ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 April 2019

ഭക്തനായ ഭരതന്‍

ഭക്തനായ ഭരതന്‍

ശ്രീരാമദേവന്‍ കാട്ടിലേക്ക് യാത്രയായ ശേഷം അയോദ്ധ്യയിലേക്ക് യാത്രതിരിച്ച സുമന്ത്രരേ കുറിച്ചും, നഗരവാസികളെ കുറിച്ചും ഇതിനു മുമ്പ് ഞാന്‍ സൂചിപ്പിച്ചിരുന്നു...

അയോദ്ധ്യയിലെത്തിയ സുമന്ത്രര്‍ ആദ്യം ചെന്നത്, കൈകേയിയുടെ അന്തപുരത്തില്‍ വിഷമിച്ച് തളര്‍ന്ന് കിടക്കുന്ന ദശരഥ മഹാരാജാവിനടുത്തായിരുന്നു. പുത്രവിയോഗത്താല്‍ ദുഃഖിതനായ ദശരഥന്‍, രാമഭഗവാനെ വനത്തിലാക്കി തിരിച്ച് വന്ന സുമന്ത്രരോട് തന്നെ രാമമാതാവായ കൌസല്യയുടെ അന്തപുരത്തിലെത്തിക്കാന്‍ പറയുന്നു.എന്നാല്‍ അവിടെ മഹാരാജാവിനെ എതിരേറ്റത് കൌസല്യാദേവിയുടെ കുറ്റപ്പെടുത്തലുകളായിരുന്നു. മകനെ പിരിഞ്ഞ അമ്മയുടെ രോദനങ്ങള്‍ കേട്ടപ്പോള്‍ ദശരഥന്‍ കൌസല്യയോട് ഒരു കഥ പറഞ്ഞു..
ഒരു പഴയ നായാട്ടിന്‍റെ കഥ..

ശ്രീരാമഭഗവാന്‍ കാട്ടില്‍ പോയതില്‍ ദുഃഖിച്ചിരിക്കുന്ന കൌസല്യാദേവിയെ സന്തോഷിപ്പിക്കാന്‍ ദശരഥ മഹാരാജാവ്, താന്‍ പണ്ട് നായാട്ടിനു പോയ വീരചരിതങ്ങള്‍ പറയാന്‍ പോകുകയാണെന്ന് നിങ്ങള്‍ കരുതിയോ?
എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി!!
ഈ നായാട്ടിന്‍റെ കഥ, ഒരു ശാപത്തിന്‍റെ കൂടി കഥയാണ്..
പുത്രവിയോഗ ദുഃഖത്താല്‍ മരിക്കട്ടെ എന്ന് മഹാരാജാവിനെ ശപിച്ച ഒരു പിതാവിന്‍റെ കഥയാണ്..
അതേ, ഇതൊരു കദന കഥയാണ്..

ദശരഥ മഹാരാജാവിന്‍റെ ചെറുപ്പകാലം..
വനങ്ങളില്‍ നായാട്ടിനു പോകുക അദ്ദേഹത്തിനു ഹരമായിരുന്നു. അങ്ങനെ ഒരു നായാട്ട് സമയത്ത് ആന തുമ്പിക്കൈയ്യില്‍ വെള്ളമെടുക്കുന്ന ശബ്ദം കേട്ട്, ആ ഭാഗത്തേക്ക് അദ്ദേഹം ഒരു അമ്പെയ്തു. ആന ചരിഞ്ഞു എന്ന സന്ദേശം പ്രതീക്ഷിച്ച അദ്ദേഹം ഒരു മനുഷ്യന്‍റെ രോദനമാണ്‌ കേട്ടത്. അവിടേക്ക് ചെന്ന മഹാരാജാവ് കണ്ടത് അമ്പേറ്റ് പ്രാണഭയത്താല്‍ പിടയുന്ന ഒരു ബാലനെയാണ്...
ആന തുമ്പിക്കൈയ്യില്‍ വെള്ളമെടുത്തതല്ലെന്നും, ആ കുമാരന്‍ കുടത്തില്‍ വെള്ളം നിറച്ച ശബ്ദമായിരുന്നു കേട്ടതെന്നും മനസിലായ മഹാരാജാവ് ആത്മാര്‍ത്ഥമായി പറഞ്ഞു:
"ക്ഷമിക്കണം, ആള്‌ മാറി പോയി"
'വല്ലതും പറ്റിയോ' എന്ന് കൂടി ചോദിക്കാഞ്ഞത് ഭാഗ്യം!!

