ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 July 2016

കശ്മീര്‍ താഴ് വരയിലെ ശേ‌ഷ്നാഗ് തടാകം

കശ്മീര്‍ താഴ് വരയിലെ ശേ‌ഷ്നാഗ് തടാകം

ജമ്മു കശ്മീരിലെ മാസ്മരിക സ്ഥലങ്ങളില്‍ ഒന്നാണ് കശ്മീര്‍ താഴ്‌വര. പ്രകൃതി സൗന്ദര്യം തേടിയെത്തുന്ന ടൂറിസ്റ്റുകളെ മാത്രമല്ല ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഈ സ്ഥലം സാഹസിക പ്രിയരുടെ ഇഷ്ട സ്ഥലം കൂടിയാണ്. കാശ്മീര്‍ താഴ്വരയിലെ അനന്തനാഗ ജില്ലയില്‍ സുന്ദരമായ നിരവധി സ്ഥലങ്ങളുണ്ട്. അവയില്‍ ഒന്നാണ് ശേഷ്‌നാഗ് തടാകം

പ്രശസ്തമായ അമര്‍നാഥ് യാത്രയിലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ശേഷ്നാഗ് തടാകം. ജമ്മു കശ്മീരിലെ പഹല്‍‌ഗാമില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ശേഷ്‌നാഗ് തടാകം സന്ദര്‍ശിച്ചതിന് ശേഷമാണ് തീര്‍ത്ഥാടകര്‍ അമര്‍നാഥിലേക്ക് എത്തിച്ചേരുന്നത്. ശേഷ്നാഗില്‍ നിന്ന് 20 കിലോമീറ്റര്‍ യാത്ര ചെയ്യണം അമര്‍നാഥില്‍ എത്തി‌ച്ചേരാന്‍

ഐതിഹ്യം
ഈ തടാകം നിര്‍മ്മിച്ച ശേഷ്നാഗ് എന്ന നാഗം ഇവിടെ ഇപ്പോഴും വസിക്കുന്നുണ്ടെന്നാണ് ആളുകളുടെ വിശ്വാസം. ശിവന്‍ അമരത്വത രഹസ്യം പാര്‍വതിയുമായി പങ്കുവയ്ക്കുന്നതിന് മുന്‍പ് മറ്റാരും കേള്‍ക്കാതിരിക്കാന്‍ ത‌ന്റെ കഴുത്തില്‍ ചുറ്റിയ ശേഷ്നാഗിനെ ഇവിടെ ഉപേക്ഷിച്ചെന്നും അങ്ങനെ‌യാണ് ഈ സ്ഥല‌ത്തിന് ശേഷ്നാഗ് എന്ന പേര് ലഭി‌ച്ചതെന്നുമുള്ള മറ്റൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്

ശേഷ്നാഗില്‍ എത്തിച്ചേരാന്‍
വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റിയ ഒരു റോ‌ഡ് ഇല്ലാത്തതിനാല്‍ കാല്‍നട യാത്ര ചെയ്ത് വേണം ഇവിടെ എത്തിച്ചേരാന്‍. പഹല്‍ഗാം ആണ് ശേഷ്നാഗിന് സമീപമുള്ള പ്രധാന ടൗണ്‍. ഇവിടെ നിന്ന് 23 കിലോമീറ്റര്‍ യാത്ര ചെയ്യണം ശേഷ്നാഗില്‍ എത്താന്‍.
ശ്രീനഗറില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയായാണ് പഹല്‍ഗാം സ്ഥിതി ചെയ്യുന്നത്. പാഹല്‍ഗാമില്‍ നിന്ന് ചന്ദന്‍വാരി വരെ വാഹ‌നത്തില്‍ യാ‌ത്ര ചെയ്യാം. അവിടെ നിന്ന് 7 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്യണം ഇവിടെ എ‌ത്തിച്ചേരാന്‍.

No comments:

Post a Comment