തിരുപ്പതി ക്ഷേത്രത്തിലെ ഇരുമ്പ് ദണ്ഡ്
തിരുപ്പതി വെങ്കടേശ്വരസ്വാമി ക്ഷേത്രത്തിൽ പോയിട്ടുള്ളവർ ക്ഷേത്രത്തിലേക്ക് കടക്കുന്നതിനു മുൻപായി പ്രധാനകവാടത്തിൽ വലതു ഭാഗത്തു മുകളിലായി ഒരു ഇരുമ്പു ദണ്ട് തൂങ്ങിക്കിടക്കുന്നത് ശ്രദ്ദിച്ചിട്ടുണ്ടോ? ഇതിനു പിന്നിൽ ഒരു മഹാഭക്തന്റെ ചരിത്രമുണ്ട്. ഭഗവാന് ഏറ്റവും പ്രിയങ്കരമായ സേവകളിൽ ഒന്നാണ് പുഷ്പയാഗം. തിരുമലയിൽ ഭഗവാൻ പുഷ്‌പാലങ്കാരപ്രിയനാണ്. ഇത് വെളിപ്പെടുത്തിയത് ശ്രീവൈഷ്ണവാചാര്യനായ സാക്ഷാത് ഭഗവദ് രാമാനുജാചാര്യനാണ്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു അനന്താൾവാൻ.
ഒരിക്കൽ ശ്രീരംഗത്തു ശിഷ്യരുടെ ഇരിക്കുന്ന അവസരത്തിൽ അദ്ദേഹം തനിക്കു ധീരനായ ഒരു യുവാവിന്റെ ആവശ്യമുണ്ടെന്നു ശിഷ്യരോട് പറഞ്ഞു. തിരുമലയിൽ വെങ്കടേശ്വരപ്പെരുമാളിനു പുഷ്പാകൈങ്കര്യത്തിനായി ധാരാളം പൂക്കളുടെ ആവശ്യമുണ്ടെന്നും അത് താഴെനിന്ന് കൊണ്ടുപോകേണ്ടതിനാൽ വലിയ വിഷമമാണെന്നും അതിനാൽ മലയുടെ മുകളിൽ താമസിച്ചു അവിടെ ഭൂമി നന്നാക്കി ഒരു പൂന്തോട്ടം നിർമിച്ചു പരിപാലിക്കുന്നതിനു തനിക്കു ആഗ്രഹമുണ്ടെന്നും അതിനു ആര് തയ്യാറാകുമെന്നും അദ്ദേഹം അവരോട് ആരാഞ്ഞു. അന്ന് തിരുമലയോഗക്കെ വന്യമൃഗങ്ങളോടുകൂടിയ വലിയ കാടാണ്. ഇതുകേട്ട അനന്താൾവാൻ ചാടിയെണീറ്റു. താൻ അവിടെ പോകാൻ തയ്യാറാണെന്നും ഗുരുവിന്റെ ആഗ്രഹം സഫലമാക്കുകയാണ് ഇനി തന്റെ ജീവിതോദ്ദേശ്യമെന്നും ധൈര്യത്തോടെ പറഞ്ഞു.അങ്ങനെ ഗുരുവിന്റെ അനുഗ്രഹത്തോടെ ഗർഭിണിയായ തന്റെ ഭാര്യയുമായി അദ്ദേഹം അതിദുർഘടമായ മലകയറി തിരുമലയിലെത്തി. താമസിയാതെ പൂന്തോട്ടത്തിന്റെ പണികളാരംഭിച്ചു. ആദ്യമായി സ്ഥാനം നിർണയിച്ചു ഒരു കുളം കുഴിക്കുന്ന പണിയാണ് അദ്ദേഹം ചെയ്തത്. പണിക്കരാറുമില്ല. രാവിലെ ഒരു കാട്ടാമ്പരയും കുട്ടയുമായി അദ്ദേഹം സ്ഥലത്തു ചെല്ലും. കാട്ടംപാറകൊണ്ട് മണ്ണിളക്കി ഒരു കുട്ടയിലാക്കി തന്റെ ഗർഭിണിയായ ഭാര്യയുടെ തലയിൽ വച്ചുകൊടുക്കും. അവർ അത് കുറച്ചകലെ ഒരു സ്ഥലത്തു കൊണ്ടുചെന്നിടും .ഇതാണ് പണി.ഇങ്ങനെ കുറേദിവസംകൊണ്ടു ഏകദേശം ഒരു വലിയകുഴിയായി.
