അദ്വൈതം, ദ്വൈതം, വിശിഷ്ഠാദ്വൈതം, ദ്വൈതാദ്വൈതം എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?
1 അദ്വൈതം
ബ്രഹ്മ സത്യം ജഗത് മിഥ്യ. അതായത് ബ്രഹ്മം മാത്രമാണ് സത്യം. ജഗത് മിഥ്യയാണ്. ജീവൻ ബ്രഹ്മമാണ്. ജീവൻ എന്ന് പറയുമ്പോൾ ആത്മാവ് കൂടി അതിൽ അടങ്ങിയിരിക്കുന്നു. അഗ്നിയും പ്രകാശവും പോലെ. ജഗത് മായാ സ്വരൂപത്തിലാണ് ജനനമരണങ്ങൾ ഉള്ളതാണ് ആത്മാവിന് മരണമില്ല. അജനും ആണ്. ഈ അദ്വൈത സിദ്ധാന്തം വേദാന്തർഗതമാണ് ശങ്കരാചാര്യർ അതിന് കൂടുതൽ പ്രചാരം നേടിക്കൊടുത്തു എന്ന് മാത്രം.
വേദാന്തത്തിന്റെ എല്ലാ ദർശനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് പ്രസ്ഥാനത്രയിയാണ്. അദ്വൈത തത്ത്വങ്ങളെ വ്യക്തമായി സംയോജിപ്പിച്ച ആദ്യ വ്യക്തി ആദി ശങ്കരനാണ്. എന്നാൽ ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്.
അദ്വൈതം വിശിഷ്ടാദ്വൈതവും ഒഴികെയുള്ള എല്ലാ സിദ്ധാന്തങ്ങളും ദ്വൈതമാണ്. ദ്വൈത സിദ്ധാന്തമനുസരിച്ച് ദൈവം എന്ന സ്രഷ്ടാവും, സൃഷ്ടി എന്ന പ്രപഞ്ചവും വെവ്വേറെയാണ്. സ്രഷ്ടാവ് സൃഷ്ടിച്ചതിനാൽ ഇവ തമ്മിൽ സൃഷ്ടിക്കുക എന്ന പ്രക്രിയയിലൂടെ ഒരു കാര്യ കാരണ ബന്ധവുമുണ്ട്. ദൈവവും സത്യമാണ്, ലോകവും സത്യമാണ്. ഈ കാര്യകാരണ ബന്ധത്തെ അദ്വൈതം അംഗീകരിക്കുന്നില്ല. സത്യം എന്ന വാക്കിന് തത്ത്വികമായി മൂന്നു കാലങ്ങളിലും മാറാതെ നിൽക്കുന്നത് എന്നു കൂടി അർത്ഥമുണ്ട്. മാറ്റം എന്നത് മുമ്പത്തെ അവസ്ഥയുടെ മരണവും ഇപ്പോഴത്തെ അവസ്ഥയുടെ ജനനവുമാണ്. അതുകൊണ്ട് മാറ്റമില്ലാത്തതു മാത്രമേ ജനന മരണത്തിന്ന് അതീതമായിരിക്കൂ. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത് ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോൾ സത്യത്തിനു മുകളിൽ കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെട്ട ഒരു മിഥ്യാദർശനം മാത്രമാണ് ലോകം. കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാൻ കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും. അതേ സമയം കയറിന്റെ സ്ഥാനത്ത് പാമ്പിനെ കണ്ടു കൊണ്ടിരുന്ന സമയമത്രയും അതു പാമ്പു തന്നെയാണ് എന്ന വിശ്വാസം എല്ലാ അർത്ഥത്തിലും രൂഢമൂലമായിരുന്നു താനും. ഇതാണ് ശ്രീ ശങ്കരന്റെ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണം. ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ് ബ്രഹ്മം, ആത്മാവ്.
തത്വമസി എന്ന വേദ വാക്യത്തിലൂടെ തത് എന്ന നീയും ത്വം എന്ന ബ്രഹ്മവും ഒന്നാകുന്നു എന്ന് ഉപദേശിക്കപ്പെടുന്നു. ഈ ആശയത്തിന്റെ ഗഹനത കൊണ്ടാകണം ശ്രീ ശങ്കരൻ ഉദാഹരണസഹിതം വിശദീകരിക്കുന്നതിനു വേണ്ടി വാക്യവൃത്തി എന്ന ഒരു പ്രകരണ ഗ്രന്ഥം രചിച്ചത്. നേഹ നാനാസ്തി കിഞ്ചനഃ - രണ്ടാമതായി യാതൊന്നും തന്നെ ഇവിടെയില്ല, എന്ന് പലതവണ ആവർത്തിക്കപ്പെടുന്നുണ്ട്.