അന്ധരും, താപസരുമായ മാതാപിതാക്കള്‍ക്ക് വെള്ളമെടുക്കാന്‍ വന്ന ഒരു വൈശ്യകുമാരനായിരുന്നു അത്. അറിയാതെ പറ്റിയ അപരാധത്തിനു മഹാരാജാവ് സോറി പറഞ്ഞപ്പോള്‍, 'ഇറ്റ്സ് ആള്‍ റൈറ്റ്' എന്ന് വരവ് വച്ചിട്ട്, തന്‍റെ മരണവാര്‍ത്ത മാതാപിതാക്കളെ അറിയിക്കാനും, അവര്‍ക്ക് വെള്ളം കൊണ്ട് കൊടുക്കാനുമുള്ള ചുമതല ദശരഥനു കൈമാറി ആ കുമാരന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.

മകന്‍റെ മരണ വാര്‍ത്തയും അതിനു പിന്നിലെ കഥയും ദശരഥനില്‍ നിന്നും അറിഞ്ഞ ആ മാതാപിതാക്കള്‍, മകന്‍റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. ആത്മഹൂതിക്ക് മുമ്പ് രാജാവിനെ അവര്‍ ശപിക്കുകയും ചെയ്തു, പുത്രദുഃഖത്താല്‍ മരിക്കട്ടേ എന്ന്.

ആ ശാപം ഫലിച്ചു..
നാല്‌ മക്കളും അടുത്തില്ലാരുന്ന ആ വേളയില്‍, കൌസല്യാദേവിയോട് ഈ ശാപ കഥ പറഞ്ഞിട്ട്, മഹാരാജാവ് നാട് നീങ്ങി.

ദശരഥന്‍റെ മരണവാര്‍ത്ത അറിഞ്ഞ വസിഷ്ഠന്‍, കേകേയ രാജ്യത്തിലായിരുന്ന ഭരതശത്രുഘനന്‍മാരെ തിരിച്ച് വിളിക്കുന്നു.അയോദ്ധ്യയിലെത്തിയ ഭരതന്‍, സത്യാവസ്ഥയറിഞ്ഞ് കൈകേയിയോട് രൂക്ഷമായി പെരുമാറുകയും, കൌസല്യയോട് മാപ്പിരക്കുകയും ചെയ്യുന്നു.അതിനു ശേഷം ഭരതന്‍ ദശരഥ മഹാരാജാവിന്‍റെ സംസ്ക്കാരകര്‍മ്മം നടത്തുന്നു..
പിറ്റേന്ന് തന്നെ അയോദ്ധ്യാവാസികളേയും കൂട്ടി ഭരതന്‍ യാത്രയായി..
എന്തിനാണെന്നല്ലേ?
രാമഭഗവാനെ തിരികെ കൊണ്ട് വരാന്‍..
രാജ്യവും ഭരണവും ആ കരങ്ങളില്‍ ഏല്‍പ്പിക്കാന്‍..

അയോദ്ധ്യയില്‍ നിന്നുമുള്ള ഭരതന്‍റെ വരവ് രാമനോട് യുദ്ധത്തിനാണെന്ന് ഗുഹന്‍ തെറ്റിദ്ധരിച്ചെങ്കിലും, സത്യം അറിഞ്ഞ് സഹായിക്കാന്‍ തയ്യാറായി.അങ്ങനെ ഗുഹന്‍റെ സഹായത്തോടെ അവര്‍ ഭരദ്വാജ മുനിയുടെ ആശ്രമത്തിലെത്തി. അന്നവിടെ താമസിച്ചു, പിറ്റേന്ന് വാല്മീകി തയ്യാറാക്കിയ ചിത്രകൂടത്തിലുള്ള രാമന്‍റെ ശാലയില്‍ അവര്‍ ഹാജരായി.

