കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് വാള്‍ എഴുന്നള്ളിക്കുന്ന ക്ഷേത്രമാണ് മുതിരേരി ക്ഷേത്രം വയനാട്ടിലെ ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ മുതിരേരി ക്ഷേത്രം . മഹാദേവന്റെ ആജ്ഞയനുസരിച്ച് ദക്ഷന്റെ യാഗശാലയും മറ്റും നിശേഷം നശിപ്പിച്ച ശേഷം യാഗത്തിന് വിഘ്‌നം വരുത്തി ദക്ഷന്റെ കഴുത്തറുത്ത് വീരഭദ്രന്‍ തന്റെ വാള്‍ എറിഞ്ഞപ്പോള്‍ വീണ സ്ഥലമാണ് മുതിരേരി എന്നാണ് സങ്കല്‍പം. ദക്ഷയാഗാനന്തരം വലിച്ചെറിഞ്ഞ വാള്‍ മുതിരേരിയിലെ വയല്‍ ഉഴുതുമറിക്കുകയായിരുന്ന കുറിച്ച്യ തറവാട്ടുകാരുടെ കലപ്പയില്‍ കുടുങ്ങി. വാള്‍ കുടുങ്ങിയ വിവരം അന്നത്തെ നായര്‍ തറവാടുകളെ അറിയിച്ചു. ഈ ദിവ്യായുധം ദൈവികശക്തിയുള്ളതാണെന്നും ആയുധത്തെ യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച് നിത്യപൂജാദികള്‍ മുടക്കം കൂടാതെ ചെയ്തുവരണമെന്നും ദേവപ്രശ്‌നത്തില്‍ കാണപ്പെട്ടു.
കുറിച്ച്യ തറവാട്ടുകാരും പാലിയാട്ട് തറവാട്ടിലെ കോഴിക്കോട്ട് നമ്പ്യാരും തലമുറക്കാരും ചേര്‍ന്നാണ് പ്രതിഷ്ഠ നടത്തിയത്. വാള്‍ ലഭിച്ച വയലിന് വാളന്‍കണ്ടം എന്ന പേര് ഇപ്പോഴും നിലവിലുണ്ട്. നാട്ടിപ്പണികള്‍ തുടങ്ങുമ്പോള്‍ ആദ്യം ഈ കണ്ടത്തില്‍ ഞാറ് നട്ടതിനുശേഷം മാത്രമേ മറ്റ് കണ്ടങ്ങളില്‍ കൃഷി ഇറക്കാറൂള്ളൂ.
ചോതി നാളില്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ദിവ്യായുധം പ്രത്യേക രീതിയില്‍ ക്ഷേത്രകുളത്തില്‍മുക്കി യാത്രയ്ക്കുള്ള ഒരുക്കം കുറിക്കും. മൂഴിയോട്ടില്ലം പുത്തന്‍മഠം സുരേഷ് നമ്പൂതിരിയാണ് വാളുമായി കൊട്ടിയൂര്‍ ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തിരിക്കുക. പ്രത്യേക പൂജകള്‍ക്കുശേഷം മണിത്തറയില്‍ ധ്യാനമിരിക്കും. ധ്യാനത്തില്‍ വെളിപാടുണ്ടാവുകയും ക്ഷേത്രക്കുളത്തില്‍ കുളികഴിഞ്ഞ് ഭസ്മാദികള്‍ ധരിച്ച് ഒരു കുടം വെള്ളവുമായി ക്ഷേത്രത്തിലെത്തും.
ദേവസ്ഥാനങ്ങളില്‍ പ്രത്യേക പൂജ നടത്തി ഉപദേവന്മാര്‍ക്കും പൂജ ചെയ്ത് ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ വെച്ച വാള് തുളസിയോടുകൂടി കയ്യിലെടുത്ത് കൊട്ടിയൂര്‍ക്ഷേത്രത്തെ ലക്ഷ്യമാക്കി നീങ്ങുന്ന യാത്രയാണ് വാള്‍ എഴുന്നള്ളിപ്പ്. കിലോമീറ്ററുകള്‍ കാല്‍നടയായി ഒറ്റയ്ക്ക് പിന്നിടും. വൈശാഖ മഹോത്സവം സമാപിച്ചതിനുശേഷം മാത്രമാണ് വാള്‍ മുതിരേരി അമ്പലത്തില്‍ തിരിച്ചെത്തുക.
No comments:
Post a Comment