ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 March 2018

സൗഭാഗ്യഭാസ്കരത്തിലെ സമയാചാരം

സൗഭാഗ്യഭാസ്കരത്തിലെ സമയാചാരം

ഭാസ്കരരായർ ലളിതാ സഹസ്രനാമത്തിന് എഴുതിയ വ്യഖ്യാനം ആണ് സൗഭാഗ്യ ഭാസ്കരം. ലളിത സഹസ്രനാമം സകല വിദ്യകളെയും പരാമർശിക്കുന്നത് കൊണ്ട് സകല വിദ്യകളെയും പ്രകാശിപ്പിക്കുന്ന കൃതി എന്ന നിലയിലും വളരെ ശ്രേഷ്ടമായ സ്ഥാനം വഹിക്കുന്ന കൃതിയാണിത്.

സമയാന്തസ്ഥാ , സമയാചാരതല്പര എന്നീ നാമങ്ങൾ വ്യഖ്യാനിക്കുന്ന വേളയിൽ അദ്ദേഹം സമയാചാരത്തെ ഇപ്രകാരം നിർവചിക്കുന്നു.

1. ഹൃദയാകാശത്തിൽ ചക്രങ്ങളെ ധ്യാനിച്ചു അവയിൽ പൂജാധികൾ ചെയ്യുന്നതാകുന്നു സമയം.

2. രുദ്രയാമളത്തിലെ പത്ത് പടലങ്ങൾ കൊണ്ട് ഉപദേശിക്കുന്ന ആന്തരിക പൂജ വിധാനം ആകുന്നു സമയാചാരം.

3. ദീക്ഷിതനായിട്ടുള്ളവന് ഗുരു കൃപയാൽ ഷഡ്‌ഐക്യാനുസന്ധാനം പ്രാപിച്ചും മഹാനവമിയിലുള്ള മഹാവേധാഖ്യാ സംസ്കാരം കൊണ്ടും ദേവി മൂലാധാര സ്വാധിഷ്ഠാന ചക്രങ്ങളെ ഭേദിച്ച് മണിപൂരകത്തിൽ പ്രത്യക്ഷയായി ഭവിക്കുന്നു. ആ ദേവിയെ ഉപചാരങ്ങൾ കൊണ്ട് പൂജിച്ച് അനാഹതത്തിലേക്ക് നയിച്ചു ധൂപാദിതാംബൂലാന്തം സമർപ്പിച്ചു കൊണ്ട് വിശുദ്ധി ചക്രത്തിലേക്ക് നയിച്ച് അവിടെ സഖികളോട് സംഭാഷണം ചെയ്യുന്ന അവസരത്തിൽ ചന്ദ്രകലാ രൂപങ്ങൾ ആയ മണികൾ കൊണ്ട് പൂജിച്ച് ആജ്ഞ ചക്രത്തിലേക്ക് നയിച്ച് നീരാഞ്ജനം ചെയ്ത് സഹസ്രാര പത്മത്തിൽ ഉള്ള സദാശിവനോട് യോജിപ്പിച്ച് തിരസ്കരണി ഇട്ട് സമീപ മന്ദിരത്തിൽ ഇരുന്ന് ദേവി എപ്പോൾ മൂലാധാരത്തിലേക്ക് തിരിച്ചു പ്രവേശിക്കുന്നുവോ അത് വരെയും സമയത്തെ പ്രതീക്ഷിക്കുക എന്നതാകുന്നു സമയാചാരം.

സമയാചാരം എന്ത്?

