ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 January 2025

മേലോട്ടുകര ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം

മേലോട്ടുകര ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം

പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ മഹനീയ സാന്നിധ്യമാണ് തൃശൂർ ജില്ലയിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തിലുള്ള കടലാശ്ശേരി പിഷാരിക്കൽ ഭഗവതി. 108 ദുർഗ്ഗാലയങ്ങളിലുള്ള ഈ ക്ഷേത്രം 8 കടലായി മനകളിൽ ഒന്നായ കീഴോട്ടുകര മനക്കാരുടെ ഉപാസനാ ദേവിയാണ്. പടിഞ്ഞാട്ട് ദർശനമുള്ള ഈ ക്ഷേത്രത്തിനു അഭിമുഖമായി സ്ഥിതി ചെയുന്ന മറ്റൊരു ക്ഷേത്രമാണ് മേലോട്ടുകര ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം. പേരുപോലെ ഈ ക്ഷേത്രവും കടലായി മനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രം നിന്നിരുന്ന ഈ സ്ഥലത്ത് പണ്ട് മേലോട്ടുകര കടലായി മനയായിരുന്നു. തിരുവുള്ളക്കാവ് ധർമ്മശാസ്‌താവിൻ്റെ ഉപാസകൻ ആയിരുന്നു ആ മനയിലെ ഒരു ദിവ്യൻ ശാസ്‌താ ചൈതന്യം നിത്യം ഉപാസിക്കാനായി മനയിൽ കുടിയിരുത്തി എന്നാണ് സങ്കല്പം.

ഇടത്തുകാലിന്റെ ഭാഗത്തേക്ക് വലത്തുകാൽ മടക്കിവെച്ച് കൈകൾ അതാതു ഭാഗത്തെ തുടകളുടെ മുകളിലായിട്ടാണ് ബിംബം രൂപകല്പന ചെയ്തിട്ടുള്ളത്. ധ്യാനനിരതനായി തപസ്സു ചെയ്യുന്ന ഒരു മഹർഷിയുടെ ഭാവമാണ് ദേവന്. തിരുവുള്ളക്കാവ്, ചാത്തക്കുടം ശാസ്‌താക്കന്മാരുടെ ചൈതന്യം ഉള്ളതിനാൽ വിദ്യയ്ക്കും ആയുരാരോഗ്യത്തിനും ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ്. കുടുംബ ക്ഷേത്രമായതിനാൽ ഉത്സവങ്ങളോ മറ്റു ആഘോഷങ്ങളോ പതിവില്ല. മീന മാസത്തിലെ അശ്വതി നാളിൽ ആണ് പ്രതിഷ്‌ഠാദിനം. "നാഴിയും പിടിയും" ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. ഒരു നാഴിയും ഒരു പിടി ഉണക്കല്ലരിയും ദേവന് നിവേദ്യത്തിനായ് സമർപ്പിക്കുന്നതാണ് ഈ വഴിപാട്.

ഉപദേവതയായി ഗണപതി ഭഗവാനും ചുറ്റമ്പലത്തിന് പുറത്ത് ഭദ്രകാളി, ദുർഗ്ഗ, രക്തേശ്വരി, മണികണ്ഠൻ, നാഗരാജാവ് എന്നീ ദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു കുടുബ ക്ഷേത്രമായി അനേകകാലം നിലനിന്നിരുന്ന ഈ ക്ഷേത്രം ഇപ്പോൾ ഏറ്റെടുത്ത് നടത്തുന്നത് കടലാശ്ശേരി NSS കരയോഗമാണ്.





No comments:

Post a Comment