ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 May 2022

നായാടി പാട്ട്

"നായാടി പാട്ട്"

പുള്ളുവർ പാട്ടുകൾ പോലെ ഇല്ലാതായിപോയ ഒന്നാണ് "നായാടി പാട്ട്".
പഴയ കാലത്ത് ദേശത്തെ ഉത്സവങ്ങൾ ജനകീയമായി ആഘോഷിച്ചിരുന്നതിൻ്റെ അടയാളമാവാം ഇത്.
ദേവി, ദേവൻ്റെ അനുഗ്രഹത്തെ ജനങ്ങളിലേക്കെത്തിക്കുന്ന പ്രാർത്ഥന രൂപത്തിലുള്ള നാടൻ പാട്ടും അതിന് ഈണം പകരാൻ ഓട/മുളകൊണ്ട് തയ്യാറാക്കിയ കോലുകൾ കൊട്ടി ചുവടുവെപ്പുകളാൽ സജീവമായാണ് ആ കലാകാരൻമാർ ഇത് അവതരിപ്പിക്കാറ്.
  ഉത്സവം /പൂരം എന്നിവയുടെ വിവരണം, ദേവി / ദേവൻ്റെ വർണന, ഭക്തരോടുള്ള വാത്സല്യം നാടിനും നാട്ടുകാർക്കും ഉള്ള ക്ഷേമം, ഐശ്വര്യം എന്നിവയും, ദോഷങ്ങൾ പാടി ഒഴിവാക്കി ദൈവാനുഗ്രഹം വിളിച്ചറിയിക്കുന്നതാവും പാട്ടുകളുടെ ഉള്ളടക്കം.

ദേശ പെരുമ, നാടിൻ്റെ സംസ്ക്കാരം, ജനജീവിതരീതികൾ എന്നിങ്ങനെ പലതും ഈ പാട്ടിലെ വരികളിൽ മുത്തുകൾ പോലെ ഭംഗിയായി ഇണക്കിചേർത്തിരിക്കും.

കാർഷിക സംസ്കൃതിയിൽ മാത്രം തളച്ചിടപ്പെട്ടിരുന്ന, അക്ഷര അഭ്യാസം വിലക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനത എഴുതാനും വായിക്കാനും അറിയിലെങ്കിലും തലമുറകളിലൂടെ പാട്ടിലൂടെ കൈമാറി വന്നിരുന്ന ഈ സംഗീതത്തിന് ഏറെ പ്രാധാന്യം ഉണ്ട്.

പുതിയ കാലഘട്ടത്തിൽ  വിദ്യാഭ്യാസത്തിലൂടെ മുന്നേറിയ പുതുതലമുറകൾ കുടുംബം പുലരാൻ പാടി നടക്കേണ്ട ആവശ്യമില്ലാത്തതിനാൽ തീർത്തും ജനകീയമായിരുന്ന ഈ നാടൻ കലാരൂപം ചുരുങ്ങി ഇല്ലാതായി എന്നു പറയാം. എങ്കിലും അവർ അവരുടെ കൂട്ടായ്മകളിൽ ആ പാട്ടിൻ്റെ ശ്രുതി നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ട്.

No comments:

Post a Comment