"ഇപ്പോൾ കോഴിക്കോട് കടപ്പുറത്ത് ഞാൻ കാണുന്ന മുപ്പത്തിയഞ്ചു വയസ്സുള്ള ഈ യുവാവു തന്നെയാണ് മുപ്പതു വർഷങ്ങൾക്കു മുമ്പ് കൊയിലാണ്ടിയിൽ കണ്ട ആ അഞ്ചു വയസ്സുള്ള പിഞ്ചു ബാലൻ" എന്ന വാചകത്തിൽ പാകപ്പിഴകളൊന്നും നമ്മൾ കാണുന്നില്ല. പക്ഷേ കോഴിക്കോട് കടപ്പുറവും കൊയിലാണ്ടിയും രണ്ടും രണ്ടാണെന്ന് നമുക്കറിയാം. അതു പോലെ യുവാവും ബാലനും ഒന്നല്ല. പക്ഷേ, ഈ വാക്യം പറയുന്നയാളും ഇതു കേൾക്കുന്നയാളും ദേശം കാലം എന്നീ ഉപാധികൾ മാത്രമല്ലാ, ശാരീരികമായ വലിപ്പച്ചെറുപ്പത്തേയും മാറ്റി നിർത്തി വ്യക്തിയെ മാത്രം തിരിച്ചറിയുന്നു. അദ്വൈതം ആത്മാവിനെ ബ്രഹ്മമെന്ന് തിരിച്ചറിയുന്നതും ഇതു പോലെ എല്ലാ ഉപാധികളെയും മാറ്റി നിർത്തിയിട്ടാണ്. എന്നിലെ ഞാനാണ് ആത്മാവ്. ആ എന്നെ ഉപാധികളെല്ലാം അഴിച്ച് തിരിച്ചറിയുമ്പോൾ അതു തന്നെയാണ് ബ്രഹ്മം.
കഠോപനിഷത്തിലും ഭഗവത് ഗീതയിലും ഉള്ള ഒരു ശ്ളോകം നോക്കുക:
“ന ജായതേ മ്രിയതേ വാ വിപശ്ചി-
ന്നായം കുതശ്ചിന്ന ഭബൂവ കശ്ചിത്
അജോ നിത്യ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ”
ന ജായതേ മ്രിയതേ വാ - ജനിക്കുന്നുമില്ലാ മരിക്കുന്നുമില്ലാ വിപശ്ചിത് - ആത്മാവ് ന ആയം കുതശ്ചിത് - എവിടെ നിന്നും വന്നതല്ല ന ഭബൂവ കശ്ചിത് - ഒന്നും ഇതിൽ നിന്നും ഉണ്ടായിട്ടില്ല അജം - ജനിക്കാത്തത് നിത്യം ശാശ്വതം (അതേ അർത്ഥം) പുരാണൻ - വളരെ മുമ്പുള്ളത് ന ഹന്യതേ - ഹനിക്കപ്പെടുന്നില്ല ഹന്യമാനേ ശരീരേ - ശരീരം ഹനിക്കപ്പെട്ടാലും
ശ്രീ ശങ്കരൻ സത്യത്തിൽ അദ്വൈതം പുനഃസ്ഥാപിക്കുകയായിരുന്നു ചെയ്തത്. ന്യായം, വൈശെഷികം, പൂർവ്വ മീമാംസ, ചാർവാകം ശൂന്യവാദം സാംഖ്യം എന്നിങ്ങനെ വിവിധ തത്ത്വശാസ്ത്രങ്ങൾ ഭാരതത്തിൽ പ്രബലമായിരുന്നു. അദ്വൈതം ഏറെക്കുറെ മങ്ങിത്തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് ശ്രീ ശങ്കരന്റെ ആഗമനം. തന്റെ സ്വതസ്സിദ്ധമായ വാക് ചാതുരിയിലൂടെ തർക്കങ്ങളിൽ വിജയിച്ച് അദ്വൈത സിദ്ധാന്തം വീണ്ടും അംഗീകരിപ്പിക്കുകയായിരുന്നു ശ്രീ ശങ്കരൻ ചെയ്തത്. ഇതര സിദ്ധാന്തങ്ങളെ അംഗീകരിച്ചിരുന്നവർ ശങ്കരശിഷ്യൻമാരായതോടെ അദ്വൈതം അതിന്റെ പഴയ നിലയിലേക്ക് തിരിച്ചു വന്നു.
