ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 May 2022

പിംഗലോപാഖ്യാനം

പിംഗലോപാഖ്യാനം

'മിഥിലാരാജ്യത്തിൽ പണ്ട് പിംഗല എന്നുപേരായി അതിസുന്ദരിയായ ഒരു വേശ്യാംഗന ഉണ്ടായിരുന്നു. അതിരറ്റ ലാവണ്യവതിയായിരുന്ന അവളുടെ മാദകമായ മന്ദഹാസവും ചടുലകടാക്ഷവിക്ഷേപങ്ങളും കണ്ട് ആനന്ദിക്കുവാനായി, കാമുകവൃന്ദം സഹസ്രക്കണക്കിന് നിത്യവും അവളുടെ പടിവാതുക്കൽ കാത്തുനിന്നിരുന്നു. മന്മഥറാണിയായ അവൾ ചുരുങ്ങിയ കാലം കൊണ്ട് മിഥിലയിലെ മഹാരാജ്ഞിയേക്കാൾ ഉന്നതസ്ഥാനത്തേക്കുയർന്നു. മഹാപ്രഭുക്കളും കോടിശ്വരന്മാരും അവളുടെ പാദദാസന്മാരായിത്തീർന്നു. 

ഒരിക്കൽ ഞാനും അവളുടെ പടിവാതുക്കൽപോയി നിരുദ്ദ്യേശ്യനായി നിന്നു. സർവ്വാലങ്കാരവിഭൂഷിതയായി ആ വേശ്യ, മനോഹരമായ മണിമന്ദിരത്തിൻറെ മട്ടുപ്പാവിൽ അപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കുകയായിരുന്നു, ഒരു മദാലസയെപ്പോലെ.

നേരവും അസ്തമിച്ച് രാത്രിയായി. മനോഹരങ്ങളായ ദീപസഞ്ചയങ്ങൾ അവിടെയെല്ലാം പ്രകാശിച്ചു. ആരുകണ്ടാലും മോഹിക്കത്തക്ക വേഷാലങ്കാരത്തോടെ ആ ദേവസുന്ദരി ധനാഢ്യന്മാരായ കാമുകന്മാരെ പ്രതീക്ഷിച്ചുകൊണ്ടാണ് , അവിടെ പ്രത്യക്ഷപ്പെട്ടു നിൽക്കുന്നത്. നിർദ്ധന്മാരായ കാമുകന്മാരെ അവൾ തിരിഞ്ഞുനോക്കുകപോലും ചെയ്യുന്നില്ല.

അപ്പോഴത്തേക്ക് കുബേരന്മാരായ കാമുകഭൃംഗങ്ങളുടെ വരവായി. അവരെ ഓരോരുത്തരെയായി അവൾ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പൂബാണലീലകളാടി തൃപ്തിപ്പെടുത്തി ധനം സംഭരിക്കുന്നതിനിടയിൽ , ധനാഢ്യനായ ഒരു ദുർബുദ്ധിയും അവിടെ വന്നുചേർന്നു. അവളുടെ തോഴികൾ ആ വിത്തേശനെ സ്വീകരിച്ചു മണിയറയിൽ ഇരുത്തി.

ആദ്യമാദ്യം വന്ന കാമക്കോമരങ്ങളെ എല്ലാം യാത്രയാക്കിയതിനുശേഷം, പിംഗല ദാസിമാരുമായി വന്ന്, ആ കാമുകനെ തൻറെ ശയനമണിയറയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനായി ഒരുങ്ങി. അത്രയും നേരം കാത്തിരിക്കേണ്ടിവന്നതിനാൽ , ക്ഷമയറ്റ് കോപാന്ധനായിത്തീർന്ന അയാൾ പറഞ്ഞു:--

'ഞാൻ വന്നിട്ട് എത്രനേരമായി? നീ എന്നെ വെറും നിസ്സാരനായ ഒരു വിഡ്ഢിയാക്കിക്കളഞ്ഞു, ഇല്ലേ? ഇന്നുവന്ന എല്ലാവരുംകൂടി നിനക്ക് തന്ന ധനത്തേക്കാൾ കൂടുതൽ ദ്രവ്യം തരാൻ കരുത്തുള്ളവനാണ് ഞാൻ. ഈ മിഥിലയിലെ ഏറ്റവും വലിയ കോടീശ്വരനായ എന്നെ , നീ കേവലം എച്ചിൽ കാത്തുനിൽക്കുന്ന ഒരുപട്ടിയായി കരുതിയല്ലേ? ഇനി പുംഞ്ചലിയായ നീയുമായി രമിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'

