ശ്രീപത്മനാഭസ്വാമി ക്ഷേത്രം
തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്.
108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. കിഴക്കുഭാഗത്തുള്ള വലിയ ഗോപുരം തമിഴ് ശൈലിയിലും മറ്റു ഗോപുരങ്ങൾ കേരളീയശൈലിയിലും നിർമ്മിച്ചിരിയ്ക്കുന്നു. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്.
ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്.
കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ച പതിനെട്ടടി നീളമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്.
തഞ്ചാവൂർ മാതൃകയിൽ നൂറ് അടിയോളം ഉയരത്തിൽ ഏഴു നിലകളിലായി ഏഴ് കിളിവാതിലുകളോടും മുകളിൽ ഏഴ് സ്വർണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ് ക്ഷേത്രത്തിലെ കിഴക്കേ ഗോപുരം നിർമിച്ചിട്ടുള്ളത്. മറ്റുഗോപുരങ്ങൾ സാധാരണ കാണുന്ന കേരളീയ ശൈലിയിൽ രണ്ടുനിലകളോടുകൂടി നിർമ്മിച്ചിരിയ്ക്കുന്നു.
വളരെ വിസ്തൃതിയേറിയതാണ് ചുറ്റമ്പലം. ഒത്ത നടുക്കായി ശ്രീകോവിലുണ്ട്. ക്ഷേത്രത്തിലെ പ്രശസ്തമായ ഒറ്റക്കൽ മണ്ഡപം ഇവിടെയാണ്. പുറത്ത് വിളക്കുമാടങ്ങൾ കാണാം. തെക്കുകിഴക്കായി തിടപ്പള്ളിയുമുണ്ട്. ദീർഘചതുരാകൃതിയിൽ മൂന്നുവാതിലുകളോടുകൂടിയതാണ് ഇവിടത്തെ ശ്രീകോവിൽ. പതിനെട്ടടി നീളത്തിൽ നിർമ്മിച്ച ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. പത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കരയോഗക്കൂട്ടുകൊണ്ടുണ്ടാക്കിയതിനാൽ അഭിഷേകം ചെയ്താൽ അലിഞ്ഞുപോകും. അതിനാൽ ഭഗവാന്റെ മറ്റൊരു വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഗ്രഹത്തിലാണ് അഭിഷേകം നടത്തുന്നത്.
ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം.
അനന്തന്റെ പത്തികൊണ്ട് ദേവന്റെ മൂർധാവ് മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ്. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്.
ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. അനന്തന്റെ മുകളിൽ പള്ളികൊള്ളുന്ന തേവർ കുടികൊള്ളുന്ന ദേശത്തിനു തിരുവനന്തപുരം എന്നപേരും ലഭിച്ചു.
കടുശർക്കര യോഗപ്രതിഷ്ഠ :
പന്തീരായിരത്തി എട്ട് സാളഗ്രാമങ്ങൾ അടുക്കി വച്ചുള്ള രൂപകൽപനയ്ക്കു ശേഷം ഏതാണ്ട് അഷ്ടബന്ധത്തിന് തുല്യമായ കടുംശർക്കര കൂട്ടുണ്ടാക്കി അത് പുറമെ പൂശി ശരീര തുല്യമാക്കി തീർത്ത് അതിൽ ജീവാവാഹനം ചെയ്തതാണ് ഇവിടുത്തെ “കടുംശർക്കര യോഗ വിഗ്രഹം”. കടുശർക്കരയോഗമായതിനാൽ മൂലബിംബത്തിൽ അഭിഷേകം പതിവില്ല. ഇതിനുപകരം ഒറ്റക്കൽമണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള അലങ്കാര വിഗ്രഹത്തിലാണ് നിത്യേന അഭിഷേകം നടത്താറുള്ളത്.
ദിവാകരമുനി/വില്വമംഗലം സ്വാമിയാർ ഭഗവാനെ ദർശിച്ചത് ഇരിപ്പമരച്ചുവട്ടിലാണ് എന്ന ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധത്തിൽ ഇവിടത്തെ ആദ്യത്തെ വിഗ്രഹം ഇരിപ്പമരത്തിന്റെ തടികൊണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ ഒരു വലിയ അഗ്നിബാധയിൽ അത് കത്തിപ്പോയി. അതിനെത്തുടർന്നാണ് ഇപ്പോഴുള്ള വിഗ്രഹം പ്രതിഷ്ഠിച്ചത്.
നേപ്പാളിലുള്ള ഗണ്ഡകി നദിയുടെ തീരങ്ങളിൽ കണ്ടുവരുന്ന വിശേഷാകൃതിയിലുള്ള കല്ലുകളാണ് സാളഗ്രാമങ്ങൾ. ഇവ വിഷ്ണുഭഗവാന്റെ പല രൂപങ്ങളെയും പ്രതിനിധീകരിയ്ക്കുന്നതായി കരുതപ്പെടുന്നു. പലനിറത്തിലും ഇവയുണ്ടെങ്കിലും കറുപ്പാണ് പ്രധാനനിറം. ഇന്ത്യയിലെ പല ഹൈന്ദവഭവനങ്ങളിലും ആശ്രമങ്ങളിലും സാളഗ്രാമങ്ങൾ പൂജിയ്ക്കപ്പെടുന്നു. ഗുരുവായൂരിലെ ക്ഷേത്രക്കിണറിൽ സാളഗ്രാമം പോലുള്ള വിശിഷ്ടവസ്തുക്കളുള്ളതായി വിശ്വസിച്ചുവന്നിരുന്നു. ഇത് സത്യമാണോ എന്നറിയാൻ 2013 മാർച്ചിൽ ക്ഷേത്രക്കിണർ വറ്റിച്ച് പരിശോധന നടത്തി. അഞ്ച് കുടങ്ങളും പത്ത് ഓട്ടുവിഗ്രഹങ്ങളും 19 മൺകുടങ്ങളും ധാരാളം പഴകിയ നാണയങ്ങളും ഏതാനും സാളഗ്രാമങ്ങളും ലഭിയ്ക്കുകയുണ്ടായി.
