു അക്കാലത്തുണ്ടായിരുന്ന വഴിയമ്പലത്തിലെ അരശു വൃക്ഷച്ചുവട്ടിൽ വച്ചാണു ദേവിയുടെ ദിവ്യദർശനം ലഭിച്ചത്.
ഈ സമയത്തു തൈക്കാട്ടു ഉജ്ജയിനി മഹാകാളി പഞ്ചരത്‌നമെന്ന പ്രബന്ധം
രചിച്ചു പാടി ദേവിയെ സ്തുതിയ്ക്കുകയുണ്ടായി.

കുറച്ചു കാലം തിരുവനന്തപുരത്തു താമസിച്ചതിനു ശേഷം സ്വാമി 
ചെന്നൈയിലേക്കു മടങ്ങി.അതിനു മുൻപു തന്നെ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ സ്വാതിതിരുനാളുമായും രാജകുടുംബവുമായും പരിചയപ്പെടാൻ ഇടവന്നിരുന്നു.

തിരികെ എത്തിയതിനു ശേഷം സ്വാമി ഗുരുവിൻ്റെ നിർദ്ദേശപ്രകാരം ചെന്നൈയ്ക്കു അടുത്തുള്ള പൊന്നേരി എന്ന സ്ഥലത്തു നിന്നു കമലന്മാൾ എന്ന സാധ്വിയെ വിവാഹം കഴിച്ചു. ശസ്ത്രവിധിപ്രകാരമുള്ള ബ്രഹ്മചര്യത്തോടുകൂടിയുള്ള വിവാഹ ജീവിതമാണു സ്വാമി നയിച്ചിരുന്നത്. 
ശ്രീ ലോകനാഥപണിക്കരയ്യാ,
ശ്രീ പഴനിസ്വാമി എന്നിവരുൾപ്പടെ അഞ്ചു കുട്ടികൾ ഈ ദാമ്പത്യത്തിൽ ജനിച്ചു.

കൊല്ലവർഷം 1048 ൽ 
റസിഡണ്ടു ഓഫീസു മാനേജർ 
എന്ന ഉദ്യോഗത്തിൽ തിരുവനന്തപുരത്തു ഔദ്യോഗിക ജീവിതം ആരംഭിച്ചു.1084 വരെ ഈ ചുമതല വഹിച്ചു വന്നു. രാജർഷിയായിരുന്ന ശ്രീമൂലം തിരുനാൾ ഉൾപ്പടെയുള്ള രാജാക്കന്മാരും തൻ്റെ മേലുദ്യോഗസ്ഥരായിരുന്ന ബ്രിട്ടീഷുകാരുപോലും മഹായോഗിയും സിദ്ധനുമായിരുന്ന ഈ പുണ്യാത്മാവിനോടു ആദരവോടു കൂടിയാണു പെരുമാറിയിരുന്നത്.

ശ്രീ അയ്യാസ്വാമികളുടെ ദിനചര്യ അങ്ങേയറ്റം കൃത്യനിഷ്ഠയുള്ളതും മാതൃകായോഗ്യവുമായിരുന്നു. 

