"നിറം മാറുന്ന ഗണപതി വിഗ്രഹം"
അതിശയമായ ഈ വിഗ്രഹം സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രം... പഴയ വേണാടിന്റെ തലസ്ഥാനമായിരുന്ന തക്കലയ്ക്കു സമീപമുള്ള കേരളപുരം എന്ന ഗ്രാമത്തിലാണ് ഈ അത്ഭുത വിഗ്രഹമുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്... കേരളപുരം മഹാദേവ ക്ഷേത്രം...
വീരനായ ഇരവികുട്ടി പടത്തലവന് ജന്മം നൽകിയ വീര കേരളപുരം. ഒരു ഗ്രാമത്തിന്റെ വിശുദ്ധിയും, നൈർമല്യവും ഇന്നും സൂക്ഷിക്കുന്ന ഈ ഗ്രാമത്തിന്റെ ദേശ ദേവനാണ് കേരളപുരം മഹാദേവൻ. ഈ ക്ഷേത്രത്തിലെ ഉപദേവനാണ് നിറം മാറുന്ന അതിശയ വിനായകൻ!!!!
നൂറ്റാണ്ടുകൾ പഴക്കമുണ്ട് കേരളപുരം മഹാദേവ ക്ഷേത്രത്തിന്. കന്യാകുമാരിയുടെ ചരിത്രം പറയുന്ന പല പുസ്തകങ്ങളിലും, ശാസനകളിലും ഈ ക്ഷേത്രത്തെ കുറിച്ച് പറയുന്നുണ്ട്.
ചരിത്രം
💗●➖➖●ॐ●➖➖●💗
കൊല്ലവർഷം 362 ആം മാണ്ടിൽ ചോഴപുരം രേഖയിൽ കേരളപുരം ക്ഷേത്രത്തെ കുറിച്ച് പരാമർശമുണ്ട്.
കൊല്ലവർഷം 399 ലെ തിരുവല്ലം രേഖ പ്രകാരം ക്ഷേത്രം പണിതത് കൊല്ലവർഷം 362 നു മുന്നെയാണ്.
ഈ ക്ഷേത്രത്തിലെ ഗർഭ ശ്രീകോവിലിനു ചുറ്റിലുമായി ശിലാ ലിഖിതങ്ങൾ കൊത്തിയിട്ടുണ്ട്. പ്രദക്ഷിണം വയ്ക്കുമ്പോൾ നമുക്കതു കാണാവുന്നതാണ്... ആ രേഖകൾ പ്രകാരം കൊല്ലവർഷം 783 അൽപശി മാസം 20-ാം തീയതി തിരുപ്പണി തീർത്തു കലശം നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രം പുതുക്കി പണിതത് കീഴ്പേരൂർ തിരുവാപ്പൂർ സ്വരൂപത്തിൽ രോഹിണി തിരുനാൾ ഉമയമ്മ തിരുമനസ്സിന്റെ പുത്രൻ ശ്രീ വീര രവി ഉദയ മാർത്താണ്ഡവർമ്മയാണ്.
ദേശത്തിനു അനുഗ്രഹമായി വിളങ്ങുന്ന ക്ഷേത്രത്തിൽ മഹാദേവനാണ് പ്രതിഷ്‌ഠ. ദേവിയും ഉണ്ട്. നടരാജരൂപമാണ് ഉത്സവ മൂർത്തി, മുരുകനും പ്രാധാന്യമുണ്ട്.
ഈ ക്ഷേത്രത്തിൽ തന്നെ ഉപദേവനായി പ്രതിഷ്‌ഠയുള്ള ഗണപതി വിഗ്രഹമാണ് നിറം മാറുന്ന അതിശയ വിനായകർ.