ഇപ്പോൾ അവ ക്ഷേത്രത്തിൽ പൂജിയ്ക്കപ്പെടുന്നു.
തമിഴ്നാട്ടിലുള്ള പല ക്ഷേത്രങ്ങളോടും കിടപിടിയ്ക്കുന്ന ശില്പചാരുത ഭക്തരെ ആകർഷിയ്ക്കുന്ന മറ്റൊരു ഘടകമാണ്. തമിഴ് ശൈലിയിൽ നിർമ്മിച്ച ഏഴുനിലകളോടുകൂടിയ കിഴക്കേഗോപുരം ക്ഷേത്രത്തിന്റെ എന്നല്ല, തിരുവനന്തപുരം നഗരത്തിന്റെതന്നെ ഒരു മുഖമുദ്രയാണ്. ധാരാളം കരിങ്കൽ ശില്പങ്ങൾ ക്ഷേത്രഗോപുരത്തിൽ നിറഞുനിൽക്കുന്നു. ആദ്യത്തെ നിലയിൽ വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ശില്പങ്ങൾ കാണാം.
ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ ഇവിടത്തെ ശീവേലിപ്പുരയും ഒറ്റക്കൽമണ്ഡപവുമാണ്. കിഴക്കുഭാഗത്തുള്ള ശീവേലിപ്പുരയ്ക്ക് ഏകദേശം 400 അടി നീളവും 200 അടി വീതിയും വരും. തിരുവനന്തപുരത്തിന് കിഴക്കുള്ള തിരുമല എന്ന സ്ഥലത്തുനിന്നും പൂജപ്പുര, കരമന, ജഗതി വഴി വളരെ ബുദ്ധിമുട്ടിയാണ് ഇതിനുള്ള കല്ലുകൾ കൊണ്ടുവന്നത്. 4000 ആശാരിമാരും 6000 തൊഴിലാളികളും 100 ആനകളും ചേർന്ന് ആറുമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ശീവേലിപ്പുരയിൽ 365 കരിങ്കൽത്തൂണുകളുണ്ട്. ഓരോ തൂണും ഒറ്റക്കൽകൊണ്ടുണ്ടാക്കിയതാണ്. പ്രമുഖ നിർമ്മാണവിദഗ്ദ്ധൻ അനന്തപത്മനാഭൻ മൂത്താചാരിയാണ് ശീവേലിപ്പുര നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ശ്രീകോവിലിനുമുമ്പിലുള്ള ഒറ്റക്കൽമണ്ഡപം പേരു സൂചിപ്പിയ്ക്കുന്നതുപോലെ ഒരു കൂറ്റൻ കല്ലുകൊണ്ടാണ് ഉണ്ടാക്കിയത്. ഇരുപതടി നീളവും രണ്ടരയടി വീതിയും വരും ഈ മണ്ഡപത്തിന്.
കൂടാതെ നാലമ്പലത്തിനുപുറത്തായി കുലശേഖരമണ്ഡപം എന്നാണതിന്റെ പേർ. ഇതിന് ആയിരംകാൽ മണ്ഡപം എന്നും സപ്തസ്വരമണ്ഡപം എന്നും പേരുകളുണ്ട്. ആയിരം കാലുകൾ (തൂണുകൾ) താങ്ങിനിർത്തുന്നതുകൊണ്ടാണ് ആയിരംകാൽ മണ്ഡപം എന്ന പേരുവന്നത്. ഇതിന്റെ നാലുഭാഗത്തുമുള്ള തൂണുകൾ തൊട്ടാൽ ഭാരതീയസംഗീതത്തിലെ സപ്തസ്വരങ്ങളായ ഷഡ്ജം, ഋഷഭം, ഗാന്ധാരം, മദ്ധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിവ കേൾക്കാൻ കഴിയും. അതിനാലാണ് സപ്തസ്വരമണ്ഡപം എന്ന പേരുവന്നത്. ഇതിന്റെ തൂണുകൾ സ്വർണ്ണം പൊതിഞ്ഞ് സംരക്ഷിച്ചുവരുന്നു. ഒറ്റക്കൽമണ്ഡപത്തിനും മുമ്പിലുള്ള അഭിശ്രവണമണ്ഡപത്തിൽ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുള്ള പ്രത്യേകപൂജകൾ അരങ്ങേറുന്നു. കൂടാതെ നാമജപത്തിനും ഇതുപയോഗിയ്ക്കാറുണ്ട്.
ധാരാളം ദാരുശില്പങ്ങളും ശിലാരൂപങ്ങളും ചുവർച്ചിത്രങ്ങളും ക്ഷേത്രത്തെ ആകർഷണീയമാക്കുന്നു. ശ്രീകോവിലിനുപിറകിലുള്ള ഭഗവാന്റെ ചുവർച്ചിത്രം കേരളത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രങ്ങളിലൊന്നാണ്. പതിനെട്ടടി നീളമുള്ള ഈ ചിത്രം വരച്ചത് ചാലയിൽ കാളഹസ്തി എന്നുപേരുള്ള ഒരു തമിഴ് ബ്രാഹ്മണനാണ്.