രാവിലെ 3 മണിയ്ക്കു ഉണരും കുളി മുതലായ ദിന കൃത്യങ്ങൾക്കു ശേഷം ശിഷ്യന്മാർ കൂടെയുണ്ടെങ്കിൽ അവരെയും ഉണർത്തി പാഠങ്ങൾ പറഞ്ഞു കൊടുത്തിട്ടു 6 മണി വരെ ധ്യാന നിഷ്ഠയിൽ മുഴുകും. 7 മണിക്കു ജോലി സ്ഥലത്തു എത്തി 2 മണിക്കൂർ പ്രവൃത്തിയിൽ മുഴുകിയതിനു ശേഷം വീട്ടിൽ വന്നു അല്പം പാൽകാപ്പിയും ഒന്നോ രണ്ടോ അപ്പവും കഴിക്കും.
10 മണിയ്ക്കു റസിഡൻസിയിലെത്തി ചുമതലകൾ നിർവഹിച്ച ശേഷം 12 മണിക്കു തിരികെ വന്നു 
2 മണി വരെ ധ്യാനത്തിൽ ഇരിക്കും. അല്പം ഉണക്കലരിച്ചോറും വിത്തു വയ്ക്കാത്ത പച്ചക്കറി വേവിച്ചതും ചെറുപയർ വേവിച്ചതുമാണു ഉച്ചഭക്ഷണം. അല്പം നെയ്യും വളരെക്കുറച്ചു കാച്ചുപ്പും ആഹാരത്തിൽ ചേർത്തു കഴിക്കും.(പിന്നീടു ഉപ്പും തീരെ വർജ്ജിച്ചിരുന്നു.) വീണ്ടും ജോലി സ്ഥലത്തു എത്തി 5.30 വരെ അവിടെ ചിലവഴിയ്ക്കും. തിരികെ വീട്ടിൽ വന്നു കറുകപുല്ലിൻ്റെ വേരുണക്കിപ്പൊടിച്ചതും 
നല്ലമുളകും ചേർത്തുണ്ടാക്കുന്ന കഷായത്തിൽ അല്പം പശുവിൻ നെയ്യ് ഒഴിച്ചു അത് കഴിക്കും. 
7.30 മുതൽ വളരെ സമയം ധ്യാനത്തിൽ കഴിയും.
12 മണിയ്ക്കു അത്താഴമായി പാലും പഴവും കഴിയ്ക്കും. 
1 മണി വരെ പത്രങ്ങളും മറ്റും നോക്കും. അതിനു ശേഷം 
3 മണി വരെ ഉറങ്ങും.

സ്വാമികൾ തിരുവനന്തപുരത്തു ഒദ്യോഗജീവിതം ആരംഭിച്ച കാലത്തു തന്നെ ശ്രീ കുഞ്ഞൻപിള്ളച്ചട്ടമ്പി (പിൽക്കാലത്തു ചട്ടമ്പിസ്വാമികൾ) അയ്യാസ്വാമിയെ പരിചയപ്പെട്ടിരുന്നു. പേട്ടയിൽ രാമൻപിള്ള ആശാൻ്റെ നേതൃത്വത്തിൽ നടന്നു വന്ന "ജ്ഞാനപ്രജാഗരം" എന്ന വിദ്വത്ത് സഭയിൽ വച്ചാണു തമിഴ് പണ്ഡിതനായിരുന്ന സുന്ദരം പിള്ള വഴിയായി കുഞ്ഞൻപിള്ള ചട്ടമ്പിയ്ക്കു അയ്യാസ്വാമിയെ പരിചയപ്പെടാനിടവന്നത്.
7 വർഷത്തിനുശേഷമാണു
അയ്യാ സ്വാമികൾ ചട്ടമ്പിസ്വാമികൾക്കു ഉപദേശം നൽകി ശിഷ്യനായി സ്വീകരിച്ചത്.
ചട്ടമ്പിസ്വാമിയ്ക്കു ഉപദേശം നൽകി ഒരു വർഷത്തിനു ശേഷം നാണു ആശാനും (പിൽക്കാലത്തു ശ്രീ നാരായണഗുരു) ഉപദേശം നല്കുകയുണ്ടായി. ഇവരെ കൂടാതെ സ്വാതി തിരുനാൾ മുതൽ ശ്രീമൂലം തിരുനാൾ വരെയുള്ള തിരുവിതാംകൂർ മഹാരാജാക്കന്മാർ ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാൻ, തിരുവല്ല കേരളവർമ്മ കോയിത്തമ്പുരാൻ, പേട്ട സ്വദേശിയായ ഫെർണാണ്ടസ്, തക്കല സ്വദേശി പീരു മുഹമ്മദ്, മക്കടിലബ്ബ,കൊല്ലത്തമ്മ എന്ന സന്യാസിനിയമ്മ, സ്വയം പ്രകാശയോഗിനിയമ്മ, സൂര്യനാരായണയ്യർ, ആറുമുഖം വാദ്ധ്യാർ, പത്മനാഭൻ പോറ്റി തുടങ്ങി നൂറിലധികം ശിഷ്യർക്കു സ്വാമികൾ ഉപദേശം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ കേരളത്തിലെ സാമൂഹ്യ മാറ്റത്തിനു നേതൃത്വപരമായ പങ്ക് വഹിച്ചവരിലൊരാളായ 
ശ്രീ അയ്യൻകാളിയും സ്വാമികളുടെ അനുചരനായിരുന്നു.

