ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 May 2022

വൃഷാലി

വൃഷാലി

ദൂരെ കുരുക്ഷേത്രത്തിൽ അമീൻ കുന്നിന്റെ താഴ്വരയിൽ രണവാദ്യങ്ങൾ മുഴങ്ങി… 
വൃഷാലി കാതോർത്തു... 
പാണ്ഡവർ ആഘോഷിക്കുകയാണ്… സ്വന്തം ജേഷ്ഠന്റെ പതനം.. ഇനിയൊരിക്കലും ഹിരണ്യഗർഭത്തിന്റെ മാറ്റൊലി ഗഗനം ഭേദിക്കില്ല... എല്ലാ അപമാനഭാരങ്ങളും ശാപങ്ങളും ഭൂമിയിൽ എന്നെന്നേക്കുമായി ഇറക്കി വെച്ച് കർണൻ വിടവാങ്ങി… ചതുപ്പ് നിലത്തിൽ ആണ്ടു പോയ രഥചക്രം ഉയർത്താൻ ശ്രമിക്കുകയായിരുന്ന നിരായുധനായ കർണന്റെ നേരേ ആഞ്ജലികബാണമയക്കാൻ അർജുനനോട് ആജ്ഞാപിച്ചുവത്രെ ഭഗവാൻ ശ്രീകൃഷ്ണൻ.. നന്ദിഘോഷത്തിന്റെ സാരഥി… 

തന്റെ പശുക്കിടാവിന്റെ ജീവസറ്റ ശരീരം നോക്കി അലമുറയിട്ട വൃദ്ധബ്രാഹ്മണന്റെ ശാപം.. "കർണാ യുദ്ധ സമയത്ത് നിന്റെ രഥ ചക്രങ്ങൾ മണ്ണിൽ ആഴ്ന്ന് പോകട്ടെ.. "

ഒരു ക്ഷത്രിയനാണെന്ന തിരിച്ചറിഞ്ഞ നിമിഷം മഹേന്ദ്ര പർവതത്തിൽ പരശുരാമന്റെ ക്രോധാഗ്നിയിൽ നിന്നും വർഷിച്ച ശാപവാക്കുകൾ "യുദ്ധത്തിൽ ആവശ്യമുള്ള സമയത്ത് ബ്രഹ്മാസ്ത്രം നിനക്ക് ഓർമ വരാതെ പോകട്ടെ.."

ശാപങ്ങൾ ഒരിക്കലും ഫലിക്കാതെ പോയിട്ടില്ലല്ലോ കർണന്റെ ജീവിതത്തിൽ.. 

“ചതിയായിരുന്നു അമ്മേ കൊടുംചതി.." 
ചിത്രസേനന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. 

“നിരായുധനായ യോദ്ധാവിന് നേരേ അസ്ത്രം പ്രയോഗിക്കുന്നത് യുദ്ധധർമ്മമല്ലെന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു അച്ഛൻ. എന്നിട്ടും. “

വൃഷാലിക്കറിയാമായിരിന്നു.. ഭഗവാൻ തിരിച്ചു ചോദിച്ചിട്ടുണ്ടാവും… കള്ളചൂത് കളിക്കുമ്പോൾ പാഞ്ചാലിയെ സഭയിൽ വെച്ച് അപമാനിക്കുമ്പോൾ അഭിമന്യുവിനെ ആറു പേർ ചേർന്നു ആക്രമിക്കുമ്പോൾ എവിടെയായിരുന്നു കർണാ നിന്റെ ധർമം… അതിനുത്തരം ആരെക്കാളും അറിയുന്ന ഭഗവാനെ നോക്കി കർണൻ പുഞ്ചിരിച്ചിട്ടുണ്ടാവും.. കൈകൾ കൂപ്പി വന്ദിച്ചിട്ടുണ്ടാവും… 

“പക്ഷെ അതൊന്നുമല്ലമ്മേ എന്നെ വേദനിപ്പിച്ചത്. “
 
വൃഷാലി പിന്നെയും കേട്ടു. ഹൃദയം നുറുങ്ങുന്ന വേദനയോടെ 

 യുദ്ധത്തിൽ മരണപെട്ട തന്റെ മകന്റെ അന്ത്യ സംസ്കാരത്തിന് വേണ്ടി യുദ്ധഭൂമിയിൽ ധനം യാചിച്ചു നടന്ന നിർദ്ധനനായ ഒരു ബ്രാഹ്മണന് തന്റെ രണ്ടു സ്വർണപ്പല്ലുകൾ പിഴുതെടുത്തു കൊടുക്കാൻ മരണശയ്യയിൽ കിടന്നു ചിത്രസേനനോട് ആവശ്യപ്പെട്ടുവത്രെ കർണൻ . 