ക്ഷേത്രമതിലകം :
ഏതാണ്ട് മൂന്ന് ഹെക്ടറോളം വരുന്ന അതിവിശാലമായ മതിലകത്താണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേയ്ക്കു കടക്കാൻ ധാരാളം കരിങ്കൽപ്പടികളുണ്ട്. പത്മനാഭസ്വാമിയെക്കൂടാതെ നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരും പ്രധാനമൂർത്തികളാണ്. പ്രധാനശ്രീകോവിലിന് തെക്കുഭാഗത്താണ് നരസിംഹമൂർത്തിയുടെ ശ്രീകോവിൽ. യോഗനരസിംഹഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായ പഞ്ചലോഹവിഗ്രഹമാണ്. മഹാവിഷ്ണുഭഗവാന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തി രൗദ്രരസം ഉൾക്കൊണ്ട ദേവനായതിനാൽ നടതുറക്കുന്ന സമയത്ത് ഭാഗവതം വായിച്ച് ഭഗവാനെ ശാന്തനാക്കുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനകത്തുതന്നെയാണെങ്കിലും ഒരു പ്രത്യേകസ്ഥാനം നേടിയ ദേവാലയമാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം. സ്വന്തമായി നമസ്കാരമണ്ഡപവും കൊടിമരവും ബലിക്കല്ലും ഈ ദേവാലയത്തിനുണ്ട്. മൂന്നുപേർക്കും തുല്യപ്രാധാന്യമുണ്ട്. ശീവേലിയ്ക്കും ഉത്സവത്തോടനുബന്ധിച്ചുള്ള ശീവേലി, പള്ളിവേട്ട, ആറാട്ട് എന്നിവയ്ക്കും പത്മനാഭസ്വാമി സ്വർണ്ണവാഹനത്തിലും നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവർ വെള്ളിവാഹനത്തിലും എഴുന്നള്ളുന്നു.
ക്ഷേത്രത്തിൽ രണ്ടു കൊടിമരങ്ങളുണ്ട്. പത്മനാഭസ്വാമിയുടെ നടയിൽ സ്വർണ്ണക്കൊടിമരവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയുടെ നടയിൽ വെള്ളിക്കൊടിമരവുമാണുള്ളത്. രണ്ടുദേവന്മാരും വിഷ്ണുപ്രതിഷ്ഠയായതിനാൽ ഗരുഡനെ ശിരസ്സിലേറ്റുന്നതാണ് രണ്ടു കൊടിമരങ്ങളും. ക്ഷേത്രത്തിൽ മീനം, തുലാം എന്നീ മാസങ്ങളിൽ കെങ്കേമമായി ഉത്സവം നടക്കുന്നു. തുലാമാസത്തിൽ അത്തം കൊടികയറി തിരുവോണം ആറാട്ടായും മീനമാസത്തിൽ രോഹിണി കൊടികയറി അത്തം ആറാട്ടായുമാണ് ഉത്സവം. മുഖ്യമൂർത്തികളെ സിംഹം, അനന്തൻ, ഗരുഡൻ, തുടങ്ങി വിവിധ വാഹനങ്ങളിൽ എഴുന്നള്ളിയ്ക്കുന്നു. രണ്ടു കൊടിമരങ്ങളിലും ഈയവസരങ്ങളിൽ കൊടിയുണ്ട്.
ഭഗവാന്റെ നിർമ്മാല്യമൂർത്തിയായ വിഷ്വൿസേനൻ നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് തെക്കോട്ട് ദർശനമായി വാഴുന്നു. ഇരിയ്ക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. കൂടാതെ വലിയമ്പലത്തോടുചേർന്ന് വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ലോകത്ത് മറ്റൊരിടത്തും അശ്വത്ഥാമാവിനെ പ്രതിഷ്ഠിച്ചിട്ടില്ല. വേദവ്യാസപ്രതിഷ്ഠകൾ വേറെയും ചിലയിടത്തുണ്ടെങ്കിലും അത്യപൂർവ്വമാണ്. രണ്ട് വിഗ്രഹങ്ങളും പഞലോഹനിർമ്മിതമാണ്പടിഞ്ഞാട്ട് ദർശനം.
നാലമ്പലത്തിനുപുറത്ത് വടക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശിവന്റെ എട്ടു ഭൈരവന്മാരിലൊരാളായ ക്ഷേത്രപാലകൻ എന്ന ഭൂതത്തെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ക്ഷേത്രത്തെ പാലിയ്ക്കുകയാണ് ക്ഷേത്രപാലകന്റെ കർത്തവ്യം.
കൂടാതെ നാലമ്പലത്തിനുപുറത്ത കിഴക്കേ ഗോപുരത്തോടുചേർന്ന് ഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ പത്നിയായ സീതയോടും അനുജനായ ലക്ഷ്മണനോടും ചേർന്നുനിൽക്കുന്ന രൂപത്തിൽ രണ്ട് പ്രതിഷ്ഠകളുണ്ട്. ഒന്ന് വനവാസകാലത്തെയും മറ്റേത് ശ്രീരാമപട്ടാഭിഷേകത്തെയും സൂചിപ്പിയ്ക്കുന്നു. കൂടാതെ വിഗ്രഹത്തിനുകീഴിൽ ഹനുമാൻ, എട്ടുകൈകളോടുകൂടിയ പത്നീസമേതനായ ഗണപതി, കാളിയമർദ്ദനം നടത്തുന്ന ശ്രീകൃഷ്ണൻ എന്നിവർക്കും പ്രതിഷ്ഠയുണ്ട്. കൂടാതെ ഹനുമാന്റെതന്നെ ഭീമാകാരമായ മറ്റൊരു പ്രതിഷ്ഠയും സമീപത്തായിത്തന്നെ ഗരുഡൻ, മഹാമേരുചക്രം എന്നീ പ്രതിഷ്ഠകളുമുണ്ട്. പടിഞ്ഞാട്ടാണ് ഇവരുടെയെല്ലാം ദർശനം.
