ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 November 2019

ദേവി തത്ത്വം - 9

ദേവി തത്ത്വം - 9

PART - 01

നാം ക്ഷേത്രത്തിൽ നിന്നും ക്ഷേത്രജ്ഞനിലേക്ക് തിരിയണം . അതിന് ജ്ഞാന മാർഗ്ഗം , ഭക്തി മാർഗ്ഗം എന്ന് രണ്ട് മാർഗ്ഗങ്ങൾ ആശ്രയിക്കപ്പെടുന്നുണ്ടെങ്കിലും രണ്ടും പലയിടത്തും കൂടി ചേരുന്നു. അതു കൊണ്ട് പൂർണ്ണമായും സത്യ സാക്ഷാത്കാരം നേടിയ ജ്ഞാനികൾ ഒക്കെയും ഭക്തൻമാരും ആയിരുന്നു. അവരൊക്കെ മഹാമായയുടെ കൃപ ഉണ്ടെങ്കിലേ ഇതിൽ നിന്ന് പുറത്ത് പോകാൻ പറ്റുകയുള്ളു എന്ന് അംഗീകരിച്ചവരുമാണ്.

സഹിഷാ വരദാ പ്രസന്നാ നൃണാം ഭവതീം മുക്തയേ

എന്ന് ദേവീ മാഹാത്മ്യം.അവൾ എപ്പോൾ പ്രസന്നയാകുന്നു കൃപ ചൊരിയുന്നു അപ്പോഴാണ് ഈ ജീവനെ പുറത്തേയ്ക്ക് വിടുന്നത്. അവളുടെ കൃപ കൊണ്ടാണീ ജീവൻ പൂർണ്ണമായ സത്യത്തിനെ കണ്ടെത്തുന്നത്. അപ്പോൾ ഈ 'അവൾ' ആരാണ്? ഈ ശക്തി ആരാണ്? ഈ ശക്തി എന്താണ്?

ഭഗവാൻ രമണ മഹർഷി അരുണാചല അഷ്ടകത്തിൽ പറയുന്നു. ആഴ്ന്ന് വിചാരം ചെയ്ത് നിശ്ചലമായ സത്യത്തിലിരിക്കുന്ന ജ്ഞാനി ഈ ശക്തിയുടെ പിറപ്പിടത്തിനെ കാണുന്നു എന്ന്.

ഉളതുണിൽ അളതില്ലാ അതിശയ ശക്തി
ഹൃദയത്തിൽ ആഴ്ന്നിറങ്ങുമ്പോൾ ആ നിശ്ചലതയിൽ ശക്തിയുടെ പിറപ്പിടത്തിനെ കാണുന്നു. ശക്തി ശിവനിൽ നിന്നന്യമല്ല. ആ ശക്തി അന്തർമുഖമാകുമ്പോൾ അതിന് ചിത്ശക്തി എന്ന് പേര്. ബഹിർമുഖമാകുമ്പോൾ മനസ്സെന്ന് പേര്.

ചിത്ശക്തി ചേതനാ രൂപാ ജഡശക്തിഹി ജഡാത്മികാ
നമ്മളെ നിരന്തരം ജഡ വസ്തുക്കളുമായി ബന്ധപ്പെടുത്തുന്നതും നാമ രൂപങ്ങൾ തോന്നിപ്പിക്കുന്നതും. വികാരങ്ങൾ ഉണ്ടാക്കുന്നതും. നമ്മളെ നിശ്ചലമായി ഇരുത്താത്തതും .നമുക്കശാന്തി ഉണ്ടാക്കുന്നതും .നിത്യ നിരന്തരം നമ്മുടെ മനസ്സിനെ പുറമേയ്ക്ക് ചാടിക്കുന്നതുമായ അവിദ്യാ ശക്തിയുടെ പേരാണ് ജഡശക്തിഹി എന്ന് ആചാര്യ സ്വാമികൾ പറയുന്നു. ആ ജഡശക്തി തന്നെ ശുദ്ധമാകുമ്പോൾ ചേതനാ രൂപമാകുന്നു. അകമേയ്ക്കുള്ള ശുദ്ധമായ ചൈതന്യത്തിനെ, ശിവത്തിനെ കാണിച്ച് തരുന്നു. ശിവ ശക്തൈക്യ രൂപിണി, ശിവനോട് ഐക്യമുണ്ടാക്കുന്നവളാണവൾ. ആത്മാനുഭവത്തിനെ, ആത്മ ജ്ഞാനത്തെ ഉണ്ടാക്കുന്നവളാണ് ആ ചിത് ശക്തി. നമുക്ക് പൂർണ്ണമായ ആത്മാനുഭവം അഥവാ ഈശ്വര സാക്ഷാത്കാരം ഉണ്ടാകാൻ ആ ശക്തിയുടെ കൃപ കൂടാതെ സാദ്ധ്യമല്ല.

No comments:

Post a Comment