ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 January 2025

ആരാണ് ബ്രാഹ്മണൻ❓

ആരാണ് ബ്രാഹ്മണൻ❓

ഹിന്ദു അടിസ്ഥാനഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശകലനം.. 

ആദ്യമേ ഒരു കാര്യം പറയട്ടെ.. ബ്രാഹ്മണൻ എന്നത് ഒരു ജാതിയാണ് എന്ന നടപ്പു ചിന്താഗതി മനസ്സിൽ നിന്ന് മാറ്റിവെച്ചിട്ടു മാത്രം ഇത് വായിക്കുക. 

വളരുക, വികസിക്കുക എന്നൊക്കെ അർഥം വരുന്ന "ബ്രഹ്" എന്ന സംസ്കൃത വാക്കിൽ നിന്ന് ബ്രാഹ്മണ എന്ന വാക്ക് ഉണ്ടായി.

ധനുർവേദത്തിൽ വസിഷ്ഠ സംഹിത 1: 6 ഇൽ 'അയോധന കല പഠിക്കാൻ വരുന്ന ഒരാൾ ബ്രാഹ്മണൻ ആണോ എന്ന് ഗുരു ശ്രദ്ധിക്കണം' എന്ന് പറയുന്നു.. നിശിതമായ നിരീക്ഷണങ്ങൾക്ക് ശേഷം വേണം ഒരു ഗുരു തന്റെ ബ്രാഹ്മണനായ ശിഷ്യന് അമ്പും വില്ലും ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിച്ചു കൊടുക്കേണ്ടത്..

ഒരു ബ്രാഹ്മണൻ എന്നത്; "അത്യാഗ്രഹം, കുടിലത, നന്ദിയില്ലായ്മ, വിഡ്ഢിത്തം എന്നിവയില്ലാത്തവൻ ആണ്".. അയോധന കല ക്ഷത്രിയധർമം ആണ്.. അത് പഠിക്കാൻ വരുന്നവനെ ബ്രാഹ്മണൻ ആണോ എന്ന് പരീക്ഷിച്ചു മനസ്സിലാക്കിയ ശേഷമേ പരിശീലിപ്പിക്കാവൂ എന്ന് ഇവിടെ പറയുന്നു.. എന്താണ് ഇതിന്റെ അർത്ഥം... 

അർത്ഥം ഇത്രയേ ഉള്ളു. ബ്രാഹ്മണൻ എന്നത് അതിന്റെ ഒർജിനൽ അർത്ഥത്തിൽ, തെളിഞ്ഞ സാത്വികഗുണങ്ങൾ ഉള്ള ഒരു വ്യക്തി ആണോ അവൻ എന്നത് മാത്രം നോക്കാൻ ആണ് പറയുന്നത്.. താമസ ഗുണങ്ങൾ ആയ അത്യാഗ്രഹം, കുടിലത തുടങ്ങിയവ ഒന്നുമില്ലാത്ത ഒരു ബുദ്ധിമാൻ മാത്രമാണ് ബ്രാഹ്മണൻ എന്ന് ഇവിടെ വേദം പറയുന്നു.

പ്രമുഖ ബ്രാഹ്മണ വാദിയായി അവതരിപ്പിക്കപ്പെടുന്ന ശ്രീ ശങ്കരാചാര്യർ തന്നെ എഴുതിയ വജ്രസൂചി ഉപനിഷത്തിൽ അദ്ദേഹം ആദ്യം അദ്ദേഹം പറയുന്നു "ബ്രാഹ്മണൻ എല്ലാത്തിന്റെയും നേതാവ് അഥവാ തലവൻ ആണ്" എന്ന്.. ശേഷം ഒരു ചോദ്യം ചോദിക്കുന്നു.. "കേ വോ ബ്രാഹ്മണ നാമ.." അപ്പൊ ആരാണ് ഈ പറയുന്ന ബ്രാഹ്മണൻ എന്ന്. ശേഷം ചോദ്യങ്ങൾ തുടരുന്നു.. "അവൻ അവന്റെ ജീവത്മാവ് ആണോ. അതോ ശരീരം ആണോ.. അവൻ ജന്മം കൊണ്ടുള്ള ഒരു വർണം ആണോ അറിവിന്റെ ഉറവിടം ആണോ യജ്ഞാധികാരി ആണോ."

