പ്രകൃതിയിലെ പ്രതിഭാസങ്ങളെ ഭയത്തോടും ഭക്ത്യാരാധനയോടേയും നോക്കികണ്ടതിൽ നിന്നുമാണ് പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താനെന്ന പേരിൽ തെയ്യം കെട്ടിയാടുവാൻ തുടങ്ങിയത്. പരേതരോടുള്ള ആരാധന, അമ്മമാരോടുള്ള ആരാധന, വീരരോടുള്ള ആരാധന എന്നിവയാണു് തെയ്യം കെട്ടിയാടലിൽ പ്രധാനമായും കാണുന്നത്. തങ്ങളെ അടിച്ചമർത്തുന്ന സാമൂഹ്യവ്യവസ്ഥിതിക്കെതിരെയുള്ള അധഃസ്ഥിതവർഗ്ഗത്തിന്റെ രോഷപ്രകടനവും തെയ്യത്തിൽ കാണാവുന്നതാണ്. ഈ അനുഷ്ഠാനകലയ്ക്കുണ്ട്. കാവുകളും വൃക്ഷങ്ങളുമായുള്ള ബന്ധവും ശ്രദ്ധേയമാണ്. ഇന്നാട്ടിലെ ജനങ്ങളെല്ലാം തങ്ങളുടെ കീഴിലാണെന്ന ബ്രാഹ്മണ മേധാവിത്വചിന്തയും പ്രവർത്തനവും ഫലമായി, തെയ്യത്തിലും ബ്രാഹ്മണബന്ധമുണ്ടാക്കിയെടുക്കുവാൻ ശ്രമമുണ്ടായിട്ടുണ്ട്. ചില തെയ്യങ്ങളിൽ കാണുന്ന വിഷ്ണവാരാധനയും, ശിവാരാധയും അത്തരത്തിൽ വന്നതാണു്. അമ്മദൈവങ്ങളിൽ ദുർഗ്ഗാബന്ധവും അത്തരത്തിൽ ആരോപിക്കപ്പെട്ടവയാണു്.
യുദ്ധ ദേവതകൾ :
💗✥━═══🪷═══━✥💗
കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളിൽപ്പെട്ട പല ദേവതകളും അസുരകുലാന്തകിമാരാണെന്ന പോലെ ഭൂമിയിലുള്ള ചില വഴക്കുകളിലും പടകളിലും പങ്കെടുത്തവരാണെന്നാണു സങ്കല്പം. അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളം കുഴിച്ചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീദേവതകൾ മാത്രമല്ല ക്ഷേത്രപാലൻ, വൈരജാതൻ, വേട്ടയ്ക്കൊരുമകൻ, പടവീരൻ, വിഷ്ണുമൂർത്തി തുടങ്ങിയ പുരുഷദേവതകളും ചില പടകളിൽ പങ്കെടുത്തവരത്രെ.
രോഗദേവതകൾ :
💗✥━═══🪷═══━✥💗
രോഗങ്ങൾ ദേവകോപമാണെന്ന് സങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തിൽ രോഗദേവതകളെ കാണാം. ഇവരിൽ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. ചീറുമ്പമാർ (മൂത്തഭഗവതി, ഇളയഭഗവതി), ദണ്ഡദേവൻ, കണ്ഠാകർണൻ, വസൂരിമാല എന്നിവ രോഗമുണ്ടാക്കുന്നവരാണ്. പുതിയഭഗവതി അത്തരം രോഗങ്ങളെ മാറ്റുന്ന ദേവതയാണെന്നാണ് സങ്കല്പം. തൂവക്കാളി, തൂവക്കാരൻ, മാരി തുടങ്ങി വേറെയും രോഗദേവതകളുണ്ട്.
