സംസ്കൃത ഭാഷയുടെ ഉദ്ധാരണത്തിനായി അവതരിച്ച മഹാപുരുഷന്‍
കേരളീയ സംസ്കൃത പാരമ്പര്യത്തിലെ നവോത്ഥാനനായകള്‍ - പണ്ഡിതശ്രേഷ്ടന്‍ പുന്നശ്ശേരി നീലകണ്‌ഠ ശര്‍മ്മ..! മലബാറിലെ വള്ളുവനാട്ടിലെ പുന്നശ്ശേരിയെന്ന പ്രസിദ്ധമായ ഇല്ലത്ത്; നാരായണശര്‍മ്മയുടെയും മൂളത്ത് ഏഴിക്കറ ഇല്ലത്ത് പാപ്പിമനയമ്മയുടെയും പുത്രനായി 1858 ജൂണ്‍ 17 - ന് നീലകണ്ഠശര്‍മ്മ ജനിച്ചു..!
അഞ്ചാമത്തെ വയസില്‍ തന്നെ കുലഗുരു അറങ്ങോട്ടു വാര്യരില്‍ നിന്നും ശിക്ഷണം ആരംഭിച്ചു. തൃത്താല എടവീട്ടില്‍ ഗോവിന്ദ മാരാരും, കുലുക്കല്ലൂര്‍ ഉണിക്കണ്ടവാര്യരും അദ്ദേഹത്തിന്‍റെ ഗുരുക്കന്മാരാണ്. സിദ്ധരൂപം, അമരകോശം തുടങ്ങിയ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ച ശേഷം കേരളവര്‍മ്മ ഉമിത്തിരിയില്‍ നിന്നും കാവ്യനാടകാദികള്‍, ജ്യോതിഷ ഗ്രന്ഥങ്ങള്‍ എന്നിവ പഠിച്ചു. തൃപ്രങ്ങോട്ടു കുഞ്ഞുണ്ണി മൂസ്സതില്‍ നിന്ന് വ്യാകരണവും അലങ്കാര ശാസ്ത്രവും അഷ്ടാംഗഹൃദയവും അഭ്യസിച്ചു..!
''സരസ്വതീ ദേവിക്ക് തീണ്ടലില്ല.! അതുകൊണ്ട് സംസ്കൃതഭാഷയ്ക്കും തീണ്ടലില്ല. അത് ജാതിമത ഭേദമന്യേ എല്ലാവരും പഠിക്കുന്നതില്‍ ദോഷവുമില്ല' 'എന്ന് പ്രസ്താവിക്കുക മാത്രമല്ല ആദര്‍ശം പ്രായോഗികമാക്കുകയും ചെയ്തു. ജാതിഭേദമോ ലിംഗഭേദമോ ഇല്ലാതെ സംസ്കൃതവിജ്ഞാനം ഉള്‍ക്കൊള്ളാന്‍ ആഹ്വാനം ചെയ്യുകയും സ്വഗ്രഹവും പാഠശാലയും എല്ലാവര്‍ക്കും വേണ്ടി തുറന്നു കൊടുക്കുകയും ചെയ്ത ഉദാരമനസ്കനായിരുന്നു അദ്ദേഹം..!
പുന്നശ്ശേരി സ്ഥാപിച്ച 'സാരസ്വതോദ്യോതിനി' എന്ന സംസ്കൃത പാഠശാലയാണ് ഇന്നത്തെ പട്ടാമ്പി ഗവ . സംസ്കൃത കോളേജ്..! കൊല്ലവര്‍ഷം 1079-ലാണ് സംസ്കൃത - മലയാള ഭാഷാഭിവൃദ്ധി ലക്ഷ്യമാക്കി 'വിജ്ഞാനചിന്താമണി' ആനുകാലികത്തിന്‍റെ പ്രസിദ്ധീകരണം ആരംഭിച്ചത്..! തുടര്‍ന്ന് സംസ്കൃതമയൂഖം, മലയാളമയൂഖം എന്ന് രണ്ടു ഭാഗങ്ങളുള്ള 'വിജ്ഞാനചിന്താമണി'യുടെ പുനപ്രസിദ്ധീകരണം ആരംഭിച്ചു ..! സംസ്കൃതം മൃതഭാഷയാണെന്ന് വിധികല്പ്പിച്ചവരെ അത് വ്യവഹാരഭാഷയുമാണെണ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് വിജ്ഞാനചിന്താമണിയുടെ മുഖ്യമായ നേട്ടം..! ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അദ്ദേഹം ഒന്നു പോലെ നിഷ്ണാതനായിരുന്ന അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു..!
പുന്നശ്ശേരി സര്‍വ്വരാലും ആദരിക്കപ്പെട്ട പണ്ഡിതനായിരുന്നു..! തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവും കോഴിക്കോട് മാനവിക്രമന്‍ രാജാവും അദ്ദേഹത്തെ 'പണ്ഡിതരാജ' ബിരുദം നല്‍കി ആദരിച്ചു..! കോട്ടയത്ത് ഭാഷാഭോഷിണി സഭ ആരംഭിച്ചപ്പോള്‍ അധ്യക്ഷത വഹിച്ചവരില്‍ ഒരാള്‍ പുന്നശ്ശേരി നമ്പിയായിരുന്നു..! പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയെപ്പോലുള്ളവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതനായ ഈ ആചാര്യസത്തമന്‍ 1935 സെപ്തംബര്‍ 14-ന് ഇഹലോകവാസം വെടിഞ്ഞു.!
ആര്‍ഷപുരാതനമായ സംസ്കൃത പാരമ്പര്യ മഹിമയുടെ പേരില്‍ നീലകണ്‌ഠ ശര്‍മ്മ എന്നും ആദരിക്കപ്പെടും..! പണ്ഡിതശ്രേഷ്ടന് നമോവാകം..!!
No comments:
Post a Comment