ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 January 2025

ശാസ്താവിന്റെ പ്രധാനമായ എട്ടു ഭാവങ്ങൾ

ശാസ്താവിന്റെ പ്രധാനമായ എട്ടു ഭാവങ്ങൾ

ശാസ്താവിന് പ്രധാനമായും എട്ടു ഭാവങ്ങൾ പറയുന്നു. ഇവയെ അഷ്ട ശാസ്താക്കന്മാർ എന്ന് പറയുന്നു.

ആദി മഹാശാസ്താവ്
ധർമ്മ ശാസ്താവ് (അയ്യപ്പൻ) 
ജ്ഞാന ശാസ്താവ്
കല്യാണ വരദ ശാസ്താവ് 
സമ്മോഹന ശാസ്താവ്
സന്താനപ്രാപ്തി ശാസ്താവ്
വേദ ശാസ്താവ്
വീര ശാസ്താവ് 
എന്നിങ്ങനെ എട്ടു ഭാവങ്ങളിൽ ശാസ്താക്കന്മാർ ഉണ്ട്.

ആദി മഹാശാസ്താവ്
💗✥━═══🪷═══━✥💗
ചോളന്മാരണ് ആദി ശാസ്താവിനെ ആരാധിച്ചിരുന്നതായി രേഖയുള്ളത്. ഇടുപ്പിനും ഇടത് കാലിനും മുകളിൽ ഒരു യോഗപട്ട ധരിച്ച് രണ്ട് ഭാര്യമാരായ പൂർണ്ണയും പുഷ്‌കലയും ഒപ്പം ഇരിക്കുന്നതായാണ് സങ്കൽപ്പം.

ധർമ്മ ശാസ്താവ് (അയ്യപ്പൻ)
💗✥━═══🪷═══━✥💗
കേരളത്തിൽ പൊതുവെ നാം കാണുന്നതും വളരെ പ്രചാരത്തിലുള്ളതുമായ ആരാധനാ മൂർത്തിയാണിത്. കൂടുതലും ബ്രഹ്മചാരിയായി ആരാധിക്കുന്നുണ്ടെകിലും, ധർമ്മശാസ്താവ് എന്ന സങ്കൽപ്പത്തോടെ ഇരുഭാര്യമാരായ പൂർണ്ണയ്ക്കും പുഷ്പകലയ്ക്കും ഒപ്പവും ആരാധിക്കുന്നു.

ജ്ഞാന ശാസ്താവ്
💗✥━═══🪷═══━✥💗
ജ്ഞാനത്തിൻറെ അധിപനായി രൂപപ്പെടുന്ന ശാസ്താവ്. ശിവൻറെ ദക്ഷിണാമൂർത്തി എന്ന സങ്കൽപ്പത്തോട് വളരെ സാദൃശ്യം ഉണ്ട്. ബ്രഹ്മ ദേവനും സരസ്വതി ദേവിയും ഭഗവാനിൽ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഭഗവാൻ സരസ്വതിയെപ്പോലെ കൈയ്യിൽ വീണയും, പാദങ്ങളുടെ അരുകിൽ വേദങ്ങളും വെച്ച് യോഗാസനത്തിൽ ഇരിക്കുന്നു.

കല്യാണ വരദ ശാസ്താവ്
💗✥━═══🪷═══━✥💗
ഇരു ഭാര്യമാരോടൊപ്പം ആനപ്പുറത്ത് ഇരിക്കുന്ന ഭഗവാൻ, സ്വയംവര കർത്താവായി (വിവാഹം നടത്തിക്കൊടുക്കുന്ന സ്വരൂപം) സങ്കൽപ്പിച്ചിരിക്കുന്നു.

സമ്മോഹന ശാസ്താവ്
💗✥━═══🪷═══━✥💗
ശാസ്താവിൻറെ ഈ രൂപം ചന്ദ്രൻറെയും ഇന്ദ്രൻറെയും സങ്കൽപ്പത്തെ പ്രതിനിധീകരിക്കുന്നു. ഇന്ദ്രൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇന്ദ്രൻ ശാസ്താവിന് ഐരാവതം നൽകിയതായി പുരാണം. ഭഗവാന് ചുറ്റുമുള്ള പ്രഭാവലയം ചന്ദ്രൻറെതാണ്. ഈ സ്വരൂപം ഉത്തമ ദാമ്പത്യവും, സകല ഐശ്വര്യവും നൽകുന്നതിന് സഹായിക്കുമെന്ന് പറയപ്പെടുന്നു.

