ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2022

ഹിരണ്യ വധത്തിന് ശേഷം നരസിംഹാവതരത്തിന് എന്ത് സംഭവിച്ചു..?

ഹിരണ്യ വധത്തിന് ശേഷം നരസിംഹാവതരത്തിന് എന്ത് സംഭവിച്ചു..?

പരമസാത്വീകനും ലോകരക്ഷകനുമായ നാരായണൻ നരസിംഹാവതാരപ്പെടുത്ത 
കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ.

ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതി ഭയങ്കരനായി മാറി.
ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്.

ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കണ്ട് ബ്രഹ്മദേവനും, മഹാലക്ഷ്മിയും, മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.

കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. എന്നാൽ നരസിംഹ മൂർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു. സ്വയരക്ഷാർത്ഥം മഹേശ്വരനെ തന്നെ സ്മരിച്ചു. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതിസ്വരൂപമായി വിരഭദ്ര ശരീരത്തിൽ ലയിച്ചു.

തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും മൃഗവും ചേർന്നുള്ള ഒരു മഹാ ഭയങ്കര രൂപമായി മാറി. 
ആ ഭയങ്കര ഭാവത്തിന് 'രണ്ടു മുഖങ്ങളും, നാലു കൈകളും, എട്ടു കാലുകളും, രണ്ട് ചിറകുകളും, മൂർച്ചയേറിയ നഖങ്ങളും, നീണ്ട വാലും, ഗരുഡന്റത് പോലുള്ള മൂക്കും, കാളിയുടെ പോലെയുള്ള ദംഷ്ട്രയും, സൂര്യ-ചന്ദ്ര -അഗ്നിനേത്രങ്ങളും, മാൻ, മഴു, സർപ്പം 'തീ ഇവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായ' "ശരഭേശ്വരനായി".

ശരഭേശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്‌. 
ഭദ്രകാളി പ്രത്യംഗരെയും ദുർഗ്ഗ ശൂലിനിയുമായി തീർന്നു. 
ശരഭ പക്ഷിയായി പറന്നു വന്ന 
ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹ മൂർത്തിയുടെ ഉഗ്രത കുറഞ്ഞു തുടങ്ങി.
പതിനെട്ട് ദിവസം പല തരം ഉപായങ്ങളാൽ നരസിംഹമൂർത്തിയുടെ അഹങ്കാരം തണുക്കുന്നതിന് വേണ്ടി ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹമൂർത്തിയുടെ ഇരുകാലുകളും കൊത്തി കീറിയ ഉടനെ സ്വയം ഉണർവ് വന്ന് താൻ മഹാവിഷ്ണുവെന്ന ബോധമുണ്ടായി. ഉഗ്ര നരസിംഹം 
ലക്ഷ്മീ നരസിംഹനായി. യോഗ നരസിംഹനായി, ശാന്തസ്വരുപനായി മാറി.

മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് ശരഭേശ്വരനെ സ്തുതിച്ചു.
ശരഭേശ്വരൻ സകല ശത്രുസംഹാരകനാണ്. ശരഭ ശക്തികളായ പ്രത്യംഗീരയും, ശുലിനിയും ഭൂത പ്രേത പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും മറ്റും അകറ്റി ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാണ്.

ശരഭ മൂർത്തിയുടെ പ്രഭാവത്തെ ദേവന്മാരും അസുരന്മാരും ഒക്കെ ഭയപ്പെടുന്നു.
ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് ശരിക്കും പറഞ്ഞാൽ ശരഭേശ്വരൻ.
തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്ത് ത്രിഭുവനം എന്ന സ്ഥലത്ത് ശരഭേശ്വര പ്രതിഷ്ഠയുള്ള മഹത്തായ ഒരു ക്ഷേത്രമുണ്ട്. അതീവ ശിൽപചാതുര്യത്താൽ വളരെയധികം പേര് കേട്ടതാണ് ത്രിഭുവനം ശരഭേശ്വര ക്ഷേത്രം.

No comments:

Post a Comment