ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 March 2018

ഗുരുവായൂരപ്പൻ ചോദിച്ചു വാങ്ങിയ ഇളനീർ

ഗുരുവായൂരപ്പൻ ചോദിച്ചു വാങ്ങിയ ഇളനീർ

ഗുരുവായൂരപ്പന് ആറാട്ടു കഴിഞ്ഞാൽ ഇളനീർ കൊണ്ടുള്ള അഭിഷേകം നിർബന്ധമാണ്. ഗുരുവായൂരിന് സമീപമുള്ള ഒരു കുടുംബത്തിൽനിന്നാണ്
ഇളനീർ കൊണ്ടുവരിക. ഒരു ഈഴവ കുടുംബത്തിലെ കിട്ട എന്ന തെങ്ങുകയറ്റക്കാരനിൽ നിന്നും ഗുരുവായൂരപ്പൻ ഇളനീർ ചോദിച്ചു വാങ്ങിയെന്നാണ് ഐതിഹ്യം. ഒരിക്കൽ ഒരു നട്ടുച്ച നേരത്ത് വിയർത്തൊലിച്ചുകൊണ്ട് ഒരു ബ്രാഹ്മണൻ കിട്ടയുടെ വീടിനു മുമ്പിലെത്തി.
കിതച്ചുകൊണ്ട് പറഞ്ഞു. "കിട്ടേ എനിക്ക് വല്ലാതെ ദാഹിക്കുന്നു. ഒരിളനീർ കുടിക്കണം. ഞാൻ അല്പം ധൃതിയിലാണ്. അത് ആറാട്ടുകടവിലേക്കു കൊണ്ടുവരിക. ഞാൻ അവിടെ കാണും."  ഗുരുവായൂർ ഉത്സവം ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ട ഉടൻതന്നെ വീട്ടുമുറ്റത്തെ തെങ്ങിൽനിന്നും  ഒരുകുല ഇളനീർ വെട്ടി ആറാട്ടുകടവിൽ എത്തിച്ചു കാര്യക്കാരനോട് പറഞ്ഞു. "അല്പം മുമ്പ് കറുത്ത കുറുകിയ ഒരു തമ്പുരാൻ അടിയന്റെ സ്ഥലത്ത്  വന്ന് ഒരിളനീർ ചോദിച്ചു. അത് ആറാട്ടുകടവിൽ എത്തിച്ചാൽ മതിയെന്നും പറഞ്ഞു". ആ സമയത്ത് മേല്ശാന്തിക്കുമാത്രം കേൾക്കാവുന്ന വിധത്തിൽ ഒരരുളപ്പാടുണ്ടായി. "കിട്ട  ഇളനീർ കൊണ്ടുവന്നിട്ടുണ്ട് അതുകൊണ്ടു അഭിഷേകം നടത്തുക." കിട്ട അത്യാദരപൂർവ്വം കൊണ്ടുവന്ന ഇളനീർ മുഴുവൻ വെട്ടി അഭിഷേകം നടത്തപ്പെട്ടു. അന്നുമുതൽ ആറാട്ടിന്റെ ചടങ്ങുകളിൽ ഇളനീരഭിഷേകാവകാശം പരമ്പരാഗതമായി കിട്ടയുടെ കുടുംബത്തിനായി.
ആ കുടുംബം വളരെ സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടുവെങ്കിലും ഇളനീർ എത്തിക്കുന്ന അവകാശം ഇന്നും അവർ മുടങ്ങാതെ നടത്തിവരുന്നു. യഥാർത്ഥ ഭക്തരിൽനിന്നും ചോദിച്ചുവാങ്ങാൻ തന്നെ ഭഗവാന് ഒരു മടിയുമില്ല. എന്നല്ലേ ഇതിൻറെ സൂചന.

No comments:

Post a Comment