ക്ഷേത്രത്തിലെ അഗ്രശാലയിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. പടിഞ്ഞാട്ടാണ് ദർശനം. ക്ഷേത്രത്തിലെ അന്നദാനം ഈ പ്രതിഷ്ഠയ്ക്കുമുന്നിലാണ് നടത്തുന്നത്. കൂടാതെ യോഗാസനഭാവത്തിൽ സ്വയംഭൂവായ ശാസ്താവും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കിഴക്കോട്ടാണ് ശാസ്താവിന്റെയും ദർശനം.
ക്ഷേത്രത്തിൽ സമാധിയിരിക്കുന്ന സിദ്ധയോഗിയായ ശ്രീ അഗസ്ത്യർ ആണ് ക്ഷേത്രത്തിലെ പൂജാവട്ടങ്ങൾ ചിട്ടപ്പെടുത്തിയതെനും ഉപദേവതാപ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. അഗസ്ത്യരുടെ സമാധി ഹനുമാൻ പ്രതിഷ്ഠയ്ക്കു നേരെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
ആട്ടവിശേഷങ്ങൾ :
മീനമാസത്തിൽ രോഹിണി കൊടികയറി അത്തം ആറാട്ടായും തുലാമാസത്തിൽ അത്തം കൊടികയറി തിരുവോണം ആറാട്ടായും രണ്ട് ഉത്സവങ്ങളുണ്ട്. രണ്ടിനും ഭഗവാൻ ശംഖുമുഖം കടപ്പുറത്താണ് ആറാടുന്നത്. തുലാമാസത്തിൽത്തന്നെ തിരുവല്ലം പരശുരാമക്ഷേത്രത്തിലും ഇതേപോലെ ഉത്സവം നടത്തുന്നു.
പൈങ്കുനി ഉത്സവം :
തമിഴ് വർഷത്തിലെ പൈങ്കുനിമാസം എന്നാൽ മലയാളവർഷത്തിലെ മീനമാസമാണ്. മീനമാസത്തിൽ രോഹിണിനക്ഷത്രദിവസം കൊടികയറി അത്തം നക്ഷത്രദിവസം ശംഖുമുഖം കടപ്പുറത്ത് ആറാട്ടോടുകൂടി സമാപിയ്ക്കുന്ന പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് പൈങ്കുനി ഉത്സവം എന്ന പേരുവന്നത് അങ്ങനെയാണ്. ഉത്സവത്തിന് രാജകുടുംബത്തിന്റെ ആജ്ഞ കിട്ടൂമ്പോഴാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. മണ്ണുനീരുകോരൽ, മുളപൂജ, കലശം തുടങ്ങിയ കർമ്മങ്ങൾ അതിനുശേഷം നടക്കും. രോഹിണിനാളിൽ പത്മനാഭസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും കൊടിമരങ്ങളിൽ കൊടി കയറ്റുന്നു. ഉത്സവദിനങ്ങളിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. കൂടാതെ രണ്ടുനേരവും വിശേഷാൽ ശീവേലികളുമുണ്ടാകും. എന്നാൽ കൊടിയേറ്റദിവസം ഒരുനേരം (രാത്രി) മാത്രമേ ശീവേലിയുണ്ടാകാറുള്ളൂ. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലത്തൊരിയ്ക്കൽ ഉത്സവത്തിനിടയിൽ എഴുന്നള്ളിപ്പിനുകൊണ്ടുവന്ന ഒരു ആന ഇടയുകയുണ്ടായി. അതിനെത്തുടർന്ന് ആനയെഴുന്നള്ളിപ്പ് നിർത്തുകയും പകരം പൂജാരിമാർ വാഹനങ്ങളിലിരുത്തി ഭഗവാനെ കൊണ്ടുപോകുന്ന സമ്പ്രദായം കൊണ്ടുവരികയും ചെയ്തു. ആറുതരം വാഹനങ്ങളുണ്ട്. അവ സിംഹാസനം, അനന്തൻ, കമലം (താമര), പല്ലക്ക്, ഗരുഡൻ, ഇന്ദ്രൻ എന്നിവയാണ്. ഇവയിൽ പല്ലക്ക്, ഗരുഡൻ എന്നിവ മാത്രം യഥാക്രമം രണ്ട്, നാല് എന്നീ പ്രാവശ്യം നടത്തുന്നു. ഏറ്റവും പ്രിയപ്പെട്ട വാഹനം ഗരുഡവാഹനമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ആദ്യദിവസം സിംഹാസനം, രണ്ടാം ദിവസം അനന്തൻ, മൂന്നാം ദിവസം കമലം, നാലാമത്തെയും ഏഴാമത്തെയും ദിവസങ്ങളിൽ പല്ലക്ക്, ആറാം ദിവസം ഇന്ദ്രൻ, മറ്റുദിവസങ്ങളിൽ ഗരുഡൻ, ഇങ്ങനെയാണ് എഴുന്നള്ളിപ്പ്. പത്മനാഭസ്വാമിയുടേത് സ്വർണ്ണവാഹനവും നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ എന്നിവരുടേത് വെള്ളിവാഹനവുമാണ്. എട്ടാം ദിവസം രാത്രി ശീവേലിസമയത്ത് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ ഭഗവാന് കാണിയ്ക്ക സമർപ്പിയ്ക്കുന്നു. പിന്നീട് വലിയതമ്പുരാനും