നാഗ-മൃഗ ദേവതകൾ :
💗✥━═══🪷═══━✥💗
നാഗങ്ങളെയും മൃഗങ്ങളെയും ദേവതകളായി സങ്കല്പിച്ചുകൊണ്ടുള്ള ആരാധന തെയ്യാട്ടത്തിൽ നിലനില്ക്കുന്നു. നാഗകണ്ഠൻ, നാഗകന്നി, നാഗക്കാമൻ (കുറുന്തിനിക്കാമൻ), നാഗഭഗവതി തുടങ്ങി ഏതാനും നാഗത്തെയ്യങ്ങളുണ്ട്. മൃഗദേവതകളിൽ പുലിദൈവങ്ങൾക്കാണ് പ്രാമുഖ്യം. പുലിരൂപമെടുക്കുന്ന പാർവതീപരമേശ്വരന്മാരുടെ സങ്കല്പത്തിലുള്ളതാണ് പുലിയുരുകാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതൻ, കാളപ്പുലി, പുലിയുരുകണ്ണൻ, പുള്ളിക്കരിങ്കാളി എന്നീ ദേവതകൾ അവരുടെ സന്തതികളാണെന്നാണു പുരാസങ്കല്പം.
ഭൂത-യക്ഷി ദേവതകൾ :
💗✥━═══🪷═══━✥💗
ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും 'ഭൂത'മെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്. എന്നാൽ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും വിശേഷിപ്പിക്കാറുണ്ട്.(ഉദാ:പഞ്ചുരുളി ഭൂതം) 'യക്ഷി' എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തിൽ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീസങ്കല്പത്തിലുള്ളവയാണെന്നാണു പുരാസങ്കല്പം. കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടിൽ പറയുന്നുള്ളൂ. വേലന്മാർ കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാർ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്. പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത. കാമൻ, ഗന്ധർവൻ എന്നീ സങ്കല്പങ്ങളിലും തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.
വനമൂർത്തികൾ - നായാട്ട് ദേവതകൾ :
💗✥━═══🪷═══━✥💗
വനമൂർത്തികളെയും നായാട്ടുദേവതകളെയും തെയ്യമായി കെട്ടിയാടിക്കുക പതിവാണ്. മേലേതലച്ചിൽ, പൂതാടിദൈവം, പൂവില്ലി, ഇളവില്ലി, വലപ്പിലവൻ എന്നിങ്ങനെ ചില തെയ്യങ്ങൾ വനദേവതകളാണെന്നു വിശ്വസിക്കപ്പെടുന്നു. പള്ളക്കരിവേടൻ, പുള്ളിപ്പുളോൻ എന്നീ ദേവതകൾ കാവേരി മലയിൽനിന്ന് ഇറങ്ങിവന്നവരത്രെ. മുത്തപ്പൻതെയ്യം ഒരു നായാട്ടുദേവതയാണ്. മാവിലർ കെട്ടിയാടുന്ന വീരഭദ്രൻ, വീരമ്പിനാർ എന്നീ തെയ്യങ്ങളും നായാട്ടു ധർമ്മ്മുള്ളവയാണ്. വേലന്മാരുടെ അയ്യപ്പൻ തെയ്യമാണ് മറ്റൊരു നായാട്ടുദേവത. കാട്ടുമടന്ത, ചോന്നമ്മ എന്നീ സ്ത്രീദേവകളും വനദേവതാസങ്കല്പം ഉൾക്കൊള്ളുന്ന തെയ്യങ്ങളാണ്.
