നട്ടുച്ചയ്ക്ക് വലിയ ഗുരുതി നടത്തുന്ന അത്യപൂര്‍വം ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ആമ്പല്ലൂര്‍ ഭഗവതി ക്ഷേത്രം.
കേരളത്തിൽ ഒരിടത്തും ഇതുപോലൊരു ഭദ്രകാളി ക്ഷേത്രം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള ആമ്പല്ലൂര്‍കാവ് ഭഗവതി ക്ഷേത്രം ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും ഫലദാനശക്തി കൊണ്ടും മറ്റ് ഭദ്രകാളി ക്ഷേത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.
ചോറ്റാനിക്കര - തലയോലപ്പറമ്പ് റൂട്ടില്‍ ആമ്പല്ലൂര്‍ പള്ളിത്താഴം സ്റ്റോപ്പില്‍ ബസിറങ്ങി ഗ്യാസ് ഗോഡൗണ്‍ റോഡിലൂടെ ഏതാനും വാരം സഞ്ചരിച്ചാല്‍ അതിപുരാതനമായ ആമ്പല്ലൂര്‍ക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരാം. ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പണ്ട് കരപ്രമാണിമാരായിരുന്ന നാല് ബ്രാഹ്മണ ഊരാളൻമാരുടെ വകയായിരുന്നു ഈ ക്ഷേത്രം.
ഇപ്പോള്‍ കൊച്ചി ദേവസ്വത്തിന്‍റെ കീഴില്‍ ക്ഷേത്ര സംരക്ഷണ സമിതിയാണ് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.
മനയത്താറ്റ് മന ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി.
ഉടലുമന പ്രമോദ് സുദർശന ഭട്ടതിരിയാണ് ക്ഷേത്രം മേൽശാന്തി.
ഉപദേവതമാരില്ലാത്ത, വടക്കോട്ട് ദര്‍ശനമായ ഈ ഭദ്രകാളീ ക്ഷേത്രത്തില്‍ മേടമാസത്തില്‍ തിരുവോണം നക്ഷത്രം കഴിഞ്ഞ് ആദ്യം വരുന്ന ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഒന്നിലാണ് പകല്‍ പന്ത്രണ്ടുമണിക്ക് അകത്തെ മണ്ഡപത്തില്‍ ദൃശ്യപ്രധാനമായ വലിയ ഗുരുതി നടക്കുന്നത്. ഗുരുതിക്ക് മുമ്പ് മൂന്നു ദിവസം അരിയെറിച്ചില്‍, പറഉത്സവം, മഹോത്സവം എന്നീ പ്രകാരമാണ് ഇവിടുത്തെ ഉത്സവത്തിന്‍റെ ആചാരക്രമം. ഗുരുതിനാളില്‍ തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉച്ചപൂജയ്ക്ക് ശേഷം മണ്ഡപത്തിലെ പത്മത്തിലേക്ക് ദേവിയെ ആവാഹിച്ച്, വറപൊടി നിവേദ്യത്തിന് ശേഷം പ്രസന്നപൂജ നടത്തി വാദ്യമേളങ്ങളുടേയും വായ്ക്കുരവയുടേയും അകമ്പടിയോടെ ഗുരുതിപൂജ ആരംഭിക്കുന്നു
ദേവിക്ക് പുറംതിരിഞ്ഞിരുന്ന് മുന്നിലുള്ള തൂശനിലയിലേക്ക് മൂന്ന് കൈ ഗുരുതി തര്‍പ്പിച്ചശേഷം പന്ത്രണ്ട് വാര്‍പ്പുകളിലെ ഗുരുതി ഒറ്റയ്ക്ക് കമിഴ്ത്തുന്ന കാഴ്ച വളരെ അത്ഭുതാവഹമാണ്.
പിന്നീട് ഗുരുതി പാത്രത്തില്‍ കര്‍പ്പൂരം കത്തിച്ച് കര്‍പ്പൂരാരാധന നടത്തിയ ശേഷം ദേവിയെ തിരികെ പത്മത്തില്‍ നിന്ന് പീഠത്തിലേക്ക് ഉദ്വസിക്കുന്നു.
