ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 April 2019

ക്ഷേത്രചൈതന്യ രഹസ്യം - 22

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 22

സർവ്വശക്തവും സർവ്വസ്വതന്ത്രവുമായ ഉണ്മയ്ക്ക് രൂപമില്ലാത്ത സ്ഥിതിയിൽ മാത്രമല്ല. സർവ്വസ്വതന്ത്രവും ശക്തവുമാണെന്ന കാരണത്താൽ തന്നെ ഉണ്മയ്ക്ക് ഒരേസമയം അരൂപിയും അന്തരൂപിയും ആകാൻ കഴിയുന്നു. പരമമായ സത്യം അരൂപിയും അന്തരൂപിയുമാണ്. രൂപഭാവമുള്ളവക്കെല്ലാം രൂപമില്ലായ്മ എന്ന അതീതഭാവമുണ്ട്. രൂപമില്ലായ്മയും രൂപവും , ഉണ്മയുടെ രണ്ടു ഭാവങ്ങലാകയാൽ മനുഷ്യന്റെയും പ്രകൃതിയുടെയും പ്രഭവകേന്ദ്രമായ ആത്മസത്തുമായി മനുഷ്യമനസ്സിനെ ബന്ധത്തിൽ വരാനുള്ള പ്രായോഗിക പരിശീലനമാണ് രൂപഭാവത്തിലുള്ള ഈശ്വരാരാധന. രൂപങ്ങളുമായി ബന്ധപ്പെട്ടുകഴിയുന്ന മനുഷ്യമനസ്സിന് വിഗ്രഹാരാധന ആത്മവികാസത്തിനുള്ള തികച്ചും ശാസ്ത്രീയവും യുക്തിപരവുമായ ഒരു സമീപനമാണ് . വിഗ്രഹത്തിന്റെ വസ്തുവും മഹത്തായ ഒരു ഊർജ്ജരംഗം തന്നെ. വസ്തുവും മനുഷ്യനും എല്ലാം ആനന്ദമായ ഒരേയൊരു -ഊർജ്ജസാഗരം - ബ്രഹ്മം- തന്നെ. സത്യത്തിലേക്കുള്ള മാർഗ്ഗം തികച്ചും വിശാലമായിരിക്കണം . ആത്മാർത്ഥമായും തുറന്നമനസ്സോടുകൂടിയ ഏതുസമീപനവും മനുഷ്യമനസ്സിനെ ഈശ്വരനോട് അടുപ്പിക്കുന്നു. രൂപമില്ലാതെയുള്ള ഈശ്വരാധന ദുഷ്കരമാണ് . ഫലമാണ് പ്രധാനം . രൂപഭവനയോടുകൂടിയ ആരാധന ആദ്ധ്യത്മിക വികാസത്തെസഹായിക്കുകയും ക്രമേണ രൂപത്തിന് അതീതമായ അത്മാനുഭൂതിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിനായി ദേവരൂപങ്ങളെ ഉപാധിയാക്കിക്കൊണ്ടുള്ള ആരാധന എന്ന മഹത്തായ സങ്കേതിക മാർഗ്ഗം ഗുണകരം തന്നെ.. മനുഷ്യനും പരമോന്നതസത്യവുമായുള്ള ബന്ധത്തെകുറിച്ചുള്ളജ്ഞാനം പ്രതിരൂപാത്മകമായി ഉൾക്കൊള്ളുന്ന ദേവരൂപങ്ങളുടെ ആരാധന ആദ്ധ്യാത്മിക യത്നത്തിന് സൗന്ദര്യാത്മകമായ ചൈതന്യവും ഈശ്വരനോട് വൈകാരികമായ അടുപ്പവും നൽകി ചൈതന്യവും ശക്തിയും ജീവിതത്തിൽ ആവിഷ്ക്കരിക്കുവാൻ സഹായകമായിതീർന്നു.....