അറിയാം തന്റെ മുന്നിൽ യാചിച്ചു വരുന്ന ഒരാളെയും തിരിച്ചയക്കാൻ കഴിയില്ല കർണന്.   

ദാനശീലൻ.. വൃഷാലി ഓർക്കുകയായിരുന്നു…വിശേഷണങ്ങൾക്ക് ഒരു കുറവുമില്ലായിരുന്നല്ലോ തന്റെ കർണന്…

ദാനശീലൻ, ദിഗ്‌വിജയി, സൂതപുത്രൻ, ശാപഗ്രസ്ഥൻ,...

ബ്രാഹ്മണന്റെ വേഷത്തിൽ വന്ന ഇന്ദ്രന് തന്റെ കവച കുണ്ഡലങ്ങൾ ദാനം ചെയ്ത പുണ്യശ്രേഷ്ഠൻ.. എന്തിന് വേണ്ടിയായിരുന്നു… തന്റെ പുത്രനായ അർജുനനനെ രക്ഷിക്കാൻ വേണ്ടിയാണ് കൗശലപൂർവ്വം ഇന്ദ്രൻ അത് ചെയ്തതെന്ന് നല്ല ബോധ്യമുണ്ടായിട്ടും..

"നിന്റെ കുലമേതാണ് കർണാ.. ഒരു സൂതപുത്രന് ഒരു ക്ഷത്രിയോനോടേറ്റു മുട്ടാൻ അധികാരമില്ല "

അന്ന് വസന്ത പൗർണമി നാളിൽ ഹസ്തിനപുരിയിലെ മത്സരക്കളരിയിൽ അർജുനനുമായി മത്സരത്തിന് തയ്യാറെടുക്കുമ്പോൾ ഗുരു ദ്രോണാചാര്യർ മനസ്സിനേൽപിച്ച ആദ്യത്തെ ക്ഷതം. 

അർജുനനോ അസ്ത്രങ്ങൾക്കോ കർണ്ണനെ തോൽപ്പിക്കാനാവില്ല. . കർണ്ണൻ അജയ്യനാണ്. മറ്റാരേക്കാളും ഗുരുവിനറിയാമായിരുന്നു ആ സത്യം.. . 

കർണന്റെ മനസ്സിനെ മുറിവേല്പിക്കാൻ മാത്രമേ ആർക്കും കഴിഞ്ഞിരുന്നുള്ളൂ. 

 "ഒരു ക്ഷത്രിയനെ മാത്രമേ ഞാൻ പതിയായി സ്വീകരിക്കുകയുള്ളൂ.. സൂതപുത്രന് ഈ സഭയിൽ എന്ത് കാര്യം.. "സ്വയംവര പന്തലിൽ വെച്ച് ദ്രൗപതിയുടെ പരിഹാസ വാക്കുകൾ. . " സൂത പുത്രൻ സൂത പുത്രൻ "ആർപ്പുവിളികൾ കാതിൽ മുഴങ്ങുന്നു.. 

ഉണങ്ങാത്ത മുറിവുകളും ഒഴിയാത്ത ശാപങ്ങളും ഏറ്റു വാങ്ങി കർണൻ യാത്രയായി… 

കുരുക്ഷേത്രത്തിൽ ആരവങ്ങളടങ്ങുന്നില്ല.. 

വൃഷാലി ഒരിക്കൽ കൂടി ആ രംഗം ഓർത്തെടുത്തു.. യുദ്ധക്കളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തന്റെ നെറ്റിയിൽ സൗഭാഗ്യ തിലകം അണിയിക്കാൻ വന്ന നിമിഷം... ബാണം കൊണ്ട് ഇടത്കയ്യിലെ തള്ളവിരൽ മുറിച്ചു തന്റെ നെറ്റിയിൽ രക്ത തിലകം ചാർത്തി കർണൻ പറഞ്ഞു. 