ഇതിന്റെയെല്ലാം ഉത്തരമായി അദ്ദേഹം തന്നെ പറയുന്നു, "ആത്മാവ് എല്ലാവരിലും ഉള്ളതുകൊണ്ടു അതല്ല ബ്രാഹ്മണൻ.. ശരീരവും അതുകൊണ്ടുതന്നെ അല്ല.. മഹാബ്രാഹ്മണർ ആയ വാല്മീകി, ജമ്പുക, കൗഷിക, ഋഷ്യശൃംഗൻ, വ്യാസ, ഗൗതമാ, വസിഷ്ഠ, അഗസ്ത്യ തുടങ്ങിയ അനേകം മഹാഋഷിമാർ മറ്റു വർണങ്ങളിൽ ജനിച്ചവർ ആയതുകൊണ്ടുതന്നെ ബ്രാഹ്മണ്യം ഒരു വർണവും അല്ല. അനേകം ക്ഷത്രിയരും മറ്റു വർണങ്ങളിൽ ഉള്ളവരും അറിവിനെ ഘോഷിക്കുന്നത് കൊണ്ടു ബ്രാഹ്മണൻ അറിവും അല്ല.. അതുകൊണ്ട് തന്നെ യജ്ജ്ഞവും അല്ല. പിന്നെയോ. രണ്ടാമതൊന്നില്ലാത്ത ബ്രഹ്മമാണ് താനും എന്ന ബ്രഹ്മജ്ഞാനം നേടിയ ഒരാൾ ആണ് ബ്രാഹ്മണൻ" എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു. 

അതായതു ബ്രഹ്മത്തെ അറിഞ്ഞ ആരും ബ്രാഹ്മണൻ ആണ് എന്ന് സാരം. അത് ചണ്ഡാളനോ കുശവനോ പറയനോ പുലയനോ ഒക്കെ ആവാം. അതും കഴിഞ്ഞു അദ്ദേഹം തന്നെ ബ്രാഹ്മണന്റെ ലക്ഷണങ്ങൾ പറയുന്നു.. "ബ്രാഹ്മണൻ എന്നാൽ വികാരങ്ങൾ, ദേഷ്യം, അത്യാഗ്രഹം, പ്രതീക്ഷകൾ, ആഗ്രഹം, കാല്പനികതകൾ, അഹങ്കാരം, സ്വതബോധം, ഇഷ്ടങ്ങൾ എന്നിവയെ ഒക്കെ ജയിച്ചവൻ ആണ്.. അവനാണ് ബ്രാഹ്മണൻ.."

ഛാന്ദ്യോപനിഷത്തിൽ 4:4 ഇൽ പറയുന്ന ഗൗതമ - ജബാലി കഥയിലും ഇതേ ആശയം നമുക്ക് കിട്ടും.. വിദ്യ പഠിക്കണം എന്ന ആവശ്യവുമായി തന്റെ അടുക്കൽ വന്ന 7 വയസുകാരൻ സത്യകാമനോട് ഒരു പരിചയപെടലിന്റെ ഭാഗമായി "കിം ഗോത്രം" എന്നൊരു ചോദ്യം ഗൗതമ മഹർഷി ചോദിക്കുന്നു.. ഗോത്രം ചോദിക്കുന്നത് പിതാവിനെ അറിയാൻ ആണ്.. അതിനുത്തരം അറിയാതിരുന്ന കുട്ടി തന്റെ അമ്മയുടെ അടുക്കൽ പൊയി തന്റെ ഗോത്രം ഏതാണ് എന്ന് ചോദിക്കുന്നു.. അവൾ പറഞ്ഞു.. മകനേ.. ഞാൻ അനേകം വീടുകളിൽ ദാസ്യവൃത്തി നടത്തിയാണ് നാം ജീവിക്കുന്നത്.. ഇതിനിടെ അനേകം ആൾക്കാരുമായി ബന്ധപെട്ടു.. അതിൽ ആരോ ആണ് നിന്റെ അച്ചൻ.. അതുകൊണ്ട് ജാബാലി എന്ന എന്റെ പേരും സത്യകാമനെന്ന നിന്റെ പേരും കൂട്ടി നമ്മുടെ ഗോത്രം 'സത്യകാമജാബാലി ' എന്നാണ് എന്ന് അവിടെ പോയി പറയുക എന്ന് പറഞ്ഞു... നിഷ്കളങ്കനായ കുട്ടി ഇതേകാര്യം പിറ്റേന്ന് മഹർഷിയോട് വിശദമായി പറയുന്നു.. അതിന് അദ്ദേഹം പറഞ്ഞ ഉത്തരമാണ് ഹിന്ദുക്കളുടെ കണ്ണ് തുറപ്പിക്കേണ്ടതും വിമർശകരുടെ വായ അടപ്പിക്കേണ്ടതും.. അതിപ്രകാരം ആയിരുന്നു.. "ഒരു അബ്രാഹ്മണനും ഇങ്ങനെ സംസാരിക്കാൻ സാധിക്കില്ല സത്യകാമാ.. നീ ബ്രാഹ്മണൻ തന്നെ ആണ്.. പോയി ദർഭ കൊണ്ടുവരൂ.. ഞാൻ നിന്റെ ഉപനയനം യാജ്ഞായോപവീതം (ദർഭപുല്ലു കൊണ്ടുള്ള പൂണൂൽ) ഇട്ടു കൊണ്ടു തുടങ്ങട്ടെ.. നീ സത്യത്തിൽ നിന്നു വ്യതിചലിക്കാത്തവൻ ആയത്കൊണ്ടാണത്" ..

