ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 November 2019

ദേവി തത്ത്വം - 24

ദേവി തത്ത്വം - 24

PART - 01

ബ്രഹ്മ ഭൂത പ്രസന്നാത്മാ ന ശോചതി ന കാംക്ഷതി സമ സർവ്വേശു ഭൂതേശു മത് ഭക്തിം ലഭതേ പരാം

ബ്രഹ്മ ഭൂതനായതിന് ശേഷമാണ് പരാ ഭക്തിയെ പറയുന്നത്. ഉള്ളിൽ തത്ത്വം തെളിഞ്ഞ് കഴിഞ്ഞ ശേഷം നാമ രൂപാത്മക പ്രപഞ്ചത്തിൽ ശരീരം ധരിച്ചിരിക്കുമ്പോൾ ഈ കാണുന്നതെല്ലാം അംബിക തന്നെയാണ് പല രൂപം ധരിച്ച് നമ്മുടെ മുമ്പിൽ നിൽക്കുന്നത്. നല്ല ആളുകളായിട്ടും ചീത്ത ആളുകളായിട്ടും എല്ലാം അവൾ തന്നെയാണ് വേഷം കെട്ടി നിൽക്കുന്നത്. അപ്പോൾ നമുക്ക് ആരോടും രാഗമോ ദ്വേഷമോ ഉണ്ടാകില്ല. രാഗ ദ്വേഷങ്ങൾ കൊണ്ടാണ് നമ്മൾ കുടുങ്ങുന്നത്. തത്ത്വം തെളിഞ്ഞാൽ നമ്മളെ സംബന്ധിച്ചിടത്തോളം നമുക്ക് കർതൃത്വവും ഭോക്തൃത്വവും ഉണ്ടാകില്ല.

കർതൃത്വ ഭോക്തൃത്വ രാഗ ദ്വേഷ രൂപം ജഗത്. ആചാര്യ സ്വാമികൾ ഭാഷ്യത്തിലൊരിടത്ത് പറയുകയാണ്. ജഗത്തെന്താണ്? എന്നിൽ എനിക്ക് കർതൃത്വം അതായത് ഞാനാണെല്ലാം ചെയ്യുന്നതെന്നുള്ള ഭാവം, അതിന്റെ പരിണാമമായി വരുന്ന സുഖ ദു:ഖങ്ങളെ ഞാനനുഭവിക്കുന്നു എന്ന ഭോക്തൃത്വം. ചുറ്റും കാണുന്നതിൽ എനിക്കുണ്ടാകുന്ന രാഗമോ ദ്വേഷമോ. ഇത് നാലും എന്നിൽ നിന്ന് നീങ്ങിയാൽ നിത്യ നിരന്തര സമാധിയാണ്. എങ്ങനെ നീങ്ങും? ഇത് മുഴുവൻ ഒരേ ശക്തിയുടെ ചലനമാണെന്ന് കാണുമ്പോൾ എന്നിൽ ഞാനെന്നുള്ള വ്യക്തിയേയില്ല. പുറമേയുള്ള വ്യവഹാരങ്ങൾ രാഗ ദ്വേഷത്തിന് ആസ്പദമേയല്ല. ഒരേ ഒരു ഈശ്വരൻ തന്നെയാണ് പല നാമ രൂപങ്ങളിൽ കളിക്കുന്നത് എന്നറിഞ്ഞ് കഴിയുമ്പോൾ കണ്ണു തുറന്നിരുന്നു കൊണ്ട് തന്നെ സമാധിയാണ്.

എത്ര വിചാരങ്ങൾ വന്നാലും സമാധിക്ക് ഭംഗമില്ല. എത്ര വ്യവഹരിച്ചാലും ആ നിത്യ യോഗത്തിന് ഭംഗമില്ല. ഇത് യോഗമല്ല ബോധമാണ്. യോഗം ചിത്തത്തിനെ നിശ്ചലമായി നിർത്തുമ്പോഴേ ഉള്ളു. ബോധം അങ്ങനെയല്ല. ബോധം പ്രത്യഭിജ്ഞ കൊണ്ടുണ്ടാകുന്നതാണ്. യോഗം സാധന കൊണ്ടുണ്ടാകുന്നതാണ്. യോഗം സാധന ചെയ്തിട്ട് പിടിച്ച് നിർത്തലാണ് . ബോധത്തിൽ  പിടിച്ച് നിർത്താനൊന്നുമില്ല. പ്രത്യഭിജ്ഞ കൊണ്ട് എല്ലാ ചലനങ്ങൾക്കും പുറകിലുള്ള നിശ്ചലമായ അധിഷ്ഠാനത്തിനെ അറിയലാണ് ബോധം. അറിഞ്ഞ് കഴിഞ്ഞാൽ ചലനമുണ്ടായാലും കുഴപ്പമില്ല. വെള്ളത്തിലലയുന്ന കുമിളയും വെള്ളം തന്നെ.

No comments:

Post a Comment