കാണിയ്ക്ക സമർപ്പിയ്ക്കുന്നു. തുടർന്ന് ഭക്തർ ഒന്നായി കാണിയ്ക്ക സമർപ്പിയ്ക്കുന്നു. ഇതാണ് ക്ഷേത്രത്തിലെ വലിയ കാണിയ്ക്ക. ഒമ്പതാം ദിവസമാണ് പള്ളിവേട്ട. രാജകീയമായ ഒരു നായാട്ടായി ഇത് കണക്കാക്കപ്പെടുന്നു. താത്കാലികമായി നിർമ്മിച്ച ഒരു കിടങ്ങിൽ ഒരു തേങ്ങ വെച്ചിട്ടുണ്ടാകും. ഭഗവാന്റെ പ്രതിനിധിയായി കണക്കാക്കപ്പെടുന്ന മഹാരാജാവ് അത് അമ്പെയ്തു തകർക്കുന്നു. സകല തിന്മകളുടെയും മേലുള്ള വിജയമാണ് ഇതിൽനിന്നും അർത്ഥമാക്കുന്നത്. പത്താം ദിവസമാണ് ആറാട്ട്. ക്ഷേത്രത്തിൽ രണ്ടു പ്രദക്ഷിണം വച്ചശേഷം വാഹനങ്ങൾ പടിഞ്ഞാറേ നടയിലൂടെ പുറത്തിറങ്ങുന്നു. വലിയതമ്പുരാനും രാജകുടുംബത്തിലെ മറ്റു പുരുഷന്മാരും വാളും പരിചയും ധരിച്ചുകൊണ്ട് ഭഗവാന് അകമ്പടി സേവിച്ചുണ്ടാകും. പടിഞ്ഞാറേ നടവഴി എഴുന്നള്ളിപ്പ് ഇറങ്ങുമ്പോൾ 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും. വാദ്യമേളങ്ങളും കലാപരിപാടികളുംകൊണ്ട് സമ്പന്നമായ എഴുന്നള്ളിപ്പ് ശംഖുമുഖം കടപ്പുറത്തെത്താൻ വളരെ നേരമെടുക്കും. ഈ എഴുന്നള്ളിപ്പ് രാജഭരണത്തിന്റെ ചരിത്രം ഓർമ്മിപ്പിയ്ക്കുന്നു. കടപ്പുറത്തെത്തിച്ചുകഴിഞ്ഞാൽ തന്ത്രവിധിയനുസരിച്ച് വിഗ്രഹങ്ങൾ ഇറക്കിവച്ച് പൂജകൾ നടത്തുന്നു. പിന്നീട് തന്ത്രി, മേൽശാന്തി, കീഴ്ശാന്തി തുടങ്ങിയവരും രാജകുടുംബാംഗങ്ങളും മൂന്നുപ്രാവശ്യം കടലിൽ മുങ്ങുന്നു. പിന്നീട് ശരീരം വൃത്തിയാക്കിയശേഷം തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്നതിനും വളരെ നേരമെടുക്കും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ കടക്കുമ്പോഴും 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും. തുടർന്ന് കൊടിയിറക്കം. തിരുവനന്തപുരം നഗരത്തിലെ സർക്കാർ കാര്യാലയങ്ങൾക്ക് അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കുശേഷം അവധിയായിരിയ്ക്കും. ഉത്സവദിനങ്ങളിൽ പഞ്ചപാണ്ഡവരുടെ പടുകൂറ്റൻ വിഗ്രഹങ്ങൾ കിഴക്കേ കോട്ടവാതിലിനോടുചേർന്ന് പ്രതിഷ്ഠിയ്ക്കാറുണ്ട്. പടിഞ്ഞാട്ട് ദർശനമായി (ഭഗവാന് അഭിമുഖമായി) ആണ് പ്രതിഷ്ഠകൾ.
അൽപ്പശി ഉത്സവം :
തമിഴ് വർഷത്തിലെ അൽപ്പശി അഥവാ ഐപ്പശി എന്നാൽ മലയാളവർഷത്തിലെ തുലാമാസമാണ്. മീനമാസത്തിലെ ഉത്സവത്തിനുള്ള എല്ലാ ചടങ്ങുകളും തുലാമാസത്തിലെ ഉത്സവത്തിനും ആവർത്തിയ്ക്കുന്നു. നക്ഷത്രത്തിന്റെ കാര്യത്തിൽ മാത്രമാണ് വ്യത്യാസം. തുലാമാസത്തിൽ അത്തം കൊടികയറി തിരുവോണം ആറാട്ടായാണ് ഉത്സവം.
മുറജപം :
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന “മുറജപം” ഏറെ പ്രത്യേകതയുള്ള ചടങ്ങാണ്. അമ്പത്താറു ദിവസത്തെ മഹാമഹമാണ് മുറജപം. എട്ടു ദിവസം ഓരോ മുറ. ഈ ക്രമത്തിൽ അമ്പത്തിയാറു ദിവസത്തെ ഏഴായി വിഭജിച്ച് ജപകർമങ്ങൾ നടത്തുന്നു. ഉത്തരായന സംക്രമണ ദിവസം (മകര ശീവേലി) കാലം കൂടത്തക്കവണ്ണം വൃശ്ചികമാസം ആദ്യ ആഴ്ചയിൽ മുറജപത്തിന് തുടക്കം കുറിക്കും. കൊല്ല വർഷം 919-ൽ ആദ്യ മുറജപം നടന്നു. അതേ വർഷം ധനുവിൽ ഭദ്രദീപവും തൃപ്പടിദാനത്തിനു ശേഷം തുലാപുരുഷ ദാനവും നടന്നതായി രേഖയുണ്ട്.[38] 1123 വരെ മുറജപം ആർഭാടത്തോടെയാണ് ആഘോഷിച്ചിരുന്നത്. ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവയാണ് പ്രധാനമായും മുറജപത്തിന് ഉരുവിടാറുള്ളത്.
