വ്യാഴവട്ടം
മലയാളികള്‍ പലപ്പോഴും സംസാരഭാഷയിലും അച്ചടി ഭാഷയിലും ഉപയോഗിച്ചുവരുന്ന വാക്കാണ് വ്യാഴവട്ടം. 12 വര്‍ഷത്തെ സൂചിപ്പിക്കുവാനാണിത് ഉപയോഗിക്കുന്നത്. ഇതെങ്ങനെ വന്നു എന്നു പലര്‍ക്കും അറിയില്ല. പണ്ടുകാലം മുതലുള്ള മലയാളികളുടെ ജ്യോതിഷ ബന്ധമാണ് സംസാര ഭാഷയിലേക്ക് വ്യാഴവട്ടം കടന്നുവരുവാനിടയാക്കിയത്. ജ്യോതിഷത്തില്‍ വ്യാഴത്തെ സര്വ്വേശ്വരകാരകനായിട്ടാണ് കണക്കാക്കപ്പെടുന്നത്.
വ്യാഴം എന്ന ഗ്രഹം ഉച്ചനായോ സ്വക്ഷേത്ര രാശിയിലോ നില്ക്കുക മറ്റു ഗ്രഹങ്ങളെ വീക്ഷിക്കുക എന്നിവയെല്ലാം വ്യക്തികളുടെ അനുഗ്രഹമായാണ് കണക്കാക്കുന്നത്. സ്ഥിതി കര്‍ത്താവായ വിഷ്ണു ഭഗവാന്റെ പ്രാധാന്യം നാം വ്യാഴ ഗ്രഹത്തിന് നല്കുന്നു. കൂടാതെ വ്യാഴം സന്താനത്തിന്റെ കാരകന്‍ കൂടിയാണ്. വ്യാഴത്തിന്റെ സ്ഥിതിനോക്കിയാണ് കഴിഞ്ഞ ജന്മത്തിലേയും ഈ ജന്മത്തിലേയും പുണ്യപാപങ്ങളെ വിലയിരുത്തുന്നത്. ”ജന്മ കര്‍മ്മകൃതം പാപം വ്യാധിരൂപേണ ജായതേ” പൂര്വ്വജന്മത്തിലും ഈ ജന്മത്തിലും ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളുടെ പ്രതികരണങ്ങള്‍ രോഗമായി നമ്മെ പിന്തുടരുമെന്ന് വിശ്വസിക്കപ്പെടുന്നു. വ്യാഴത്തിന്റെ നല്ല സ്ഥിതിയാണ് സന്തതികളുടെ മികവിനും വിജയത്തിനും അടിസ്ഥാനമായി തീരുന്നത്.
വ്യാഴമെന്ന ഗ്രഹം ഓരോ രാശിയിലും ഒരു വര്‍ഷക്കാലം നില്ക്കുന്നു. ഭൂമിയുടെ മാസിക ചലനം ഒരു മാസംകൊണ്ട് 30ഡിഗ്രിയാണ് സഞ്ചരിക്കുന്നത്. ഒരു കറക്കത്തിന് 365 ദിവസം എടുക്കുന്നു. ഈ സമയം മുഴുവന്‍ വ്യാഴം ഒരു രാശിയില്‍ തന്നെയാണ്. ആയതിനാല്‍ 12 വര്‍ഷം കൊണ്ടാണ് ഒരു പ്രാവശ്യം രാശീചക്രത്തില് സമ്പൂര്‍ണ്ണമായി യാത്ര ചെയ്യുന്നത്. ഈ ചലനത്തെ ചന്ദ്രനുമായി ചേര്‍ത്താണ് മലയാളികള്‍ ചിന്തിക്കാറുള്ളത്. ചന്ദ്രന് രണ്ടേകാല്‍ ദിവസം മാത്രമാണ് ഒരു രാശിയില്‍ നില്‍ക്കുന്നത്. ചന്ദ്രന് നില്ക്കുന്ന രാശിയിലോ മൂന്നിലോ, ആറിലോ, എട്ടിലോ, പന്ത്രണ്ടിലോ വ്യാഴം നില്ക്കുന്ന സമയം ഈശ്വരാധീനം കുറവാണെന്നാണ് മലയാളികളുടെ വിശ്വാസം. വ്യാഴം പിഴച്ചാല്‍ എല്ലാം പിഴച്ചു പോകുമെന്ന് ചിന്തിക്കുന്ന ഒരു സ്വഭാവം കലശലായുണ്ട്.
വ്യാഴം സഞ്ചരിക്കുന്ന മേടം മുതല്‍ മീനം വരെയുള്ള രാശികളെ സസൂക്ഷ്മം ജീവിതത്തില്‍ പലരും ശ്രദ്ധിക്കുന്നു. ഒരു വര്‍ഷം ഒരു രാശിയില്‍ നില്ക്കുന്ന വ്യാഴത്തിന് 12 വര്‍ഷംകൊണ്ട് മാത്രമേ 12 രാശികളിലും സഞ്ചരിച്ച് ഒരു വൃത്തം പൂര്‍ത്തിയാക്കുവാന്‍ സാധിക്കൂ. ഈ കാലത്തെയാണ് വ്യാഴവട്ടം എന്നു പറയുന്നത്. ജ്യോതിഷത്തെ വ്യാവഹാരിക ജീവിതത്തിന്റെ ഭാഗമായാണ് പൂര്‍വ്വികര്‍ കണക്കാക്കിയിരുന്നത്. 12 വര്‍ഷത്തെ സൂചിപ്പിക്കുവാനുള്ള ഒരളവ് കോലായി വ്യാഴവട്ടം എന്ന മലയാള ഭാഷാപ്രയോഗം ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിച്ചുവരുന്നു.
മലയാളികളുടെ പ്രപഞ്ചബോധം അവന്റെ വ്യവഹാരത്തിലും ഭാഷയിലും നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും.