തൃശൂർ നഗരത്തിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ദേവീ [ശ്രീ ഭദ്രകാളി] ക്ഷേത്രമാണ് മദ്ധ്യകേരളത്തിൽ പൊതുവേ അറിയപ്പെടുന്ന താണിക്കുടം ഭഗവതി ക്ഷേത്രം. അനേകായിരങ്ങളുടെ ആശ്രയവും ആത്മാർത്ഥമായി വിളിച്ചാൽ വിളിപ്പുറത്തമ്മയും ഭക്തവത്സലയും അതിദയാനിധിയുമാണ് താണിക്കുടത്തെ ഭഗവതിയമ്മ.
സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായി, മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിലാണ് ഈ അമ്പലത്തിലെ പ്രധാന മൂർത്തിയായ ശ്രീ ഭദ്രകാളിയുടെ മൂലപ്രതിഷ്ഠ. വെയിലും മഴയും തടസ്സമില്ലാതെ അനുഭവിക്കാവുന്ന ഇത്തരം ദേവീസങ്കൽപ്പത്തെ ‘വനദുർഗ്ഗ’ എന്നും ‘അപർണ്ണ’ എന്നും വിളിച്ചുവരുന്നു. യഥാർത്ഥ മൂലപ്രതിഷ്ഠ ‘സ്വയംഭൂ’ എന്നു് ഭക്തർ വിശ്വസിക്കുന്ന ഭദ്രാഭഗവതിയുടെ ഒരു വലിയ ശിലാഫലകമാണു്. നാലുവശവും അടച്ചുകെട്ടിയ ഒരു ഗർഭഗൃഹത്തിൽ ‘പുവ്വം’ എന്ന തരം ഒരു വൃക്ഷത്തിനു കീഴിലായി സ്ഥിതിചെയ്യുന്ന ഈ ഫലകം പുറമേനിന്നും ദൃശ്യമല്ല. ശ്രീകോവിലിനുള്ളിലെ മറ്റൊരു ചെറിയ ശിലാവിഗ്രഹമാണു് പൂജാബിംബമായി ആരാധിക്കപ്പെടുന്നതു്. കിഴക്കോട്ട് ദർശനമായാണ് ഭഗവതിയുടെ പ്രതിഷ്ഠ. ഉഗ്രരൂപിണിയായ മഹാകാളി ഭഗവതിയുടെ ഉഗ്രഭാവം കുറയ്ക്കാനെന്ന സങ്കല്പത്തിൽ പുഴ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്നു.
പേരിന്റെ ഉത്ഭവം
💗●➖➖●ॐ●➖➖●💗
ക്ഷേത്രത്തിൽ ഇപ്പോൾ ഉള്ള ‘പുവ്വം’ വൃക്ഷത്തിനു പകരം മുൻപുണ്ടായിരുന്നത് ഒരു ‘താന്നി’ അഥവാ ‘താണി’ മരമായിരുന്നുവത്രേ. താന്നി കുടപോലെയാക്കി അതിനുകീഴെ വസിക്കുന്ന ദേവി എന്ന സങ്കൽപ്പത്തിലാണു് ക്ഷേത്രത്തിനു് താന്നിക്കുട (താണിക്കുട) എന്നു പേരു വന്നതെന്നും പിന്നീട് ലോപിച്ച് അതുതന്നെ താണിക്കുടം എന്നായിമാറിയെന്നുമാണു് സ്ഥലവാസികൾ വിശ്വസിച്ചുവരുന്നതു്.
ആറാട്ട്
💗●➖➖●ॐ●➖➖●💗
‘താണിക്കുടം പുഴ’ അഥവാ ‘നടുത്തോട്’ എന്നറിയപ്പെടുന്ന ചെറിയ ഒരു പുഴ പ്രകൃത്യാ ചുറ്റിവളഞ്ഞൊഴുകി ഒരു ഉപദ്വീപുപോലെ രൂപപ്പെട്ട സ്ഥലത്താണു് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് അമിതമായി മഴപെയ്യുമ്പോൾ ഈ പുഴ ഒരുമീറ്ററിൽ കൂടുതൽ ഉയരത്തിൽ കരകവിഞ്ഞൊഴുകാറുണ്ട്. താരതമ്യേന ഉയരംകുറഞ്ഞ ക്ഷേത്രഭൂമിയും ഉപദ്വീപും ഏതാനും മണിക്കൂറുകൾ നേരത്തേക്ക് ഈ വേലിയേറ്റത്തിൽ മുങ്ങിപ്പോവും. വിഗ്രഹമടക്കം ഇങ്ങനെ വെള്ളത്തിനടിയിലാവുന്ന സമയത്ത് വളരെയധികം ഭക്തജനങ്ങൾ അമ്പലം സന്ദർശിച്ച് നെഞ്ചൊപ്പമുള്ള വെള്ളത്തിലൂടെത്തന്നെ നടന്നോ നീന്തിയോ പ്രദക്ഷിണം വെച്ചു തൊഴാറുണ്ട്.