"ഞാൻ യാത്ര ചോദിക്കുന്നില്ല വൃഷാലി… ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അർജുനൻ ഇന്ന് സൂര്യൻ അസ്തമിക്കുമ്പോൾ ഞങ്ങളിൽ ഒരാൾ മാത്രമേ ജീവനോടെ ഉണ്ടാവൂ.. കരയരുത്.. ഇനിയുമൊരു ജന്മമുണ്ടെകിൽ നിന്നെ തന്നെ പത്നിയായി കിട്ടട്ടെ എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു.. പക്ഷെ വൃഷാലി.. "

ഒരു നിമിഷം ആ കണ്ണുകൾ സജലങ്ങളായത് പോലെ.. "ഞാൻ മരിക്കുകയാണെണെങ്കിൽ ഒരു പുല്ല് പോലും മുളക്കാത്ത ഏതെങ്കിലും കന്യാഭൂവിൽ എന്റെ ചിതയൊരുക്കണം .. അപമാനങ്ങളും ശാപങ്ങളും ഏറ്റു വാങ്ങാൻ ഇനിയുമൊരു ജന്മം.. അതെനിക്ക് വേണ്ട "

കരഞ്ഞില്ല.. വൃഷസേനനെയും പ്രസേനനെയും യുദ്ധക്കളത്തിൽ നഷ്ടപെട്ടപ്പോഴും കണ്ണീർ തടഞ്ഞത് ആ വാക്കുകളാണ്.. "അവർ കർണന്റെ മക്കളാണ്. . യുദ്ധത്തിൽ വീരമൃതു വരിച്ചവരെ ഓർത്ത് ആരും കരയരുത്." ഇനി തന്റെ ഊഴമാണ്.. യാത്രക്കുള്ള സമയമായി. 

അകത്തു സുപ്രിയ തളർന്നു കിടക്കുകയാണ്.. തന്റെ അനുജത്തിയെ പോലെയാണവൾ. തന്റെ കർണന്റെ മനസ്സ് കവർന്നവൾ.. ഒരിക്കൽ പോലും അവളോട് അസൂയയയോ വിദ്വേഷമോ തോന്നിയിട്ടില്ല.. 

ഒന്നും പറയാതെ അവളെ ചേർത്ത് പിടിച്ചു ആ മൂർദ്ധാവിൽ ചുംബിച്ചു.  

എല്ലാവരെയും അനുഗ്രഹിച്ചു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി തോളിലെ വസ്ത്രത്തിന്റെ അഗ്രഭാഗം എടുത്തു നോക്കി.. ഉണ്ട്.. അതവിടെതന്നെയുണ്ട്… പൊട്ടിയ ആ മൺകുടത്തിൽ കഷ്ണം... 

അന്ന് കർണ്ണനെ പ്രയാഗയിൽ വെച്ച് ആദ്യമായി കണ്ട നിമിഷം… ആ സൂര്യതേജസ്സിന് മുന്നിൽ അറിയാതെ ചെന്ന് പെട്ടപ്പോളുണ്ടായ പരിഭ്രമത്തിൽ തലയിൽ വെച്ച മൺകുടം താഴെ വീണു പൊട്ടിയതും എതോ രാജകുമാരനെന്നു തെറ്റിദ്ധരിച്ചു കാൽക്കൽ വീണു ക്ഷമ ചോദിച്ചതും.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ വൃഷാലിയുടെ കണ്മുന്നിൽ തെളിഞ്ഞു. 

പതിയെ പിടിച്ചെഴുന്നേല്പിച്ചപ്പോൾ ആ മുഖത്തുനിറഞ്ഞിരുന്ന കുസൃതി ചിരി കണ്ട് അമ്പരന്നു നിന്നു. .. "ഞാൻ രാജകുമാരനൊന്നുമല്ല.. ഒരു സാധാരണ സൂതപുത്രനാണ്… " പ്രണയിച്ചു പോവുകയായിരുന്നു സൂതപുത്രനെ ആ നിമിഷം. തന്റെ സാരഥിയായ സത്യസേനന്റെ സഹോദരിയാണ് മുന്നിൽ എന്നറിഞ്ഞപ്പോൾ തേജസ്സുറ്റ ആ മുഖം ഒന്ന് കൂടി ശോഭിച്ചത് പോലെ.. 

ജേഷ്ഠനോട് തന്നെ പത്നിയായി ആവശ്യപ്പെട്ടപ്പോൾ മനസ്സിൽ ആഹ്ലാദം തിരതല്ലുകയായിരുന്നു.. 

ജന്മജന്മാന്തരങ്ങളുടെ പുണ്യം.. 

