ദേവി തത്ത്വം - 8
PART - 01
മായ എന്ന് പറയുന്നത് ബ്രഹ്മത്തിന്റെ തന്നെ ചിത് ശക്തിയാണ്. നമ്മുടെ മനസ്സ് ബഹിർമുഖമായി ഇരിക്കുന്നിടത്തോളം കാലം ഇതിന്റെ കള്ളം കണ്ട് പിടിക്കാൻ പറ്റില്ല. അംബികയ്ക്ക് ഒരു പേര് ഹയങ്കവീന ഹൃദയ എന്നാണ്. വെണ്ണ പോലെ ഹൃദയം ഉരുകുന്നവൾ. ഹൃദയം ഉരുകണം എന്ന് പറയുമ്പോൾ വികാരമല്ല ശാന്തിയാണ്, നീർവൃതിയാണ്. ആ നിർവൃതിയിലേയ്ക്ക് കടക്കുമ്പോഴേ സത്സംഗം ഫലിക്കുകയുള്ളു.
സത്യ ദർശികളായ എല്ലാവരും ഈ ശക്തിയുടെ മണ്ഡലത്തിനെ അംഗീകരിച്ചിട്ടുണ്ട്. ശക്തിയെ കൂടാതെ ഒരു ചലനവും ശിവനിലുണ്ടാകില്ല. സൗന്ദര്യ ലഹരി ആരംഭിക്കുന്നത് തന്നെ അങ്ങിനെയാണ്. സ്വയം സാധനയോ ആഴ്ന്ന വിചാരമോ ചെയ്യാതെ സ്വാനുഭവത്തിന് ശ്രമിക്കാത്ത ആളുകളാണ് പലപ്പോഴും സ്തോത്ര കൃതികളൊന്നും ശങ്കരാചാര്യരെഴുതിയതല്ല എന്നൊക്കെ പറഞ്ഞ് പോയിരിക്കുന്നത്. അങ്ങനെയെങ്കിൽ ജ്ഞാനികൾക്ക് ഭക്തിയേ സാദ്ധ്യമല്ല എന്നാണ് ഒരു കൂട്ടരുടെ വാദം. ശാസ്ത്രം യുക്തി വിചാരമാണെന്നാണ് അവരുടെ വാദം. അങ്ങനെയെങ്കിൽ ഈ അടുത്ത കാലത്തുണ്ടായിരുന്ന രമണ മഹർഷി, നാരായണ ഗുരു സ്വാമി എന്നിവർ എഴുതിയ കൃതികൾ ഭാവിയിൽ അവരെഴുതിയതല്ല എന്ന് പറയുമായിരിക്കാം. ഇത് കൊണ്ടാണ് ഹൃദയം കുറച്ച് ബുദ്ധിക്ക് വശപ്പെടണം എന്ന് പറയുന്നത്.
ശങ്കരൻ തന്നെ പറയുന്നു ശ്രുത്യനുഗ്രഹീത തർക്കഹ
തർക്കം സ്വതന്ത്രമായി മുക്തിക്ക് കാരണമല്ല. ശ്രുത്യനുഗ്രഹീത തർക്കമായാലേ അത് മുക്തിക്ക് കാരണമാവുകയുള്ളു. സ്വതന്ത്രനായ താർക്കികനെ ശ്രീ ശങ്കരൻ വിളിക്കുന്നത് കൊമ്പും വാലുമില്ലാത്ത കാളമാട് എന്നാണ്. ഭാഷ്യത്തിലെഴുതിയിരിക്കുന്നു താക്കികേഹി ബലീ വൃദ്ധേഹി. അതു കൊണ്ട് യുക്തി ഒരു പരിധിക്ക് മുകളിലേയ്ക്ക് പോയാൽ നമ്മളെ വഴി തെറ്റിക്കും. യുക്തി എങ്ങനെ പോകണം? ശ്രുതി യുക്തിയെ ഉപയോഗിക്കുന്നുണ്ട്. ഉപനിഷത്ത് യുക്തിയെ ഉപയോഗിച്ചിട്ടാണ് നമുക്ക് സത്യത്തെ തെളിച്ച് കാണിച്ച് തരുന്നത്. ഉപനിഷത്തിന്റെ മാർഗ്ഗം യുക്തിയാണ്. പക്ഷേ അത് അനുഭവ പ്രധാനമായ യുക്തിയാണ്. ആ യുക്തിയിലൂടെ വേണം നമ്മൾ വലയത്തിൽ നിന്ന് പുറത്ത് ചാടാൻ.
No comments:
Post a Comment