ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 November 2019

ദേവി തത്ത്വം - 11

ദേവി തത്ത്വം - 11

PART - 01

ആദ്യം സത്യത്തിനെ കണ്ടെത്തണമെങ്കിൽ സകല ചലനങ്ങളിൽ നിന്നും അചലമായ സത്യത്തിലേയ്ക്ക് തിരിച്ച് ചെല്ലണം. എന്നിട്ട് ആ സ്റ്റാറ്റിക് പ്രതലത്തിൽ നിന്നും അഥവാ നിശ്ചലമായ തലത്തിൽ നിന്നും സചലമായ മണ്ഡലത്തിലേയ്ക്ക് തിരിച്ച് വന്ന് ശരണാഗതി ചെയ്യുമ്പോഴാണ് ജീവന്റെ അദ്ധ്യാത്മ യാത്ര പൂർണ്ണമാകുന്നത്. സ്വരൂപത്തിനെ അറിഞ്ഞിട്ട് സ്വധർമ്മത്തിന് വഴങ്ങി കൊടുക്കുമ്പോൾ ജീവന്റെ അഹങ്കാരം നിശ്ശേഷം ഇല്ലാതായി തീരും. സ്വരൂപത്തെ അറിഞ്ഞ് കഴിഞ്ഞാലേ ശക്തി അതിന്റെ യഥാർത്ഥ സ്വരൂപത്തെ കാണിച്ച് തരുകയുള്ളു. അപ്പോഴാണ് നമുക്ക് മഹാമായ എന്നാൽ എന്താണെന്നും ഈ വിദ്യാ ശക്തി എന്താണെന്നും ഒക്കെ തെളിഞ്ഞ് കാണുകയുള്ളു.

ഭഗവാൻ യോഗക്ഷേമ ശക്തി എന്നൊക്കെ ഗീതയിൽ പറയുന്നത് കാണാം. ഈശ്വരൻ ,ഭഗവാൻ എന്നൊക്കെ പുല്ലിംഗത്തിൽ പറയുന്നതും വാസ്തവത്തിൽ ശക്തി തന്നെയാണ്. ശിവനെന്ന് പറഞ്ഞാലും അത് ശക്തി തന്നെയാണ്. ശൈവ സിദ്ധാന്തത്തിൽ രണ്ട് പദങ്ങളുണ്ട് ശിവനെന്നും, ശിവമെന്നും. ശിവൻ എന്നുള്ളത് ശക്തിയുടെ ഉള്ളിലാണ്. അതിന് നാമമുണ്ട്, രൂപമുണ്ട്, സഗുണമാണ്. ശിവം എന്നുള്ളത് ശുദ്ധ നിർഗ്ഗുണമായ തത്ത്വമാണ്.

സകല വികാരങ്ങളോടു കൂടി നമ്മൾ വിഷ്ണുവെന്ന് പറഞ്ഞാലും ശിവനെന്ന് പറഞ്ഞാലും എന്തൊക്കെ തന്നെ പേര് പറഞ്ഞാലും അതൊക്കെ ശക്തി തന്നെയാണ്. അതൊക്കെ ആ ദേവി തത്ത്വം തന്നെയാണ്. ആ ദേവി തത്ത്വത്തിന്റെ ഉള്ളിൽ നമ്മുടെ concept of god ഒക്കെ പെടും. ഈശ്വരനെ കുറിച്ചുള്ള എല്ലാ ഭാവനകളും മായയുടെ ഉള്ളിലാണ്. നമ്മുടെ ശരീരവും, മനസ്സും, ഞാനെന്നുള്ള അഹങ്കാരവും പ്രകൃതിയുടെ ഉള്ളിലാണ്. നമ്മുടെ ഓരോ ചലനവും പ്രകൃതിയിലാണ്. ഞാനെന്ന് പറയുന്ന ഈ അഹങ്കാരവും പ്രകൃതിയുടെ തന്നെ ഒരു ഭാവമാണ്.

മഹാഭൂതാനി അഹങ്കാരോ ബുദ്ധിരവ്യക്ത മേവ ച
അഹങ്കാരം പ്രകൃതിയുടെ ഉള്ളിലാണ്.

No comments:

Post a Comment