കർണപത്നി എന്നതിൽപ്പരം എന്ത് സൗഭാഗ്യമാണ് തനിക്ക് ജീവിതത്തിൽ വന്നു ചേരാനുള്ളത്. 

ആദ്യരാത്രി തന്റെ ഉത്തരീയത്തിൽ നിന്നും പൊട്ടിയ മൺകുടത്തിന്റെ ഒരു കഷ്ണം എടുത്തു കയ്യിൽ വെച്ച് തന്നു. 

"വൃഷാലി ഇതെന്നും നിന്റെ വസ്ത്രത്തിന്റെ അറ്റത്തു സൂക്ഷിക്കണം.. നമ്മുടെ ഒത്തുചേരലിന്റെ, സ്നേഹത്തിന്റെ പ്രതീകം പോലെ.. "കർണൻ എന്നും തന്നെ അത്ഭുതപെടുത്തിയിട്ടേയുള്ളു.. !

താൻ സൂതപുത്രനല്ല സൂര്യപുത്രനാണെന്ന് തിരിച്ചറിഞ്ഞപ്പോഴും സുപ്രിയയെ വിവാഹം ചെയ്തു കൊണ്ട് വന്നപ്പോഴും ആ സ്നേഹത്തിന്റെ ആഴം കുറഞ്ഞിട്ടിട്ടുണ്ടോ? കൂടിയതല്ലാതെ.. 

നനഞ്ഞ വസ്ത്രത്തിൽ കൊട്ടാരം വിട്ട് പുറത്തിറങ്ങി.. കുതിരകൾ കടിഞ്ഞാണിടുന്ന ശബ്ദം. ആരാണീ സമയത്ത്.. 

രഥത്തിൽ നിന്നുമിറങ്ങി ശുഭ്രവസ്ത്രധാരിയായി വരുന്ന സ്ത്രീ രൂപത്തെ ഒന്നേ നോക്കിയുള്ളൂ. . രാജാമാതാവ് കുന്തീദേവി.. കലങ്ങിമറിഞ്ഞ കണ്ണുകൾ. എന്തിനാണിവർ ഇപ്പോൾ കരയുന്നത്. ആർക്ക് വേണ്ടി…. 

"അമ്മേ.. ഗംഗാതീരത്ത് വെച്ച് കർണൻ തന്ന പ്രതിജ്ഞ നിറവേറ്റിയിരിക്കുന്നു.. നിങ്ങൾക്കിപ്പോഴും അഞ്ചു പുത്രന്മാർ ജീവനോടെയുണ്ട്. "

"മകളെ വൃഷാലി. "തന്റെ തോളിലേക്ക് ചാഞ്ഞു അവർ തേങ്ങി കരഞ്ഞു. "മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലാത്ത ഹതഭാഗ്യയായ ഒരു മാതാവാണ് ഞാൻ.. എന്റെ ഉള്ളിൽ നിനക്കെന്നും എന്റെ മൂത്ത മരുമകളുടെ സ്ഥാനം തന്നെയാണ്.. എന്നോട് പൊറുക്കൂ.. "

 എത്രെയോ തവണ കേൾക്കാൻ കൊതിച്ച വാക്കുകൾ.

കുനിഞ്ഞു ആ കാലുകൾ തൊട്ട് വന്ദിച്ചു തിരിഞ്ഞ് നടന്നു. 

ഹസ്തിനപുരത്തെ ഓരോ പുൽക്കൊടിയോടും കർണന്റെ പ്രിയപ്പെട്ട ഗംഗയോടും യാത്ര പറഞ്ഞ്.. 

ദൃഷദ്വതിയുടെ തീരത്ത് ചിതകൾ ആളിക്കത്തുന്നു… ഹസ്തിനപുരിയെ അന്ധകാരം മൂടിക്കഴിഞ്ഞു.. 

തന്റെ പുത്രനോടുള്ള യാത്രമൊഴിപോലെ ആദിത്യനും അന്ന് നേരത്തേ വിടവാങ്ങിയോ. 

വൃഷാലി നടന്നു.. ഉറച്ച കാൽവെയ്പുകളോടെ.. ആമീൻ കുന്നിനു മുകളിൽ കരിങ്കല്ലുകൾ നിറഞ്ഞ സ്ഥലത്താണ് ഭഗവാൻ ശ്രീകൃഷ്ണൻ കർണന്റെ ചിതയൊരുക്കിയത്.. കർണന്റെ അന്ത്യാഭിലാഷമായിരുന്നു അത്.. ഭഗവാൻ തന്നെ തന്റെ അന്ത്യ സംസ്കാരം ചെയ്യണം. ഒരു പുൽക്കൊടി പോലും മുളക്കാത്ത കന്യാഭൂമിയിൽ.. തൻ്റെ ദുഖങ്ങളും ശാപങ്ങളും വീണ്ടും പോട്ടിമുളച്ചു ഒരു മാനവരൂപം പൂകാൻ ഇനിയും ഇടവരരരുത്.  