സമയാചാരത്തിന്റെ പ്രമാണം ശുഭാഗമ പഞ്ചകങ്ങളാകുന്നു. അവ വസിഷ്ഠസംഹിത, ശുകസംഹിത, സനകസംഹിത, സനന്ദസംഹിത, സനത്കുമാരസംഹിത എന്നിവയാകുന്നു. യഥാർത്ഥത്തിൽ സമയാചാരക്രമമനുസരിച്ച് ബാഹ്യപൂജ ഇല്ല. ശ്രീചക്രത്തിലെ ഓരോ ആവരണത്തിലും മനസ്സിനെ ഏകാഗ്രപ്പെടുത്തി ധ്യാനിക്കുക എന്നത് മാത്രമാണത്. കൗളധർമ്മത്തിൽ വാമാചാരത്തിന് ശേഷം വരുന്ന സിദ്ധാന്ത ആചാരണത്തിന് തുല്യമാണിത്. ബാഹ്യപൂജയുള്ളത് കൗളധർമ്മത്തിന്റെ ഉപാംഗമായ ദക്ഷിണാചാരം, വാമാചാരം എന്നിവയിലാണ്. ദശമഹാവിദ്യകളിൽ ശ്രീവിദ്യാ സമ്പ്രദായത്തിന് മാത്രമേ കൗളം, സമയം എന്നീ വിഭജങ്ങളുള്ളൂ. മറ്റെല്ലാ വിദ്യകളും കൗളാചാരത്തിൽ മാത്രം ആചരിക്കാവുന്നതുമാണ്.

"അകുല സമയാന്തസ്ഥ 
സമയാചാര തല്പര സേവിതാ"

സമയാചാരത്തിൽ ദീക്ഷിതനാണെന്നു ചിലർ പറയാറുണ്ട്. യഥാർത്ഥത്തിൽ സമയാചാരം ഒരു ദീക്ഷ വിധാനം അല്ല.  ബാഹ്യാരാധനയിൽ നിന്ന് ഉൾവലിഞ്ഞു ആത്മാരാധനയിൽ അഥവാ ആന്തരികാരാധനയിൽ എപ്പോഴാണോ സാധകൻ മനസിനെ കേന്ദ്രീകരിക്കുന്നത് ആ ഒരു അവസ്ഥ ആകുന്നു സമയാചാരം.  ഇന്ന് സമയാചാരം ഒരു ദീക്ഷ വിധിയായി മാറി കഴിഞ്ഞു.  സമയാചാരി ആയ ഗുരുവിൽ നിന്ന് ദീക്ഷ വാങ്ങിയത് കൊണ്ട് സമയാചാരി ആകുന്നില്ല സമയാചാരം മനസിനെ അന്തര്മുഖമായി ആരാധന ചെയ്യാൻ കഴിയുന്നവൻ ആരോ അവനാകുന്നു  സമയാചാരി. 
അതായത് വാമചാരി ദ്രവ്യത്തിലൂടെ ബഹിർമുഖമായി ആരാധന ചെയ്തുപ്രാണായാമാദി യമ നിയമങ്ങളെ ശീലിച്ചു ദ്രവ്യാസക്തി   നശിപ്പിച്ചു (വിഷയാസക്തി, ആഗ്രഹം ) 
മനസിനെ ഉയർത്തി അന്തർമുഖമായ സമയാചാരത്തിൽ ജപം ചെയ്യണം എന്ന്  ആചാര്യ മതം.

"അന്തർമുഖ സമാരാധ്യ 
ബഹിർമുഖ സുദുര്ലഭ .

ശ്രീചക്രപൂജ സമയാചാരം എന്നും കൗളാചാരം എന്നും രണ്ട് വിധത്തിലുണ്ടല്ലോ. അത് വ്യക്തമാക്കാമോ?

സമയാചാരത്തിന്റെ പാരമ്പര്യം ഇപ്പോൾ എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടോ എന്ന് അറിയില്ല. അറിഞ്ഞിടത്തോളം ഇപ്പോൾ അനുവർത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീചക്രപൂജ കൗളാചാര സമ്പ്രദായമനുസരിച്ചുള്ളതാണ്. അത് ദക്ഷിണാചാരമോ വാമാചാരമോ ആവാം. എന്തായിരുന്നാലും കൗളധർമ്മത്തന്റെ ഉപാംഗമായിട്ടാണ് ആചരിക്കുന്നത്.

No comments:

Post a Comment