ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 January 2025

കുംഭമേള

കുംഭമേള

12 കൊല്ലം കൂടുമ്പോൾ, വ്യാഴത്തിൻ്റെ കണക്കിൽ, ഒരു പൂർണ്ണകുംഭമേള നടക്കുന്നു.
അത്തരം 12 പൂർണ്ണകുംഭമേളയാവുമ്പോൾ; അതായത്, 144 വർഷത്തിൽ ഒരിയ്ക്കൽ സംഭവിക്കുന്നതാണ് മഹാകുംഭമേള .

ഈ അപൂർവ്വമുഹൂർത്തത്തിൽ, ഗ്രഹനിലകൾ പ്രത്യേകക്രമം പാലിക്കുമ്പോൾ, ചിലയിടങ്ങളിൽ ജലം അമൃതായി മാറുന്നു.
ഈ അമൃതജലം നുകരാൻ ലോകം മുഴുവൻ ഒഴുകിയെത്തുന്നു.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ-ഒത്തുകൂടൽ ആണ് ഇത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് മഹാകുംഭമേള നടന്നുകൊണ്ടിരിക്കുന്നത്.

ജനുവരി 13 ന് ആരംഭിച്ചു.
ഫെബ്രുവരി 26 -ലെ ശിവരാത്രിസ്നാനത്തോടെ ഈ പൂർണ്ണകുംഭമേള അവസാനിക്കും.

ഒരു മനുഷ്യായുസ്സിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന പുണ്യം നുകരാൻ, ഏവരും , തീർത്ഥരാജനായ ത്രിവേണീ സംഗമത്തിലെത്തിച്ചേരാൻ ശ്രമിക്കുന്നു.

50 കോടിയിൽപ്പരം ജനങ്ങൾ പുണ്യസ്നാനത്തിനായി എത്തുന്ന ഉത്സവം!

'അയ്യേ ! അന്ധവിശ്വാസം !
ഒട്ടും ശാസ്ത്രീയതയില്ലാത്ത പ്രാകൃത ആചാരം!'
എന്നു പറയുന്നവർക്കായി 'ഇച്ചിരി ' ശാസ്ത്രം പറയാം.

രക്തം എന്നത് ഇലക്ട്രിക്കലീ കണ്ടക്റ്റീവ് ആണ്.
കാരണം, അതിൽ മാഗ്നറ്റിക് പാർട്ടിക്കിൾസ് ഒരുപാട് അടങ്ങിയിരിക്കുന്നു.
ഒന്നുകൂടി ശാസ്ത്രീയമായി പറഞ്ഞാൽ; രക്തം ഒരു ഫെറോ ഫ്ലൂയ്ഡ് ആണ്.

മനുഷ്യശരീരത്തിലെ, രക്തമടക്കമുള്ള ജലഭാഗം ഇലക്ട്രോ ഫെറോ മാഗ്നറ്റിക് ഫ്ലൂയ്ഡ് ആണ് എന്നു പറയാം.
അതായത്, ഒരു കാന്തികമണ്ഡലത്തിലെത്തിയാൽ ആ മണ്ഡലത്തിൻ്റെ എല്ലാ ഗുണങ്ങളും നമ്മുടെ ശരീരത്തിനെ ബാധിക്കും.

ശരീരദ്രാവകം എന്നത് ഒരു കാരിയർ ഫ്ലൂയ്ഡ് ആണ്. അതിൽ 100 നാനോ മീറ്റർ മാത്രം വലിപ്പമുള്ള ഒരുപാട് ഘടകങ്ങൾ നിറഞ്ഞുകിടക്കുന്നു.

ഒതുക്കിപ്പറഞ്ഞാൽ, ഫെറോമാഗ്നറ്റിക് ഫ്ലൂയ്ഡ് എന്നത് , 100 നാനോമീറ്റർ വലുപ്പമുള്ള കണങ്ങളെ വഹിക്കുന്ന ഒരു വാഹകദ്രാവകമാണ്.

