ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 May 2022

ഭവനത്തിൽ മൺചിരാതു തെളിയിച്ചു പ്രാർഥിച്ചാൽ

ഭവനത്തിൽ മൺചിരാതു തെളിയിച്ചു പ്രാർഥിച്ചാൽ.

പ്രഭാതത്തിലും പ്രദോഷത്തിലും ഓട്ടുവിളക്കിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും കൈകൂപ്പുന്ന രീതിയിൽ തിരി തെളിയിച്ചു പ്രാർഥിക്കുന്നത് ഹൈന്ദവ ആചാരമാണല്ലോ? തൃക്കാർത്തിക, ദീപാവലി തുടങ്ങിയ വിശേഷാവസരങ്ങളിൽ നിലവിളക്കിനൊപ്പം മൺചിരാതുകൾ തെളിയിക്കുന്ന പതിവും ഉണ്ട് . വാസ്തു ശാസ്ത്രപ്രകാരം ഒരു മൺചിരാതെങ്കിലും നിത്യവും ഭവനത്തിൽ തെളിയിക്കുന്നത് ഭാഗ്യം വർധിപ്പിക്കും. പണ്ട് കാലങ്ങളിൽ തുളസിത്തറയിൽ നിത്യവും മൺചിരാത് തെളിയിക്കുന്നത് പതിവായിരുന്നു. തുളസിത്തറയിൽ മൺചിരാതിൽ വിളക്ക് തെളിയിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം .

പ്രഭാതത്തിൽ കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും അഭിമുഖമായി രണ്ടു തിരികൾ ചേർത്ത് കൂപ്പുകൈ രീതിയിൽ വേണം ചിരാതു തെളിയിക്കാൻ. നിത്യവും ഭവനത്തിൽ മൺചിരാത് തെളിയിക്കുന്നതിലൂടെ കുടുംബ ഐക്യം വർധിക്കുകയും സമാധാന അന്തരീക്ഷം സംജാതമാകുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്. നല്ലെണ്ണയോ നെയ്യോ ആണ് ചിരാതിൽ നിറയ്‌ക്കേണ്ടത്. വിശേഷദിവസങ്ങളിൽ നെയ്‌വിളക്കിനു മുന്നിലിരുന്നുള്ള പ്രാർഥന ഇരട്ടി ഫലം നൽകും.  

സഹസ്രനാമങ്ങൾ ചൊല്ലുമ്പോൾ ഇഷ്ടദേവതാ ചിത്രത്തിന് മുന്നിൽ പറയപ്പെടുന്നത് ഇങ്ങനെ ചിരാതു കൊളുത്തി പ്രാർഥിക്കുന്നതും സവിശേഷഫലദായകമാണ്. ലളിതാ സഹസ്രനാമം ജപിക്കുന്നവേളയിൽ ദേവീ ചിത്രത്തിന് മുന്നിൽ ചിരാതു കൊളുത്തി അടുത്ത് കുങ്കുമം വയ്ക്കുകയും ജപശേഷം ദേവിയെ നമസ്കരിച്ചു ഈ കുങ്കുമം ധരിക്കുന്നതും നന്ന്. ക്ഷേത്രത്തിൽ നിന്ന് പൂജിച്ച കുങ്കുമമെങ്കിൽ അത്യുത്തമം .  

വീടിന്റെ വടക്കു കിഴക്കായ ഈശാനകോണും തെക്ക്പടിഞ്ഞാറായ കന്നിമൂലയും പഞ്ചഭൂതങ്ങളിൽ ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ മൺചിരാതു കൊളുത്തി പ്രാർഥിക്കാൻ ഈ ദിശകൾ തിരഞ്ഞെടുക്കുന്നത് ഉത്തമം.

No comments:

Post a Comment