"കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ"
വസൂരിയെന്ന മഹാരോഗം അമർച്ച ചെയ്യാൻ ഭദ്രകാളിക്ക് മാത്രമേ കഴിയൂ എന്ന വിശ്വാസം ഇന്നും ഹൈന്ദവർക്കിടയിൽ ഉണ്ട്. രോഗം വരാതിരിക്കാനും, രോഗിക്ക് ആശ്വസമുണ്ടാക്കാനും ഭദ്രകാളി ക്ഷേത്രത്തിൽ വഴിപാടുകഴിക്കാൻ പ്രാർത്ഥിക്കുകയും രോഗം മാറി കുളിച്ചു കഴിഞ്ഞാൽ ദേവിയെ ദർശനം ചെയ്ത് വഴിപാടുകൾ കഴിച്ച് മടങ്ങുന്ന ധാരാളം ആളുകളേയും കാണാം. പൊതുവായി കാളിയെ കൊപമൂർത്തിയായിട്ടാണ് കണക്കാക്കുന്നത്. മാരക രോഗങ്ങളെപ്പോലെ തന്നെ ശത്രുക്കളെ നശിപ്പിക്കുവാനും ഭദ്രകാളി ശക്തയാണ്.
പ്രസിദ്ധവും പ്രാചീനവുമായ ആദികാളിക്കാവാണ് കൊടുങ്ങല്ലൂർ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു. വസൂരിമാല അവിടുത്തെ ഉപ പ്രതിഷ്ഠയാണ്. അത്തരം ഒരു പ്രതിഷ്ഠ മറ്റൊരിടത്തും ഉള്ളതായി അറിയില്ല. പടിഞ്ഞാറെ നടയിൽ വടക്കോട്ട് ദർശനമേകിയാണ് വസൂരിമാലയുടെ ഉപക്ഷേത്രം. സാമാന്യം വലിയ വിഗ്രഹമാണ്. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയായ ഭദ്രകാളിയോട് പ്രാർത്ഥിച്ചാൽ ദേവി ഘണ്ടാകർണ്ണനോടൊപ്പം വസൂരിമാലയെ കൂടി രോഗിയുടെ അടുത്തേക്ക് ആശ്വാസമരുളാൻ പറഞ്ഞയക്കുമെന്നാണ് വിശ്വാസം.
ദേവീഭാഗവതപ്രകാരം കാളിയുടെ ശരീരത്തിൽ നിന്നും വസൂരികുരുക്കൾ നക്കിതുടച്ച് നീക്കുന്നതിന് അവതരിച്ച ഭൂതമാണ് ഘണ്ടാകർണ്ണൻ. ആ ഭൂതത്തെ സഹായിക്കാൻ പരമശിവൻ വസൂരിമാലക്ക് നിർദേശം കൊടുത്തു. അവൾ (മനോദരി) ചുടു രക്തം സ്വീകരിച്ച് ഓജസ്വിനിയായി ഘണ്ടാകർണ്ണനോടൊപ്പം സഞ്ചരിച്ചു. പിന്നീട് വസൂരിമാലക്ക് കുരുതിയും ആര്യവൽക്കരണത്തോടെ ഗുരുതിയും രൂപംകൊണ്ടുവെന്നു പുരാവൃത്തം. ഘണ്ടാകർണ്ണന്റെ സാന്നിദ്ധ്യം വസൂരിമാലക്ക് ശക്തി പകർന്നുവെന്നും വസൂരിമാല ഗുരുതി സ്വീകരിച്ച് ദേവിഭക്തയായെന്നുമാണ് വിശ്വാസം.
കൊടുങ്ങല്ലൂർ വെളിച്ചപ്പാട് വസൂരീമാലയുടെ പ്രതീകമായതിന് പിന്നിലും ഒരു കഥയുണ്ട്. ദാരികാസുരനെ നിഗ്രഹിക്കാനായി ശിവൻ തൃക്കണ്ണിൽ നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ച സമയം. യുദ്ധത്തിൽ കാളി ദാരികാസുരനെ വധിക്കുമെന്ന് ഉറപ്പായതോടെ ഭാര്യ മനോദരി കൈലാസത്തിൽ കഠിന തപസ് തുടങ്ങി. പക്ഷേ ശിവൻ പ്രസാദിച്ചില്ല. പാർവതിയുടെ നിർബന്ധത്താൽ മനോദാരിക്ക് മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. തന്റെ ദേഹത്തിലെ വിയർപ്പ് വടിച്ചെടുത്ത് കൊടുത്തു. ഇത് മനുഷ്യരുടെ ദേഹത്ത് തളിച്ചാൽ അവർക്ക് നിനക്ക് വേണ്ടതെല്ലാം തരുമെന്ന് പറഞ്ഞനുഗ്രഹിച്ചു.