നട്ടുച്ച സൂര്യനേയും അഷ്ടദിഗ്പാലകരേയും മാലോകരേയും സാക്ഷിനിര്‍ത്തി ഭഗവതി തന്‍റെ ഭൂതഗണങ്ങള്‍ക്ക് ബലി അര്‍പ്പിക്കുന്നതാണ് ഉച്ചഗുരുതിയുടെ പ്രാധാന്യം.
ഭക്തര്‍ ഗുരുതി സേവിച്ച് അന്നദാനത്തിന് ശേഷം ശത്രു ക്ഷുദ്രാഭിചാര ബന്ധനങ്ങളില്‍ നിന്ന് വിമുക്തരായി ആത്മസംതൃപ്തിയോടെ മടങ്ങുന്നു. പിന്നീട് ഏഴാം നാള്‍ രാത്രി വലിയ ഗുരുതിയോടെ ഇവിടത്തെ ഉത്സവം സമാപിക്കുന്നു.
പണ്ടുകാലങ്ങളില്‍ നട്ടുച്ച ഗുരുതി മുതല്‍ ഏഴാം ഗുരുതി വരെ നാട്ടിലെ ജനങ്ങള്‍ ആരും തന്നെ നടവിലങ്ങി സഞ്ചരിക്കുകയോ ദൂരയാത്ര പോവുകയോ ചെയ്യാറില്ല. ഭഗവതിയുടെ ഭൂതഗണങ്ങള്‍ ഈ ദിവസങ്ങളില്‍ നാട്ടില്‍ നിര്‍ബാധം സഞ്ചരിക്കുന്നു എന്ന വിശ്വാസമാണ് കാരണം.
ആമ്പല്ലൂര്‍ക്കാവിലെ പ്രതിഷ്ഠ ചാന്താട്ട് പീഠത്തിലാണ് (ദാരുശില്‍പം). സാധാരണദിവസങ്ങളില്‍ സൗമ്യഭാവത്തിലും ഗുരുതി നാളുകളില്‍ അത്യുഗ്രരൂപത്തിലുള്ള ഗോളകയുമാണ് ഇവിടെ ദര്‍ശിക്കാന്‍ കഴിയുക.
അടപന്തീരാഴി, കൈവട്ടകഗുരുതി, കടുംപായസം, പട്ട്, താലിചാര്‍ത്തല്‍ എന്നിവയാണ് ഇവിടത്തെ പ്രധാനവഴിപാടുകള്‍.
ആമ്പല്ലൂര്‍ ഭഗവതിക്ഷേത്രത്തില്‍ ഏകദേശം നൂറ് മീറ്റര്‍ പടിഞ്ഞാറ് മാറി അര്‍ജുനന്‍ പ്രതിഷ്ഠിച്ചത് എന്ന് കരുതപ്പെടുന്ന മഹാവിഷ്ണു ക്ഷേത്രമുണ്ട്. കിഴക്ക് ദര്‍ശനമായി നില കൊള്ളുന്ന ഈ ക്ഷേത്രം ഗുരുവായൂരപ്പ സങ്കല്പത്തിലുള്ളതാണ്.
ആമ്പല്ലൂര്‍ തൃക്കോവില്‍ എന്നറിയപ്പെടുന്ന ഇവിടെ ഗണപതി, ശിവന്‍, ശാസ്താവ്, യക്ഷി, സര്‍പ്പം എന്നീ ഉപദേവതകളുമുണ്ട്. ആമ്പല്ലൂര്‍ ഭഗവതിക്ഷേത്രവും ആമ്പല്ലൂര്‍ തൃക്കോവിലും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.
തൃക്കോവിലപ്പന്‍റെ ആറാട്ട് കഴിഞ്ഞാണ് ആമ്പല്ലൂര്‍ക്കാവിലെ ഉത്സവം തുടങ്ങുന്നത്.
ആമ്പല്ലൂർ കാവിലെ ഗുരുതിയോടെ ഈ പ്രദേശത്തെ ഉത്സവങ്ങള്‍ സമാപിക്കും. ആമ്പല്ലൂര്‍ക്കാവിലെ ശംഖ് പ്രസിദ്ധമാണ്. ശംഖിന്റെ പ്രത്യേക നാദവും മുഴക്കവും വളരെ ദൂരെനിന്ന് കേള്‍ക്കാവുന്നതാണ്.
No comments:
Post a Comment