ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 January 2025

ശ്രീ അംബാബായി മഹാലക്ഷ്മി

ശ്രീ അംബാബായി മഹാലക്ഷ്മി

വെള്ളി, ചെമ്പ്, പിച്ചള എന്നിങ്ങനെ മൂന്ന് ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ഏക വിഗ്രഹം - മഹാരാഷ്ട്രയിലെ കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ ശ്രീ അംബാബായി മഹാലക്ഷ്മിയുടെ ഉത്സവവിഗ്രഹം. ഇവിടെ ദേവിയുടെ മുഖം വെള്ളിയും, ശരീരത്തിന്റെ ബാക്കിഭാഗം ചെമ്പും, തുണി പിച്ചളയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ മൂന്ന് ലോഹങ്ങളുടെയും ദ്രവണാങ്കങ്ങൾ (melting points) വ്യത്യസ്തമാണ്.

എന്നാൽ ഈ വിഗ്രഹത്തിൽ എവിടെയും വെൽഡിംഗ് ഇല്ല, കൂട്ടിയോജിപ്പിക്കലും കൂട്ടിച്ചേർക്കലുകളുമില്ലാത്ത ഇത് ഒരു പൊട്ടാത്ത പൂർണ്ണവിഗ്രഹമാണ്. ദേവിയുടെ താഴെയുള്ള സിംഹത്തിന്റെ സവിശേഷതയും ശരീരം മുഴുവൻ ചെമ്പും അലങ്കാരങ്ങൾ പിച്ചളയുമാണ് എന്നതാണ്. ശാസ്ത്രം ഇത്രയേറെ വികാസം പ്രാപിച്ച ഇക്കാലത്തും കൂട്ടിയോജിപ്പിക്കലുകളില്ലാതെ ഇത്തരം വിഗ്രഹങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ പക്ഷേ പരാജയപ്പെടുന്നു. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിന് മറ്റു ചില സവിശേഷതകൾ കൂടിയുണ്ട്. സൂര്യന്റെ കിരണങ്ങൾ സൂര്യാസ്തമയ സമയത്ത് ചെറിയൊരു ജാലകത്തിലൂടെ നേരിട്ട് ദേവിയുടെ മേൽ പതിക്കുന്നു. ഇതിനെ കിരണോത്സവം (സൂര്യരശ്മികളുടെ ഉത്സവം) ആയി ആഘോഷിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന ആഘോഷവും ഇതാണ്.

ഒരുവർഷത്തിൽ രണ്ടുതവണയായി മൂന്ന് ദിവസം സൂര്യദേവൻ മഹാലക്ഷ്മി അംബാബായിക്ക് ആരാധന അർപ്പിക്കുന്നുവെന്ന് വിശ്വാസം. സൂര്യരശ്മികൾ ജനുവരി 31നും നവംബർ 9നും ദേവിയുടെ കാലിലും ഫെബ്രുവരി 1നും നവംബർ 10നും ദേവിയുടെ നെഞ്ചിലും ഫെബ്രുവരി 2 നും നവംബർ 11 നും ദേവിയുടെ മുഴുവൻ ശരീരത്തിലും നേരിട്ട് പതിക്കുന്നു. 
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ വാസ്തുശില്പനിർമ്മാണത്തിലെ മികവാണ് കിരണോത്സവത്തിന് ആധാരം എന്നുവേണമെങ്കിൽ പറയാം. ഭാരതീയ ക്ഷേത്രങ്ങളിലും സൗധങ്ങളിലും കണ്ടുവരുന്ന ശില്പവൈദഗ്ദ്ധ്യത്തിന് മറ്റൊരു ഉദാഹരണം കൂടി.


No comments:

Post a Comment