മനോദരി കൈലാസത്തിൽ നിന്ന് പോകുംവഴി, ദാരികന്റെ ശിരസു മുറിച്ചെടുത്ത് വിജയഭേരി മുഴക്കി വരുന്ന ഭദ്രകാളിയെയാണ് കണ്ടത്. രോഷവും സങ്കടവും കൊണ്ട് വിറച്ച മനോദരി ശിവന്റെ വിയർപ്പുവെള്ളം ഭദ്രകാളിയുടെ ദേഹത്ത് തളിച്ചു. ഉടനെ ഭഗവതിയുടെ ദേഹത്തെല്ലാം കുരുക്കൾ നിറഞ്ഞു. വാർത്തയറിഞ്ഞ് കോപിച്ച ശിവന്റെ ചെവിയിൽനിന്ന് ഘണ്ടാകർണ്ണൻ എന്ന ഭയങ്കര രൂപി പിറവിയെടുത്തു. ഘണ്ടാകർണൻ ഭദ്രകാളിയുടെ പാദം മുതൽ നക്കി കുരുക്കളെല്ലാം തിന്നൊടുക്കി. മനോദരിയെ പിടിച്ച് ഭദ്രകാളിയുടെ അടുക്കൽ കൊണ്ടുചെന്നു. അവളുടെ കണ്ണും ചെവിയും കാലും ഛേദിച്ച് “വസൂരി” എന്നു പേരുമാറ്റി കാളി തന്റെ ആജ്ഞാനുവർത്തിയാക്കി. ഇതാണ് വസൂരിമാല. വിരോധമുണ്ടാകുന്ന കാലങ്ങളിൽ മനുഷ്യരുടെയടുത്തേക്ക് ഭദ്രകാളി അയക്കുന്ന വസൂരിമാലയാണ് വസൂരി രോഗം ഉണ്ടാക്കുന്നതത്രെ. അതിനാൽ വസൂരി ശമനത്തിനും രോഗം വരാതിരിക്കാനും ആളുകളിപ്പോഴും ഭദ്രകാളിയെ പൂജിക്കുന്നു.
കൊടുങ്ങല്ലൂർ ഭഗവതിയോട് പ്രാർത്ഥിച്ചാൽ വസൂരി ഉണ്ടാകില്ലെന്നും ഉണ്ടായാൽത്തന്നെ ആപത്ത് ഉണ്ടാകില്ലെന്നും വിശ്വസിക്കപ്പെടുന്നു. വസൂരിമാലക്കുള്ള പ്രധാന വഴിപാടാണ് ഗുരുതി. അത്താഴപൂജ കഴിഞ്ഞ് അടികളാണ് ഗുരുതി ചെയ്യുന്നത്. കുംഭഭരണി മുതൽ മീനഭരണി വരേയും മണ്ഡലകാലത്തും ഗുരുതി നടത്തുക പതിവില്ല. ഗുരുതി സ്വീകരിച്ച് വസൂരിമാലയും ഘണ്ടാകർണ്ണനും ശക്തരാകുമെന്നും അവർ ദേവിയുടെ ആജ്ഞ നടപ്പാക്കുന്നതോടെ ആപത്തുകൾ ഒഴിവാകുമെന്നും വിശ്വസിക്കപ്പെടുന്നു.
തൃശൂർ ജില്ലയിൽ എൻ.എച്ച്. 17 നു സമീപം കൊടുങ്ങല്ലൂരിലാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം നിലകൊള്ളുന്നത്. ചേരൻ ചെങ്കുട്ടുവന്റെ കാലത്ത് നിർമ്മിച്ച ക്ഷേത്രത്തിൽ ശങ്കരാചാര്യസ്വാമികൾ പുനപ്രതിഷ്ഠ നിർവഹിച്ചുവെന്നു പഴമ. പൂജാദികാര്യങ്ങൾക്കു നേതൃത്വം വഹിക്കുന്നത് അടികളാണ്. തന്ത്രി സ്ഥാനം താമരശ്ശേരി മേക്കാട്ട് ഇല്ലത്തിനാണ്. കൊടുങ്ങല്ലൂരമ്മ-ഭദ്രകാളി-ദാരുവിഗ്രഹത്തിൽ സാന്നിദ്ധ്യം ചെയ്യുന്നു. ആദിപ്രതിഷ്ഠ സ്ഥാനം അടച്ചിട്ട് സപ്തമാതൃക്കളിലെ ചാമുണ്ഡിയെ ഭദ്രകാളിയായി സങ്കൽപ്പിച്ച് ആരാധിക്കപ്പെടുന്നു. വടക്കോട്ട് ദർശനം.