ശ്രീപത്മാനാഭനു മുറജപം ആറുവർഷം കൂടുമ്പോഴായിരുന്നു വെങ്കിൽ വൈക്കത്തപ്പനും, തിരുവാഴപ്പള്ളിലപ്പനും 12 വർഷം കൂടുമ്പോൾ വടക്കുപുറത്തുപാട്ടും, മുടിയെടുപ്പ് എഴുന്നള്ളത്തും നടത്തുന്നു. ഈ മൂന്നു മഹാമഹങ്ങളും തിരുവിതാംകൂർ രാജ്യത്തെ അന്നത്തെ പ്രധാന ഹൈന്ദവാഘോഷങ്ങളായിരുന്നു. മുറജപത്തിന്റെ ഗുരുസ്ഥാനീയർ ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്.
അഷ്ടമിരോഹിണി :
ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിനാളിൽ ശ്രീകൃഷ്ണഭഗവാന്റെ ജന്മദിനം ആഘോഷിയ്ക്കുന്നു. അന്നേദിവസം ക്ഷേത്രത്തിൽ ഉച്ചതിരിഞ്ഞു രണ്ടുമണിയ്ക്കുതന്നെ നടതുറക്കുന്നു. തുടർന്ന് രണ്ടരമണിയ്ക്ക് തിരുവമ്പാടി ക്ഷേത്രത്തിൽ പാലഭിഷേകം നടത്തുന്നു. ഈ ദിവസം വലിയൊരു മരത്തൊട്ടിൽ അഭിശ്രവണമണ്ഡപത്തിൽ വയ്ക്കുന്നും. അതിൽ ധാരാളം ശ്രീകൃഷ്ണവിഗ്രഹങ്ങളും കാണാം. കുട്ടികളില്ലാത്ത ദമ്പതിമാർ ഈ സമയത്ത് ഇവിടെവന്നുതൊഴുതാൽ അവർക്ക് കുട്ടികളുണ്ടാകുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
വിഷു :
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഉത്സവങ്ങളിലൊന്നാണ് മേടമാസത്തിലെ വിഷു. പണ്ടുകാലത്ത് വിളവിറക്കലിന്റെ ഉത്സവമായിരുന്നു വിഷു. ഇന്ന് കാലമേറെ മാറിയിട്ടും ആഘോഷങ്ങൾക്ക് കുറവില്ല. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും വിഷുക്കണിയും പടക്കം പൊട്ടിയ്ക്കലുമുണ്ടാകും. പത്മനാഭസ്വാമിക്ഷേത്രത്തിൽ എല്ലാ പ്രതിഷ്ഠകൾക്കും വിഷുക്കണി ദർശനമുണ്ട്. ക്ഷേത്രനട പതിവിലും ഒരുമണിക്കൂർ നേരത്തെ തുറക്കുന്നു.
വിനായകചതുർത്ഥി :
ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർത്ഥിയാണ് വിനായക ചതുർത്ഥി. ഗണപതിയുടെ ജന്മദിനമായി ഇത് ആഘോഷിയ്ക്കുന്നു. ശ്രീരാമക്ഷേത്രത്തിലെയും അഗ്രശാലയിലെയും ഗണപതിപ്രതിഷ്ഠകൾക്ക് പ്രത്യേകപൂജകൾ അന്നുണ്ടാകും. അഗ്രശാല ഗണപതിയ്ക്ക് അന്ന് ചിറപ്പുണ്ടാകും. വലിയതമ്പുരാൻ ഈ ദിവസം മാത്രമാണ് അഗ്രശാലയിൽ ദർശനം നടത്തുന്നത്.
തിരുവോണം :
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഉത്സവങ്ങളിലൊന്നാണ് ചിങ്ങമാസത്തിലെ തിരുവോണം. പണ്ടുകാലത്ത് വിളവെടുപ്പിന്റെ ഉത്സവമായിരുന്നു ഓണം. ഇന്ന് കാലമേറെ മാറിയിട്ടും ആഘോഷങ്ങൾക്ക് കുറവില്ല. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും അത്തം മുതൽ തിരുവോണം വരെ പത്തുദിവസം പൂക്കളവും അവസാനത്തെ രണ്ടുദിവസം ഗംഭീരൻ സദ്യയുമുണ്ടാകും. പത്മനാഭസ്വാമിക്ഷേത്രത്തിൽ ഭഗവാന്റെ തിരുനാൾ എന്ന സങ്കല്പത്തിലാണ് ആഘോഷം. അന്നേദിവസം ഓണവില്ല് എന്ന പേരിൽ ചില പ്രത്യേകതരം വില്ലുകൾ ഭഗവാന് സമർപ്പിയ്ക്കുന്നു. പണ്ട് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന് മാർത്താണ്ഡവർമ്മ തമിഴ്നാട്ടിൽനിന്നും കൊണ്ടുവന്ന വിശ്വകർമ്മജരുടെ പിൻഗാമികളാണ് ഇവ സമർപ്പിയ്ക്കുന്നത്. ഗണപതി, ശ്രീകൃഷ്ണലീലകൾ, ശ്രീരാമപട്ടാഭിഷേകം, പത്മനാഭസ്വാമി, ദശാവതാരം, ശാസ്താവ് (അയ്യപ്പൻ) ഏന്നീ രൂപങ്ങൾ ആലേഖനം ചെയ്ത ഏഴുവില്ലുകളുണ്ട്.