വൃഷാലി നോക്കി... ദൂരെ എരിഞ്ഞടങ്ങുന്ന തന്റെ പ്രിയതമന്റെ ചിതക്കരുകിൽ എന്തോ ചിന്തയിലാണ്ടു ഭഗവാൻ ഇരിക്കുന്നു. 

പതിയെ മുന്നിൽ ചെന്ന് നിന്നു.. ചോദിക്കണമെന്നുണ്ടായിരുന്നു.. ആരാണ് കൃഷ്ണാ യുദ്ധത്തിൽ വിജയിച്ചത്. …ആർക്ക് വേണ്ടിയായിരുന്നു ഈ യുദ്ധം . തന്റെ കണ്ണുകളെ നേരിടാൻ കഴിയാതെ ഭഗവാൻ തലതാഴ്ത്തി. കൈകൾ കൂപ്പി ആ കാലുകൾ തൊട്ട് വന്ദിച്ചു 

വൃഷാലിയുടെ ജന്മം ഇവിടെ പൂർണമാവുകയാണ്.. കർണൻ ആഗ്രഹിച്ചത് പോലെ ഇനിയൊരു ജന്മം തനിക്കും ഉണ്ടാവാതിരിക്കട്ടെ… 

ഒന്നും പറയാതെ ചിതയിലേക്ക് നടന്നു…

കല്ലിൽ കൊത്തിയ വിഗ്രഹം പോലെ ശുഭ്രവസ്ത്രധാരിയായി നടന്നു നീങ്ങുന്ന വൃഷാലിയെ ഭഗവാൻ നോക്കി നിന്നു.. 

അവളുടെ തോളിൽ നിന്നും ഉതിർന്നു വീണ വസ്ത്രം എടുത്ത് അതിൽ കെട്ടിയിട്ട പൊട്ടിയ മൺകുടത്തിൽ കഷ്ണം നോക്കി ഭഗവാൻ ചിന്തയിലാണ്ട്‌ ഒരു നിമിഷം നിന്നു..

കൗരവസഭയിൽ അപമാനിക്കപ്പെട്ട ദ്രൗപദിയെ ഓർത്തു ചരിത്രം പരിതപിക്കും.. തൻ്റെ മൂത്ത പുത്രനെ പുഴയിൽ ഒഴുക്കിയ നിസ്സഹയായ കുന്തിക്ക് ചരിത്രം മാപ്പ് കൊടുക്കും.. സ്വന്തം പതിക്ക് വേണ്ടി കണ്ണ് കെട്ടി അന്ധത സ്വീകരിച്ച ഗാന്ധാരിയെ ചരിത്രം ആരാധിക്കും.. 

പക്ഷെ വൃഷാലി.. 

കർണൻ എന്ന വീരയോദ്ധാവിന്റെ സ്നേഹവും, പരിരക്ഷയും ഏറ്റു വാങ്ങിയവൾ… കർണന്റെ വേദനകളെയും അപമാനങ്ങളെയും അടുത്തറിഞ്ഞവൾ.. എന്നും കർണന്റെ നിഴലായി കൂടെ നിന്നവൾ.. 

പാതിവ്രത്യത്തിന്റെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകം.. 

ചരിത്രം അവളെയും വിസ്മരിക്കാതിരിക്കട്ടെ… 

മനസ്സ് കൊണ്ട് വൃഷാലിയെ ആശീർവദിച്ചു 
മോക്ഷം നൽകുമ്പോൾ അന്ന് ആദ്യമായി സർവ്വചരാചരങ്ങളുടെയും നാഥന്റെ കണ്ണുകൾ ഈറനനണിഞ്ഞു.. 

പക്ഷെ വൃഷാലി അത് കണ്ടില്ല.

തന്റെ പ്രാണന്റെ ചിതയിലേക്ക് ആത്‌മസമർപ്പണം ചെയ്തു കഴിഞ്ഞിരുന്നു അവൾ… 
 

No comments:

Post a Comment