ഒരു കാന്തികമണ്ഡലത്തിൻ്റെ സാമീപ്യം കൊണ്ടുപോലും സൂക്ഷ്മതലത്തിൽത്തന്നെ നമ്മുടെ ശരീരം സ്വാധീനിക്കപ്പെടും.

അത്, നമ്മൾ നിൽക്കുന്ന പ്രദേശത്തിൻ്റെ ഊർജ്ജ നിലകൊണ്ട് സംഭവിക്കാം.
ഉയർന്ന ഊർജ്ജനിലയുള്ളവരുടെ സാമീപ്യം കൊണ്ടും സംഭവിക്കാം.
പ്രത്യേക സ്ഥലം, പ്രത്യേക ദിവസം,
പൗർണ്ണമി.. അമാവാസി.. സംക്രമകാലം തുടങ്ങി, പ്രകൃതിയിലെ പലതുകൊണ്ടും ഈ ഊർജ്ജനിലകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

മനസ്സെന്ന സൂക്ഷ്മഭാവത്തിൻ്റെ അതിശക്തമായ ഊർജ്ജത്തെ കൈകാര്യം ചെയ്യാനായവർക്ക് പ്രകൃതിയിലെ ഈ ഊർജ്ജപ്രസരണത്തിൽ അതാത് കാലങ്ങളിൽ വരുന്ന മാറ്റവും കൃത്യമായി അറിയാനാകും.

ബ്രഹ്മാണ്ഡത്തിൽ, അഥവാ ; ഈ പ്രപഞ്ചത്തിൽ, പൗർണ്ണമി നാളിൽ ചന്ദ്രൻ്റെ ആകർഷണത്താൽ കടൽത്തിര ഉയരുന്നതും വേലിയേറ്റം സംഭവിക്കുന്നതും ശാസ്ത്രീയമായി എപ്രകാരമാണോ, 
അതേ രീതിയിൽ, പിണ്ഡാണ്ഡമായ നമ്മുടെ ശരീരത്തിലെ കടലാകുന്ന ജലത്തിലും തിരകൾ ഉയരും .

മനോകാരകനാണ് ചന്ദ്രൻ.

വല്ലാതെ തിരയുയർന്നാൽ ഉൻമാദവും വരും.
നമ്മൾക്ക് ഈ ചന്ദ്രപ്രഭാവത്തെ നിയന്ത്രിക്കാനായാൽ, മനസ്സിലുയരുന്ന ഈ തിരകളെയെല്ലാം കഥയും കവിതയും ചിന്തയും ശില്പവുമാക്കി മാറ്റാനാകും പ്രതിഭകൾക്ക്.

ഗൗതമൻ ബുദ്ധനായത് കപിലവസ്തുവിൽ വെച്ചല്ല.
എൻലൈറ്റ്മെൻ്റ് സംഭവിക്കാൻ, അദ്ദേഹത്തിന്, ഗയയിൽ, ബോധിച്ചുവട്ടിൽ എത്തേണ്ടിവന്നു.

പൗർണ്ണമിനാളിൽ പ്രകൃതിയിൽ അധികരിക്കുന്ന ഈ എനർജി റേഡിയേഷനെ ഏറ്റുവാങ്ങാനാണ് തിരുവണ്ണാമലയിൽ ഗിരിവലം വെയ്ക്കാൻ എല്ലാ പൗർണ്ണമിക്കും ലക്ഷങ്ങൾ ഒഴുകിയെത്തുന്നത്.

പ്രകൃതിയുടെ ഊർജ്ജതാണ്ഡവത്തിലെ സൂക്ഷ്മഭാവങ്ങൾ പല രീതിയിലാണ് പ്രവർത്തിക്കുക.

