ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 January 2025

പുലയർകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം

പുലയർകോട്ട 
ശ്രീ ധർമ്മശാസ്താക്ഷേത്രം

അതിപുരാതനമായ പുലയർകോട്ട ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ 
ശ്രീമൂലസ്ഥാനമാണ്.

പെരുമ്പാവൂർ പട്ടണത്തിൽ നിന്നും, 600 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് വടക്കു മാറിയാണ്, പുലയർ കോട്ട ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പുലയർകോട്ട ലോപിച്ച് ഇന്ന് 'പുലക്കോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രമെന്നറിയപ്പെടുന്നു.

ഐതീഹ്യപരമായി വളരെ പഴക്കമുള്ള പുലക്കോട്ട ശ്രീ ശാസ്താവിനെയും, പെരുമ്പാവൂർ ശ്രീ ശാസ്താവിനെയും ദർശനം നടത്തിയാണ് മണ്ഡലകാലത്ത് അയ്യപ്പൻമാർ മല ചവിട്ടാറുള്ളത്.

ഐതിഹ്യം
💗●➖➖●ॐ●➖➖●💗
കാട്ടുകള്ളൻ ഉദയനെതിരെ പടക്കൂട്ടാനായി, പന്തളം രാജകുമാരൻ അയ്യപ്പൻ നാടിൻ്റെ നാനാഭാഗത്തും സഞ്ചരിച്ച് നാടുവാഴികളെ കണ്ട്, സന്ദർശിച്ച സ്ഥലങ്ങളിലെ പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുകയും, അതത് ദേശങ്ങളിൽ സാമൂഹികപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

പെരുമ്പാവൂർ എത്തിയ അയ്യപ്പൻ, നാടുവാഴി ഞാളൂർക്കോട്ട കർത്താക്കളുടെ സഹായം തേടി.

അതിനു ശേഷം, ദേവിയുടെ പൂങ്കാവനമായ ഇരിങ്ങോൾവനത്തിൽ കൂടി നടന്നപ്പോൾ, മോഹിനി രൂപത്തിൽ അമ്മ ദർശനം നല്കി അനുഗ്രഹിച്ചു.

ഇരിങ്ങോൾകാടിൻ്റെ കിഴക്കുവശത്തുള്ള ഞാളൂർക്കോട്ട കളരി സന്ദർശിക്കുകയും, കുറച്ച് നാൾ അവിടെ തങ്ങി അവരുടെതായ ചില കളരിമുറകൾ അഭ്യസിക്കുകയും ചെയ്തു.

പെരും പാഴായി കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്ത് പൊന്ന് വിളയിച്ച് തരാം എന്ന് കർത്താക്കൾക്ക് അയ്യപ്പകുമാരൻ വാക്കു കൊടുത്തു...

അങ്ങനെ ആലങ്ങാട്ടു നിന്നും, അങ്കമാലി മഞ്ഞപ്രയിൽ നിന്നും നാലുകൂട്ടം പുലയരെ വരുത്തി, പെരുംപാഴ് ഊരിലെ കടുവാളിൽ കുടിയിരുത്തി കൃഷിപ്പണി ആരംഭിച്ചു.

മലാടിക്കൂട്ടം, ചെറാടിക്കൂട്ടം, പള്ളിക്കൂട്ടം, നാഥനാട്ക്കൂട്ടം എന്നിവരാണ് നാലുകൂട്ടം പുലയർ.

പെരും പാഴ് ഭൂമിയായി കിടന്ന മണ്ണിൽ പുലയരെ സംഘടിപ്പിച്ച് കൃഷിക്ക് നേതൃത്വം നല്കിയ പന്തള രാജകുമാരൻ, കൃഷിയോടെപ്പം അവർക്ക് ആയുധ പരിശീലനവും നല്കി.

അങ്ങനെ 'പെരുമ്പാവൂരിൽ 'കാർഷികവിപ്ലവത്തിനൊപ്പം തന്നെ കെട്ടുറുപ്പുള്ള ഒരു സൈന്യത്തെയും രൂപപ്പെടുത്തി.

അയ്യപ്പസ്വാമി, പുലയർക്കൊപ്പം കൃഷിപ്പണി ചെയ്തും, അവരോടൊപ്പം ഭക്ഷണം കഴിച്ചും, അന്തിയുറങ്ങിയും കഴിഞ്ഞ ഇടം
'പുലയർകോട്ട 'എന്നറിയപ്പെട്ടു.

പന്തളത്തുനിന്ന് ഉദയനെ തുരത്തിയ യുദ്ധത്തിൽ നാലുകൂട്ടം
പുലയർസൈന്യവും പങ്കെടുത്തു.

തങ്ങളുടെകൂടെ ഉണ്ടായിരുന്ന പന്തളം രാജകുമാരൻ, സാക്ഷാൽ പരബ്രഹ്മസ്വരൂപനാണെന്ന സത്യം തിരിച്ചറിഞ്ഞ നാലുകൂട്ടം പുലയർ പാടത്തിൻ്റെ കരയിലുള്ള പാലമരച്ചുവട്ടിൽ ശ്രീ അയ്യപ്പനെ പ്രതിഷ്ഠിച്ച് ആരാധന തുടങ്ങി.