ഓരോ ആണ്ടുകളിലും കാലവർഷസമയത്ത് രണ്ടോ മൂന്നോ പ്രാവശ്യം സംഭവിക്കുന്ന ‘ആറാട്ട്’ എന്ന ഈ പ്രതിഭാസമാണു് ഇവിടത്തെ പ്രധാനപ്രത്യേകത.
പൊതുവേ നിബിഢവനമായിരുന്ന ഈ പ്രദേശത്ത് ക്രൂരന്മാരും ലുബ്ധന്മാരുമായിരുന്ന കുറേ ബ്രാഹ്മണകുടുംബങ്ങളായിരുന്നു ഒരു കാലത്ത് താമസിച്ചിരുന്നതത്രേ. ഒരു രാത്രി ജ്ഞാനിയായ ഒരു ഭിക്ഷു ഗ്രാമത്തിൽ എത്തിപ്പെട്ടു. പ്രായാധിക്യവും യാത്രാക്ഷീണാവും കൊണ്ട് അവശനായ അദ്ദേഹം വിശപ്പാറ്റാനും രാത്രി തങ്ങാനുമായി ഓരോന്നായി 41 വീടുകളിലും ചെന്നു. എന്നാൽ എല്ലാ വീട്ടുകാരും അദ്ദേഹത്തെ നിർദ്ദാക്ഷിണ്യം കയ്യൊഴിഞ്ഞു. അവസാനത്തെ വീട്ടുകാർ അദ്ദേഹത്തെ വിഡ്ഢിയാക്കാനായി അകലെയുള്ള താണിമരം കാണിച്ചുകൊടുത്ത് അതിനുതാഴെ കാളി എന്നുപേരായ ഒരു വാരസ്യാർ താമസിക്കുന്നുണ്ടെന്നും അവിടെച്ചെന്നാൽ അവൾ ഭക്ഷണവും മറ്റു സൌകര്യങ്ങളും നൽകുമെന്നും പറഞ്ഞറിയിച്ചു. ഇതനുസരിച്ച് മരത്തിനുകീഴെയെത്തിയ ഭിക്ഷു യഥാർത്ഥത്തിൽ അവിടെ നല്ലൊരു വീടും അദ്ദേഹത്തെ അതിഥിയായി സ്വീകരിക്കാനായി ഒരു യുവതിയേയും കണ്ടുമുട്ടി. അവർ അദ്ദേഹത്തിനുവേണ്ട ഭക്ഷണവും താമസിക്കാനുള്ള സൌകര്യങ്ങളും ചെയ്തുകൊടുത്തു. രാത്രി എന്തെങ്കിലും വാദ്യഘോഷങ്ങളോ നിലവിളികളോ മറ്റ് അസാധാരണ ശബ്ദങ്ങളോ കേട്ടാലും ഗൗനിക്കരുതെന്നും സ്വന്തം കിടക്ക വിട്ടൊഴിഞ്ഞ് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ച് കാളി വാരസ്യാർ പിൻവാങ്ങിയത്രേ.
പിറ്റേന്നുരാവിലെ ഉണർന്നെണീറ്റ ഭിക്ഷുവിന് കാളിയേയോ മറ്റാരെയുമോ പരിസരത്തൊന്നും കാണുവാൻ കഴിഞ്ഞില്ല. സമീപത്തുണ്ടായിരുന്ന ബ്രാഹ്മണഗൃഹങ്ങളെല്ലാം അഗ്നിക്കിരയായി മുച്ചൂടും മുടിഞ്ഞും പോയിരുന്നു. തനിക്കു പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ ഭഗവതി യെന്ന് ബോദ്ധ്യമായ ഭിക്ഷു സ്വയം മുൻകയ്യെടുത്ത് ഉടനെത്തന്നെ തത്സ്ഥാനത്ത് ഒരു ക്ഷേത്രം പണികഴിച്ചു എന്നാണു് തലമുറകളായി കൈമാറിവരുന്ന ഐതിഹ്യം.
ഈ ഐതിഹ്യത്തിനകത്ത് ചരിത്രാവശിഷ്ടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാവാം. താണിക്കുടം എന്ന സ്ഥലത്തോ സമീപപ്രദേശത്തോ ഇപ്പോഴും ബ്രാഹ്മണകുടുംബങ്ങൾ തീരെയില്ല. ദലിതരുൾപ്പെടെ മറ്റു പല സമുദായങ്ങളും ധാരാളമുണ്ടുതാനും. ക്ഷേത്രത്തിലെ വിഷുവേല ആഘോഷങ്ങളിൽ ഈ ഓരോ സമുദായങ്ങൾ വകയായും പ്രത്യേക ‘വേല’കളും കളികളും ഇപ്പോഴും പതിവുണ്ടു്.