പ്രാണായാമം, ധാരണ, ധ്യാനം എന്നിവയിലൂടെ കുണ്ഡലിനിയെ ഉണർത്തി ഷഡ്ചക്രങ്ങളും അതിക്രമിപ്പിച്ചു
സഹസ്രാരപദ്മത്തിലെത്തിച്ചു ജീവബ്രഹ്മൈക്യ ബോധം സംസിദ്ധമാക്കുന്നതായിരുന്നു 
ശ്രീ അയ്യാഗുരുസ്വാമിയുടെ 
മാർഗ്ഗം.

മഹാസമാധി.

1084 ൽ(1909) കർക്കിടക മാസം നാലാം തീയതി മകം നക്ഷത്രത്തിൽ അയ്യാഗുരു മുൻ നിശ്ചയപ്രകാരം മഹാസമാധിയായി. സമാധിയ്ക്കു ഒരാഴ്ചക്കു മുൻപു ശ്രീമൂലം തിരുനാളുമായുള്ള കൂടിക്കാഴ്ചയിൽ രാജ കുടുംബത്തിൽപ്പെട്ടതും രാജ്യത്തിൽ നടക്കാൻ പോകുന്നതുമായ സംഭവ വികാസങ്ങൾ പ്രവചിക്കുകയുണ്ടായി. രാജഭരണം അവസാനിക്കുമെന്നും ഭാരതം വിഭജിക്കപ്പെടുമെന്നും പ്രകൃതിക്ഷോഭങ്ങളുണ്ടാകുമെന്നും മനുഷ്യൻ സത്യം വിട്ടു ജീവിക്കുമെന്നും അർത്ഥം വരുന്ന ഒരു ശ്ലോകം ചൊല്ലുകയുണ്ടായി. തൻ്റെ സമാധി ശ്മശാനത്തിൽ മതിയെന്നും അതിനുവേണ്ട ഒരുക്കങ്ങൾ ചെയ്യണമെന്നും മകനോടു ആജ്ഞാപിച്ചു. സമാധി ശ്മശാനത്തിലിരുത്തുന്നതിനെ മഹാരാജാവു എതിർത്തെങ്കിലും ഗുരു വഴങ്ങിയില്ല. ഭാരത യോഗിമാരുടെ സമ്പ്രദായപ്രകാരം ഒരാഴ്ച അന്നപാനാദികളില്ലാതെ നിർവ്വികല്പ സമാധിയിൽ പ്രവേശിച്ചിട്ടു സമാധിയുടെ തലേ ദിവസം തൻ്റെ അറയിൽ നിന്നു പുറത്തു വന്നു അവിടെയുണ്ടായിരുന്ന കൊല്ലത്തമ്മ, സ്വയംപ്രകാശ യോഗിനിയമ്മ തുടങ്ങിയവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടു വീണ്ടും ധ്യാനത്തിൽ പ്രവേശിച്ചു.