അനന്തമായ ശക്തിയുടെയും സാദ്ധ്യതകളുടെയും കേദാരമാണ് സർവ്വാതീതമായ ഉണ്മയായബ്രഹ്മം . മനുഷ്യജീവിതത്തെ ശ്രേയസ്ക്കരമാക്കുവാനും അതിനെ ഉദാത്തമായ ദൈവീകമാനങ്ങളുമായി ബന്ധപ്പേടുത്തുവാനും സഹായിക്കുന്ന ദിവ്യചൈതന്യമാണ് ക്ഷേത്രസാന്നിദ്ധ്യം . ഇതിനായി സജീവമാക്കപ്പെട്ട ബ്രഹ്മചൈതന്യഭാവമാണ് ക്ഷേത്രത്തിൽ വിളങ്ങുന്ന ഈശ്വരചൈതന്യം , ആരാധിക്കപ്പെടുന്ന ദേവനോടുള്ള തന്മയീഭാവമനുസ്സരിച്ച് ആ ദേവഭാവം ആരാധകനിലും സജീവമായി തീർന്ന് മാർഗ്ഗദർശനം നൽകി ജീവിതയാത്ര വികാസപരവും അനുഗ്രഹീതമാക്കുന്നു.


ദേഹോ ദേവാലയഃ
~~~~~~~~~~~~~~~~~~~
ശരീരമാകുന്ന ക്ഷേത്രത്തിന് സാമനമാണ് ക്ഷേത്രങ്ങളുടെ നിർമ്മാണവും ആരാധനയും അനുഭവവും മറ്റും.....
ഒരു മനുഷ്യൻ മലർന്നുകിടന്നാൽ എങ്ങനെയോ അതേ പോലെയാണ് മഹാക്ഷേത്രങ്ങൾ. മലർന്നു കിടക്കുന്ന മനുഷ്യന്റെ പാദമാണ് ക്ഷേത്രത്തിന്റെ പ്രവേശനകവാടം . അവിടെ നിന്നും മുന്നോട്ട് നീങ്ങിയാൽ ആദ്യം കാണുന്നത് കൊടിമരമാണ്. കൊടിമരം സ്ഥിതിചെയ്യുന്നത് മനുഷ്യന്റെ ലിംഗത്തിന്റെ സ്ഥാനത്താണ്. അതു കഴിഞ്ഞ് ക്ഷേത്രനുള്ളിലേക്ക് കടക്കുന്ന പ്രവേശനകവാടത്തിന്റെ മദ്ധ്യത്തിൽ നേരെ  കടന്നുപോകാൻ സാധിക്കാത്തവണ്ണം ഒരു വലിയ കല്ല് സ്ഥാപിച്ചിട്ടുണ്ട് ഇതിനെ നാഭികല്ല് എന്നുപറയുന്നു. ഇത് മനുഷ്യന്റെ പൊക്കിൾ സ്ഥാനമാണ്. അത് കഴിഞ്ഞാൽ കാണുന്നത് ശ്രീകോവിലിനു മുന്നിലുള്ള നമസ്കാരമണ്ഡപമാണ് അത് മനുഷ്യന്റെ ഹൃദയസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. ശ്രീകോവിലിനുള്ളിലേക്ക് കടക്കാനുള്ള പടി അഥവാ സോപാനം മനുഷ്യന്റെ ഗളസ്ഥാനമാണ്. ശ്രീകോവിലിനുള്ളിൽ ദേവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് മനുഷ്യന്റെ ബ്രുമദ്ധ്യം അഥവാ ആജ്ഞാചക്രസ്ഥാനത്താണ്.
