ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 November 2019

ദേവി തത്ത്വം - 13

ദേവി തത്ത്വം - 13

PART - 01

പ്രകൃതിയുടെ ആദ്യ ഭാവമാണ് ഈ ദേഹം. ഈ ദേഹത്തിലിരുന്നു കൊണ്ടാണ് ഈ പ്രപഞ്ചത്തെ മുഴുവൻ നാം കാണുന്നത്. ഈ ദേഹത്തിലാവട്ടെ നമുക്ക് ജനനം, മൃത്യു ,ജര, വ്യാധി ഇത്യാദി ദു:ഖങ്ങൾ ഒക്കെ ഉണ്ട്. ഈ ദു:ഖങ്ങൾക്കൊക്കെ ഒരു അറുതി വരുത്താൻ ഒരവസാനം വരുത്താൻ നമുക്കെന്താണ് വഴി. ഇവിടുന്നെങ്ങനെ പുറത്ത് പോകും എന്നാണ് തത്ത്വ വിചാരം ചെയ്യുമ്പോൾ നമ്മൾ ചോദിക്കുന്നത്. ഇതിന് അറുതി വരുത്താനുള്ള വഴിയായിട്ടാണ് എല്ലാ യോഗ ശാസ്ത്രങ്ങളും, അദ്ധ്യാത്മ സാധനകളും അവസാന വാക്കായിട്ട് പറയുന്നത് പരോഹി യോഗഃ മനസ സമാധി. എപ്പോൾ മനസ്സ് ശാന്തമാകുന്നു നിശ്ചലമാകുന്നു അപ്പോൾ യോഗ സ്ഥിതിയുണ്ടാകും നിർവൃതിയുണ്ടാകും, ശാന്തിയുണ്ടാകും.

എല്ലാ ദു:ഖത്തിനും മൂല കാരണം ചിത്ത വൃത്തികളാണ് ,വിചാരങ്ങളാണ്. വിചാരങ്ങളുണ്ടാകുമ്പോഴാണ് ഞാനെന്നുള്ള വ്യക്തിയുണ്ടാകുന്നത്. ഞാനെന്നുള്ള വിചാരവും ഒപ്പം മറ്റു വിചാരങ്ങളും ഉണ്ടാകുന്നത്. ശരീരം ഉണ്ടെന്ന തോന്നലുണ്ടാകുന്നു, ലോകം ഉണ്ടെന്ന തോന്നലുണ്ടാകുന്നു. വിചാരങ്ങളാണ് നമ്മളേയും ലോകത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നത്. വിചാരം അടങ്ങിയാൽ ശാന്തിയുണ്ടാകും. ഈ ശാന്തിയാണ് നമ്മുടെ എല്ലാ അദ്ധ്യാത്മ ചോദ്യത്തിനും ഉത്തരം. ആ ശാന്തിയാകട്ടെ മനസ്സുള്ളടത്തോളം ഉണ്ടാകില്ല.മനസ്സമാധാനം എന്നത് തെറ്റായ ഒരു വാക്കാണ് കാരണം മനസ്സുള്ളപ്പോൾ സമാധാനം ഉണ്ടാകില്ല സമാധാനം ഉണ്ടെങ്കിൽ മനസ്സുണ്ടാകില്ല. വിചാരങ്ങളിൽ നിന്ന് പിൻവാങ്ങുന്തോറും നിർവൃതിയുണ്ടാകും പൂർണ്ണതയുണ്ടാകും. വിചാരത്തിന്റെ തലത്തിലും, പ്രകൃതിയുടെ തലത്തിലും പൂർണ്ണത സാദ്ധ്യമല്ല. അതാണ് ആദ്യ പടി. അതാണ് പറയുന്നത് മഹാമായയുടെ തലത്തിൽ ആരും സ്വതന്ത്രരല്ല. അവളുടെ കൈയ്യിൽ കളിപ്പാട്ടങ്ങളാണ് നാം.  മായ ശിവശക്തൈക്യ രൂപിണിയാണ്. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് മായ ശിവനെ കാണിച്ച് തരുമ്പോഴാണ്. ശിവൻ നിത്യ സ്വതന്ത്രനാണ്. ബന്ധമില്ല ശിവനൊന്നിനോടും. ശക്തി എത്ര തന്നെ ചലിച്ചാലും ആ ചലനമൊന്നും ശിവനെ ബാധിക്കുന്നില്ല. ഇനി ശിവനെ ശ്രദ്ധിക്കുമ്പോൾ ശക്തി ശിവനിൽ ഇല്ലാതായി തീരുകയും ചെയ്യും.

ഭഗവാൻ രമണ മഹർഷിയോട് ഒരു ഭക്തൻ ചോദിച്ചു They say that without she there is no he and without he there is no she. ശക്തിയില്ലെങ്കിൽ ശിവനില്ല ശിവനില്ലെങ്കിൽ ശക്തിയില്ല എന്ന് പറയുന്നുവല്ലോ. എന്താ കാര്യം? മഹർഷി പറഞ്ഞു There is he within she but there is no she in he. അതായത് നിശ്ചലമായ ശുദ്ധ ശിവത്തിൽ ശക്തിയുടെ സമ്പർക്കമില്ലാതെ തന്നെ അങ്ങനെ നിൽക്കുന്നു. പക്ഷേ ശക്തി എല്ലാ താണ്ഡവം ചെയ്യുമ്പോഴും അതിന്റെ കേന്ദ്രത്തിൽ ശിവമുണ്ട്.

No comments:

Post a Comment