നിരവധി പേർ സ്വാമികളെ കാണാൻ എത്തിയിരുന്നു. അവരോടെല്ലാം പിറ്റേ ദിവസം വരാൻ പറഞ്ഞു. സമാധി ദിവസമായ നാലാം തീയതി രാത്രി അറയിൽ നിന്നും പുറത്തു വന്നു, ധരിച്ചിരുന്ന സാൽവയും മറ്റും മാറ്റി കൗപീനം മാത്രം ധരിച്ചു ശ്മശാനത്തിലേക്കു പോകാനായി ഭാവിച്ചു. കുടുംബാംഗങ്ങൾ ആ രാത്രി ശ്മശാനത്തിൽ പോകാൻ തടസ്സം നിന്നതിനാൽ അവിടെവെച്ചു തന്നെ ഉടനെ കർപ്പൂരദീപം ജ്വലിപ്പിക്കാൻ മകനോടാവശ്യപ്പെടുകയും ചെയ്തു. ഗുരുസ്തോത്രമായ മാണിക്യവാചകരുടെ "തിരുഅണ്ഡപ്പതികം" ചൊല്ലിത്തുടങ്ങി. മകൻ തട്ടത്തിൽ ധാരാളം കർപ്പൂരം ഇട്ടു കത്തിച്ചു സ്വാമികളുടെ മുന്നിൽ കൊണ്ടുചെന്നു. സ്വാമികൾ സ്തോത്രം ചൊല്ലിത്തീർന്നയുടൻ രണ്ടു കൈകളും ഉയർത്തി പഞ്ചാക്ഷരമന്ത്രത്തെ ഉച്ചരിച്ചിട്ടു കൈകൾ തിരികെ തുടമേൽ വച്ചു മഹാസമാധിസ്ഥനാവുകയാണുണ്ടായത്.ജീവസമാധിയാണിത്.
ഈ സമയം സൗരഭ്യം തുളുമ്പുന്ന ഒരു ദിവ്യപ്രകാശം തൈയ്ക്കാട്ടെ ഔദ്യോഗിക വസതിയിൽ നിറയുകയും കൊല്ലത്തമ്മ, സ്വയം പ്രകാശയോഗിനിയമ്മയുൾപ്പടെ അവിടെ കൂടിയിരുന്ന അനേകം ആളുകൾ ആനന്ദ നിർവൃതിയിൽ മുഴുകയും ചെയ്തു. ഈ സംഭവത്തെ ശ്രീ.കുമാരനാശാൻ വിവേകോദയം മാസികയിൽ (1084, കർക്കിടകം) വിവരിച്ചിട്ടുണ്ട്.
പിറ്റേ ദിവസം മകം നക്ഷത്രത്തിൽ (1084 കർക്കിടകം 4) എല്ലാ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ഔദ്യോകിക ബഹുമതികളോടെ, ദിവ്യകല്പമായി തീർന്ന ആ ദൗതിക ശരീരത്തെ വിധിപ്രകാരം സമാധിയിരുത്തി.

ഗുരുമഹിമ

പുനരാവർത്തിരഹിതമായ കൈവല്യമുക്തിയാണു മനുഷ്യജന്മത്തിൻ്റെ ആത്യന്തികമായ ലക്ഷ്യം. 
ഈ ലക്ഷ്യം കൈവരിക്കാൻ 
ഒരു പക്ഷേ, കോടിജന്മങ്ങൾ വേണ്ടിവരും. ഉത്തമ ഗുരുപരമ്പരയിൽ വരികയും സമ്പ്രദായപ്രകാരം ദീക്ഷനേടി യോഗസാധനകൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്കു ഇതു നിഷ്പ്രയാസം സാധിച്ചേക്കും. ഗുരുവാകുന്നു ഒരുവനു ആത്മപ്രകാശം തെളിച്ചു നൽകുന്നത്. യക്ഷഗന്ധർവ്വ സിദ്ധാദികളും ദേവതകളും കൂടി മോക്ഷത്തിനു ഗുരുവിനെ സമീപിക്കുകയും ചെയ്യുന്നു. ഋഷിമാരുടെ കഥകൾ കേൾക്കുക, അവരുടെ തൃപ്പാദപൂജ ചെയ്യുക, അവരെ ഭക്ത്യാദരങ്ങളോടെ സേവിക്കുക വഴി എല്ലാ പാപങ്ങളും കഴുകിപ്പോകും.
പതിനാലുലോകങ്ങളിലും 
ഗുരുവല്ലാതെ മറ്റൊരു രക്ഷകനുമില്ല. ശരണാഗതരുടെ നിത്യശരണ്യനായ അയ്യാഗുരുസ്വാമി തിരുവടികളുടെ തൃപ്പാദങ്ങളിൽ പൂർണ്ണസമർപ്പണത്തോടെ ശരണം പ്രാപിക്കുന്നവർക്കു ക്രമേണ ആത്മജ്ഞാനം പ്രാപ്തമാകും.


No comments:

Post a Comment