മാത്രമല്ല മനുഷ്യന്റെ ശരീരത്തിലുള്ള യോഗാത്മകമായ ആറുപടികളായ അഥവാ ഷഡാധാരങ്ങളായ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയെ ഉൾക്കൊളുന്ന ഷഡാധാര പ്രതിഷ്ഠക്കു മുകളിലാണ്. അതായത് ആറാമത്തെ ആധാരമായ ആജ്ഞാചക്രത്തിലാണ് ദേവന്റെ വിഗ്രഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ( പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ ശിവനെ കാണാകും , ശിവശംഭോ" എന്ന സ്തോത്രവരികൾ ഇവിടെ അന്വർത്ഥമാകുന്നു). ദേവന്റെ വിഗ്രഹത്തിന് പിന്നിലായി അന്തമായ ദീപത്തെ പ്രതിബിംബിപ്പിക്കുന്ന പ്രഭാമണ്ഡലം സ്ഥാപിച്ചിരിക്കുന്നത്. മനുഷ്യന്റെ ഷഡാധാരം കഴിഞ്ഞുള്ള ഏഴാമത്തെ സ്ഥാനമായ സഹസ്രാരപത്മത്തിലാണ്. അതു സഹസ്രാര പത്മത്തെ പ്രതീകവത്ക്കരിക്കുന്നു. ശ്രീകോവിലിന്റെ ഇരുപാർശ്വങ്ങളിലുമായി തുറക്കാത്ത രണ്ട് വാതിലുകളുണ്ട്. അതു മനുഷ്യന്റെ ചെവിയുടെ സ്ഥാനത്തെ പ്രതീകവൽക്കരിക്കുന്നു. ഇതിനെ പൊയ് വാതിലുകൾ എന്നു പറയുന്നു. ശ്രീകോവിലിനു മുകളിൽ വെച്ചിരിക്കുന്ന താഴികക്കുടം മനുഷ്യന്റെ ശിരസ്സിലുള്ള ശിഖയുടെ സ്ഥനമായതിനാൽ ഇതിനെ ശിഖി എന്നു വിളിക്കുന്നു.

സർവ്വവ്യാപിയും സർവ്വധാരഭൂതരും ഹിരണ്യഗർഭനുമായ മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്ന് ഒരു താമര മുളച്ചു. അതിന്മേൽ വിരിഞ്ഞ ചെന്താമരപൂവിൽ നമ്മുടെ പിതാമഹനായ ആദിമകലാകാരൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു. ആ ദേവൻ തന്റെ ജന്മസ്ഥാനപത്മംകൊണ്ട് ഈ ലോകം സൃഷ്ടിച്ചു. നാഭീപത്മത്തിന്റെ കിഴങ്ങാണ് ആദികൂർമ്മം. അതിന്റെ തണ്ടാണ് അനന്തൻ. ആ പത്മംതന്നെയാണ് ഭൂഗോളം. ഇതാണ് ലോകോത്പത്തിയെക്കുറിച്ചുള്ള ഒരു പൗരാണിക സങ്കല്പം. ആ സങ്കല്പത്തിനെ ആസ്പദമാക്കിയാണ് ക്ഷേത്രങ്ങളെല്ലാം സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രനിർമ്മാണ വിധികളും പൂജാവിധികളും പരിശോധിച്ചാൽ ഈ പരമാർത്ഥം വ്യക്തമാകുന്നതാണ്. ഭൂഗർഭത്തിൽ അടിയിൽ ഒരു നിധികുംഭം, അതിന്മേൽ ശിലാപത്മം, അതിന്മേൽ ശിലാകൂർമ്മം, അതിന്റെമേലെ നാളം, ആ നാളത്തിന്മേൽ വിടർന്നു നിൽക്കുന്ന ചെന്താമരപ്പൂവത്രേ ശ്രീകോവിലിന്റെ ഉൾഭാഗമായ ഗർഭഗൃഹം. അതിന്റെ മദ്ധ്യത്തിലുള്ള കർണ്ണികയാണ് പീഠം. പീഠമദ്ധ്യത്തിൽ ബിംബം പ്രതിഷ്ഠിക്കുന്നു. ഇതാണ് ബിംബപ്രതിഷ്ഠാ വ്യവസ്ഥ. ഇതനുസരിച്ച് നോക്കുമ്പോൾ ലോകത്തിന്റെ ചെറിയൊരുരൂപംതന്നെയാണ് ശ്രീകോവിലിന്റെ ഗർഭഗൃഹമെന്ന് വ്യക്തമാണല്ലോ.