ജപം കൊണ്ടോ ജൻമസിദ്ധമായ യോഗം കൊണ്ടോ ഉയർന്ന ഊർജ്ജഭാവത്തിലെത്തിയവരുടെ അടുത്ത്, താഴ്ന്ന ഊർജ്ജനിലയുള്ളവർ എത്തി എന്ന് കരുതുക.
ഉയർന്ന ഭാഗത്തുനിന്നും താണ നിലത്തേയ്ക്ക് ജലമൊഴുകും പോലെ, ഇവിടെയും സൂക്ഷ്മതലത്തിലുള്ള ഒരു ഉർജ്ജപ്രവാഹം സംഭവിക്കും.
അതായത്, ആത്മീയമായി ഉയർന്ന വൈദ്യുതകാന്തിക നിലയുള്ളവരിൽനിന്ന് വൈദ്യുത കാന്തികനില താരതമ്യേന കുറഞ്ഞവരിലേയ്ക്ക് വൈദ്യുത പ്രവാഹം സംഭവിക്കും;
emf എന്ന electro motive force, അഥവാ ; കറൻ്റ് എന്ന വൈദ്യുത പ്രവാഹം ഇലക്ട്രിക് പൊട്ടൻഷ്യൽ കൂടിയ ഒരിടത്തുനിന്നും emf കുറഞ്ഞ മറ്റൊരിടത്തേയ്ക്ക് ഒഴുകുംപോലെ.

ഇപ്രകാരം ഒഴുകുന്ന ഈ ജലപ്രവാഹം നമ്മൾക്ക് കാണാമെങ്കിൽ; ഇതിനെ , 'ഒഴുക്ക് ' എന്നുതന്നെ പറയാം.

ലളിതമായി പറഞ്ഞാൽ, ചൂടു കൂടുതലുള്ള ജലത്തിൽനിന്നും ചൂട് കുറഞ്ഞ ജലത്തിലേയ്ക്ക് ചൂട് ഒഴുകുകയാണെങ്കിൽ; ഈ ഊർജ്ജപ്രവാഹത്തെ കൺവെക്ഷൻ എന്നോ, സംവഹനം എന്നോ ആണ് പറയുക.

എന്നാൽ, പ്രഭാവം കൂടിയവരിൽനിന്നും കുറഞ്ഞവരിലേയ്ക്കുള്ള ഈ ഒഴുക്ക് നമ്മൾക്ക് കാണാനാകില്ല.
അതായത്, ആ ഊർജ്ജം പ്രസരിക്കുകയാണ് ചെയ്യുന്നത്.
ഇതിനെ മനസ്സിലാക്കാനായി ശാസ്ത്രഭാഷയിലെ, 'റേഡിയേഷൻ' എന്ന വാക്ക് ഏതാണ്ടൊരർത്ഥത്തിൽ ഉപയോഗിക്കാം.

ഒരു ഗുരുവിൻ്റെ ചിത്രത്തിൽ, അദ്ദേഹത്തിൻ്റെ തലയ്ക്ക് ചുറ്റും വരയ്ക്കുന്ന പ്രഭാവലയം, അദ്ദേഹത്തിലെ ശക്തമായ വൈദ്യുത കാന്തികമണ്ഡലത്തെ സൂചിപ്പിക്കുന്നു.

അദ്ദേഹം ഒരാളെ അനുഗ്രഹിക്കുമ്പോൾ, ആ ഉയർന്ന ഊർജ്ജത്തിൽനിന്നും; ആവശ്യമായത്, അനുഗ്രഹം സ്വീകരിക്കുന്നവനിലേയ്ക്ക് ഒഴുകുന്നു. അഥവാ, റേഡിയേറ്റ് ചെയ്യുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ ആവാത്തവർക്കായി, ജ്ഞാനദൃഷ്ടിയിൽ ഈ ഊർജ്ജപ്രവാഹം കണ്ടവർ വരച്ച ചിത്രമാണ്, ഗുരുവിൻ്റെ / സന്ന്യാസിയുടെ / ദൈവത്തിൻ്റെ കയ്യിൽനിന്നും ഒഴുകുന്ന 'ദിവ്യവെളിച്ചം' എന്നത്.