2. വിശിഷ്ടാഷ്ഠാദ്വൈതം
ഈശ്വരന്റെ അംഗങ്ങളാണ് ജഗത്തും ജീവനും. രാമാനുജനാണ് ഇതിന്റെ ഉപജ്ഞാതാവ്.
വിശിഷ്ടാദ്വൈതം വേദാന്ത ദർശനത്തിലെ ഒരു വിഭാഗമാണു്. ഈ ദർശനത്തിന്റെ ഉപജ്ഞാതാവ് രാമാനുജാചാര്യർ ആയിരുന്നു. പരമാത്മാവും ജീവാത്മാവും തമ്മിൽ ഒരേസമയത്ത് വ്യത്യാസവും സാമ്യവും ഉണ്ടെന്ന് വാദിക്കുന്ന ഒരു തത്ത്വചിന്തയാണു് വിശിഷ്ടാദ്വൈതം.
ഈ തത്ത്വത്തെ വിശദീകരിക്കുവാൻ ഉപയോഗിക്കുന്ന രൂപകാലങ്കാരം സൂര്യന്റെയും അതിന്റെ കിരണങ്ങളുടെയുമാണു്. എങ്ങനെ സൂര്യരശ്മികൾ അർക്കബിംബത്തിൽ നിന്നും ചലിക്കുന്നുവോ അങ്ങനെതന്നെ ജീവനും പരമാത്മാവിൽനിന്നും പുറപ്പെടുന്നു; മാത്രമല്ല സൂര്യന്റെ ഭാഗമായ രശ്മികൾ എല്ലം വേറേ വേറേയാണ്. ഇങ്ങനെ ഒന്നിച്ചിരിക്കെ (അദ്വൈത) ത്തന്നെ വിശേഷത (സ്വന്തം വ്യത്യസ്തത) നില നിർത്തുന്നതു കൊണ്ടാണ് ഈ സിദ്ധാന്തം വിശിഷ്ടാദ്വൈതം എന്ന് അറിയപ്പെടുന്നത്.
വിശിഷ്ടാദ്വൈത ചിന്ത അനുസരിച്ചു ഈശ്വരൻ, ചിത് (ആത്മാവ്), അചിത് (ദ്രവ്യം) എന്നിങ്ങനെ മൂന്നു യഥാർത്ഥ തത്ത്വങ്ങൾ ഉണ്ട്. ഇതിൽ ഈശ്വരൻ മാത്രമാണ് സ്വതന്ത്രം. ചിത്തും അചിത്തും ഈശ്വരനോടൊപ്പം നിത്യവും യഥാർത്ഥവും ആണെങ്കിലും ഈശ്വരനെ ആശ്രയിച്ചാണ് നില കൊള്ളുന്നത്. ഈശ്വരനെ കൂടാതെ സ്വതന്ത്രമായ നിലനില്പ് അവയ്ക്കില്ല. അതായത് ഈശ്വരനിൽ നിന്ന് ചിത്തിനും അചിത്തിനും ഭേദമുണ്ട് ; എന്നാൽ ഈശ്വരനിൽ നിന്ന് വേർപെട്ടതല്ല.
ഈശ്വരൻ (ബ്രഹ്മം) നിർഗുണമല്ല, സഗുണനാണ്. ബ്രഹ്മം നിർഗുണമാണെന്ന് ഉപനിഷത്തുകളിൽ പറഞ്ഞിരിക്കുന്നതിന് ഈശ്വരനിൽ ദുർഗുണങ്ങളൊന്നുമില്ല എന്ന അർത്ഥമേയുള്ളൂ; എന്നാൽ എല്ലാ സദ്ഗുണങ്ങളുടെയും പൂർണത ഈശ്വരനിലുണ്ട്. ഈശ്വരൻ നിർവ്യക്തിയല്ല, സവ്യക്തിയാണ്. അവൻ സർവ്വജ്ഞനും സർവ്വവ്യാപിയും ലോകത്തിന്റെ അപൂർണ്ണതകൾ ഒന്നുമില്ലത്തവനുമാണ്. പ്രപഞ്ചത്തിന്റെ ഉപാദാന കാരണവും നിമിത്ത കാരണവും അവനാണ്. ഈ ഈശ്വരൻ വിഷ്ണു - നാരായണനാണ്.
