വാത്മീകി മഹർഷി ശിഷ്യപ്രധാനിയായ ഭരദ്വാജനുമൊന്നിച്ച് ഗംഗാനദിയുടെ സമീപത്തുള്ള തമസാ നദിയുടെ തീരത്ത് കൂടെ സഞ്ചരിക്കുമ്പോൾ കളകൂജനങ്ങളോടെ ഇണപിരിയാതിരിക്കുന്ന ക്രൗഞ്ച പക്ഷികളെ കണ്ടു.. അവയുടെ കൊഞ്ചലുകൾ മഹർഷി ആസ്വദിച്ചു കൊണ്ടിരിക്കവേ ആൺപക്ഷിയെ ഒരു കാട്ടാളൻ അമ്പെയ്ത് വീഴ്തി. തൻറ്റെ ഇണ ചോരയിൽ കിടന്ന് പിടയുന്നത് കണ്ട പെൺപക്ഷി ദീനദീനം ആർത്തു കരഞ്ഞു. അമ്പിൻറ്റെ മുനയിൽ കോർക്കപ്പെട്ട ആൺപക്ഷി ക്രമത്തിൽ ചലനരഹിതനായി. അത് കണ്ടു നിന്ന ആ ബ്രഹ്മർഷിയുടെ ഹൃദയം തരളിതമായി.
കാട്ടാളനെ നോക്കി അദ്ദേഹം ഇപ്രകാരം അരുളി ചെയ്തു.
" മാനിഷാദ പ്രതിഷ്ഠാം
ത്വ മഗമഃ ശാശ്വതീ സമാഃ
യൽ ക്രൗഞ്ച മിഥുനാദേക-
മവധീഃ കാമമോഹിതം "
ഹേ കാട്ടാളാ ക്രൗഞ്ചപക്ഷികളിൽ ആസക്തനായി ഒന്നിനെ നീ നിഗ്രഹിച്ചതിനാൽ അനശ്വരമായ ജീവിതം നിനക്ക് ലഭിക്കുന്നതല്ല. അഥവാ ജീവിക്കുവാൻ തന്നെ നീ അർഹനല്ല.
തിരികെ ആശ്രമത്തിലെത്തിയിട്ടും ആ പക്ഷിയും അതിനെയോർത്ത് വിലപിച്ചു കഴിയുന്ന പിടയും തൻറ്റെ ഹൃദയത്തിൽ മായാതെ കാണുന്നതെന്തെന്ന് ഓർത്ത് മഹർഷി ചിന്താവിഷ്ടനായി.
അപ്പോൾ ലോകവിധാതാവും തേജോനിധിയുമായ ബ്രഹ്മാവ് ആ മുനിപുംഗവനെ കാണുവാനായി ആശ്രമത്തിലേക്ക് എഴുന്നള്ളി. മഹർഷി യഥോചിതം അദ്ദേഹത്തെ സ്വീകരിച്ചു.
ബ്രഹ്മാവ് മന്ദഹാസത്തോടെ പറഞ്ഞു.. " വാത്മീകീ അങ്ങ് ചൊല്ലിയത് ശ്ലോകം തന്നെയാണ് ചിന്തയോ വ്യസനമോ വേണ്ട. എല്ലാം പരമപുരുഷൻറ്റെ ഇഷ്ടം പോലെ നടന്നു. സത്ഗുണസമ്പന്നനായ ശ്രീരാമചന്ദ്രൻറ്റെ ചരിത്രം ശ്ലോകരൂപത്തിൽ നിർമ്മിക്കൂ.. സീതാചരിത്രവും വാനരൻമാരുടെ കഥയും രാക്ഷസൻമാരുടെ കഥയും മറ്റാർക്കും പറയുവാൻ കഴിയാത്തവിധം അങ്ങേക്ക് സാധിക്കും.
പുണ്യസംവർധകവും മനോരമവുമായ രാമായണം, പർവ്വതങ്ങൾ, പുഴകൾ, ഇവ ഭൂമിയിൽ ഉള്ള കാലത്തോളം പ്രചരിക്കും. ഇത്രയും പറഞ്ഞശേഷം ബ്രഹ്മാവ് അവിടെ നിന്നും അന്തർധാനം ചെയ്തു.
ശോകത്തിൽ നിന്നുദ്ഭവിച്ച ആ ശ്ലോകരൂപത്തിൽ തന്നെ രാമായണം രചിക്കപ്പെട്ടു. മനോഹരമായ വൃത്തങ്ങളും പദങ്ങളും അനേകതരം അർത്ഥങ്ങളും ഒത്തുചേർന്ന അനേകശതം ശ്ലോകങ്ങളെ കൊണ്ട് അനശ്വരയശസ്സിയായ വാത്മീകി മഹർഷി ശ്രീരാമചരിതം നിർമ്മിച്ചു.
ഉചിതപദസമാസവും സന്ധിയും ഒത്തുചേർന്ന ശ്രീരാമായണം വിശ്വാസത്തോടും ഭക്തിയോടും കൂടി എന്നും വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നവർ ജനനമരണങ്ങളാകുന്ന ദ്വന്ദ്വങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെട്ട് പരമപദം പുൽകുന്നതായിരിക്കും.
No comments:
Post a Comment