സന്ന്യാസത്തിന് പല പല ഭാവങ്ങളുണ്ട്.
💗✥━═══🪷═══━✥💗
കുടികളിൽ താമസിക്കുന്ന സന്ന്യാസിമാരെ കുടീചകൻമാർ എന്ന് പറയും.
സ്ഥിരമായൊരിടത്തും നിൽക്കാതെ, കറങ്ങി നടക്കുന്നവരെ ബഹൂതകൻമാർ എന്നാണ് പറയുക.
ജ്ഞാനികളെ ഹംസർ എന്ന് വിശേഷിപ്പിക്കുന്നു.
പരമമായ സത്യമറിഞ്ഞവരെ പരമഹംസർ എന്ന് പറയുന്നു.
ആ പരമസത്യത്തിനുമപ്പുറം കടന്നുപോയവർക്ക് തുരീയാതീതൻമാർ എന്നാണ് വിശേഷണം.
എല്ലാ നിയമങ്ങൾക്കും അറിവുകൾക്കും അപ്പുറത്തുള്ളവരാണ് അവധൂതൻമാർ.
ഇപ്രകാരമുള്ള എല്ലാ സന്ന്യാസഭാവങ്ങളും കുംഭമേളയിൽ എത്തുന്നു എന്നതാണ് ഈ ഉത്സവത്തിൻ്റെ ഏറ്റവും വലിയ വിശേഷം.
ആധുനിക കാലഗണനാ സമ്പ്രദായം ഇല്ലാത്ത കാലത്തും, ഗതാഗത സൗകര്യങ്ങളോ പൊതുവഴികളോ ഇല്ലാതിരുന്ന കാലത്തും, മൊബൈലും വാച്ചുമൊന്നും ഇല്ലാതിരുന്ന കാലത്തും, കൃത്യമായി കാലം ഗണിച്ച്, കാടും മേടുമിറങ്ങി, ഭാരതത്തിലെ സമസ്ത സന്ന്യാസികളും കുംഭമേളകളിൽ എത്തി സ്നാനം ചെയ്ത് മടങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
ജ്യോതിശാസ്ത്രം അത്രയ്ക്ക് ഹൃദിസ്ഥമാണ് ഈ ജനതയ്ക്ക് എന്നതിൻ്റെ തെളിവുകൂടിയാണ് ഇത്.
ഭാരതഖണ്ഡത്തിലെ ഓരോ ഇടത്തും കഴിഞ്ഞ കൊല്ലങ്ങളിൽ എന്ത് നടന്നു എന്ന വിവരം സന്ന്യാസിവര്യൻമാരും ഗുരുക്കളും പരസ്പരം പങ്കുവെച്ചിരുന്നത് ഒരുപക്ഷേ ഈ കുംഭമേളകളിലൂടെ ആയിരുന്നിരിക്കാം.
കഴിഞ്ഞകാല യാത്രകളിൽ, മനസ്സിൽ ഉറവാർന്ന സംശയങ്ങൾക്ക് ഉത്തരം വാങ്ങാൻ, ഗുരുക്കൻമാരെ അന്വേഷിച്ച് സന്ന്യാസവഴിയിലെ ശിഷ്യർ വരുന്നതും, പന്ത്രണ്ട് വർഷത്തിലൊരിയ്ക്കലുള്ള കംഭമേളകളിലായിരുന്നിരിക്കാം.
ആശ്രമത്തിൽനിന്നും യാത്രയായ ഒരു ശിഷ്യൻ സ്വന്തം ഗുരുവിനെ വീണ്ടും കാണുന്നതും ഈ കുംഭമേളകളിൽ വെച്ചായിരുന്നിരിക്കാം.
ഒരുപക്ഷേ പലരുടെയും സമാധിവിവരം അറിയുന്നതു പോലും ഈ കുംഭമേളകളിൽ വെച്ചായിരുന്നിരിക്കാം.
എന്തായാലും ഈ രാജ്യത്ത് ധർമ്മം പുലർന്നുപോകാൻ, ഇനിയുള്ള പന്ത്രണ്ട് വർഷക്കാലം എന്തൊക്കെ.... ഏതേതിടങ്ങളിൽ ചെയ്യേണ്ടതുണ്ട് എന്ന തീരുമാനം ഒരു സമൂഹം എടുത്തിരുന്നത് ഈ കുംഭമേളകളിൽ വെച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഇത്തവണത്തെ കുംഭമേള നടക്കുന്നത് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ്.
ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് പ്രയാഗ് രാജ് കുംഭമേള.
കുംഭമേള ഇല്ലാത്ത വർഷങ്ങളിലും എല്ലാ ജനുവരി - ഫെബ്രുവരി മാസങ്ങളിലുമായി, പ്രയാഗിൽ, 'കല്പവാസം' എന്ന ഒരു അനുഷ്ഠാനം നടക്കുന്നുണ്ട്.
കുംഭമേള സന്ന്യാസികൾക്കുള്ളതാണെങ്കിൽ, കല്പവാസം എന്നത് ഗൃഹസ്ഥർക്കുള്ളതാണ്.
ഉത്തരേന്ത്യയിലെ ഗൃഹസ്ഥർ, പൗഷമാസത്തിലെ പൗർണ്ണമിതൊട്ട് മാഘമാസത്തിലെ പൗർണ്ണമിവരെ, ഗംഗാതീരത്ത്, പ്രാർത്ഥനകളും ജപവും പൂജകളുമായി കഴിയും. ഇതിന്, "കല്പവാസം ചെയ്യുക" എന്നാണ് പറയുക.
കുടുംബത്തിൽനിന്നും ജോലികളിൽനിന്നുമെല്ലാം വിട്ട്, മനസ്സും ശരീരവും പൂർണ്ണമായി, ആത്മീയപാതയിൽ ഉറപ്പിച്ചുള്ള കുറച്ചു നാളുകൾ.
ഗംഗാതീരത്ത് താമസിച്ച്, പുലർച്ചെ എഴുന്നേറ്റ് ഗംഗാമാതാവിനെ വണങ്ങി, ഗംഗാസ്നാനം നടത്തി ഇവർ പ്രാർത്ഥനകളിലേയ്ക്കും ജപത്തിലേയ്ക്കും പ്രവേശിക്കുന്നു.
ഗംഗാജലമാണ് കുടിക്കുക.
ഒരു നേരം മാത്രമേ ഇവർ ആഹാരം കഴിയ്ക്കൂ. ദിവസം മുഴുവൻ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേട്ടും സത്സംഗങ്ങളിൽ പങ്കെടുത്തും ഒരു മാസം ഗംഗാതീരത്ത് കഴിയും ഇവർ.
ഇങ്ങനെ, കല്പവാസം ചെയ്യാനെത്തുന്നവർക്കായി എല്ലാ വർഷവും ഗംഗാതീരത്ത് പ്രയാഗ് രാജിൽ താത്ക്കാലിക ഷെഡ്ഡുകൾ ഉയരും. അഞ്ച് ലക്ഷത്തിലധികം ആൾക്കാരാണ് എല്ലാ വർഷവും കല്പവാസം അനുഷ്ഠിക്കാൻ എത്തുന്നത്.
കല്പവാസം എന്ന പേരിൻ്റെ കാരണം നോക്കാം.
ബ്രഹ്മാവിൻ്റെ ഒരു ദിവസമാണ് ഒരു കല്പം എന്നത്. 1008 യുഗങ്ങൾക്ക് തുല്യം. അതായത്, മനുഷ്യൻ്റെ 432 കോടി വർഷത്തിന് തുല്യമാണ് ഒരു കല്പം.
ഒരു കല്പകാലം തപസ്സു ചെയ്താലുള്ള ഫലം ഈ ഒരൊറ്റ മാസത്തെ ജപംകൊണ്ടും ആത്മീയയാത്രകൊണ്ടും ലഭിക്കും എന്നാണ് വിശ്വാസം. ഒരു കല്പത്തിലെ തപസ്സിൻ്റെ ഫലം തരുന്നതിനാൽ ഇത് കല്പവാസം എന്നറിയപ്പെടുന്നു.
എല്ലാ വർഷവും ഈ കല്പവാസത്തിനെത്തുന്ന ലക്ഷങ്ങൾക്കായി ഒരുക്കങ്ങൾ എന്തായാലും വേണ്ടതുണ്ട്.
അതിൻ്റെ വളരെ വലിയൊരു ഒരുക്കമാണ്, പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയ്ക്കുള്ളത്.
പുണ്യതീർത്ഥം പുണ്യനഗരി ത്രിവേണീസംഗമം ചിരപുരാതനം അമൃതസമാനം...
പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളാണ് ഈ ഭൂമിയ്ക്കുള്ളത്.
No comments:
Post a Comment