വിശിഷ്ടാദ്വൈത പ്രകാരം മൂന്നു തരം ആത്മാക്കളുണ്ട് - നിത്യാത്മാക്കൾ, മുക്താത്മാക്കൾ, ബദ്ധാത്മാക്കൾ. വിഷ്ണു ഭഗവാനൊപ്പം ശാശ്വത ജീവിതം നായിക്കുന്നവരാണ് നിത്യാത്മാക്കൾ. അവർ ഒരിക്കലും ബന്ധനത്തിൽപ്പെട്ടിട്ടില്ല. ഒരിക്കൽ ബന്ധനത്തിലായിരുന്നെങ്കിലും പുണ്യജീവിതം വഴി മോക്ഷം പ്രാപിച്ചു വിഷ്ണുലോകം നേടിയവരാണ് മുക്താത്മാക്കൾ. എന്നാൽ ബദ്ധാത്മാക്കളാകട്ടെ, ജനന-മരണ ശ്രംഖലയിൽപ്പെട്ടു ബന്ധനത്തിലായിരിക്കുന്നവരാണ്.
3 ദ്വൈതം
ഈശ്വരനും ജഗത്തിനും, ജീവനും വേറെവേറെ അസ്ഥിത്വങ്ങൾ ഉണ്ട്! മധ്വാചാര്യരാണ് ഇതിന്റെ ഉപജ്ഞാതാവ്!
ദ്വൈതം വേദാന്ത ദർശനത്തിലെ ഒരു വിഭാമാണ്. പ്രപഞ്ചവസ്തുക്കളെയെല്ലാം സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈശ്വരനും സൃഷ്ടിക്കപ്പെടുന്ന ചരാചരങ്ങൾ ഉൾപ്പെട്ട പ്രപഞ്ചത്തിനും വെവ്വേറെ അസ്തിത്വമുണ്ടെന്ന ചിന്താഗതിയാണ് ദ്വൈതവാദം. ഈ ദർശനത്തിന്റെ ഉപജ്ഞാതാവ് വൈഷ്ണവനായ മധ്വാചാര്യർ ആയിരുന്നു. 13-ആം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം സ്ഥാപിതമായത്. ബ്രഹ്മ സമ്പ്രദായത്തിന്റെ ഭാഗമാണിത്.
ഏറ്റവുമധികം പിന്തുണക്കപ്പെടുന്ന, ആദിശങ്കരന്റെ അദ്വൈത സിദ്ധാന്തത്തിനെ ശക്തമായി എതിർത്ത മധ്വാചാര്യർ, ബ്രഹ്മവും ജീവനും ഭിന്നമെന്നും അഭിന്നമെന്നും ഒരേ സമയം വാദിക്കുന്ന രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതത്തെയും അംഗീകരിച്ചില്. ബ്രഹ്മവും ആത്മവും(ജീവനും) തികച്ചും ഭിന്നമെന്നാണ് ദ്വൈത സിദ്ധാന്തം പഠിപ്പിക്കുന്നത്. പ്രശസ്തമായ ഉപനിഷത് വാക്യങ്ങൾക്ക് അദ്വൈത ആശയക്കാരുടേതിൽ നിന്നും വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ മധ്വാചാര്യർ അവതരിപ്പിച്ചു. ഉദാഹരണത്തിനു "ഏകമേവ അദ്വിതീയം" എന്നതിനു അദ്ദേഹത്തിന്റെ വ്യാഖ്യാനം ബ്രഹ്മത്തിനു മേലെയോ സമമായോ മറ്റൊന്നില്ലെന്നുള്ളതാണ്. 'തത്വമസി'ക്കു നൽകുന്ന അർത്ഥം ആത്മാവിന് ഈശ്വരനു തുല്യമായ ഗുണങ്ങൾ ഉണ്ടെന്നാകുന്നു.
