ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2019

ഞാറ്റുവേലയും നക്ഷത്രങ്ങളും

ഞാറ്റുവേലയും നക്ഷത്രങ്ങളും

രാശിചക്രത്തെ അതിലുള്ള നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ 12 ഭാഗമായി വിഭജിച്ചതാണ് ചിങ്ങം, കന്നി മുതലായ രാശികള്‍ എന്ന്‌ നമ്മള്‍ മനസ്സിലാക്കിയല്ലോ.

രാശി ചക്രത്തിലെ നക്ഷത്രരാശികള്‍ താഴെപറയുന്നവ ആണ്

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം

സൂര്യന്‍ ഏത്‌ നക്ഷത്ര രാശിയുടെ ഒപ്പമാണോ ഉള്ളത്‌ ആ മാസത്തെ നമ്മള്‍ ആ രാശിയുടെ പേരിട്ട്‌ വിളിക്കുന്നു. ഈ രാശിചക്രത്തിലെ എല്ലാ നക്ഷത്ര രാശികളും ഒരു പ്രാവശ്യം കറങ്ങി വരാന്‍ സൂര്യന്‍ 365 ദിവസത്തോളം എടുക്കും. ഇതിനെ നമ്മള്‍ ഒരു സൌര വര്‍ഷം എന്ന്‌ വിളിക്കുന്നു.

അതേ പോലെ ചന്ദ്രന്‍ ഈ രാശിചക്രം ഒന്ന്‌ കറങ്ങി വരാന്‍ ഏകദേശം 27 ദിവസം എടുക്കും. അതനുസരിച്ച്‌ നമ്മുടെ പൂര്‍വ്വികര്‍ രാശിചക്രത്തെ 27 ഭാഗമായി വിഭജിച്ച്‌ ഓരോ ഭാഗത്തിനും ആ ഭാഗത്തുള്ള ഒരു പ്രധാന നക്ഷത്രത്തിന്റെ പേര് കൊടുത്തു. അതാണ് അത്തം, ചിത്തിര, ചോതി, വിശാഖം, മുതലായ 27 നക്ഷത്രങ്ങള്‍‍‍ .

നക്ഷത്രങ്ങള്‍ താഴെ പറയുന്നവ ആണ്.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി.

ഒരു വൃത്തത്തിന്റെ ആവൃത്തി 360 ഡിഗ്രി ആണല്ലോ. അപ്പോള്‍ അതിനെ 27 ഭാഗമായി വിഭജിക്കുമ്പോള്‍ ഓരോ ഭാഗത്തിനും 13° 20‘ ആണ് വലിപ്പം എന്ന്‌ കിട്ടുന്നു. അതായത്‌ ഓരോ 13° 20‘ ഭാഗത്തിനും ഒരോ നക്ഷത്രത്തിന്റെ പേര്‍.ചന്ദ്രന്‍ ഓരോ ദിവസവും ഏകദേശം 13 ഡിഗ്രി സഞ്ചരിക്കും. അതായത്‌ ചന്ദ്രന്‍ ഓരോ ദിവസവും ഒരോ നക്ഷത്രഭാഗത്തില്‍ ആയിരിക്കും. അപ്പോള്‍ ആ ദിവസത്തെ നമ്മള്‍ ആ നക്ഷത്ര ഭാഗത്തിന്റെ പേര്‍ ഇട്ട്‌ വിളിക്കുന്നു. ഉദാഹരണത്തിന് ഇന്ന്‌ ചോതി നക്ഷത്രം ആണെന്ന്‌ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഇന്ന്‌ ചന്ദ്രന്‍ ചോതി നക്ഷത്രഭാഗത്താണ് എന്നാണ്.

എന്താണ് ഞാറ്റുവേല?