"ബ്രാഹ്മീ മാഹേശ്വരീ ചൈവ
കൌമാരീ വൈഷ്ണവീ തഥാ
വാരാഹീച തഥേന്ദ്രാണീ
ചാമുണ്ഡാ സപ്ത മാതര".
ഉപദേവതകളായി ശിവൻ, ഗണപതി, ക്ഷേത്രപാലകൻ, വസൂരിമാല, തവിട്ടുമുത്തി, എന്നിവരും ഉണ്ട്. ആചാരത്തിലും ആകാരത്തിലും മഹാക്ഷേത്ര പദവി അലങ്കരിക്കുന്ന ക്ഷേത്രത്തിന്റെ മുഖ്യ ശ്രീകോവിലിന് കിഴക്ക് ഭാഗത്ത് കാണുന്ന രഹസ്യ അറ ക്ഷേത്ര ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്നു. രഹസ്യ അറയിൽ നിന്നുള്ള ദേവി സങ്കല്പം പ്രധാന മൂർത്തിയിലേക്ക് പ്രവഹിക്കുന്നുവെന്നാണ് വിശ്വാസം. മൂലസ്ഥാനത്ത് നിന്ന് ആവാഹിക്കലും അവസാനം ഉദ്ധ്വസിക്കളും ഇന്നും നടന്നുവരുന്നു. ശങ്കരാചാര്യസ്വാമികൾ ശ്രീചക്രം സ്ഥാപിച്ചപ്പോൾ ചൈതന്യം വർദ്ധിച്ചതിനാൽ മൂല സ്ഥാനം അടച്ചിട്ടുവെന്നാണ് ഐതീഹ്യം. രഹസ്യ അറയിലെ മൂലപ്രതിഷ്ഠ ചേരൻ ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ച കണ്ണകിയാണെന്നും വിശ്വാസമുണ്ട്. ചിലപ്പതികാരത്തിലെ പല പരാമർശങ്ങളോടും ക്ഷേത്രത്തിന് ബന്ധം കാണുന്നു. വസൂരിമാലയുടെ ഗുരുതി വഴിപാടുപോലെ തന്നെ ക്ഷേതപാലകന്റെ പുളിഞ്ചാമൃത് നിവേദ്യവും പ്രധാനമാണ്.
മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന താലപ്പൊലിയും മീന ഭരണി (കൊടുങ്ങല്ലൂർ ഭരണി) യുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് കുംഭമാസത്തിലെ ഭരണി ദിവസം കാളി-ദാരിക യുദ്ധം തുടങ്ങിയെന്ന സങ്കൽപ്പത്തിൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പേരാൽ മരങ്ങളിലും നടപ്പുരകളിലും അവകാശികൾ കൊടികൾ ഉയർത്തുന്നു. ഈ മഹോത്സവം ചെറുഭരണി എന്ന പേരിൽ അറിയപ്പെടുന്നു. മീന മാസത്തിലെ തിരുവോണം നാളിലെ കോഴിക്കല്ല് മൂടൽ, രേവതി നാളിലെ രേവതി വിളക്ക്, പാലക്കാവേലാൻ കൊണ്ടുവരുന്ന മരുന്നുകൂട്ടങ്ങൾ ചേർത്ത് കുന്നത്ത് മഠം, നീലത്ത് മഠം മഠത്തിൽ മഠം എന്നീ 3 മഠങ്ങളിലെ അടികൾമാർ ചേർന്ന് നടത്തുന്ന അതീവ രഹസ്യമായ അശ്വതി പൂജ (ത്രിച്ചന്ദന ചാർത്ത് പൂജ), തുടർന്ന് നടക്കുന്ന അശ്വതി കാവുതീണ്ടൽ എന്നിവ പ്രസിദ്ധമാണ്. കൊടുങ്ങല്ലൂർ ഭരണിയുടെ ഭക്തി സാന്ദ്രമായ വിസ്മയ കാഴ്ചകൾ വിവരിക്കാൻ വാക്കുകൾക്കോ വരികൾക്കോ ആകില്ല. ഭരണി കഴിഞ്ഞാൽ ആറാം ദിവസമാണ് നട തുറപ്പ്. അതുവരെ ഓരോ യാമങ്ങളിലും ഓരോ പൂജ അടികൾമാർ ചേർന്ന് നിർവ്വഹിക്കുന്നു. ഈ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ല. നട തുറപ്പിന്റെയന്ന് ഏഴാം യാമത്തിലെ പൂജ കഴിയുന്നതോടുകൂടി കൊടുങ്ങല്ലൂർ കാവ് സാധാരണ ദിവസങ്ങളിലേക്കും പൂജാദികർമ്മങ്ങളിലേക്കും മടങ്ങിയെത്തുന്നു മേട മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ദേവിക്കും സപ്തമാതൃക്കൾക്കും നടക്കുന്ന 'ചന്താട്ടം' എന്ന ചടങ്ങ് വളരെ പ്രശസ്തമാണ്. വരിക്ക പ്ലാവിന്റെ തടിയിൽ തീർത്ത വിഗ്രഹങ്ങളിൽ രഹസ്യകൂട്ടുകൾ അടങ്ങിയ ചാന്ത് തേച്ചുപിടിപ്പിച്ച് അടികൾമാർ അഭിഷേകങ്ങൾ കഴിക്കുന്ന ചടങ്ങാണിത്. കൂടാതെ കർക്കിടകത്തിലെ ഇല്ലം നിറയും, ചിങ്ങമാസത്തിലെ ഉത്രാടം നാളിൽ തൃപ്പുത്തരിയും നടക്കുന്നു. മറ്റ് ക്ഷേത്രങ്ങളിൽ ഇത്തരം ചടങ്ങുകൾ ഇല്ല.