ശിവരാത്രി :
കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളിൽ നടത്തുന്ന ഒരു ഉത്സവമാണ് ശിവരാത്രി. രാജ്യം മുഴുവൻ ശിവപ്രീതിയ്ക്കായി ഈ ദിവസം വ്രതമനുഷ്ഠിയ്ക്കുന്നു. പത്മനാഭസ്വാമിയുടെ വിഗ്രഹത്തിനുകീഴിലുള്ള ശിവലിംഗത്തിൽ വിശേഷാൽ പൂജകൾ ശിവരാത്രിദിനത്തിലുണ്ടാകാറുണ്ട്.
നവരാത്രിപൂജ :
കന്നിമാസത്തിലെ അമാവാസിദിനത്തിൽ തുടങ്ങി ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന ഒരു ഉത്സവമാണ് നവരാത്രിപൂജ. ദേവീപ്രീതിയ്ക്കായി ഈ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ നടത്തുന്നു. എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമിനാളിൽ സന്ധ്യയ്ക്ക് പുസ്തകങ്ങൾ പൂജയ്ക്കുവയ്ക്കുന്നു. അടുത്തദിവസമായ മഹാനവമിദിനത്തിൽ അടച്ചുപൂജയാണ്. അതിന്റെയടുത്ത ദിവസമായ വിജയദശമിദിനത്തിൽ രാവിലെ പുസ്തകങ്ങൾ പൂജയ്ക്കുശേഷം എടുത്തുമാറ്റുന്നു. കൂടാതെ അന്നുതന്നെ വിദ്യാരംഭവും നടത്തുന്നു.
പത്മനാഭസ്വാമിക്ഷേത്രത്തിൽ നവരാത്രികാലത്ത് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള പത്മനാഭപുരം കൊട്ടാരത്തിൽനിന്നും സരസ്വതീദേവിയുടെ വിഗ്രഹം കൊണ്ടുവരുന്നു. ക്ഷേത്രത്തിനടുത്തുള്ള വലിയകൊട്ടാരത്തിൽവച്ച് ഒമ്പതുദിവസവും സരസ്വതീപൂജ നടത്തുന്നു. സരസ്വതിയെക്കൂടാതെ കുമാരകോവിൽ മുരുകനും ശുചീന്ദ്രം മുട്ടുത്തി നങ്കയും എഴുന്നള്ളുന്നു.
വലിയ ഗണപതിഹോമം :
നവരാത്രിപൂജ തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് സർവ്വവിഘ്നങ്ങളും നീക്കുന്നതിനായി വലിയ ഗണപതിഹോമം നടത്തുന്നു. ക്ഷേത്രം തന്ത്രിയാണ് ഹോമാചാര്യൻ.
മലയാള നവവർഷം :
ചിങ്ങം ഒന്നിന് മലയാളവർഷം തുടങ്ങുന്നു. കേരളത്തിലെ എല്ലാ ദേവാലയങ്ങളിലും ഈ ദിവസം വിശേഷാൽ പൂജകളും ഭക്തജനത്തിരക്കും ഉണ്ടാകും. പത്മനാഭസ്വാമിക്ഷേത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല.
മകരശ്ശീവേലി :
സൂര്യൻ ധനുരാശിയിൽനിന്നും മകരം രാശിയിലേയ്ക്ക് പ്രവേശിയ്ക്കുന്ന ദിവസമാണ് മകരസംക്രാന്തി. ഉത്തരായണത്തിന്റെ ആരംഭം കൂടിയാണിത്. ഈ ദിവസമാണ് ശബരിമലയിൽ മകരവിളക്ക് നടത്തുന്നത്. ഇതേ ദിവസം പത്മനാഭസ്വാമിക്ഷേത്രത്തിൽ പ്രത്യേകമായി രാത്രിശീവേലി നടത്തുന്നു. ഇതാണ് മകരശ്ശീവേലി.
കർക്കടകശ്ശീവേലി :
സൂര്യൻ മിഥുനം രാശിയിൽനിന്നും കർക്കടകം രാശിയിലേയ്ക്ക് പ്രവേശിയ്ക്കുന്ന ദിവസമാണ് കർക്കടകസംക്രാന്തി. ദക്ഷിണായനത്തിന്റെ ആരംഭം കൂടിയാണിത്. കർക്കടകം രാമായണമാസമായി ആചരിയ്ക്കുന്നു. ഈ ദിവസവും മകരശ്ശീവേലിപോലെ രാത്രികാലത്ത് പ്രത്യേക ശീവേലിയുണ്ട്. ഇതാണ് കർക്കടകശ്ശീവേലി.
ഭദ്രദീപം :
മകരശ്ശീവേലി, കർക്കടകശ്ശീവേലി ദിവസങ്ങളിൽ നടത്തുന്ന ഒരു ചടങ്ങാണിത്. അഞ്ചുതിരികളിട്ട ഒരു നിലവിളക്കാണ് ഭദ്രദീപം. ഇത് ഒരു പ്രത്യേകമുറിയിൽ സൂക്ഷിച്ചുവയ്ക്കുന്നു. ശീവേലിദിവസങ്ങളിൽ ഇത് തുറക്കുന്നു.
