ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 January 2025

അനന്തശയനം എന്ന ബിംബകൽപ്പന

അനന്തശയനം എന്ന ബിംബകൽപ്പന

തോവാള മുതൽ തൃപ്പാദപുരത്തിനപ്പുറം നീണ്ടു കിടന്ന തൃപ്പാപ്പൂർ സ്വരൂപം, വേണാടിൻ്റെ ശാഖയായ് നിലകൊണ്ടിരുന്ന
കാലത്തിനും മുന്നേ അനന്തൻ കാട്ടിലെ 'സർപ്പശായി പെരുമാൾ' മലനാടിൻ്റെ ആരാധനാബിംബമായിരുന്നു എന്നത് ചരിത്രം.

ഭക്തി പ്രസ്ഥാനത്തിൻ്റെ ഉപോൽപ്പന്നങ്ങളായി ഭാരതത്തിൽ പിറവികൊണ്ട ദേവതാ കൽപനകളിൽ, സാംഖ്യദർശന പ്രതീകമാർന്നൊരു വൈഷ്ണവ സങ്കൽപ്പമെന്നു വേണം ശയനവിഷ്ണുവിനെ കരുതാൻ..
10-ാം നൂറ്റാണ്ടിനുശേഷവും 17-ാം നൂറ്റാണ്ടിനു മുൻപുമായി ഈ നാടിൻ്റെ ഭക്തി പാരമ്പര്യങ്ങളിലേക്ക്, ഈ ബിംബ സങ്കൽപ്പങ്ങളിൽ പലതും ഇഴുകിചേരുകയായിരുന്നു. അത് സാഹിത്യം, ശിൽപ്പം, ചിത്രം, സംഗീതം, നൃത്തം എന്നീ മേഖലകളിലൂടെ ഒരു ജനകീയ പ്രസ്ഥാനമായി വികസിച്ചു. അത്തരത്തിൽ പെരുമാക്കന്മാരുടെ മണ്ണിലും മനസിലും വേരോടിയ 'ശേഷശായി' ബിംബം, ഇന്ന് മലയാള മണ്ണിൻ്റെ കുലദൈവ ബിംബമായ് ഉയർന്ന് പരിലസിക്കപ്പെടുന്നു.

രേഖാപരമായി A.D 9-ാം നൂറ്റാണ്ടിനടുത്ത ചരിത്ര പ്രാധാന്യം അനന്തപുരത്തെ ശ്രീ പത്മനാഭനിലേക്ക് വിരൽ ചൂണ്ടുമ്പോൾ, അതിനെ ബലപ്പെടുത്തുന്ന ശില്പങ്ങളായും കാവ്യ സൃഷ്ടികളായും ചിത്രങ്ങളായും, ശ്ലോകങ്ങളായും തെളിവുകൾ നിരന്നു നിൽക്കുന്നുണ്ട്.

"യോഗശയനം, ഭോഗശയനം" എന്നിങ്ങനെ രണ്ട് രീതിയിൽ 'ശേഷശായി'യെ സങ്കൽപ്പിക്കാറുണ്ട്. അതിൽ 'മത്സ്യപുരാണ' പരാമർശ്ശിതമായ 'അനന്തശായീ' സങ്കൽപ്പത്തെ ഒരു പരിധിവരെ പിൻതുടരുന്നവയാണ് തിരുവട്ടാറും, തിരുവനന്തപുരവും പള്ളി കൊള്ളുന്ന 'ശയന വിഗ്രഹങ്ങൾ' (ശാന്താകാരം, ഭുജഗശയനം പത്മനാഭം സുരേശം... എന്ന ധ്യാന സങ്കൽപ്പത്തോട് അടുത്തു നിൽക്കുന്നവ എന്നർത്ഥം).

