ദേവി തത്ത്വം - 22
PART - 01
പൂർണ്ണാഹന്ത കബളിതം വിശ്വം. ആ പൂർണ്ണാഹന്ത വിശ്വത്തെ കബളിപ്പിക്കുന്നു. നിശ്ചലമായ അധിഷ്ഠാനം അകമേയ്ക്ക് പ്രകാശിക്കുകയും. നിർവ്വികല്‌പമായ തത്ത്വ ജ്ഞാനം ഉള്ളിലുദിക്കുകയും ചെയ്യും. ഈ സത്യത്തിനെ അകമേയ്ക്ക് അന്തർമുഖമായി വേണം അന്വേഷിച്ച് കണ്ടെത്താൻ. ബഹിർമുഖമായി അന്വേഷിച്ച് അന്തർമുഖമായി ആരാഞ്ഞ് കണ്ടെത്തിയിട്ടില്ലെങ്കിൽ മായയാം വൻ പക ഭ്രമമേകിടുന്നു. നാരായണ ഗുരു സ്വാമി പറയുന്നതാണിത്. അന്തർമുഖമായി ആരായാതെ പുറമേയ്ക്കന്വേഷിച്ച് ഈ ശക്തിയുടെ മൂലം കണ്ടെത്താൻ ശ്രമിക്കരുത്. ശാസ്ത്രം ഇത് തന്നെയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ വൻ പകയാണത്രേ മായ. അത് നമ്മളെ വല്ലാതെ ഇട്ട് കുഴക്കും.
മൂലത്തിലേയ്ക്ക് ചെല്ലുന്തോറും പൂർണ്ണതയും, ശാന്തിയും, നിർവൃതിയും നമുക്ക് തരും. അങ്ങനെയുള്ള മുക്തി സ്വരൂപിണിയായുള്ള ശക്തി ബ്രഹ്മ സ്വരൂപിണിയായ ശക്തിയാണ് ഈ നവരാത്രി കാലത്തിൽ ആരാധ്യയായിട്ടുള്ളത്. അവളെ ആരാധിച്ചാലേ നമ്മൾ സ്വതന്ത്രരാവുകയുള്ളു. അവളെ ഈശ്വര രൂപത്തിലാരാധിക്കാം. ഏത് ഈശ്വരന്റെ രൂപത്തിൽ ആരാധിച്ചാലും ദേവി ആരാധന തന്നെയാണ്. അതിനാൽ ഏത് പേരിൽ ആരാധിച്ചാലും വേണ്ടില്ല അവളെ ആരാധിക്കണം. അവൾക്ക് ശരണാഗതി ചെയ്യണം. ഈ പ്രകൃതി മുഴുവൻ അവളുടെ സ്വരൂപമാണ്. നമ്മൾ കണ്ണു തുറന്നിരുന്നാലും കണ്ണടച്ചിരുന്നാലും ശക്തിയുടെ മണ്ഡലത്തിലാണ്.
ഈ ശക്തിയാവട്ടെ ശുദ്ധമായ നിശ്ചലമായ വസ്തുവിൽ നിന്നും ഉദിച്ച് പൊന്തിയതാണ്. സമുദ്രത്തിൽ അലയും കുമളയും ഒക്കെ വെള്ളമാണ് എന്നറിയുന്ന പോലെ ചൈതന്യത്തിൽ നിന്നുദിച്ച ശക്തി ചൈതന്യം തന്നെയാണ് എന്നറിഞ്ഞാൽ കണ്ണ് തുറന്നിരുന്നാലും നമുക്ക് ധ്യാനം തന്നെയാണ് അഥവാ സമാധി തന്നെയാണ്.
No comments:
Post a Comment