സൂര്യന്‍ ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി സഞ്ചരിക്കുന്നു. അപ്പോള്‍ 13 ഡിഗ്രി സഞ്ചരിക്കാന്‍ ഏകദേശം 13-14 ദിവസം വേണം. അതായത്‌ ഒരു നക്ഷത്രഭാഗം കടന്ന്‌ പോകാന്‍ സൂര്യന് 13-14 ദിവസം വേണം. ഇതാണ് ഞാറ്റുവേല എന്ന പേരില്‍ അറിയപ്പെടുന്നത്‌. ഉദാഹരണത്തിന് ഇപ്പോള്‍ തിരുവാതിര ഞാറ്റുവേല ആണെന്ന്‌ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം സൂര്യന്‍ ഇപ്പോള്‍ തിരുവാതിര നക്ഷത്രഭാഗത്താണ് എന്നാണ്.
ഒരോ നക്ഷത്രവും (നക്ഷത്രകൂട്ടങ്ങള്‍) ഏത്‌ രാശിയില്‍ ആണെന്നും ഓരോ രാശിയും ഏതൊക്കെ നക്ഷത്രങ്ങള്‍ ചേര്‍ന്നതാണെന്നും ഇതോടൊപ്പം ഉള്ള പട്ടികയില്‍ കൊടുത്തിരിക്കുന്നു.

രാശികളെ നക്ഷത്രങ്ങളായുള്ള വിഭജനം

മേടം (Aries) - അശ്വതി, ഭരണി, കാര്‍ത്തികയുടെ 1/4‍ ഭാഗം

ഇടവം (Taurus)കാര്‍ത്തികയുടെ 3/4 ഭാഗം‍, രോഹിണി, മകയിരത്തിന്റെ 1/2 ഭാഗം

മിഥുനം (Gemini)മകയിരത്തിന്റെ 1/2 ഭാഗം, തിരുവാതിര, പുണര്‍തത്തിന്റെ 3/4 ഭാഗം

കര്‍ക്കടകം (Cancer)പുണര്‍തത്തിന്റെ 1/4 ഭാഗം, പൂയം, ആയില്യം

ചിങ്ങം (Leo)മകം, പൂരം, ഉത്രത്തിന്റെ 1/4 ഭാഗം

കന്നി (Virgo)ഉത്രത്തിന്റെ 3/4 ഭാഗം, അത്തം, ചിത്തിരയുടെ 1/2 ഭാഗം

തുലാം (Libra)ചിത്തിരയുടെ 1/2 ഭാഗം, ചോതി, വിശാഖത്തിന്റെ 3/4 ഭാഗം

വൃശ്ചികം (Scorpius)വിശാഖത്തിന്റെ 1/4 ഭാഗം, അനിഴം, തൃക്കേട്ട

ധനു (Sagittarius)മൂലം, പൂരാടം, ഉത്രാടത്തിന്റെ 1/4 ഭാഗം

മകരം (Capricornus)ഉത്രാടത്തിന്റെ 3/4 ഭാഗം, തിരുവോണം, അവിട്ടത്തിന്റെ 1/2 ഭാഗം

കുംഭം (Aquarius)അവിട്ടത്തിന്റെ 1/2 ഭാഗം, ചതയം, പൂരൂരുട്ടാതിയുടെ 3/4 ഭാഗം

മീനം (Pisces)പൂരൂരുട്ടാതിയുടെ 1/4 ഭാഗം, ഉത്രട്ടാതി, രേവതി

മുകളില്‍ പറഞ്ഞ നക്ഷത്രങ്ങള്‍ മിക്കവാറും എണ്ണം ഒറ്റനക്ഷത്രങ്ങള്‍ അല്ല എന്ന്‌ പറയട്ടെ. പട്ടികയില്‍ ഉള്ളവയില്‍ തിരുവാതിര, ചോതി, ചിത്തിര, തൃക്കേട്ട എന്നീ നാല് നക്ഷത്രമൊഴിച്ച്‌ ബാക്കിയെല്ലാം അഞ്ചോ ആറോ നക്ഷത്രങ്ങള്‍ ചേര്‍ന്ന നക്ഷത്രകൂട്ടങ്ങള്‍ ആണ്. മാത്രമല്ല രാശികളുടെ പുനര്‍നിര്‍ണ്ണയം ജ്യോതിശ്ശാസ്ത്രയൂണിയന്‍ നടത്തിയപ്പോള്‍ ഈ പല നക്ഷത്രങ്ങളുടേയും സ്ഥാനം രാശിചക്രത്തിന് പുറത്തുള്ള നക്ഷത്രരാശിയില്‍ ആയി.

No comments:

Post a Comment