ദേവി തത്ത്വം - 10
PART - 01
ശക്തി നമുക്ക് വഴി കാണിച്ച് തന്നാലേ ശിവനെ കാണാനൊക്കുകയുള്ളു. അംബിക വഴി കാണിച്ച് തന്നാലേ ഹരനെ കാണാനൊക്കുകയുള്ളു. ഈശ്വരനെ അറിയാൻ സാധിക്കുകയുള്ളു. ആ ദേവി തത്ത്വത്തിലേക്കാണ് നാം പ്രവേശിക്കുന്നത്.
ശുദ്ധമായ ശാസ്ത്രീയമായ വേദാന്തത്തിൽ മായ ഒരു വസ്തുവല്ല. യുക്തി ശൂന്യ വസ്തു പ്രകാശസ്യ സംജ്ഞാം മായ എന്നാണ് പറയുന്നത്. അതിനൊരു യുക്തിയില്ല പക്ഷേ പലതും നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. അത് കൊണ്ട് തന്നെ ശാസ്ത്രീയമായി വിചാരം ചെയ്യുമ്പോൾ മായ ഒരു നിഷിദ്ധ വസ്തുവായി തോന്നും.
വിവേകാനന്ദ സ്വാമികൾ ആദ്യം യുക്തിയുടെ മാർഗ്ഗം സ്വീകരിച്ചപ്പോൾ മായയെ സ്വീകരിച്ചിരുന്നില്ല. കുടുംബത്തിൽ പല തരത്തിലുള്ള വിഷമതകളുണ്ടായപ്പോൾ ശ്രീ രാമകൃഷ്ണ ദേവന്റെ അടുക്കൽ ചെന്ന് കരഞ്ഞു. വിവേകാനന്ദ സ്വാമികൾ രാമകൃഷ്ണ ദേവനോട് പറഞ്ഞു അങ്ങ് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്ത് തരണം. വീട്ടിൽ പട്ടിണിയാണ് പല തരത്തിലുള്ള വിഷമങ്ങളാണ് കഷ്ടതകളാണ്. അപ്പോൾ ശ്രീരാമകൃഷ്ണ ദേവൻ പറഞ്ഞു ഞാനെന്ത് ചെയ്യും നീ മായയെ അംഗീകരിക്കാത്തത് കൊണ്ടാണ് നിനക്കീ വിഷമങ്ങളൊക്കെ. സ്വാമികൾ പറഞ്ഞു ആ മായയെ ദേവീ രൂപത്തിൽ പ്രത്യക്ഷമായി കണ്ട ആളാണല്ലോ അങ്ങ്, അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. അപ്പോൾ രാമകൃഷ്ണ ദേവൻ ഞാൻ പ്രാർത്ഥിച്ചിട്ടൊന്നും കാര്യമില്ല നീ ദേവി ക്ഷേത്രത്തിൽ ചെന്ന് കാളിയോട് വിഷമങ്ങളൊക്കെ തീർത്ത് തരണമെന്ന് പ്രാർത്ഥിക്കു. ഞാൻ പ്രാർത്ഥിച്ചാൽ അമ്മ കേൾക്കുമോ? നിശ്ചയമായിട്ടും കേൾക്കും പോയി പ്രാർത്ഥിക്കു. അമ്പലത്തിൽ ചെന്നെങ്കിലും പ്രാർത്ഥിക്കാൻ പോയ ആള് ഒന്നും ചോദിക്കാതെ തിരിച്ച് വന്നു. ശ്രീരാമകൃഷ്ണൻ പ്രാർത്ഥിച്ചോ എന്ന് ചോദിച്ചു. ഇല്ല മറന്ന് പോയി എന്ന് സ്വാമികൾ. ഇതാണ് യാ ദേവി സർവ്വ ഭൂതേഷു സ്മൃതി രൂപേണ സംസ്ഥിത എന്ന് പറയുന്നത്. പ്രാർത്ഥിക്കണോ വേണ്ടയോ എന്നത് പോലും നിന്റെ കൈയ്യിൽ ഇല്ലാന്നിരിക്കെ. എന്ത് പ്രാർത്ഥിക്കണം എന്ന സ്വാതന്ത്ര്യം പോലും ഉള്ളിലിരിക്കുന്ന പ്രകൃതി നിന്നെ കൊണ്ട് പറയിക്കുന്ന പോലെയേ നിനക്ക് ചെയ്യാൻ പറ്റു എങ്കിൽ സ്വാതന്ത്ര്യം എവിടെയാണുള്ളത്. വീണ്ടും രാമകൃഷ്ണ ദേവൻ വിവേകാനന്ദ സ്വാമികളെ പ്രാർത്ഥിക്കാൻ പറഞ്ഞയച്ചു. എന്നാൽ സ്വാമിക്ക് ആ പ്രാർത്ഥന വളരെ തുച്ഛമായി തോന്നി. എനിക്ക് ഭക്തിയും ജ്ഞാനവും നൽകണേ എന്ന് പ്രാർത്ഥിച്ചു. മൂന്നാമത്തെ തവണ ശ്രീരാമകൃഷ്ണ ദേവൻ പറഞ്ഞയച്ചപ്പോൾ കുറച്ച് ദൂരം ചെന്നിട്ട് തിരിച്ച് വന്നു സ്വാമികൾ. ഇനി എനിക്ക് വയ്യ എന്നെ കൊണ്ട് സാധിക്കില്ല അമ്മയുടെ അടുത്ത് ചെന്ന് ലൗകികമായി എന്തെങ്കിലും ചോദിക്കാൻ എന്ന് പറഞ്ഞു. ഇത് കേട്ട് ശ്രീരാമകൃഷ്ണൻ സ്വാമികളെ അനുഗ്രഹിച്ച് കൊണ്ട് പറഞ്ഞു നിന്റെ കുടുംബത്തിന് അത്യാവശ്യം വേണ്ടതിനൊക്കെ ബുദ്ധിമുട്ടില്ലാതിരിക്കാൻ ദേവി അനുഗ്രഹിക്കും. അവസാനം നീ ശക്തിയെ അംഗീകരിക്കേണ്ടി വരും. അവസാനം ശക്തിയെ അംഗീകരിച്ച് കഴിയുമ്പോഴേ ജീവന്റെ അദ്ധ്യാത്മ യാത്ര പൂർണ്ണമാവുകയുളളു.
ശക്തിയെ അംഗീകരിക്കുകയെന്നാൽ ശക്തിയെ നിഷേധിച്ചിട്ട് സത്യത്തെ കണ്ടെത്തിയതിന് ശേഷമുള്ള അംഗീകരിക്കലിനെ കുറിച്ചാണ് പറയുന്നത്. അല്ലെങ്കിൽ എല്ലാവരും ശക്തിയെ അംഗീകരിച്ച് കൊണ്ട് തന്നെയാണ് ലോകത്തിൽ വ്യവഹരിക്കുന്നത്. ലൗകികൻമാരെല്ലാം ശക്തിയുടെ ഉള്ളിലാണ്, അതിന്റെ പിടിയിലാണ്.
No comments:
Post a Comment