പ്രാണനും പഞ്ചേന്ദ്രിയങ്ങളും തമ്മിലുള്ള മത്സരം
മത്സരവും മേധാവിത്തമോഹവും സഹജവികാരങ്ങളാണ്. എല്ലാ ജീവജാലങ്ങളിലും ഏറിയും കുറഞ്ഞും അത് നിലനില്ക്കുന്നുണ്ട്. ഈ മത്സരം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങള്‍ തമ്മിലുണ്ടാകുന്ന ഒരവസ്ഥ സങ്കല്പിച്ചുനോക്കൂ! ഛാന്ദോഗ്യോപനിഷത്തിലെ ചിന്താമധുരമായ ഈ കഥ അത്തരമൊരു മത്സരത്തെക്കുറിച്ചാണ് പറയുന്നത്.
കണ്ണും വാക്കും കാതും മനസ്സും പ്രാണനും തമ്മില്‍ ആരാണ് ശ്രേഷ്ഠന്‍ എന്നു തര്‍ക്കിച്ച് കലഹിക്കുന്നു. ആ കലഹവും തര്‍ക്കവും പ്രജാപതിക്കു മുന്നിലെത്തിക്കുന്നു. ഈ പറഞ്ഞ എല്ലാം തന്നെ ഒരു ജീവാത്മാവിന്റെ അംശങ്ങളാണ്. അതുകൊണ്ടുതന്നെ ഇതിലെ പ്രാമാണിത്വം ആ ജീവാത്മാവിന്റെ നിലനില്പുമായി ബന്ധപ്പെട്ടുനില്ക്കുന്നു. ഇതില്‍ ആരു പുറത്തു പോയാലാണോ മറ്റെല്ലാത്തിനും നാശം സംഭവിക്കുന്നത് ആ അംഗംതന്നെയാണ് ശ്രേഷ്ഠമായ അംഗം, അതായിരുന്നു പ്രജാപതിയുടെ വിധി.
അനന്തരം അത്തരത്തിലുള്ള പരീക്ഷയാരംഭിച്ചു. ആദ്യം കണ്ണ് പിന്മടങ്ങി. ജീവാത്മാവിന് ഒന്നും സംഭവിച്ചില്ല. ചിലബുദ്ധിമുട്ടുകള്‍ ദൃശ്യമായെങ്കിലും അതൊക്കെ പലമട്ടില്‍ പരിഹരിച്ച് ജീവാത്മാവ് തന്റെ അസ്തിത്വം നിലനിര്‍ത്തി. പിന്നെ കാതും വാക്കും മനസ്സും പിന്മടങ്ങി. അപ്പോഴും ജീവിതം നാശമടയാതെ തുടര്‍ന്നു, നിലനിന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഒടുവിലായി പ്രാണന്‍ പുറത്തുപോകാനൊരുങ്ങി. സ്വന്തം കാലുകള്‍ കെട്ടിയിട്ട കുറ്റികളെ ബന്ധിതനായ കുതിര പറിച്ചെടുക്കുന്നതുപോലെ പുറത്തേക്കുപോകുന്നതിനു മുന്നോടിയായി പ്രാണന്‍ ശരീരത്തില്‍നിന്ന് ഇന്ദ്രിയങ്ങളെ നിര്‍വ്വീര്യമാക്കാന്‍ തുടങ്ങി. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ക്ക് പ്രാണന്റെ പ്രാധാന്യം ബോധ്യമായി. ആ ഇന്ദ്രിയങ്ങളെല്ലാം പ്രാണന്റെ അടുത്തുവന്നു. ഭഗവാനേ, ശരീരത്തില്‍നിന്നു പുറത്തുപോകരുതേ. അങ്ങ് ഞങ്ങളെക്കാളെല്ലാം ശ്രേഷ്ഠനാകുന്നു എന്നുവിലപിക്കാന്‍ തുടങ്ങി. ശരീരത്തില്‍ പ്രാണനായും പുറത്തു ജഗത്പ്രാണനായ വായുവായും പ്രവഹിക്കുന്ന മഹാചൈതന്യത്തെ തിരിച്ചറിയാന്‍ ഈ മത്സരംകൊണ്ടു സാധിച്ചു.
പലപ്പോഴും ലോകം ഇങ്ങനെയാണ്. നമ്മള്‍ മുഖ്യമെന്നും പ്രധാനമെന്നും കരുതുന്നത് പലതും അപ്രധാനവും അതിലേറെ പ്രധാനമായ ഒന്നിന്റെ നിഴലുമായിരിക്കും. അപ്രധാനമായെണ്ണുന്നത് അതിപ്രധാനവുമായിരിക്കും. അത് തിരിച്ചറിയുന്നതാണ് ശരിയായ കണ്ടെത്തല്‍. ആ തണ്ടെത്തലിലൂടെ നമമള്‍ സത്യത്തെയറിയുന്നു.
No comments:
Post a Comment