13-ാം നൂറ്റാണ്ടിലെ ''ഉണ്ണുനീലീ സന്ദേശകാവ്യ" കാരനിൽ തുടങ്ങി, 14-ാം നൂറ്റാണ്ടിലെ ''അനന്തപുരവർണ്ണനവും, സ്യാനന്ദൂരപുര സമുച്ഛയവും" ഉൾപ്പടെയുള്ള ആദികാല കാവ്യങ്ങളിൽ 'പന്നഗശായി'യെ സാഹിത്യഭംഗിയോടെ ചേർത്തു നിർത്തുന്നുണ്ട്. 
ലക്ഷണ ഗ്രന്ഥമായ 'ലീലാതിലകത്തിൽ' പാട്ടു ലക്ഷണം പറഞ്ഞ് ഉദാഹരിക്കുന്ന "തരതലന്താനളന്താ, പിളന്താ, പൊന്നൻ തനകചെന്താർ വരുന്താമൽ വാണൻ തന്നെ...." എന്ന വരികൾ അവസാനിക്കുന്നത് "തിരുവനന്താപുരം തങ്കമാനന്തനേ...!" എന്നാണ്. അജ്ഞാത നാമാവായ ഈ കവിയും 'ശയനമാന വിഷ്ണുവിനെ' സ്തുതിക്കുന്നതിനൊപ്പം അവതാര ചെയ്തികളും സ്മരിക്കുന്നു എന്നർത്ഥം. പിന്നീട് 'ചമ്പു'ക്കളിലും, നെയ്തശ്ശേരി ഇല്ലത്തു നിന്ന് ലഭിച്ച 'പദ്മനാഭസ്തവ'ത്തിലും, 'നമ്പ്യാരുടെ' ആട്ടക്കഥകളിലും, 'രാമപുരത്ത് വാര്യരുടെ' കീർത്തനങ്ങളിലുമൊക്കെയായി 'അനന്തപുര ശയനനാഥനെ' പ്രകീർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു..

 കൊട്ടാര ചുവരുകളിലും, ക്ഷേത്ര ശ്രീകോവിലുകളിലുമായി പ്രകൃതി വർണ്ണങ്ങളാൽ അനന്തശായിയെ പലവിധങ്ങളിൽ പലമാനങ്ങളിൽ ഇതേ കാലത്ത് വരച്ചു ചേർത്തിട്ടുണ്ട്. ഇതിൽ പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പരിക്കമാളികയിൽ തേവാരപ്പുര പടിഞ്ഞാറേ ഭിത്തിയിൽ, ശ്രീ പത്മനാഭക്ഷേത്രത്തിലെ പ്രതിഷ്ഠാ മൂർത്തിയ സങ്കൽപ്പിച്ച് തെക്കോട്ട് ശിരസ്സുവച്ച് ശയിക്കുന്ന രീതിയിൽ വർണ്ണമിട്ടെഴുതിയ അനന്തശയനചിത്രം ഏറ്റവും മികച്ചതായി കരുതാം. ഇതേ മുറിയിലെ കിഴക്കേ ഭിത്തിയിൽ തിരുവട്ടാർ പെരുമാളിനെ സങ്കൽപ്പിച്ച് മറ്റൊരു ശയന ചിത്രവുമുണ്ട്.

കാവ്യങ്ങളും ചിത്രങ്ങളും മാത്രമല്ല ശിലാ ശിൽപ്പങ്ങളായി, ദാരുശിൽപ്പങ്ങളായി മലനാട്ടിലങ്ങോളമിങ്ങോളം അനന്തശായി നാഥൻ പ്രതീകവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഈ അനന്തശായന സങ്കൽപ്പങ്ങളുടെ തീവ്ര മൂർത്തീഭാവ സമ്മേളനമാണ് തിരുവനന്തപുരത്തെ ശ്രീപദ്മനാഭൻ... 
മലയാളിക്ക് തൊഴുതു പ്രാർത്ഥിക്കാനുള്ള ഒരു ഈശ്വര സങ്കൽപ്പം എന്നതിനപ്പുറം, സാഹിത്യത്തിലും കലകളിലും, നൃത്തരൂപങ്ങളിലും ചിതറിക്കിടക്കുന്ന ഒരു സാംസ്കാരിക പരിഛേദം കൂടിയാണ് "തിരു അനന്തശായി ശ്രീപദ്മനാഭ പെരുമാൾ..."


No comments:

Post a Comment