മനുഷ്യർ ക്കും മറ്റു പ്രപഞ്ചവസ്തുക്കൾക്കുമെല്ലാം അതീതമായ ദിവ്യശക്തിയാണ് ഈശ്വരൻ. ആ ശക്തി സ്വന്തം ഇച്ഛാനുസരണം പ്രപഞ്ചത്തിലുള്ള തേജോഗോളങ്ങളും മനുഷ്യരും ഉൾപ്പെട്ട ചരാചരങ്ങളെ സൃഷ്ടിക്കുകയും നിലനിർത്തുകയും സംഹരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നിരന്തരം തുടർന്നുകൊിരിക്കുന്നു. പ്രപഞ്ചത്തിൽ ഉള്ള സകലതിന്റെയും നിലനിൽപ് ഈ ശക്തിയുടെ ഇച്ഛയെ ആശ്രയിച്ചിരിക്കുന്നു; പ്രപഞ്ചം ഈ ശക്തിയെ ആശ്രയിച്ചു കഴിയുന്നു. പ്രപഞ്ചവും ആ ശക്തിയുമായി ആശ്രയാശ്രയീഭാവമല്ലാതെ മറ്റൊരു ബന്ധവും ഇല്ല. മനുഷ്യന്റെ ആത്മാവുപോലും ഈ ശക്തിയിൽനിന്നു ഭിന്നമാണ്. ആത്മാവും സൃഷ്ടിക്കപ്പെടുന്ന ഒരു വസ്തുവാണ്. ആത്മാവ് ഈശ്വര നിശ്ചയമനുസരിച്ച് വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുവെന്നും പാപപുണ്യങ്ങളുടെ തോതനുസരിച്ച് സ്വർഗത്തിലോ നരകത്തിലോ എത്തിച്ചേരുന്നുവെന്നും ആത്യന്തികമായി മുക്തി പ്രാപിച്ച് ഈശ്വരനിൽ ലയിക്കുന്നുവെന്നും ഉള്ള വിഭിന്ന സിദ്ധാന്തങ്ങൾ ദൈ്വതവാദത്തിനുള്ളിൽ ഉണ്ടായിട്ടുണ്ട്. ഭൗതികവാദികൾ ദൈ്വതവാദത്തെ നിരാകരിച്ചുകൊണ്ട് ഭൗതികപ്രപഞ്ചം മാത്രമേ യാഥാർഥ്യമായുള്ളൂവെന്നും അതും സ്വയം ഉണ്ടായതാണെന്നും സമർഥിക്കുന്നു. അദ്വൈത വാദികളാകട്ടെ ബ്രഹ്മം എന്നൊരു അമൂർത്ത തത്ത്വം മാത്രമേ യാഥാർഥ്യമായി ഉള്ളൂവെന്നും പ്രാപഞ്ചിക വസ്തുക്കളെല്ലാം അയഥാർഥങ്ങളാണെന്നും ആത്മാവ് ബ്രഹ്മത്തിന്റെ ഒരു പ്രതിഭാസമാണെന്നും അഭിപ്രായപ്പെടുന്നു.
4. ദ്വൈതാദ്വൈതം
നിംബാർക്കനാണ് ഇതിന്റെ ഉപജ്ഞാതാവ് ഈശ്വരനും ജീവനും സ്വതന്ത്ര സത്തകളാണെങ്കിലും ആശ്രിത സത്തകളുമാണ്!
ദ്വൈതാദ്വൈതം എന്നാണ് നിംബാർക്കാചാര്യരുടെ സിദ്ധാന്തം അറിയപ്പെടുന്നത്. ഒരേസമയത്ത് തന്നെ ദ്വൈതവും അദ്വൈതവും നിലനിൽക്കുന്നു എന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. 'ചിത്' എന്ന ആത്മാക്കളും 'അചിത്' എന്ന പ്രപഞ്ചവും പിന്നെ ഈശ്വരനും എന്നതായിരുന്നു നിംബാർക്കാചാര്യരുടെ സങ്കൽപം. ഈശ്വരന്റെ നിലനിൽപ് സ്വതന്ത്രവും എന്നാൽ ആത്മാക്കളും, പ്രപഞ്ചവും, ഈശ്വരനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുവെന്ന് നിംബാർക്കാചാര്യർ ഉദ്ഘോഷിക്കുന്നു.
കൃഷ്ണനെയും രാധയേയുമായിരുന്നു ആചാര്യർ ആരാധിച്ചിരുന്നത്. സ്വയം സമർപ്പണമാണ് യഥാർത്ഥ ഭക്തിയെന്നു നിംബാർക്കാചാര്യർ സിദ്ധാന്തിച്ചു.