മന്ത്രമൂർത്തികൾ :
💗✥━═══🪷═══━✥💗
മന്ത്രവാദികളും മറ്റും പൂജിക്കുകയും മന്ത്രോപാസന നടത്തുകയും ചെയ്യുന്ന ദേവതകളെ 'മന്ത്രമൂർത്തികൾ' എന്ന് സാമാന്യമായിപ്പറയാം. 'ഭൈരവാദി മന്ത്രമൂർത്തികൾ' പ്രശസ്തരാണ്. ഭൈരവൻ, കുട്ടിച്ചാത്തൻ, പൊട്ടൻ തെയ്യം, ഗുളികൻ, ഉച്ചിട്ട എന്നീ ദേവതകളാണ് പഞ്ചമൂർത്തികൾ. ശിവയോഗി സങ്കല്പത്തിലുള്ള തെയ്യമാണ് ഭൈരവൻ. മലയരുടെ കരിങ്കുട്ടിച്ചാത്തൻ ശിവാംശഭൂതമായ ദേവതയാണ്. എന്നാൽ പൂക്കുട്ടിച്ചാത്തൻ വിഷ്ണുമായയത്രെ. ശിവാംശഭൂതമായ തെയ്യമാണ് പൊട്ടൻ. ഗുളികനാകട്ടെ പരമേശ്വരന്റെ ഇടത്തെ കാൽ പെരുവിരലിൽനിന്നു പൊട്ടിപ്പിളർന്നുണ്ടായി എന്നാണു പുരാസങ്കല്പം. പതിനെട്ടു സമ്പ്രദായങ്ങളിലും കുടികൊള്ളുന്ന ഉച്ചിട്ട സുഖപ്രസവത്തിന് അനുഗ്രഹമരുളുന്ന 'വടക്കിനേൽ ഭഗവതി'യത്രെ. കുറത്തിയും മന്ത്രമൂർത്തികളിൽപ്പെടും. കുഞ്ഞാർകുറത്തി, പുള്ളിക്കുറത്തി, മലങ്കുറത്തി, തെക്കൻകുറത്തി എന്നിങ്ങനെ പതിനെട്ടുതരം കുറത്തിമാരുണ്ട്. അവയിൽ ചിലതിനു മാത്രമേ കെട്ടിക്കോലമുള്ളൂ. കണ്ഠാകർണനെ ചിലർ മന്ത്രമൂർത്തിയായി ഉപവസിക്കുന്നു.
വൈഷ്ണവ മൂർത്തികൾ :
💗✥━═══🪷═══━✥💗
ഇതിഹാസ-പുരാണ കഥാപാത്രങ്ങളുടെ സങ്കല്പങ്ങളിലുള്ള ചില തെയ്യങ്ങളുണ്ട്. വൈഷ്ണവ സങ്കല്പത്തിലുള്ളവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. നരസിംഹാവതാര സങ്കല്പത്തിലുള്ള വിഷ്ണുമൂർത്തി, മത്സ്യാവതാരസങ്കല്പത്തിലുള്ള പാലോട്ടു ദൈവം, ശ്രീരാമാവതാര സങ്കല്പത്തിലുള്ള അണ്ടലൂർ ദൈവം, ലക്ഷ്മണസങ്കല്പത്തിലുള്ള അങ്കദൈവം എന്നിവ പ്രധാനങ്ങളാണ്. ഊർപ്പഴച്ചി ദൈവം വൈഷ്ണവാംശ ഭൂതമായ തെയ്യമാണ്. ലവ-കുശ സങ്കല്പത്തിലാണ് മുരിക്കന്മാരെ (കരിമുരിക്കൻ, ബമ്മുരിക്കൻ എന്നീ തെയ്യങ്ങളെ) കെട്ടിയാടിക്കുന്നത്. 'നിടുബാലിയൻ ദൈവം' ബാലിയുടെ സങ്കല്പത്തിലും, 'കിഴക്കേൻ ദൈവം' സുഗ്രീവസങ്കല്പത്തിലുമുള്ള തെയ്യങ്ങളാണ്. ശ്രീരാമൻ, സീത എന്നിവരുടെ സങ്കല്പത്തിൽ മണവാളൻ, മണവാട്ടി എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു
പരേതാത്മാക്കൾ:
💗✥━═══🪷═══━✥💗
പൂർവികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്കും തെയ്യാട്ടത്തിൽ പ്രധാന സ്ഥാനമാണുള്ളത്. മരിച്ച മനുഷ്യjർ തെയ്യത്തിലൂടെ കെട്ടിയാടപ്പെടുന്നു. മരണാനന്തരം മനുഷ്യർ ചിലപ്പോൾ ദൈവമായി മാറുമെന്ന വിശ്വാസം കാരണമാണു് ഇതു് ചെയ്യുന്നത്. കതിവനൂർ വീരൻ, കുടിവീരൻ, പടവീരൻ, കരിന്തിരിനായർ, മുരിക്കഞ്ചേരികേളു, തച്ചോളി ഒതേനൻ, പയ്യമ്പള്ളിച്ചന്തു തുടങ്ങിയ വീരപരാക്രമികളുടെ സങ്കല്പങ്ങളിലുള്ള തെയ്യക്കോലങ്ങളുണ്ട്. പരേതരായ വീരവനിതകളും തെയ്യമായി മാറിയിട്ടുണ്ട്. മാക്കഭഗവതി, മനയിൽ ഭഗവതി, തോട്ടുകര ഭഗവതി, മുച്ചിലോട്ടു ഭഗവതി, വണ്ണാത്തി ഭഗവതി, കാപ്പാളത്തിച്ചാമുണ്ഡി, മാണിക്ക ഭഗവതി തുടങ്ങിയ തെയ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്. മന്ത്രവാദത്തിലോ വൈദ്യത്തിലോ മുഴുകിയവരുടെ പേരിലും തെയ്യങ്ങളുണ്ട്. കുരിക്കൾ തെയ്യം, പൊന്ന്വൻ തൊണ്ടച്ചൻ, വിഷകണ്ഠൻ എന്നീ തെയ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്.. ദൈവഭക്തനും കോമരങ്ങളുമായിരുന്നവരുടെ പേരിലുള്ള മുന്നായരീശ്വരൻ, പാലന്തായിക്കണ്ണൻ എന്നീ തെയ്യങ്ങളും പ്രശസ്തങ്ങളാണ്.
ദുർമൃതിയടഞ്ഞ മനുഷ്യരുടെ പേരിലുളഅള തെയ്യങ്ങളാണു്. കണ്ടനാർകേളൻ, പെരുമ്പുഴയച്ചൻ തെയ്യം, പൊൻമലക്കാരൻ, കമ്മാരൻ തെയ്യം, പെരിയാട്ടു കണ്ടൻ, മലവീരൻ തുടങ്ങിയവ.. പാമ്പുകടിയേറ്റ് തീയിൽ വീണു മരിച്ച കേളനെ [വയനാട്ടു കുലവനാണ് ദൈവമാക്കി മാറ്റിയത്. കിഴക്കൻ പെരുമാളുടെ കോപംകൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയിൽ വീണു മരിച്ച ഒരാളുടെ സങ്കല്പിച്ചുള്ള തെയ്യമാണ് പെരുമ്പുഴയച്ചൻ. തൂപ്പൊടിച്ചുനായാട്ടിനും നഞ്ചിട്ടുനായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ് പൊൻമലക്കാരൻ തെയ്യവും കമ്മാരൻ തെയ്യവും. ദൈവത്താൽ കൊല്ലപ്പെടുന്ന മനുഷ്യർ ദൈവമായിത്തീരുമെന്ന വിശ്വാസവും നിലവിലുണ്ടു്. ഐതിഹ്യപ്രകാരം ഭദ്രകാളിയാൽ കൊല്ലപ്പെട്ട ചിണ്ടനെ മലവീരൻ തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭഗവതിയാൽ കൊല്ലപ്പെട്ടുവെന്നു് പറയപ്പെടുന്ന 'ചാത്തിര' നാണ് പാടാർകുളങ്ങരവീരൻ എന്ന തെയ്യമായത്. മണത്തണ ഭഗവതിയാൽ കൊല്ലപ്പെട്ട ഒരാളുടെ പോരിലുള്ളതത്രെ രുധിരപാലൻ തെയ്യം.