പ്രതിഷ്ഠയെക്കുറിച്ചുള്ള ഐതിഹ്യം 💗●➖➖●ॐ●➖➖●💗
കേരളപുരം ഭരിച്ചിരുന്ന ഉണ്ണി കേരളവർമ്മ എന്ന രാജാവ് ഒരിക്കൽ രാമനാഥപുരം രാജാവിനെ കാണാൻ രാമേശ്വരത്ത് പോയി. അവിടെ അഗ്നിതീർഥത്തില് രാജാവ് സ്നാനം ചെയ്യുമ്പോൾ കാലിൽ ഒരു കല്ല് തട്ടി. വെള്ളത്തിനുള്ളിൽ നിന്ന് കല്ല് പുറത്തെടുത്തപ്പോൾ അതിന് വിനായകരുടെ രൂപമുള്ളതായി രാജാവിന് തോന്നി. പ്രശ്നം വച്ച് നോക്കിയപ്പോൾ ഇത് രാവണൻ പൂജിച്ചിരുന്ന ഗണപതി വിഗ്രഹം ആണെന്ന് തെളിഞ്ഞു. കേരളവർമ്മ രാജാവിന്റെ ആതിഥേയനായി കൂടെയുണ്ടായിരുന്ന അവിടത്തെ രാജാവ് സേതു മന്നൻ വിഗ്രഹം രാജാവിന് നൽകി. വിനായക രൂപത്തിലെ കല്ല് നാട്ടില് കൊണ്ടുപോയി പ്രതിഷ്ഠിച്ച് പൂജചെയ്യാന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് നാട്ടിലെത്തിയ രാജാവ് ശിവക്ഷേത്രത്തിൽ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്ത് ആൽ മരത്തിന് ചുവട്ടിൽ പ്രതിഷ്ഠിച്ചു.
ചന്ത്രകാന്തകല്ലിൽ തീർത്ത ഈ വിനായക വിഗ്രഹത്തിന്റെ പ്രത്യേകത ഉത്തരായനത്തിലും, ദക്ഷിണായനത്തിലും നിറം മാറുന്നു എന്നുള്ളതാണ്. ഉത്തരായനത്തിൽ (മാർച്ച് - ജൂൺ) കറുപ്പ് നിറത്തിലാകുന്ന വിഗ്രഹം, ദക്ഷിണായനത്തിൽ (ജൂലൈ - ഫെബ്രുവരി) വെളുത്ത നിറത്തിലാകും. വിഗ്രഹം കറുപ്പാകുമ്പോൾ പ്രതിഷ്ഠക്കരികിലെ അരയാലിന്റെ ഇലകൾ കറുപ്പ് കലർന്ന പച്ച നിറത്തിലും, വെള്ളയാകുമ്പോൾ ഇലകൾ ഇളം പച്ചയായി മാറുമെന്നും പറയപ്പെടുന്നു. ഇനി ഒന്നുകൂടെയുണ്ട്, ക്ഷേത്ര കിണർ. ക്ഷേത്രക്കിണറിലെ വെള്ളവും ആറു മാസത്തിലൊരിക്കൽ നിറം മാറുമത്രെ. അതായത് പ്രതിഷ്ഠ വെള്ളയാകുമ്പോൾ വെള്ളം കറുക്കുമെന്നും, പ്രതിഷ്ഠ കറുപ്പാകുമ്പോൾ വെള്ളം തെളിയുമെന്നും പറയപ്പെടുന്നു.
പദ്മനാഭപുരത്ത് നിന്ന് നവരാത്രി അക്ഷരപൂജയ്ക്കായി സരസ്വതി ദേവിയും കൂട്ടരും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ വിശ്രമിക്കുന്നതിനായി കേളപുരം മഹാദേവ ക്ഷേത്രത്തിൽ എത്തും. കുമാരസ്വാമിയും മുന്നൂറ്റി നങ്കയും ഈ ക്ഷേത്രത്തിലും സരസ്വതി ദേവി അകലെയുള്ള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും. ക്ഷേത്രത്തിലെ ഉത്സവത്തിന് തേരോട്ടവും നടക്കാറുണ്ട്. ക്ഷേത്രത്തിനു മുന്നിലായി തേര് സൂക്ഷിക്കുന്ന പുരയും കാണാം.
ഈ ക്ഷേത്രത്തിൽ വർഷങ്ങൾ പഴക്കമുള്ള പ്രകൃതി നിറങ്ങളാൽ വരച്ച അനന്തശയന
ചിത്രമുണ്ട്. ഇലകളുടെയും പൂക്കളുടെയും നിറങ്ങളും അരിപ്പൊടി, കരി മുതലായ കൂട്ടുകളിലും തീർത്ത ഈ ചുമർ ചിത്രം കാലത്തെ അതിജീവിച്ചു ഇന്നും നിൽക്കുന്നു!!!
ചുമര് ഇടിഞ്ഞു കുറച്ചു ഭാഗം നശിച്ചെങ്കിലും ചിത്രത്തിന്റെ നിറത്തിനു യാതൊരു മങ്ങലും ഇല്ല.
No comments:
Post a Comment