ഒരു കാലത്ത് സംഭവിച്ചിട്ടുണ്ടാകാവുന്ന, ബ്രാഹ്മണാധിപത്യവും അതിനെതിരേ മറ്റു സമുദായക്കാർ സംഘടിപ്പിച്ച പ്രതിരോധവും ഉൾപ്പെട്ട സാമൂഹ്യപരിവർത്തനസംഭവമാകാം ഈ ഐതിഹ്യത്തിന്റെ മൂലതന്തു. കേരളത്തിന്റെ പ്രാചീനചരിത്രത്തിന്റെ ഭാഗമായ ബൌദ്ധ ജൈന ഹൈന്ദവ പരിണാമങ്ങളിലേക്കും ഈ ഐതിഹ്യത്തിനു് കണ്ണികൾ ഉണ്ടാകാം.
മറ്റു പല കേരളക്ഷേത്രങ്ങളേയും പോലെ താണിക്കുടം ക്ഷേത്രത്തിനെക്കുറിച്ചും നിയതമായ ലിഖിതചരിത്രരേഖകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ‘കുളങ്ങരെ’ എന്നറിയപ്പെടുന്ന നായർ കുടുംബത്താവഴിയായിരുന്നു ഏറെക്കാലം ക്ഷേത്രത്തിന്റെ ഊരാഴ്മക്കാർ. ബ്രാഹ്മണീകരിക്കുന്നതിനുമുൻപ് പൂജകരും കുളങ്ങരെനായൻമാര്‍ ആയിരുന്നത്രെ.
കുളങ്ങരെനായർ/കുറുപ്പ് എന്ന നായർ ഉപജാതീയർ പൂജകരായുണ്ടായിരുന്നതും ഇപ്പോഴും ഉള്ളതുമായ ക്ഷേത്രങ്ങൾ കേരളത്തിൽ എമ്പാടുമുണ്ട്..... താണിക്കുടത്ത് ഈ കുടുംബത്തിന്റെ പ്രതിനിധികൾ ക്ഷേത്രച്ചടങ്ങുകളുടെ അവിഭാജ്യഘടകമാണ്. ഏകദേശം പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലഘട്ടങ്ങൾ മുതലുള്ള സർവ്വേ രേഖകളിലും കൊച്ചി രാജവംശത്തിന്റെ ഭരണരേഖകളിലും മറ്റും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിനു ഏകദേശം ഒരു കിലോമീറ്റർ അകലെയുണ്ടായിരുന്ന അതിപുരാതനമായ കോൺക്രീറ്റ് രണ്ടടിപ്പാലം ‘നേത്യാരമ്മപ്പാലം’ എന്നാണറിയപ്പെട്ടിരുന്നതു്. കൊച്ചി രാജവംശവും തൃശ്ശൂർ കൊട്ടാരവുമായി ഈ ഗ്രാമത്തിനും ക്ഷേത്രത്തിനും ദൃഢമായ ബന്ധമുണ്ടായിരുന്നു എന്നു തെളിയിക്കാവുന്ന ഇത്തരം മറ്റു ചരിത്രാംശങ്ങളും സുലഭമാണു്.
പുത്തേഴത്തു രാമമേനോൻ അദ്ദേഹത്തിന്റെ ചില കൃതികളിൽ ഈ പ്രദേശത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഒരിക്കൽ ക്ഷേത്രത്തിൽ നടന്ന ആറാട്ടു തൊഴാൻ നഗരത്തിൽനിന്നും പത്നി ഭാനുമതിയമ്മയുമൊത്ത് കാൽനടയായി എത്തിയതിനെക്കുറിച്ച് വൈലോപ്പിള്ളി ശ്രീധരമേനോൻ മനോഹരമായ ഒരു കഥ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തിലെ പതിവുസന്ദർശകനായിരുന്ന അദ്ദേഹത്തിന്റെ കൃതികളിലെ പല ഗ്രാമസങ്കൽപ്പങ്ങളും ഈ ഗ്രാമപ്രകൃതിയുമായി ഒത്തുപോവുന്നുമുണ്ട്.
ഈ ക്ഷേത്രത്തെക്കുറിച്ച് ലഭ്യമായതിൽ സാമാന്യം വിശദമായ ഏറ്റവും പഴക്കമുള്ള രേഖ വില്വമംഗലത്തു സ്വാമിയാർരചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന കേരളാചാരദീപിക എന്ന കേരളക്ഷേത്ര മാഹാത്മ്യ കൃതിയാണു്. "കലിദ്രുമഘടം" എന്ന പേരിലാണു് ഈ ക്ഷേത്രത്തെ അതിലെ എട്ടാമദ്ധ്യായത്തിൽ പരാമർശിച്ചിരിക്കുന്നത്.
No comments:
Post a Comment