ദേവി തത്ത്വം-3
PART - 01
നമ്മളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന് ഒരു പരമ ലക്ഷ്യം ഉണ്ട്. ആ ലക്ഷ്യം എന്തെന്നറിഞ്ഞു കഴിഞ്ഞാലേ നമ്മൾ സത്സംഗികളാകുകയുള്ളു. നമുക്ക് ആത്യന്തികമായ ഒരു സൗഖ്യം ഏർപ്പെടണം, ക്ഷേമം ഏർപ്പെടണം ആ ക്ഷേമത്തിനുള്ള വഴിയാണ് നമ്മൾ അന്വേഷിക്കുന്നത്. ശാസ്ത്രങ്ങളിലാകട്ടെ, മഹാത്മാക്കളിലാകട്ടെ, ആശ്രമത്തിലാകട്ടെ അല്ലെങ്കിൽ നമ്മുടെ ഉള്ളിലാകട്ടെ ഈ അന്വേഷണം എവിടെയോ ഒരു സ്ഥലത്തെത്തി പൂർണ്ണതയിലവസാനിക്കണം. അതുവരെ നമുക്ക് സമാധാനം ഉണ്ടാകില്ല.
ഒരിക്കലീ അദ്ധ്യാത്മ പദത്തിനകത്തേയ്ക്ക് കടന്ന ശേഷം, ഇനി എനിക്കിതൊന്നും വേണ്ട ഞാൻ പഴയ പോലെ ഇരുന്നോളാം എന്ന് ഒരാളെ കൊണ്ടും പറയാൻ സാധിക്കില്ല. പിന്തിരിഞ്ഞ് പോകാൻ സാധിക്കില്ല. അത് വൃദ്ധാശ്രമമാണ്. നമ്മുടെ ഉള്ളിലേയ്ക്ക് ഇത് കടന്ന് കഴിഞ്ഞു. ഈ ബീജം ഉള്ളിൽ വീണ് കഴിഞ്ഞു. ഇനി ഇതിനെ എത്ര കണ്ട് നിങ്ങൾ വേണ്ട എന്ന് വച്ചാലും അത്ര തന്നെ പ്രബലമായി ഇത് നിങ്ങളെ പിടികൂടും.
ഈ ഉപാധിയുടെ ദോഷങ്ങളൊക്കെ ശമിച്ച് പരിപൂർണ്ണമായ അമൃതത്വം, ശാന്തി, ആനന്ദം, സംതൃപ്തി, ധന്യത ഉണ്ടാകുന്നത് വരെ നമുക്ക് നിൽക്കാൻ സാധിക്കില്ല. അതുവരെ അവഗതി പര്യന്തം ജ്ഞാനം ജിജ്ഞാസ. അതുവരെ നമുക്ക് ജിജ്ഞാസയുണ്ടാകും. പൂർണ്ണമായ അവഗതി ഉണ്ടാകുന്നതു വരെ നമ്മുടെ ഉള്ളിലെ ഈ മുക്തി ബീജം പൊട്ടി കൊണ്ടേയിരിക്കും. മുക്തിക്ക് വേണ്ടിയുള്ള ദാഹം ശമിക്കാതെ നിൽക്കും.
സത്യത്തെ നമ്മൾ അന്വേഷിക്കയാണ്. നമുക്ക് പൂർണ്ണമായ ശാന്തി വേണം, സംതൃപ്തി വേണം. അതെവിടെ കിട്ടും എന്നാണ് ബുദ്ധിയുള്ള ഏത് മനുഷ്യന്റെയും ചോദ്യം. ലോകത്തെവിടെ പോയാലും അതിന്റെ വിശേഷണങ്ങൾ ഒക്കെ മാറും, ഈശ്വരന്റെ പേരുകളൊക്കെ മാറും. മതത്തിൽ അംഗീകരിച്ചിരിക്കുന്ന നിയമങ്ങളൊക്കെ മാറും. സാധനകളൊക്കെ മാറും. പക്ഷേ ഉള്ളിൽ ഒരേ ഒരു ദാഹമാണ് എവിടെയോ ഒരിടത്ത് എനിക്ക് പൂർണ്ണമായ ശാന്തി ഉണ്ടാകണം.
No comments:
Post a Comment