ഗുരുപൂർണ്ണിമ : (വേദവ്യാസജയന്തി)
കർക്കിടകമാസത്തിലെ പൗർണ്ണമിദിവസം വേദവ്യാസമഹർഷിയുടെ ജന്മദിനമായി ആഘോഷിയ്ക്കുന്നു. അന്ന് ശിഷ്യർ ഗുരുക്കന്മാർക്ക് പ്രത്യേകദക്ഷിണ വയ്ക്കുന്നു. പത്മനാഭസ്വാമിക്ഷേത്രത്തിലെ വേദവ്യാസന്റെ ശ്രീകോവിലിൽ അന്ന് പ്രത്യേക പൂജകളുണ്ടാകും.
ശ്രീരാമനവമി :
മേടമാസത്തിലെ വെളുത്തപക്ഷത്തിലെ നവമിദിവസം ശ്രീരാമഭഗവാന്റെ ജന്മദിനമായി ആഘോഷിയ്ക്കുന്നു. അന്ന് ശ്രീരാമക്ഷേത്രത്തിൽ പ്രത്യേകപൂജകളുണ്ടാകും.
മണ്ഡലകാലം :
കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വൃശ്ചികം ഒന്നുതൊട്ട് ധനു 11 വരെയുള്ള 41 ദിവസം വിശേഷമാണ്. ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ എല്ലാ ക്ഷേത്രങ്ങളിലും വമ്പിച്ച തിരക്കുണ്ടാകും. പത്മാനാഭസ്വാമിക്ഷേത്രത്തിൽ ശാസ്താവിന്റെ നടയിൽ ഈ 41 ദിവസവും വിശേഷാൽ പൂജകളുണ്ടാകും. മണ്ഡലകാലം അവസാനദിവസം മണ്ഡലച്ചിറപ്പുമുണ്ടാകം.
കളഭാഭിഷേകം :
ധനു, മിഥുനം എന്നീ മാസങ്ങളിലെ അവസാനത്തെ ആറുദിവസങ്ങളിലാണ് വിശേഷാൽ കളഭാഭിഷേകം. ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകൾക്കും ഈ ദിവസം കളഭാഭിഷേകം നടത്തും.
വൈകുണ്ഠ ഏകാദശി :
ധനുമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി ദിവസമാണ് വൈകുണ്ഠ ഏകാദശി. ഈ ദിവസം വിഷ്ണുഭഗവാന് വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിവസത്തെ വ്രതം വിഷ്ണുപദപ്രാപ്തിയ്ക്കുത്തമമായി കരുതപ്പെടുന്നു. ഈ ദിവസം മരിയ്ക്കുന്നവർ നേരിട്ട് വൈകുണ്ഠത്തിലെത്തിച്ചേരുമെന്നും കരുതപ്പെടുന്നു. അതിനാൽ വൈകുണ്ഠ ഏകാദശി എന്ന പേരുവന്നു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വഴിപാടുകളും ശീവേലിയുമുണ്ടാകും. ക്ഷേത്രം കൂടുതൽ നേരം തുറന്നിരിയ്ക്കും.
നിത്യ പൂജകൾ :
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം. ക്ഷേത്രപൂജാദികൾ നടത്തുന്നതിന് മംഗലാപുരത്തുകാരായ “അക്കരെ ദേശികൾ”ക്കും, നീലേശ്വരത്തുകാരായ “ഇക്കരെ ദേശികൾ”ക്കും പുഷ്പാഞ്ജലി നടത്തുന്നതിന് വില്വമംഗലത്തിന്റെ പരമ്പരയിൽപെട്ടവർക്കും മാത്രമാണ് അവകാശം.[39] കാസർകോട് കുമ്പളയ്ക്കടുത്തുള്ള അനന്തപദ്മനാഭ ക്ഷേത്രവുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാവുകയാണ്. വില്വമംഗലം സ്വാമിയാണവിടെ പ്രതിഷ്ഠ നടത്തിയത്. ദിവാകര മുനിയും വില്വമംഗല സ്വാമിയാരും രണ്ടല്ല എന്ന് ഇതിൽ നിന്നും ബോധ്യമാവും.
ക്ഷേത്ര തന്ത്രം :
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രം ആദ്യകാലത്ത് കൂപക്കരപ്പോറ്റിമാർക്ക് ആയിരുന്നു. എന്നാൽ പിന്നീടു താന്ത്രിക അവകാശം ഇരിങ്ങാലക്കുടയിലുള്ള നെടുമ്പിള്ളി തരണനല്ലൂർ കുടുംബത്തിനു ലഭിച്ചു.
പത്മതീർത്ഥം :
കിഴക്കേ കോട്ടയ്ക്കകത്തെ പുണ്യതീർത്ഥമാണ് പത്മതീർത്ഥക്കുളം. ശ്രീ പത്മനാഭ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തായി വിസ്തൃത മനോഹരമായ അന്തരീക്ഷത്തിലാണ് പത്മതീർത്ഥം സ്ഥിതി ചെയ്യുന്നത്.
മിത്രാനന്ദപുരം തീർത്ഥം :
ക്ഷേത്രത്തിലെ പൂജാരിമാരായ പുഷ്പാഞ്ജലി സ്വാമിയാരും പുറപ്പെടാ ശാന്തിക്കാരായ നമ്പിമാരും നിത്യേന ശ്രീ പത്മനാഭന്റെ പൂജക്കു മുമ്പ് കുളിക്കേണ്ടത് ഈ കുളത്തിലാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള 'മണ്ണുനീരുവാരൽ' ചടങ്ങ് നടക്കുന്നതും മിത്രാനന്ദപുരത്തെ ഈ കുളത്തിലാണ്. ക്ഷേത്രാചാരങ്ങൾക്കായി ഉപയോഗിക്കുന്ന ഏക തീർഥക്കുളം മിത്രാനന്ദപുരംതീർത്ഥമാണ്.
No comments:
Post a Comment