ഇതോടെ പൂർണഗര്ഭിണിയായ അദ്ദേഹത്തിന്റെ ഭാര്യക്ക് മണ്ണുമായി കുഴിയിൽനിന്നു കയറുന്നതിനു ആയാസമായിത്തുടങ്ങി. അപ്പോഴാണ് ഒരു ചെറിയ ബാലൻ അവിടേക്കുവന്നത്. കണ്ടാൽ ഒരു ഇടയച്ചറുക്കനാണെന്നു തോന്നും. അവൻ വന്നു അനന്താൾവാനോട് താനും കൂടി സഹായിക്കട്ടെയെന്നു ചോദിച്ചു. എന്നാൽ ഇതുകേട്ട അനന്താൾവാൻ ഇത് തന്റെ ഗുരുവിന്റെ ആദേശമാണെന്നും അതിനാൽ ഇത് താൻ തന്നെ ചെയ്തുതീർക്കേണ്ട പണിയാണെന്നും പറഞ്ഞു അവനെ ഓടിച്ചുവിട്ടു. അവിടന്ന് അവൻ അദ്ദേഹത്തിന്റെ ഗർഭിണിയായ പത്നിയുടെ അരികിലെത്തി. അവൻ ക്ഷീണിതയായ അവരോട് ‘അമ്മ വിഷമിക്കേണ്ടെന്നും അദ്ദേഹം കുട്ടയിലാക്കുന്ന മണ്ണ് മുകളിലെത്തിച്ചു തന്നാൽ മതിയെന്നും മണ്ണ് ദൂരെ നിക്ഷേപിച്ചു കുട്ട താൻ തിരികെക്കൊണ്ടുവന്നുകൊള്ളാമെന്നും ഇത് അദ്ദേഹം അറിയണ്ടന്നും പറഞ്ഞു ചട്ടംകെട്ടി പണിതുടർന്നു. കുറേശ്ശേ കുളത്തിൽ ജലം കണ്ടുതുടങ്ങി. പക്ഷെ അനന്താൾവാന് ഒരു സംശയം. തെന്റെ ഭാര്യ വേഗം തിരിച്ചുവരുന്നതെന്തുകൊണ്ടാണ്? മണ്ണ് ദൂരെ നിക്ഷേപിച്ചു ഇത്രവേഗം തിരിച്ചുവരാൻ പറ്റുമോ? അദ്ദേഹം കുളത്തിൽനിന്നു കരക്കുകയറി. അപ്പോളാണ് സംഗതി മനസ്സിലായത്. ആ പഴയ ബാലൻ തന്റെ ഭാര്യയെ സഹായിക്കുന്നു. ഗുരുവിന്റെ ആദേശപാലനത്തിനു വിഘ്നം വരുത്തിയ അവനോട് ദേഷ്യമായി. നിക്കടാ അവിടെ എന്നുപറഞ്ഞു തന്റെ കയ്യിലിരുന്ന കാട്ടാമ്പാറ അവന്റെനേർക്കു ചുഴറ്റിയെറിഞ്ഞു. അതുപോയി അവന്റെ മുഖത്ത് താടിഭാഗത്തായി തട്ടി. പക്ഷെ അവൻ കാട്ടിലെങ്ങോട്ടോ ഓടിമറഞ്ഞു.
കുളത്തിൽ ജലം നിറഞ്ഞു. സന്തുഷ്ടനായ അനന്താൾവാൻ കരക്കുകയറി ക്ഷേത്രത്തിലേക്കുപോയി. അപ്പോളാണ് അവിടെയൊരു കോലാഹലം. അകത്തു ഭാഗവാന്റെ വിഗ്രഹത്തിൽ താടിഭാഗത്തുനിന്നും ചൊരയൊലിക്കുന്നു. ഇത് കണ്ട അർച്ചകന്മാർക്കു അകത്തു പോകാൻ പേടി. ഇതൊക്കെ കണ്ടുകൊണ്ടുനിന്ന അനന്താൾവാന് പെട്ടെന്ന് ആ ബാലന്റെ കഥയോർമ്മവന്നു. ഗോവിന്ദാ എന്നുവിളിച്ചുകൊണ്ടു അദ്ദേഹം ഒരു ഭ്രാന്തനെപ്പോലെ അകത്തേക്കോടി. ഭാഗവാന്റെ കാൽക്കൽ വീണു. ആ തിരുപ്പാദങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു ആളറിയാതെ പറ്റിപ്പോയ തന്റെ അപരാധത്തെ ക്ഷമിക്കണമെന്നു പറഞ്ഞു മാപ്പപേക്ഷിച്ചു. ഒരു സിദ്ധവൈദ്യൻ കൂടിയായ അദ്ദേഹം അപ്പോൾ അവിടെയിരുന്നിരുന്ന പച്ചക്കർപ്പൂരമെടുത്തു ഭാഗവാന്റെ താടിഭാഗത്തായി ചോരയൊലിക്കുന്ന സ്ഥലത്തു ഒപ്പി. അതോടെ അത് നിലച്ചു. മഹാഭക്തനായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ സംഭാവത്തിന്റെ ഓർമ്മക്കായാണ് അദ്ദേഹം ചുഴറ്റിയെറിഞ്ഞ കാട്ടാമ്പാറ ഇന്നും അവിടെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു. ഭാഗവാന്റെ താടിഭാഗത്തുകാണുന്ന ആ വെള്ളപ്പൊട്ടു അന്ന് മുറിവേറ്റ ഭാഗമാണ്. അതിന്റെ ഓർമയിൽ അന്നുമുതൽ താടിഭാഗത്തു ഇന്നും പച്ചകർപ്പൂരം വച്ചുപോരുന്നു.
No comments:
Post a Comment