ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 May 2022

ദേവലോകത്തെ പകല്‍ക്കാലം

ദേവലോകത്തെ പകല്‍ക്കാലം

സംക്രമണം, സംക്രമം, സംക്രാന്തി എന്നെല്ലാം പറയുന്നത് ഒന്നിനെത്തന്നെയാണ്. ഗ്രഹങ്ങള്‍ ഒരുരാശിയില്‍ സഞ്ചരിച്ച് തുടര്‍ച്ചയെന്നോണം അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെ (വേണമെങ്കില്‍ 'പ്രവേശനോത്സവം' എന്നു വിളിക്കാം) സംക്രമണം, സംക്രമം, സംക്രാന്തി എന്നു പറയുന്നു. ജ്യോതിഷമറിയുന്നവര്‍ 'ഗ്രഹപ്പകര്‍ച്ച' എന്ന പേരും ഇതിനുപയോഗിക്കുന്നു.  

എല്ലാ ഗ്രഹങ്ങളുടെയും രാശി മാറ്റം പഞ്ചാംഗത്തില്‍ നല്‍കപ്പെടുന്നുണ്ട്. സൂര്യന്റെ സംക്രമണമാണ് ഇവിടെ പ്രസക്തം. സംക്രമങ്ങള്‍ക്ക് ഏതു രാശിയിലേക്ക് സംക്രമിക്കുന്നു എന്നതിനെ മുന്‍ നിര്‍ത്തി പല പേരുകള്‍ നല്‍കാറുണ്ട്. 

എടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ നാല് സ്ഥിരരാശികളിലെ സംക്രമങ്ങള്‍ 'വിഷ്ണുപദീ' എന്നു വിളിക്കപ്പെടുന്നു.

ഉഭയരാശികളായ മിഥുനം, കന്നി, ധനു, മീനം എന്നിവയിലേക്കുള്ള സംക്രമണം 'ഷഡശിതി' എന്നാണ് അറിയപ്പെടുന്നത്.

മേടം, തുലാം എന്നിവയിലെ സംക്രാന്തിയാണ് 'വിഷുവം' അഥവാ 'വിഷുവത്'. 

കര്‍ക്കടക രാശിയിലേക്കുള്ള സൂര്യസംക്രമം 'ദക്ഷിണായനം', ധനുവില്‍ നിന്നും മകരത്തിലേക്കുള്ള സൂര്യസംക്രമണം 'ഉത്തരായനം'. അങ്ങനെ വര്‍ഷത്തില്‍ രണ്ട് അയനങ്ങള്‍. രണ്ട് അയനങ്ങളിലേക്കുള്ള സംക്രമണങ്ങളും. ജ്യോതിഷത്തില്‍ ഘനിഷ്ഠമായൊരു വാക്കാണ്, വിശേഷണമാണ് 'സംക്രമപുരുഷന്‍' എന്നത്. സൂര്യനെയാണ് അങ്ങനെ വിളിക്കുന്നത്. സംക്രമ പുരുഷന്‍ പ്രവേശിക്കുന്ന രാശികള്‍, നക്ഷത്രങ്ങള്‍, തിഥികള്‍, കരണങ്ങള്‍, വാരങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ചാണ് പ്രപഞ്ചത്തിനും അതിലെ ജീവ ജാലങ്ങള്‍ക്കൊട്ടാകെയും അതാത് സംവത്സരം അതാത് മാസം ഒക്കെ ഫലങ്ങളുണ്ടാവുക. സംക്രമണം നടക്കുന്ന നക്ഷത്രത്തെ വ്യക്തികളുടെ ജന്മനക്ഷത്രവുമായി ബന്ധപ്പെടുത്തി ഫലം നിര്‍ണയിക്കുന്ന രീതിയുമുണ്ട്. ഇതു തന്നെയും പലതരത്തിലുണ്ട്. 

ഉത്തരായനം മകരസംക്രമം മുതല്‍ കര്‍ക്കട സംക്രമം വരെയുള്ള ആറുമാസക്കാലമാണ്. അതായത് മകരം മുതല്‍ മിഥുനം വരെ. ദേവന്മാരുടെ പകലുകളാണ് ഉത്തരായനകാലം! പുരാണേതിഹാസങ്ങള്‍ അവ്വിധം സൂര്യകാലത്തെ, തേങ്ങാമുറികള്‍ പോലെ രണ്ടു ഭാഗമാക്കിയിരിക്കുന്നു. പ്രത്യേകിച്ച് പറയേണ്ടതായിട്ടില്ല, ഉത്തരായനകാലമാണ് ഉത്തമമായി കണക്കാക്കപ്പെടുന്നതെന്ന്. മംഗള കര്‍മങ്ങള്‍ക്കഖിലവും ഉത്തരായനം സ്വീകരിച്ചു പോരുന്നു. ദേവപ്രതിഷ്ഠ, ക്ഷേത പുനരുദ്ധാരണം, ഉപനയനം, സല്‍ക്കര്‍മ്മങ്ങള്‍ ഇവയ്‌ക്കെല്ലാം മകരം മുതല്‍ ആറുമാസമാണ് സമുചിതമെന്ന് വിശ്വാസമുണ്ട്. മരിക്കാന്‍ പോലും ഉത്തരായന കാലമാണ് നല്ലതെന്ന് സ്വച്ഛന്ദ മൃത്യുപൂകിയ ഭീഷ്മപിതാമഹന്‍ കാട്ടിത്തരികയുണ്ടായല്ലോ? ജാതകമെഴുതുന്ന ദൈവജ്ഞന്‍ ഉത്തരായനപ്പിറവിക്കും ദക്ഷിണായനപ്പിറവിക്കും പ്രത്യേകഫലങ്ങള്‍ എഴുതുന്നു.

മകരപ്പൊങ്കലും മകരജ്യോതിയും മകരശീവേലിയുമായി തുടങ്ങുന്ന ഉത്തരായനം ദേവന്മാരുടെ പകലാകയാലാവണം, കേരളത്തിലെ ഉത്സവധ്വജങ്ങള്‍ ഉയര്‍ന്നു പറക്കുന്ന കാലം കൂടിയാണത്. ദേവന്മാരുടെ തിരുവുത്സവങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിന്റെ തിരുവരങ്ങുകളിലാണ് കൊട്ടിക്കയറുക. തെക്കേവഴിവിട്ട് വടക്കേവഴിയിലേക്ക് യാത്രാപഥം മാറ്റുന്ന ഒരു നിത്യസഞ്ചാരിയെ സൂര്യന്റെ അയനമാറ്റത്തിലൂടെ നാം തിരിച്ചറിയുന്നു. ആ കാലദര്‍ശനം മനുഷ്യനും അനുകരണീയമാണ്. അയനപ്പകര്‍ച്ച തമസ്സില്‍ നിന്നുമുള്ള ജ്യോതിര്‍ഗമനവും അസത്തില്‍ നിന്നുള്ള സദ്ഗമനവും ആയി സ്വീകരിക്കാന്‍ നമുക്ക് സന്നദ്ധതയുണ്ടാവട്ടെ.! 

No comments:

Post a Comment