പീഠപൂജ ചെയ്താണ് മൂര്ത്തിയെ ആവാഹിക്കുന്നത്. അധര്മ്മം, അജ്ഞാനം, വൈരാഗ്യം, അനൈശ്വര്യം ഇവകൊണ്ടാണ് പീഠത്തിന്റെ ചട്ടം കൂട്ടിയിട്ടുള്ളത്. സത്വരജസ്തമസുകളാകുന്ന ഗുണത്രയം ആ ചട്ടത്തിന് നടുവില് മേലെ വലിച്ചുകെട്ടി അതിനുമീതെ മായയെന്ന മെത്തവിരിച്ച് വിദ്യകൊണ്ട് മേല്വിരിപ്പിട്ട് അതിനുമുകളില് വികസിച്ചൊരു അഷ്ടദളപദ്മം വച്ചതായി സങ്കല്പിച്ചു പൂജിക്കുന്നു.

ഈ പത്മമത്രേ സര്വ്വശക്തിയുക്തനായ ആത്മാവിന്റെയും അന്തരാത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനാത്മാവിന്റെയും അധിഷ്ഠാനം. വിമല, ഉല്ക്കര്ഷിണി, ജ്ഞാനി, ക്രിയ, യോഗ, പ്രഹ്വി, സത്വ, ഈശ, അനുഗ്രഹ ഇങ്ങനെ ഒമ്പത് ശക്തികളാണ് ആത്മാവിന് ഉള്ളത്. ഇതൊക്കെയാണ് പീഠപൂജാ സങ്കല്പത്തിലെ ക്രമം. മൂര്ത്തിഭേദമനുസരിച്ച് പീഠസങ്കല്പത്തില് അല്പാല്പം ഭേദംകാണാം. ഏതുവിധത്തിലായാലും ലോകപത്മത്തിന്റെ ഭാവനാ കല്പിതമായ ഒരു പ്രതിരൂപമാണ് പൂജാപീഠമെന്ന് സംശയമില്ല.
ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലും അതായതു ശരീരത്തിലും ഉണ്ടെന്ന് തത്ത്വജ്ഞാനികള് പറയാറുണ്ട്. ആ വഴി നോക്കുമ്പോള് ലോകപത്മത്തിന്റെ സ്ഥാനം വഹിക്കുന്നത് നമ്മുടെ ഹൃദയ കമലമാണ്. ആ ഹൃദയ കമലത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നുണ്ട് ശ്രീകോവിലും പൂജാപീഠവും. വിശ്വദേവിയായ ഈശ്വരനെ ആദ്യം ഹൃദയകമലത്തില് സാക്ഷാത്കരിക്കുന്നു. പിന്നെ ആ ഈശ്വരനെ ശ്രീകോവിലില് പ്രതിഷ്ഠാവിഗ്രഹത്തില് ആവാഹിക്കുന്നു. അങ്ങനെ വിശ്വാത്മാവും, ജീവാത്മാവും വിഗ്രഹചൈതന്യവും മൂന്നും ഒന്നൊന്നുള്ള ആദൈ്വതബോധത്തില് ജനങ്ങളെ എത്തിക്കുവാന് പണ്ടുള്ളവര് കലാപരമായി ചെയ്തിട്ടുള്ള പരിശ്രമങ്ങളുടെ പരിണിതഫലങ്ങളാണ് നമ്മുടെ ക്ഷേത്രങ്ങളെല്ലാം. എത്ര വിശാലവും ഉദാത്തവുമായ ഭാവനാ വിശേഷം.

No comments:

Post a Comment