നമ്മൾ പൊതുവേ, ഈ 'റേഡിയേഷൻ' എന്ന വാക്ക് രണ്ട് കാര്യങ്ങൾക്കാണ് ഉപയോഗിക്കാറ്.

ഒന്ന്, 'മൊബൈലിൽനിന്നും
മൊബൈൽ ടവറിൽനിന്നും റേഡിയേഷൻ ഉണ്ട്' എന്ന് പറയാൻ.
'ഈ റേഡിയേഷൻമൂലം ക്യാൻസർ ഉണ്ടാവാം' എന്നും പറയാറുണ്ട്.
മോശമായ ഈ വൈദ്യുതകാന്തിക പ്രസരണംകൊണ്ട് തേനീച്ചകൾ കൂടൊഴിഞ്ഞുപോകുന്നു എന്നും ശാസ്ത്രീയപഠനങ്ങൾ ഉണ്ട്.
ദേശാടനപ്പക്ഷികൾക്ക് റേഡിയേഷൻമൂലം ദിശാബോധം നഷ്ടപ്പെടുന്നു എന്നും പഠനങ്ങളിൽ പറയുന്നു.
ഇത്രയുമാണ് പൊതുവേ നമ്മുടെ, നിത്യം കേൾക്കുന്ന റേഡിയേഷനുകൾ.

ഇനി, ഒരിടത്ത് ആണവനിലയം വരാൻ തീരുമാനമായാൽ ;
'അണുപ്രസരണം കാരണം രോഗങ്ങൾ വരും' എന്ന് പറഞ്ഞ് സമരങ്ങൾ ആരംഭിക്കും.
'റേഡിയേഷൻമൂലം ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചതു നോക്കൂ' തുടങ്ങിയ പ്രസ്താവനകളിലൂടെ, ഇത്തരമൊരു റേഡിയേഷനേപ്പറ്റിയും നമുക്കറിയാം.

ഇതെല്ലാം മോശം റേഡിയേഷനുകൾ ആണ്. അതായത് ലോകത്തിന് അപകടകരമായവ.

വെളിച്ചമുണ്ടെങ്കിൽ ഇരുട്ടും 
കറുപ്പുണ്ടെങ്കിൽ വെളുപ്പും ഉണ്ട് എന്നതുപോലെ, മോശം റേഡിയേഷനുണ്ടെങ്കിൽ നല്ലതും ഉണ്ടായേ തീരൂ.

മോശം പ്രസരണത്താൽ തേനീച്ചകൾ ചിതറിയെങ്കിൽ, ഒരു നല്ല ഊർജ്ജപ്രസരണം, അപ്പോൾ, ചിതറിപ്പോയ തേനീച്ചകളെ തിരികെയെത്തിക്കുന്നതായിരിക്കും എന്നർത്ഥം.

സർവ്വജീവജാലങ്ങൾക്കും ഈ നല്ല പ്രസരണം കൃത്യമായ ദിശാബോധം നൽകും.

ഈ, പോസിറ്റീവായ ഊർജ്ജപ്രസരണം തേടി,
ദിശാബോധം തേടി,
നമുക്കും ഈ മഹാകുംഭമേളയിൽ പങ്കെടുക്കാൻ യാത്രയാവാം...

കൂടിയ ഊർജ്ജത്തിൻ്റെ മഹാപ്രവാഹമേറ്റുവാങ്ങാൻ...

എന്നിലെ ഊർജ്ജത്തെ, കുറവുള്ളിടങ്ങളിലേയ്ക്ക് ഒഴുക്കിനൽകാൻ.

എല്ലാ തരത്തിലുമുള്ള ഊർജ്ജങ്ങളെ ഏറ്റവും ഫലപ്രദമായി സ്വീകരിക്കുന്ന മീഡിയം ജലമാണ്.