പിന്നീടാണ് ഞാളൂർക്കോട്ട കർത്താക്കൾ, ശ്രീ അയ്യപ്പൻ്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ് പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രം പണികഴിപ്പിച്ചത്.

പുലയർക്കോട്ടയിൽ നിന്ന് ആവാഹിച്ച് കൊണ്ട് വന്ന് കുടിയിരുത്തിയതാണെന്നും പറയുന്നു.

ആദ്യം ഉണ്ടായ പുലയർക്കോട്ട ധർമ്മശാസ്താ ക്ഷേത്രത്തെ ജ്യേഷ്ഠൻ ക്ഷേത്രമെന്നും,
രണ്ടാമത് ഉണ്ടായ പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രത്തെ അനിയൻ ക്ഷേത്രമെന്നും പറഞ്ഞു വരുന്നു.

(ഈ ഐതീഹകഥ മറ്റൊരു രീതിയിലും പറയുന്നുണ്ട്... പെരുമ്പാവൂരിൽ പടക്കൂട്ടാൻ വന്ന 
ശ്രീ അയ്യപ്പൻ, രണ്ട് പേരായി മാറി ജ്യേഷ്ഠനും അനിയനും, 
ജ്യേഷ്ഠൻ പുലയർകോട്ട
ശ്രീ ധർമ്മശാസ്താവായും, 
അനിയൻ പെരുമ്പാവൂർ
ശ്രീ ധർമ്മശാസ്താവായും മാറിയെന്ന് ഐതീഹ്യം)

പുലക്കോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ അവകാശികൾ ഇന്നും പ്രദേശത്തെ നാലുകൂട്ടം പുലയരാണ്.

പെരുമ്പാവൂർ ടൗണിൻ്റെ അടുത്ത പ്രദേശമായ കടുവാളിൽ ആണ് 
ഇപ്പോഴും നാലുകൂട്ടം പുലയർ താമസിക്കുന്നത്.

പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് 300 മീറ്റർ മാറി, കിഴക്ക് വടക്കുഭാഗത്ത്പുലയർ കൃഷി ചെയ്തു കൊണ്ടിരുന്ന, കോളോപ്പാറ പാടത്തിൻ്റെ കരയിലെ പാലമരചുവട്ടിലാണ് പുലയർ,
ശ്രീ ധർമ്മശാസ്താവിനെ ആരാധന നടത്തി പോന്നത്...

1967ൽ കേരള സ്‌റ്റേറ്റ് ഹരിജൻ സമാജം പ്രസിഡൻറ് എം കെ കുഞ്ഞോലിമാഷിൻ്റെ നേത്യത്വത്തിൽ രൂപികരിച്ച കമ്മിറ്റിയാണ്, പാലമരം മുറിച്ചുമാറ്റി അവിടെ ചെറിയ രീതിയിൽ ക്ഷേത്രം നിർമ്മിച്ചത്..

പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രം ദേവസ്വം ബോർഡിൻ്റെ കീഴിലാണ്.

ജ്ഞാനപ്രദായകനായ ന്യായം വിധിക്കുന്ന ശ്രീ ആര്യൻ ശാസ്താവ് സങ്കല്പത്തിലാണ് പെരുമ്പാവൂർ ധർമ്മശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠ.

അത്യപൂർവ്വപ്രതിഷ്ഠയാണ്...
വലതുകൈയ്യിലെ മുദ്ര 
ഭരണം നടത്തുന്നവൻ, 
ന്യായാധിപൻ എന്ന അർത്ഥത്തിലും,
താമര ജ്ഞാനത്തെയും കാണിക്കുന്നു...

നാലുകൂട്ടം പുലയർ ശ്രീ അയ്യപ്പസ്വാമിയെ തങ്ങളുടെ രാജാവായും, ജ്ഞാനഗുരുവായും, ന്യായാധിപനായും സങ്കല്പിച്ച്, ആരാധിച്ച് വന്നതാണ്പ്രതിഷ്ഠയുടെ ഭാവം.

പെരുമ്പാവൂർ ക്ഷേത്രദർശനം നടത്തുന്ന ഭക്തർ ആദ്യം പുലക്കോട്ട 
ശ്രീ ശാസ്താവിനെ വണങ്ങി,
പെരുമ്പാവൂർ ശ്രീ ശാസ്താവിനെ ദർശിക്കുന്നതാണ് അഭികാമ്യം.

മണ്ഡലകാലം വൃശ്ചികം ഒന്ന് മുതൽ, നാല്പത്തിയൊന്നു ദിവസം പുലക്കോട്ട ധർമ്മശാസ്താക്ഷേത്ര നട തുറന്നിരിക്കും...


No comments:

Post a Comment