ഇപ്രകാരം ഭർത്സിച്ചുകൊണ്ട് ആ ധനാഢ്യൻ പുറത്തേക്കിറങ്ങിപ്പോവാൻ ഭാവിച്ചു. ഇത്രവലിയ ഒരു ധനചക്രവർത്തിയെ ഉപേക്ഷിക്കുന്നത് ഒരു വേശ്യയ്ക്ക് യുക്തമല്ല, എന്നു ചിന്തിച്ചുകൊണ്ട്, അവൾ അയാളുടെ കരത്തിന്മേൽപ്പിടിച്ച് അകത്തേയ്ക്ക് ആനയിക്കാൻ ശ്രമിച്ചു. 

'നീ പാപിയാണ്. എന്നെ തൊടരുത് ' എന്ന് ആക്രോശിച്ചുകൊണ്ട് അവളുടെ കൈതട്ടിമാറ്റി, അയാൾ പുറത്തേക്ക് ചാടിയിറങ്ങി ഇരുട്ടിൽ മറഞ്ഞു. 

 നിരാശയായിത്തീർന്ന പിംഗല അയാൾ പോയവഴിയെ അല്പം നടന്നിട്ട് തിരിച്ചുവന്ന് വാതിൽപ്പടിമേൽ കുറേനേരം കാത്തുനിന്നു. അയാൾ തിരിച്ചുവരും എന്നുള്ള പ്രതീക്ഷയായിരുന്നു അവളുടെ അന്തരംഗത്തിൽ പൊന്തിനിന്നത്. കുറേനേരം കവാടദ്വാരത്തിൽ നിൽക്കും; പിന്നെ അകത്തേക്കുപോകും. വീണ്ടും തിരിച്ചുവന്ന് വാതിലിനുസമീപം വന്നുനിൽക്കും. ഇങ്ങനെ ധനാശയാൽ പ്രചോദിതയായി ഉറക്കമിളച്ചു കുറേ അധികസമയം ' അകത്തേയ്ക്ക് പോകലും പുറത്തേക്ക് വരവു'മായി അവൾ കഴിച്ചുകൂട്ടി. 

ഒരു ദീർഘനിശ്വാസം അവളിൽ നിന്നും നിർഗ്ഗമിച്ചു. വാർമുടിയിൽ ചൂടിയിരുന്ന മണമേറും മലർമാല്യവും കഴുത്തിലണിഞ്ഞിരുന്ന രത്നാഭരണങ്ങളും ആ മടവാർമണി അഴിച്ചുമാറ്റി, ഹൃദയവേദനയോടെ അവൾ തന്നത്താൻ പറഞ്ഞു...

'കഷ്ടം! ധനത്തിനോടുള്ള ദുരാശനിമിത്തം എന്തെല്ലാം ദുഷ്ക്കൃത്യങ്ങളാണ് ഞാൻ ചെയ്തതത്. ഭഗവാനെ ആരാധിക്കാനും പൂജിക്കാനുമുള്ള ഈ കരങ്ങൾകൊണ്ട്, എത്രപേരെ ഞാൻ ഹീനമായനിലയിൽ തഴുകി ആശ്ലേഷിച്ചു! ഈശ്വരതിരുനാമങ്ങൾ ഉച്ചരിക്കേണ്ട ഈ അധരങ്ങൾ കൊണ്ട് കാമുകപ്രീതിക്കുവേണ്ടി എന്തെല്ലാം വൃത്തികേടുകൾ ഞാൻ കാണിച്ചു! എല്ലാം നശ്വരവും നിസ്സാരവുമായ ധനത്തിനുവേണ്ടി കഷ്ടം! ശാപത്തിൻറെ പ്രതിഫലമായി ലഭിച്ച ഈ ധനംകൊണ്ട് എന്തു പ്രയോജനം? കാമാതുരനായ ഒരു പുരുഷാധമൻറെ കരാളകരം കൊണ്ടല്ലാതെ, എൻറെ നീവീബന്ധം ഇതെവരെയും അഴിഞ്ഞിട്ടില്ല. ഞാനെത്ര പാംസുലമായ മഹാപാപി!