ഇവ നാലും നാലാണെന്ന് തോന്നുമെങ്കിലും വ്യാഖ്യാനിച്ചു വരുമ്പോൾ അദ്വൈതത്തിലേക്ക് ഒരാൾ എത്താനുള്ള മാർഗ്ഗങ്ങളാണ് മറ്റു മൂന്നും എന്ന് നമുക്ക് മനസ്സിലാകും! ആയതിനാൽ ഭാരതീയ സനാതന ധർമ്മം എല്ലാറ്റിനേയും ഉൾക്കൊണ്ടിരിക്കുന്നു.
അദ്വൈത - വിശിഷ്ടാദ്വൈത താരതമ്യം
ശങ്കരാചാര്യരുടെ അദ്വൈതവുംരാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതവും ബ്രഹ്മത്തെ തന്നെ പരമപ്രധാനവും മുഖ്യവിഷയവുമായി കരുതുമ്പോഴും ബ്രഹ്മത്തിന്റെയും ബന്ധപ്പെട്ട മറ്റ് വിഷയങ്ങളുടെയും വ്യാഖ്യാനങ്ങളിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്.അവയെ ഇപ്രകാരം ക്രോഡീകരിക്കാം.
1. അദ്വൈത ദർശനം നിർവ്വചിക്കുന്നത് നിർഗ്ഗുണബ്രഹ്മത്തെയാണ്; വിശിഷ്ടാദ്വൈതത്തിലേത് സരൂപനായ ഈശ്വരനുള്ള സഗുണ ബ്രഹ്മം.
2. അദ്വൈത പ്രകാരം ജഗത്ത്(ലോകം) മിഥ്യയാണ്; വിശിഷ്ടാദ്വൈതത്തിൽ ജഗത്തും സത്യമാണ്.
3. അദ്വൈതത്തിലെ ജീവൻ(ആത്മാവ്) മായയാൽ മറയ്ക്കപ്പെട്ട പരമാത്മാവ് തന്നെയാണ്; വിശിഷ്ടാദ്വൈതത്തിൽ ആത്മാവും സത്യമാണ്, പരമാത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രം.
4. ബ്രഹ്മത്തിൽ ലയിക്കുന്നതാണ് അദ്വൈതിയുടെ മോക്ഷമെങ്കിൽ, സംസാരമോചനം മാത്രമാണ് വിശിഷ്ടാദ്വൈതിയുടേത്.
5. മോക്ഷത്തിനുള്ള മാർഗ്ഗം അദ്വൈതത്തിൽ ജ്ഞാനം മാത്രമാണ്; വിശിഷ്ടാദ്വൈതത്തിൽ ഭക്തിയും.
6. അദ്വൈതത്തിൽ കർമ്മവും ഭക്തിയും ജ്ഞാനപ്രാപ്തിക്കുള്ള പ്രാഥമിക മാർഗ്ഗങ്ങളാകുമ്പോൾ, വിശിഷ്ടാദ്വൈതത്തിൽ ഭക്തിയുടെ ഉപദാനങ്ങളത്രേ മറ്റെന്തും.
വിശിഷ്ടാദ്വൈത - ദ്വൈത താരതമ്യം
വിശിഷ്ടാദ്വൈതത്തിനും ദ്വൈതത്തിനും തമ്മിൽ താത്വിക വിശദീകരണങ്ങളിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ജനങ്ങളുടെ ആചാരനുഷ്ടാനുങ്ങളുമായി ബന്ധപ്പെട്ട തലത്തിൽ വലിയ വ്യത്യാസങ്ങളില്ല. കാരണം, ഈ ദർശനത്തിന്റെ പ്രധാന ഗുരുക്കന്മാരായിരുന്ന രാമാനുജാചാര്യരും മാധ്വാചാര്യരും സഗുണബ്രഹ്മമായി വിഷ്ണുവിനെ ആരാധിച്ചവരും ഭക്തി മാർഗ്ഗത്തിന് പരമ പ്രാധാന്യം നൽകിയവരുമായിരുന്നു.
മരണാനന്തരം ആത്മാവ് വൈകുണ്ഡത്തിലെത്തി ദേവന്റെ ഭാഗമായി, അതേ സമയം സ്വന്തം വ്യക്തിത്വം നില നിർത്തി വസിക്കുകയാണോ അതോ ദേവന്റെ തന്നെ രൂപത്തിൽ ആശ്രിതനായി കഴിയുകയാണോ എന്ന വിഷയത്തിലാണു പ്രധാന വ്യത്യാസം.
No comments:
Post a Comment