സന്താനപ്രാപ്തി ശാസ്താവ്
💗✥━═══🪷═══━✥💗
ശാസ്താവിന്റെ ഈ രൂപം ശുക്രൻറെ പ്രതിബിംബമാണ്. അസുരഗുരു ശുക്രാചാര്യരുടെ മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ട രൂപമാണിത്. സദാ ദമ്പതികളെ, കുട്ടികളെ അനുഗ്രഹിക്കുന്നതായി സങ്കൽപ്പിക്കുന്ന ശാസ്താവ്. ദശരഥൻ പുത്രകാമേഷ്ടി യജ്ഞം നടത്തിയപ്പോൾ അഗ്നി ദേവനൊപ്പം സംബാതം നൽകാൻ പ്രത്യക്ഷപ്പെട്ടന്ന് രാമായണത്തിൽ പരോക്ഷമായി ഈ ഭഗവാനെ പരാമർശിക്കുന്നുണ്ട്. ഭാര്യ പ്രഭയോടും സത്യകൻ എന്ന മകനോടും കൂടിയാണ് ഭഗവാൻ പ്രത്യക്ഷപ്പെട്ടത്.

വേദ ശാസ്താവ്
💗✥━═══🪷═══━✥💗
ശാസ്താവിൻറെ ഈ രൂപം വില്ലും അമ്പും കൊണ്ട് സിംഹത്തിൻറെയോ അല്ലെങ്കിൽ കടുവയുടെയോ മേൽ ഇരിക്കുന്നതായി സങ്കൽപ്പം. കണ്ഠത്തിൽ മണിയുള്ളതിനാൽ മണികണ്ഠൻറെ രൂപമാണ്. വേദ ശാസ്‌താവായ മണികണ്ഠനെ ഇരു ഭാര്യമാരായ പൂർണ്ണയ്ക്കും പുഷ്പകലയ്ക്കും ഒപ്പവും ആരാധിക്കുന്നുണ്ട്.

വീര ശാസ്താവ്
💗✥━═══🪷═══━✥💗
യോദ്ധാവിൻറെ രൂപത്തിൽ കുതിരപ്പുറത്ത് ഇരിക്കുന്ന ശാസ്താവ് (അശ്വാരൂഡ ശാസ്‌താവ്‌). ശാസ്താവിൻറെ ഈ രൂപം തമിഴ് നാടോടി ദൈവമായ അയ്യനാറുമായി സാദൃശ്യമുണ്ട്. ഈ രൂപത്തെ വേട്ടക്കൊരുമകൻ എന്നും വിളിക്കുന്നു.

ഭക്തർക്ക് സുരക്ഷ നൽകുന്നതിൽ ശാസ്താവിനെപ്പോലെ ശക്തനായ മറ്റൊരു ദൈവമില്ല എന്നതാണ് വിശ്വാസം. എല്ലാ രാത്രിയിലും ഗ്രാമത്തിലൂടെ ശാസ്താവ് സവാരി നടത്തുകയും, കാര്യങ്ങൾ ശരിയാണെന്നും തൻറെ പ്രദേശത്ത് പ്രവേശിക്കുന്ന ദുഷ്ടശക്തികളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വരാനിരിക്കുന്ന അപകടങ്ങളിൽ നിന്നോ, അപകടത്തിൽ നിന്നോ നിങ്ങളുടെ ജീവിതത്തെ സംരക്ഷിക്കുന്നു. പക്ഷെ നിങ്ങൾ പാപികളാണെങ്കിലോ, അല്ലെങ്കിൽ അധർമ്മം ചെയ്യുന്നവരാണെങ്കിലോ സംരക്ഷണം ലഭിക്കില്ല. അതാണ് ശാസ്താവും ശിക്ഷകനായ ശനിദേവനുമായുള്ള ഉടമ്പടി.


No comments:

Post a Comment