അയോദ്ധ്യയില്‍ നിന്ന് വന്ന അവരില്‍ നിന്നും ദശരഥ വിയോഗം അറിഞ്ഞ രാമലക്ഷ്മണന്‍മാരും, സീതാദേവിയും ദുഃഖിതരാവുന്നു. വസിഷ്ഠമുനി അവരെ ആശ്വസിപ്പിക്കുകയും, ഉദകക്രിയകള്‍ ചെയ്യിക്കുകയും ചെയ്യുന്നു.അതിനു ശേഷം ഭരതന്‍ തന്‍റെ ആഗമനോദ്ദേശം പറഞ്ഞു..
എന്നാല്‍ ശ്രീരാമഭഗവാനു ഒരേ ഒരു നിലപാടേ ഉണ്ടായിരുന്നുള്ളു..
ഭരതനു രാജ്യം, തനിക്ക് കാനനം!!
രാമന്‍റെ ജന്മലക്ഷ്യം അറിയാവുന്ന വസിഷ്ഠമുനി ഭരതനെ ഉപദേശിക്കുകയും, രാമദേവന്‍ വനവാസത്തിനു പോകേണ്ട ആവശ്യകത ബോധിപ്പിക്കുകയും ചെയ്തു.സത്യം മനസിലായ ഭരതന്‍, രാമദേവന്‍റെ പാദുകം സിംഹാസനത്തില്‍ വച്ച് പൂജിക്കുന്നതിനും, അതിനെ മുന്‍ നിര്‍ത്തി ഭരണം നടത്തുന്നതിനുമായി ഇങ്ങനെ അപേക്ഷിക്കുന്നു:

"പാദുകാം ദേഹി രാജേന്ദ്ര! രാജ്യായതേ
പാദബുദ്ധ്യാ മമ സേവിച്ച് കൊള്ളുവാന്‍
യാവത്തവാഗമനം ദേവദേവ! മേ
താവദേവാനാരതം ഭജിച്ചീടുവന്‍"

രാമദേവന്‍ സമ്മതിക്കുകയും, പാദുകം കൈമാറുകയും ചെയ്തു. തിരിച്ച് പോകുന്നതിനു മുമ്പ് ഭരതന്‍ പറഞ്ഞു:
"പതിനാലു സംവത്സരം തികയുന്നതിനു അടുത്ത നാള്‍ രാമദേവന്‍ തിരിച്ച് വന്നില്ലെങ്കില്‍, ഞാന്‍ അഗ്നി കൂട്ടി ആത്മഹൂതി ചെയ്യും"
തിരിച്ച് വരാമെന്ന് രാമന്‍ വാക്ക് കൊടുത്തു, അങ്ങനെ ഭരതന്‍ യാത്രയായി.ഭരതന്‍ പോയതോട് കൂടി, ഇനിയും അവിടെ താമസിച്ചാല്‍ അയോദ്ധ്യാവാസികള്‍ ഇടക്കിടെ വരുമെന്ന് അറിയാവുന്ന രാമദേവന്‍, സീതയേയും ലക്ഷ്മണനെയും കൂട്ടി മഹാരണ്യത്തിലേക്ക് യാത്രയാകാന്‍ തയ്യാറായി. അങ്ങനെ പോകുന്ന വഴിയില്‍ അത്രിയാശ്രമത്തില്‍ പ്രവേശിക്കുകയും, അന്നേ ദിവസം അത്രിമുനിയുടെയും, അദ്ദേഹത്തിന്‍റെ ഭാര്യ അനസൂയയുടെയും ആതിഥ്യത്തില്‍ ആ ആശ്രമത്തില്‍ താമസിക്കുകയും ചെയ്തു.
ഇതാണ്‌ ശരിക്കും സംഭവിച്ചത്...
അല്ലാതെ രാമദേവന്‍റെ കൈയ്യില്‍ ബാക്കി ആകെ ഉണ്ടായിരുന്ന പാദുകം വരെ ഭരതന്‍ വാങ്ങി കൊണ്ട് പോയെന്നും, പോകുന്നതിനു മുമ്പ് ഭീക്ഷണിപ്പെടുത്തി എന്നും, ചിത്രകൂടത്തില്‍ നിന്നും അതിഭയങ്കരമായ വനത്തിലേക്ക് പറഞ്ഞയച്ചെന്നുമുള്ള കെട്ട് കഥകള്‍ക്ക് രാമായണത്തില്‍ ഒരു സ്ഥാനവുമില്ല.

No comments:

Post a Comment