ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 July 2016

ഗണപതി ഹോമം, ഗണപതിക്ക്‌വയ്ക്കല്‍

ഗണപതി ഹോമം, ഗണപതിക്ക്‌വയ്ക്കല്‍

ഗണപതി ഹവനം.
ഗണപതി ഹവനം.
ഏതു ക്രിയയും ആരംഭിക്കുന്നതിനു മുന്‍പ് വിഘ്നേശ്വരനായ ശ്രീ ഗണപതിയെ വന്ദിക്കുന്നു. ഗണപതി സ്മരണയോടെ ചെയ്യുന്ന പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് അനുഭവം. സിദ്ധി, ബുദ്ധി, ഐശ്വര്യം ഇവയെല്ലാം നല്‍കുന്ന അഭീഷ്ട വരദനാണ് ഗണനായകന്‍. ഗൃഹങ്ങളില്‍ ചെയ്യാവുന്ന
ഗണപതിക്ക്‌ വയ്ക്കല്‍'
മുതല്‍ മഹാ ക്ഷേത്രങ്ങളില്‍ ചെയ്യുന്ന 'അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം ' വരെ പല രീതിയിലും ക്രമത്തിലും ഗണപതിയെ ആരാധിക്കാം.

ഗണപതിക്ക്‌വയ്ക്കല്‍
〰〰〰〰〰〰〰
വീടുകളിലാണ് സാധാരണയായി ഇത് സമര്‍പ്പിക്കുന്നത്. ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കുന്നതിനു മുന്പായി പൂജാമുറി അഥവാ ക്രിയ നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്, കദളിപ്പഴം, കരിമ്പ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി, മാതളം തുടങ്ങിയ പഴങ്ങള്‍ ഇവ നിവേദ്യമായി വയ്ക്കുന്നു. അല്പം നെല്ല്, പുഷ്പങ്ങള്‍, ജലം തുടങ്ങിയവയും വയ്ക്കുന്നു. ചന്ദനത്തിരി കൊളുത്തി വയ്ക്കുന്നു. തൊഴുതു പ്രാര്‍ഥിച്ച ശേഷം കര്‍മ്മങ്ങള്‍ ചെയ്യാം. ഒടുവില്‍ കര്പ്പൂരമുഴിഞ്ഞു തൊഴുത ശേഷം നിവേദ്യങ്ങള്‍ പ്രസാദമായി കഴിക്കുന്നു.

ഗണപതി ഹോമം :
〰〰〰〰〰〰〰
ഗണപതി പ്രീതിക്കായി നാളികേരം പ്രധാനമായും മറ്റു ദ്രവ്യങ്ങളും ചേര്‍ത്ത് ഹോമാഗ്നിയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്. ജന്മനക്ഷത്തിന് ഗണപതി ക്ഷേത്രത്തില്‍ മാസം തോറും ഗണപതി ഹോമം നടത്തുന്നത് ഉത്തമമാണ്. ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാവുന്നതിനും നല്ലതാണ്. നിത്യ ഗണപതി ഹവനം ഒറ്റ നാളികേരം ഉപയോഗിച്ചാണ് ചെയ്യുന്നത്. ക്ഷേത്രത്തിലും ഇപ്രകാരം തന്നെ.
എട്ട് നാളീകേരം(തേങ്ങ) കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍,എള്ള്,കൊട്ടത്തേങ്ങ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. എല്ലാം എട്ടിന്റെ അളവില്‍ ചേര്‍ത്തും ചിലര്‍ ചെയ്യുന്നു. നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും അളവിലും ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഒരു ഭാഗം സമ്പാദം പ്രസാദമായി വിതരണം ചെയ്യാം.ഗണപതി ഹോമത്തിന്റെ പ്രസാദം ദക്ഷിണ നല്‍കി വാങ്ങാവുന്നതാണ്.
മഹാ ഗണപതി ഹവനം:
സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. പരമശിവന്‍റെയും പാര്‍വതിദേവിയുടേയും പുത്രനാണ് ഗണപതി.
ഭാരതത്തിലും പുറത്തും ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതി വിഘ്ന നിവാരകനായി ആരാധിക്കപ്പെടുന്നു.
ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് മഹാ ഗണപതി ഹോമം നടത്തുന്നത്. സമൂഹ പ്രാര്‍ത്ഥനയായും ഇത് ചെയ്യാറുണ്ട്.

🚩ഐശ്വര്യം ഉണ്ടാവാന്‍ : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍മുക്കി ഹോമിക്കുക.
കറുക നാമ്പ് നെയ്യില്‍ മുക്കി ഹോമിക്കുക. ഗണപതി മൂല മന്ത്രം ചൊല്ലി വേണം ചെയ്യേണ്ടത്.

🚩മംഗല്യ ഭാഗ്യം ഉണ്ടാവുന്നതിന് : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍മുക്കി സ്വയം‌വര മന്ത്രം ഉരുവിട്ട് ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും. അതിരാവിലെ ചെയ്യുന്നത് ഉത്തമം.

🚩സന്താനലബ്ധി : സന്താന ലബ്ധി മന്ത്രം ജപിച്ച് പാല്‍പ്പായസം ഹോമിക്കുക. കദളിപ്പഴം നേദിക്കുക.

🚩ഭൂമിസംബന്ധമായ പ്രശ്ന പരിഹാരം : ചുവന്ന താമര മൊട്ട് വെണ്ണയില്‍ മുക്കി ഹോമിക്കുക. 9, 18, 108, 1008 ഇപ്രകാരം ധന ശക്തി പോലെ ചെയ്യാം.

🚩ആകര്‍ഷണ ശക്തിക്ക് :
മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിക്കുന്നതും ത്രയംബക മന്ത്രം ചൊല്ലി തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കുന്നത് ഫലം നല്‍കും.

No comments:

Post a Comment