ഇത് കൊടുങ്ങല്ലൂർ തമ്പുരാന്റെ ക്ഷേത്രമായിരുന്നു. ഇപ്പോൾ ക്ഷേത്ര ഭരണത്തിന്റെ ചുമതല കൊച്ചിൻ ദേവസ്വം ബോർഡിനാണ്.
ഉത്തരായനം തുടങ്ങുന്ന മകര സംക്രാന്തിക്ക് നടക്കുന്ന ഒന്നാം താലപ്പൊലിയുടെ പൂർണ്ണ ചുമതല ഇന്നും 'ഒന്നു കുറെ' യോഗത്തിനാണ്. പഴയകാലത്ത് പെരുമാളിന്റെ അംഗരക്ഷകരായി 'ഒന്നു കുറെ ആയിരം' എന്ന നായർ സൈന്യം ഉണ്ടായിരുന്നു. ഈ യോഗത്തിൽ പെട്ടവർ കൊടുങ്ങല്ലൂർ തമ്പുരാന്റെ അനുമതിയോടെ ഒരു പടനായരുടെ നേതൃത്വത്തിൽ എല്ലാ മലയാളമാസം ഒന്നാം തിയതിയും ക്ഷേത്രത്തിന്റെ കിഴക്കേ മുറ്റത്ത് പ്രദക്ഷിണ വഴിക്ക് പുറത്ത് ആയുധ ധാരികളായി ഉച്ച പൂജ വരെ 2 വരികളായി ഇരിക്കുന്നു. ഈ ചടങ്ങ് നിഴലിരിക്കൽ എന്ന് അറിയപ്പെടുന്നു. ക്ഷേത്രത്തിൽ നവരാത്രിയും വിശേഷമാകുന്നു.
പൂന്താനത്തിന് വസൂരി വന്നപ്പോൾ 'ഘനസംഘം' എന്ന സ്തോത്രം നിർമ്മിച്ച് തിരുമാന്ധാംകുന്ന് ഭഗവതിക്ക് സമർപ്പിച്ചു. തുടർന്ന് അദ്ദേഹം രോഗ വിമുക്തി നേടിയെന്ന് പഴമ. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ് ക്ഷേത്രം. തിരുമാന്ധാംകുന്നിലമ്മ കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയാണെന്നാണ് സങ്കല്പം.
ക്ഷേത്ര ദർശന സമയം (സാധാരണ ദിവസങ്ങളിൽ)
പുലർച്ചെ 4 മുതൽ ഉച്ചക്ക് 12 വരെ.
വൈകീട്ട് 4 മുതൽ രാത്രി 8 വരെ.
നിത്യപൂജക്രമങ്ങൾ:-
💗✥━═══🪷═══━✥💗
04.00 നടതുറക്കൽ
04.30 മലർ നിവേദ്യം
06.00 ഉഷപൂജ
07.00 പന്തീരടി നേദ്യം.
07.30 പന്തീരടി പൂജ
11.00 ഉച്ചപൂജ നേദ്യം
11.30 ഉച്ചപൂജ
12.00 നട അടക്കൽ.
04.00 നടതുറക്കൽ (വൈകീട്ട്)
06.15 ദീപാരാധന
07.00 അത്താഴപൂജ നേദ്യം
07.30 അത്താഴപൂജ
08.00 നട അടക്കൽ
08.30 നു ശേഷം ഗുരുതി.
No comments:
Post a Comment