ചണ്ഡാളൻ ആയിരുന്ന വാല്മീകി മഹാബ്രാഹ്മണൻ ആയ മഹർഷി ആയില്ലേ.. ക്ഷത്രിയ രാജാവായ വസുവിന്റെ മകൾ ശൂദ്ര ആയ സത്യവതിയും അവളുടെ മകൻ മഹാ ബ്രാഹ്മണൻ ആയ വേദവ്യാസനും ആയില്ലേ.. ബ്രഹ്മം തന്നെയായ ശിവൻ ചണ്ഡാളൻ ആണെന്നല്ലേ ഹൈന്ദവഗ്രന്ഥങ്ങൾ പറയുന്നത് . ശിവനും രാമനും കൃഷ്ണനും കറുത്തവർ അല്ലെ. അവരെ ദൈവമായി ആരാധിക്കാത്തവൻ ഹിന്ദു ആണോ..

വേദങ്ങളിലും ഉപനിഷത്തുകളിലും ഉപവേദങ്ങളിലും സംഹിതകളിലും ഉള്ള വിശദീകരണങ്ങളെക്കാൾ ആധികാരികത ഹിന്ദുയിസത്തിൽ മറ്റൊന്നിനുമില്ല. അവയാണ് മേലെ എടുത്തു പറഞ്ഞിട്ടുള്ള കാര്യങ്ങൾ. ഇങ്ങനെ നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് കാണിച്ചു കൊടുക്കാൻ സാധിക്കും. ഹിന്ദു അറിവിനെ ദൈവമായി കണ്ടു ആരാധിക്കുന്നവൻ ആണ്. അറിവാണ് ഹിന്ദുവിന്റെ ദൈവം.

സനാതനത്തിൽ വിമർശകർ ആരോപിക്കുന്ന ജാതീയതയും ബ്രഹ്മണ്യമേൽക്കോയ്മയും ഒരു കുതന്ത്രം മാത്രമാണ്.. ഹിന്ദുക്കളേ ജാതി പറഞ്ഞു വിഘടിപ്പിച്ചു ഇല്ലാതാക്കാൻ വേണ്ടി മാത്രം ഉള്ളത്. സെമറ്റിക് - കമ്യുണിസ്റ്റ് കൂട്ടുകെട്ടിന്റെ ഉത്പന്നമാണത്.. അതിനേ തിരിച്ചറിയുക. ഇന്നത്തെ ഇന്ത്യയിൽ ജാതിഭേദം ഇല്ലാ എന്നോ ഉച്ചനീച്ചത്വം ഇല്ലാ എന്നോ അല്ല ഞാൻ പറയുന്നത്.. മറിച്ച് അതിന്റെ ഉത്തരവാദിത്വം സനാതന ധർമത്തിന് അല്ലാ എന്ന് മാത്രമാണ് .

ഇന്നു ജാതീയതാ എന്താണോ അതിന്റെ ഉത്തരവാദി ഹിന്ദുക്കളും അതിലേക്ക് അവരെ തള്ളിയിട്ട ബ്രിട്ടീഷ് ഭരണവും തന്നെയാണ്. ഇന്നത്തെ ജാതിബ്രഹ്മണ്യം എതിർക്കപ്പെടേണ്ടത് തന്നെയാണ്.. അവരാണ് സത്യത്തിൽ ഹിന്ദുക്കളുടെ ജാതീയത തുടങ്ങി വെച്ചത്.. പിന്നീട് അത് മറ്റു ജാതിക്കാരും കൊണ്ടാടാൻ തുടങ്ങി എന്ന് മാത്രം. പക്ഷെ സനാതന സംസ്കാരം ഇന്നു നമ്മുടെ കൈകളിൽ ലഭ്യമായതിന്റെ നേട്ടവും അതേ പോലെ അവർക്ക് അവകാശപ്പെട്ടത് തന്നെയാണ്.

No comments:

Post a Comment