ഗുരുപൂജയ്ക്കൊപ്പം പരേതാരാധനയും പുലയവിഭാഗത്തിൽ ശക്തമാണ്. അവരുടെ 'തൊണ്ടച്ചൻ ദൈവ'ങ്ങളിൽ പ്രമുഖൻ പുലിമറഞ്ഞ തൊണ്ടച്ചനാണ്. പതിനെട്ടു കളരികളിലും പഠിച്ചശേഷം കാരി ചോയിക്കളരിയിൽനിന്ന് ആൾമാറാട്ടവിദ്യയും പഠിച്ചു. അള്ളടം മൂത്ത തമ്പുരാന്റെ ഭ്രാന്തു മാറ്റിയ ആ ഗുരുനാഥൻ തമ്പുരാക്കന്മാരുടെ നിർദ്ദേശമനുസരിച്ച് പുലിവാലും പുലിച്ചിടയും കൊണ്ടുവരുവാൻ പുലിവേഷം ധരിച്ചു പോയി. തിരിച്ചുവരുമ്പോൾ പ്രതിക്രിയ ചെയ്യാമെന്നേറ്റ ഭാര്യ ഭയന്നു പുറത്തിറങ്ങിയില്ല. അതിനാൽ പുലിവേഷത്തോടെ കാരിക്കുരിക്കൾ അപ്രത്യക്ഷമാവുകയാണുണ്ടായത്. പനയാർ കുരിക്കൾ, വട്ടിയൻ പൊള്ള, പിത്താരി (ഐപ്പള്ളിത്തെയ്യം), വെള്ളൂക്കുരിക്കൾ, അമ്പിലേരി കുരിക്കൾ, ചിറ്റോത്ത് കുരിക്കൾ, പൊല്ലാലൻ കുരിക്കൾ, വളയങ്ങാടൻ തൊണ്ടച്ചൻ തുടങ്ങി അനേകം കാരണവന്മാരെയും ഗുരുക്കന്മാരെയും പുലയർ തെയ്യം കെട്ടിയാരാധിക്കുന്നു
മറ്റ് ദേവ സങ്കൽപ്പങ്ങൾ :
💗✥━═══🪷═══━✥💗
കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും കെട്ടിയാടുന്ന തെയ്യങ്ങൾക്കു പുറമേ ഭവനം തോറും ചെന്ന് ആടുന്ന ചില 'കുട്ടിത്തെയ്യങ്ങ'ളുണ്ട്. തുലാപ്പത്ത് മുതൽ എടവ മാസാന്ത്യം വരെയാണു തെയ്യാട്ടക്കാലമെങ്കിലും ഈ സഞ്ചരിക്കുന്ന തെയ്യങ്ങൾക്ക് ആ കാലപരിധി ബാധകമല്ല. തെയ്യാട്ടത്തിലെ ദേവതകൾക്കുള്ളത്ര ദേവതാചൈതന്യാരോപവും ഈ സഞ്ചരിക്കുന്ന കുട്ടിത്തെയ്യങ്ങൾക്കില്ല. മഴ കോരിച്ചൊരിയുന്ന കർക്കടകത്തിലാണ് ഇത്തരം തെയ്യങ്ങൾ ഭവനംതോറും ചെന്ന് കൊട്ടിപ്പാടുന്നത്. മറ്റു തൊഴിലുകളൊന്നുമില്ലാത്ത ആ കാലത്ത് തെയ്യം കലാകാരന്മാർക്ക് ഒരു വരുമാനമാർഗ്ഗം കൂടിയാണ് ഇത്. വേടൻ, കർക്കടോത്തി, കന്നിമതെ, ഗളിഞ്ചൽ, കലിയൻ, കലിച്ചി തുടങ്ങിയവയാണ് കർക്കടകമാസത്തിലെ തെയ്യങ്ങൾ. ഈതിബാധകളകറ്റുകയെന്ന ലക്ഷ്യം ഈ തെയ്യങ്ങളുടെ ആട്ടത്തിനുണ്ട്. ഓണക്കാലത്ത് 'ഓണത്താറ്' എന്ന തെയ്യമാണ് ഭവനംതോറും സന്ദർശിക്കുന്നത്. മഹാബലിയുടെ സങ്കല്പം ഈ തെയ്യത്തിനുണ്ട്.
No comments:
Post a Comment