ഗംഗയും യമുനയും ഗുപ്തസരസ്വതിയും
ഹിമാലയമടക്കമുള്ള ഇടങ്ങളിലെ അമൂല്യമായ ഒരുപാട് രഹസ്യ ഇടങ്ങൾ കടന്നാണ് വരുന്നത്.

ഒഴുകുമ്പോൾ തൊട്ട ഓരോ കല്ലും പാറയും തൊട്ടുതലോടിയ പുൽക്കൊടിത്തുമ്പുകളും
വേരും ചെരിവും 
'ഇത് എന്നെത്തഴുകിയ നിനക്കിരിക്കട്ടെ ' എന്നു പറഞ്ഞ്, അവരിലെ വിലപിടിച്ച പലതും നദികൾക്ക് സമ്മാനമേകിയിട്ടുണ്ട്.

'അമ്മേ' എന്നും 'ദേവീ' എന്നും വിളിക്കുന്നവർക്കും
'ഇത് വെറും പുഴയല്ലേ!' എന്ന് മുഖം കോട്ടുന്ന നിഷേധികൾക്കും ഭേദമില്ലാതെ നൽകാനായി,
നദികൾ, ആ അമൂല്യസമ്മാനങ്ങളുമായി, നൃത്തം ചെയ്തു വരുന്നിടത്ത് ഒന്ന് ഇറങ്ങാൻ...
ഒന്ന്, ആ അമ്മമാരെ വാരിപ്പുണരാൻ...
എനിയ്ക്കുള്ളതെല്ലാം അമ്മയ്ക്കു നൽകാൻ...
അമ്മ എനിയ്ക്കായി കരുതിവെച്ചതെല്ലാം
ഏറ്റുവാങ്ങാൻ...
ഞാനും കാത്തിരിക്കുന്നു.

ദേശാടനക്കിളികൾക്ക് കുറ്റമറ്റ ദിശാബോധം നൽകുന്ന ഊർജ്ജത്തിലേയ്ക്കാണ് ഈ യാത്ര.
വേണമെങ്കിൽ സബ്കോൺഷ്യസ് നാവിഗേഷൻ സിസ്റ്റം എന്ന്, ആധുനികമായിത്തന്നെ വിളിക്കാം.
ഗൂഗിൾ നാവിഗേഷൻ വരുന്നതിനും മുമ്പ്, ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങൾ കൃത്യമായി ഗണിച്ച്, ഒട്ടും പിഴയ്ക്കാതെ, 12 വർഷത്തിലൊരിയ്ക്കൽ കുംഭമേളയ്ക്ക് ഒത്തുകൂടിയിരുന്ന സന്ന്യാസികളുടെ പാതയെ ആദരവോടെ പിൻതുടർന്നാണ് പോകുന്നത് . 
ഇത് പറയാൻ അഭിമാനമേ ഉള്ളൂ.

സയൻ്റിഫിക്കാണ് കാര്യങ്ങൾ.

ഇലക്ട്രോ ഫെറോ മാഗ്നറ്റിക് ഫ്ലൂയിഡിൽ ആധുനിക ശാസ്ത്രം 1960 കളിൽ തുടങ്ങിയ ഗവേഷണം 2020 -കളിൽ എത്തിയപ്പോൾ ഒരറ്റം തൊട്ടിട്ടേ ഉള്ളൂ.
നൂറ്റാണ്ടുകൾക്ക് മുമ്പേ ആ വിഷയത്തിൽ നൃത്തം ചെയ്തവരാണ് ഭാരതീയ ജ്ഞാനികൾ.

ശാസ്ത്രം പറഞ്ഞാൽമാത്രം മനസ്സിലാവുന്ന ചിലർക്കുവേണ്ടി ഭാഷ ഒന്ന് മാറ്റിപ്പിടിച്ചു എന്നു മാത്രം.




No comments:

Post a Comment