'മുക്തിപ്രദനായി, കാമസ്വരൂപനായി, ആനന്ദചിന്മയനായി, രതിഭക്തിപ്രിയനായി, എൻറെ ഹൃദയത്തിൽ കുടികൊള്ളേണ്ട സച്ചിദാനന്ദമൂർത്തിയായ വിഷ്ണുഭഗവാനെ ത്യജിച്ചിട്ട് , ലോഭത്താൽ മോഹിതയായി, തുച്ഛമായ ധനത്തെ ഇച്ഛിച്ച്, മദാന്ധവും പൈശാചികവുമായ കാമപ്പേക്കൂത്തുകളാടി, ഈ ശരീരത്തിൽ പാപപ്പുഴുക്കുത്തുകൾ ഞാനേല്പിച്ചു. 

'നാഥാ! ആശ്രിതവത്സലാ! അപരാധങ്ങൾ പൊറുത്ത് മാപ്പരുളുന്ന കരുണാവാരിധിയായ കമലേക്ഷണാ! എൻറെ പാപങ്ങൾ സർവ്വവും ക്ഷമിച്ച് അടിയന് മാപ്പരുളേണമേ! ഈ പാദദാസിയെ അനുഗ്രഹിച്ച് നിന്തിരുവടിയുടെ തൃപ്പാദങ്ങളിൽ ചേർക്കേണമേ!

'ധർമ്മജ്ഞനായ ജനകമഹാരാജാവിൻറെ ഈ മിഥിലാരാജ്യത്തിൽ, ആർക്കും അറപ്പും വെറുപ്പും ജനിക്കുമാറ് അധർമ്മങ്ങൾ ചെയ്തുകൊണ്ട്, ഒരു കൊടിയ പാതകിയായി ഞാൻ ജീവിച്ചു. ഇല്ല; നാഥാ! ഭഗവാനേ! ഞാനിനി പഴയ വേശ്യയായ പിംഗലയല്ല. സകലാത്മാവായ സാക്ഷാൽ സനാതനമൂർത്തി ശ്രീ ല്ക്ഷ്മീവല്ലഭനുമായി ഞാനിനി രമിച്ചാനന്ദിക്കും. അഖിലേശ്വരനായ ഭഗവാൻ ശ്രീനാരായണമൂർത്തി ഇനിമേൽ എൻറെ കാമുകനും ഭർത്താവുമാണ്. അദ്ദേഹത്തിന് ഹിതകരമായവിധം സൽക്കർമ്മങ്ങൾ ചെയ്ത് ആ ചിൽപ്പുരുഷനെ ഞാൻ പ്രീതിപ്പെടുത്തും. അദ്ദേഹത്തിൻറെ ഭക്തദാസിയായി ഞാൻ എന്നും കഴിയും. പാപത്തിൻറെ കറപുരണ്ട ഈ സമ്പത്ത് എനിക്കിനി വേണ്ട. സാധുക്കൾക്കായി ഞാനിത് ദാനംചെയ്യും. സാധുജനങ്ങൾക്ക് ദ്രവ്യദാനം ചെയ്യുന്നതും ദൈവപ്രീതിക്ക് കാരണമാണല്ലോ.

ഈവിധം ചിന്തിച്ചുറച്ച്, ശ്രീവൈകുണ്ഠപതിയിൽ ദൃഢഭക്തിയോടെ സൽക്കർമ്മങ്ങൾ ചെയ്ത് അവൾ ഒരു പുണ്യവതിയായിത്തീർന്നു. പ്രവൃത്തിയിൽനിന്നും നിവൃത്തിയെ അവൾ പ്രാപിച്ചു. പാപപ്രവൃത്തികളുടെ മാലിന്യമേറ്റ് മായാബദ്ധനായി ഈശ്വരമഹിമയറിയാതെ ജീവിച്ച പിംഗല, ഏതാനും നിമിഷങ്ങൾകൊണ്ട് മായയെ വെടിഞ്ഞ് സുകൃതിനിയായി ഒരു പുണ്യചരിതയും ഭാഗവതോത്തമയുമായി ഭവിച്ചു. അർത്ഥത്തിൽ അത്യാശപെരുത്താൽ ഒരിക്കലും മനഃസ്സുഖം സിദ്ധിക്കയില്ലെന്നും പിംഗയിൽക്കൂടി മനസിലാക്കാം.

No comments:

Post a Comment